Monday 17 November 2014

മൃഗീയം

ജനിക്കുകയാണെങ്കില്‍,
ഒരു മൃഗമായി വേണം ജനിക്കാന്‍.

പെറ്റമ്മയില്‍ നിന്ന് കറപുരളാത്ത വാത്സല്യവും
സഹോദരന്‍റെ സ്നേഹവും പഠിക്കാന്‍

ഒരു നാളമ്മയെയും പിരിഞ്ഞന്തിക്ക്
സ്വന്തമായെന്തെങ്കിലും തിരഞ്ഞ്
ഇരതേടി പലവഴികളിലൂടെയോടിയോടി
തളര്‍ന്നൊടുവിലൊരെല്ലിന്‍കഷ്ണത്തില്‍
പശി മറക്കാന്‍.

ഇടിവെട്ടിപ്പെയ്യുമൊരു പേമാരി-
-ക്കിടയില്‍ നനയാതിരിക്കാനൊരു 
കുടപോലുമില്ലാതെ മണ്ടകത്തിപ്പോയ 
തെങ്ങിന്‍ചുവട്ടില്‍ വിറച്ചുവിറങ്ങലിക്കാന്‍.

ഒരു രാത്രി ചിന്തയും ചിലന്തിയും
മെല്ലെ ചതിവലകള്‍ നെയ്യുമ്പോള്‍,
ഇണയുടെ കണ്ണിലെ പ്രണയം മണക്കാതെ
ഉപജീവനത്തിന്റെ വഴികളോര്‍ക്കാതെ
തന്റെ കുഞ്ഞുങ്ങളെ പെറ്റുവീഴ്ത്താന്‍..


ഒടുവിലുടല്‍ ശോഷിച്ച,തില്‍
പേരിടാരോഗങ്ങള്‍ വിരുന്നുപാര്‍ക്കെ
ഒരു വൈദ്യനു മുന്നിലും കാത്തിരിക്കാതെ
ഒരു ദൈവത്തിനുംനേര്‍ച്ചയിടാതെ 
അന്ത്യവിധിക്ക് കീഴടങ്ങാന്‍.

മരിക്കുകയാണെങ്കില്‍,
ഒരു മൃഗമായി വേണം മരിക്കാന്‍.

ബന്ധങ്ങളുടെ ഏങ്ങിക്കരച്ചിലുകളില്ലാതെ
ബന്ധനങ്ങളുടെ മാറാപ്പ് താങ്ങാതെ
പച്ചമണ്ണിന്‍ചിതയിലഴുകിയൊഴുകി
അമ്മയിലേക്ക്‌ തിരിച്ചു പോകാന്‍.





Thursday 13 November 2014

നിന്നെയും തേടി

എവിടെയാണ് നീ?
എന്റെ സ്വപ്നങ്ങളില്‍ പെയ്യാതെ പോയ
നിലാമഴയായ് മറഞ്ഞും തെളിഞ്ഞും നീ
എവിടെഈ മഹാസാഗരത്തിന്റെ
തിരകളിലോ,അല്ല തന്നിലേക്കുതന്നെ
ചുരുങ്ങിയകലുന്ന ചുഴികളില്‍,
അഗാധഗര്‍ത്തങ്ങളില്‍ ഒളിഞ്ഞു നില്പ-
-തെവിടെയാണ് നീ?

എന്നോ കണ്ടുമറന്നൊരു സുന്ദരിയുടെ ഗന്ധവും
എന്നില്‍ നിന്നകന്ന പ്രണയിനിയുടെ പുഞ്ചിരിയും
നിന്നിലലിയുന്നത് കണ്ടിരുന്നു
കന്നിനിലാവിലെ കനവുകളിലെങ്ങോ ഞാന്‍

കണ്ടുമുട്ടുമ്പോള്‍ തിരിച്ചറിയുവാന്‍
വേണ്ടെനിക്കടയാളങ്ങളെങ്കിലും പ്രിയേ
ഞാനോര്‍ത്തുവെക്കുന്നു
നിന്‍ സുഗന്ധവും പുഞ്ചിരിയും

മധുരമാമൊരോര്‍മ്മയും സ്വപ്നവും
മധുവിധുചേരും തണുത്തൊരു രാത്രിയില്‍
ഒരു കൊച്ചുതോണിയും തുഴഞ്ഞ് തേടുന്നു 
നീ പിച്ചവെച്ച തിരകളില്‍ ,ചുഴികളില്‍
വന്യമമാഗാധതയില്‍..


നിലാവുമായ്‌ ലാസ്യമാംനൃത്തം വെച്ചും
അലകളില്‍ മെയ്ചെറുതായിളക്കിനീന്തിയും
മനസ്സിനെ ഭ്രമിപ്പിച്ച ജലകന്യമാര്‍ക്കിടയില്‍
എവിടെയോ നീയുണ്ടെനിക്കറിയാം..

ഏതോ പവിഴച്ചെടിയുടെ മറവില്‍
പതിയെ കിലുങ്ങുന്നുണ്ട് പാദസരം
പുഞ്ചിരിക്കുന്നുണ്ട് നീ..
കാത്തിരിക്കുന്നുണ്ട് നീ..




Thursday 6 November 2014

ഷെയർ


പങ്കുവയ്ക്കുമ്പോൾ ,
എന്റെ ഹൃദയഗർഭത്തിൽ
നീ ഒരുണ്ണിയാകുന്നു.

പങ്കുവയ്ക്കുമ്പോൾ,
നമ്മുടെ കണ്ണുകൾക്കൊരേ നിറം.
മുടിയിഴകൾക്കൊരേ ചുരുളുകൾ.
വാക്കുകൾക്കൊരേ സംഗീതം.
ചരിത്രത്തിനൊരേ ഗന്ധം.

പങ്കുവയ്ക്കുക , പങ്കുവയ്ക്കുക
ചങ്കുകൾ തമ്മിൽ ചേർത്തുതുന്നുക
അങ്കണങ്ങൾ കടന്നു നാം ലോകത്തിൻ
രംഗപടങ്ങൾ മാറ്റിവരയ്ക്കുക


അതിരുകളെല്ലാം പതിരുകളാകും
കതിരോൻ പിറ  പടുത്തുയർത്തുക!!