Saturday, 25 April 2015

ഡിവൈന്‍ നഗറിലേക്ക് ഒരു ഫുള്‍ ടിക്കറ്റ്സ് സ്റ്റാന്റില്‍ കാത്തുനില്‍ക്കാന്‍ തുടങ്ങിയിട്ട് കുറേ നേരമായി.
കാല്‍ കഴച്ചപ്പോള്‍ ചുറ്റും നോക്കി . ഒന്നിരിക്കാമെന്ന് വെച്ചാല്‍ , ആകെയുള്ള കുറച്ചു പ്ലാസ്റ്റിക് കസേരകളുള്ളതില്‍  മുന്‍പേ വന്നവര്‍ ഇരുപ്പുറപ്പിച്ചിരിക്കുന്നു .

ആരെങ്കിലും എഴുന്നേല്‍ക്കുന്നുണ്ടോ എന്ന് ഇടയ്ക്കിടയ്ക്ക് കാക്കക്കണ്ണിട്ട് നോക്കി.

ഇടയ്ക്കൊരാള്‍ എഴുന്നേറ്റുപോകുന്നത് കണ്ട്  ഓടിച്ചെന്നിരിക്കാന്‍ ആഞ്ഞപ്പോഴേക്കും കസേരയുടെ അടുത്തുതന്നെ നില്‍ക്കുന്നുണ്ടായിരുന്ന ഒരാള്‍ ആ സീറ്റ് തട്ടിയെടുക്കുന്നത്  എന്നെ ഇളിഭ്യനാക്കി.
ആകാശം ചെറുതായി ഇരുണ്ടു തുടങ്ങിയിരിക്കുന്നു.

സ്റ്റാന്റിന്റെ ഒരു മൂലയിലായി , ക്ഷീണിച്ച ശബ്ദത്തില്‍ ശരണംവിളികളുമായി കറുത്ത മുണ്ടുടുത്തവര്‍..
സീസണ്‍ തുടങ്ങിയല്ലോ എന്ന് ഞാനോര്‍ത്തു.

"....മലയിലേക്കുള്ള വണ്ടി സ്റാന്റിന്റെ ഇടതുവശത്ത്  പാര്‍ക്ക് ചെയ്തിരിക്കുന്നു. യാത്രക്കാര്‍ ദയവായി ശ്രദ്ധിക്കുക ... മലയിലേക്കുള്ള വണ്ടി... സ്റ്റാന്റിന്റെ ...
ഉച്ചഭാഷിണിയിലൂടെ അശരീരി മുഴങ്ങി.


സമയം ഇഴയുകയായിരുന്നു.
പലജാതിയില്‍ പെട്ട കൊതുകുകള്‍  മൂളക്കത്തോടെ ചുറ്റിലും പറക്കുന്നതിനിടെ , അരോചകമായ ശബ്ദത്തില്‍ വീണ്ടും .."കൊല്ലം , കരുനാഗപ്പള്ളി , ചെങ്ങന്നൂര്‍ , ചേര്‍ത്തല വഴി മലയാറ്റൂര്‍ വരെ പോകുന്ന സൂപ്പര്‍ഫാസ്റ്റ്  അല്പസമയത്തിനുള്ളില്‍ സ്റ്റാന്‍ഡില്‍ നിന്ന്  ഉടന്‍ പുറപ്പെടും ... യാത്രക്കാര്‍ ദയവായി.."

ഞാന്‍ അക്ഷമനായി.
എന്‍റെ നമ്പര്‍ എപ്പോള്‍ വരും ?

തിരക്കൊഴിഞ്ഞപ്പോള്‍ ഇന്‍ഫോര്‍മേഷന്‍ കൌണ്ടറില്‍ പോയി ചോദിച്ചു.

" മാഷേ  , തൃശ്ശൂര് ബസ് എപ്പളാ വര്വാ  ? "

"ങ്ങക്ക് എട്യാ പോണ്ടേ ?"   ചെറുപ്പക്കാരനായിരുന്നു , അഴികള്‍ക്കപ്പുറത്ത് .

"ഡിവൈന്‍ നഗറ്"

"ആങ്ങ്‌ ... എല്ലെസ്*  ഒരെണ്ണം ദിപ്പോ പോയേള്ളൂ ..  ഇനിപ്പോ കൊറച്ച് കഴീം .. ന്നാലും ഡേറക്റ്റ്  വണ്ടി കിട്ടാന്‍ പാടാണ്... ആ റൂട്ടിലിന്ന്  സര്‍വീസ് കൊറവാ "

"ങേ? അതെന്താ ?"  ഞാന്‍ ആശങ്കപ്പെട്ടു .

" സമരാന്ന് .  യൂണിയന്‍റെ ."

"എന്തിന്നുള്ളതാണാവോ  ? " ഞാന്‍ നിരാശനായി.

" ഞങ്ങക്കും ജീവിക്കണ്ടേ ഭായ് ? ങ്ങളെന്തായാലും വെയിറ്റ് യ്യിന്‍ "  അയാള്‍ കണ്ണിറുക്കി ഒന്ന് ചിരിച്ചുകൊണ്ട്  ,വരിയില്‍  എന്‍റെ പിന്നില്‍ നിന്നിരുന്ന മദ്ധ്യവയസ്കന്‍റെ ടിക്കറ്റിനായി കൈനീട്ടി.

ഞാന്‍ മെല്ലെ സ്റ്റാന്റിന്റെ ആളൊഴിഞ്ഞ ഒരു മൂലയിലേക്ക് പോയി കോണ്ക്രീറ്റ് ചെയ്ത തറയിലിരുന്നു . സഞ്ചിയിലെ  പഴയ പുസ്തകമെടുത്ത് വെറുതേ താളുകള്‍ മറിച്ചു നോക്കി.

മൈക്കിലൂടെയുള്ള അറിയിപ്പ് ശബ്ദം നേര്‍ത്തിരിക്കുന്നു.സമാധാനമായി.
"യാത്രക്കാരുടെ ശ്രദ്ധയ്ക്ക് .... എയര്‍ പോര്‍ട്ടിലേക്കുള്ള ബസ്  ഒരു മണിക്കൂര്‍ വൈകുന്നതാണ് "

 സ്വര്‍ഗരാജ്യത്തിലേക്കോ നരകത്തിലേക്കോ എന്ന് തീര്‍ച്ചയാവാതെ ജീവിതം എന്ന ബസ് സ്റ്റാന്‍ഡില്‍ കാത്തുനില്‍ക്കുന്ന നിസ്സഹായരാണ്  ഞാനടക്കം എല്ലാവരും എന്ന ത്രെഡ് ല്‍ ഒരു കഥ എഴുതാമല്ലോ എന്ന ആശ്വാസത്തിന്‍റെയോ സന്തോഷത്തിന്റെയോ ആയ ഒരു ചിരിയോടെ ഞാന്‍ പുസ്തകത്തിലെ വരികളിലേക്ക് കണ്ണു നട്ടു.

"ഡ്രൈവര്‍ വണ്ടിയുടെ ചക്രം മാറ്റുമ്പോള്‍ ,
ഞാന്‍ വഴിവക്കിലിരുന്നു.
എനിക്കിഷ്ടമുള്ളോരിടം വിട്ടുപോരുകയല്ല  ഞാന്‍ 
എനിക്കിഷ്ടമുള്ളോരിടത്തേക്ക് പോകുകയുമല്ല ഞാന്‍ 
പിന്നെന്തിനാണ് ഞാന്‍ ക്ഷമകേട്‌ കാണിക്കുന്നത് ,
ഡ്രൈവര്‍ വണ്ടിയുടെ ചക്രം മാറ്റുമ്പോള്‍ ."
- ബെര്‍റ്റോള്‍ട്   ബ്രെഹ്റ്റ് .

---------------------------------------------------------------------------------------------------------------------പൂര്‍ണ്ണ-അവിരാമം

വാക്കുകള്‍ തന്‍ വേലിയേറ്റത്തിനെ
ഒറ്റയ്ക്കുനിന്ന് തടുപ്പവള്‍ , ബിന്ദു.

ഒരു മഹാമൌനത്തിന്‍ കാവല്‍ക്കാരി.

Friday, 24 April 2015

ദത്താപഹാരം –വി ജെ ജയിംസ്

 #spoiler alert ( വായിക്കാത്തവര്‍ക്ക്  മുന്നറിയിപ്പ്  ) 

ജെയിംസേട്ടന്റെ കൃതികളില്‍ ഞാന്‍ വായിക്കുന്ന മൂന്നാമത്തെ പുസ്തകമാണ് “ദത്താപഹാരം” .

ആദ്യം വായിച്ചത് ചോരശാസ്ത്രം . പിന്നെ ലെയ്ക .

ചോരശാസ്ത്രം അതിന്‍റെ മനോഹരമായ ഭാഷയും കള്ളനോടെന്ന വണ്ണം നമ്മളോട്  പ്രോഫസ്സര്‍ പറയുന്ന വേദാന്തസാരവും കൊണ്ട് ഇമ്പ്രസ്സ് ചെയ്യിപ്പിച്ചു .
ലെയ്ക്കയാകട്ടെ , അതുവരെ കണ്ണെത്താത്ത ഒരു സാധ്യതയുടെ തുറന്നുകാട്ടലായിരുന്നു.

അതേ സമയം, 
“ദത്താപഹാരം” ആ പേരില്‍ തന്നെ തുടങ്ങുന്ന നിഗൂഡതകള്‍ കൊണ്ടാണ് എന്നെ ആകര്‍ഷിച്ചത്.

പ്രകടമായ ഒരു തലത്തിനപ്പുറം മറ്റെന്തെങ്കിലും - മിക്കവാറും പ്രത്യക്ഷത്തില്‍ പറയുന്നതിനേക്കാള്‍ വിലയേറിയത് – ഒളിച്ചുവെയ്ക്കുന്ന തരം സാഹിത്യസൃഷ്ടികളുണ്ട്.ധ്രുവസമുദ്രങ്ങളില്‍ ഒഴുകിനടക്കുന്ന ഹിമപര്‍വ്വതങ്ങളെ ഓര്‍മിപ്പിക്കും അവ.

ESOTERIC    എന്ന് പറയാവുന്ന ഇത്തരം രചനകളില്‍  പിടിച്ചതിനേക്കാള്‍ വലുത് മാളത്തിനു ഉള്ളിലിരുപ്പുണ്ടെന്നു വ്യക്തമാക്കുന്ന സൂചനകള്‍ മിക്കവാറും കാണും.
ഇതിഹാസങ്ങളില്‍ ഒരെണ്ണമായ മഹാഭാരതം അത്തരമൊരു പുസ്തകമാണ് എന്നതും ഈ നോവലിലെ ആറംഗ സംഘത്തിനെ “പാണ്ഡവരും ദ്രൌപദിയും” എന്ന് വിളിപ്പേരുള്ളതും തീര്‍ച്ചയായും യാദൃശ്ചികമല്ല എന്നെനിക്ക് തോന്നുന്നു. 


ദത്താപഹാരം എന്ന പേര് തന്നെ എത്ര വിഷയസൂചി ആണെന്ന്‍ നോക്കൂ..

ദത്തം : നല്‍കപ്പെട്ടത്‌ ,  അപഹാരം : കൊള്ളയടിക്കല്‍  എന്ന സാമാന്യാര്‍ത്ഥം തന്നെ പണ്ട് നമ്മുടെ കൈവശം ഉണ്ടായിരുന്നതും എന്നാല്‍ ചരിത്രത്തിന്‍റെ നാള്‍വഴികളിലെവിടെയോ വച്ച് നമ്മില്‍ നിന്നും തട്ടിപ്പറിക്കപ്പെട്ടതും ആയ  “എന്തോ ഒന്ന് ” ആണ് പ്രതിപാദ്യവിഷയം എന്ന് തുടക്കം മുതല്‍ നമ്മളെ ഓര്‍മിപ്പിക്കുന്നു .

അതെന്താണ് എന്നത് “തിരയുന്ന കണ്ണുകള്‍ക്ക്” മുന്നില്‍ എളുപ്പം തെളിഞ്ഞു കിട്ടുന്നു.


  
ഇനി കഥയിലേക്ക് കടക്കാം.

8 മാസം മുന്‍പ് കാട്ടിനുള്ളില്‍ വെച്ച് കാണാതായ ജേഷ്ഠസമനായ കോളേജ് സുഹൃത്തിനെ തിരഞ്ഞു പോകുന്ന ഐവര്‍സംഘം നാലാണും ഒരു പെണ്ണും) യാത്രയ്ക്കിടയില്‍ ഓര്‍ത്തെടുക്കുന്ന ഗതകാലസ്മരണകള്‍ ആയാണ് കഥ മുന്നോട്ട് പോകുന്നത്.

കേന്ദ്ര കഥാപാത്രമായ ഫ്രെഡി അവര്‍ക്കൊക്കെ ഏതെങ്കിലുമൊരര്‍ത്ഥത്തില്‍ , ഹൃദയത്തോട് ചേര്‍ന്നുനില്‍ക്കുന്ന കഥാപാത്രമാണ്.

ഫ്രെഡി ആണെങ്കില്‍ ഒരു പ്രത്യേക സ്വഭാവക്കാരനും.

“കാടിനെ” ഏറെ സ്നേഹിക്കുന്ന ഫ്രെഡ്ഡി ഇടയ്ക്കിടെ ബാക്കിയുള്ള പാണ്ഡവര്‍ക്കൊപ്പമുള്ള വനത്തിലേക്കുള്ള വിനോദയാത്രകള്‍ക്കിടയില്‍ പതിയെ , അതിന്‍റെ അഗാധതകളിലേക്ക് ആകര്‍ഷിക്കപ്പെടുന്നു.

 സാധാരണമനുഷ്യജീവിതത്തിന്‍റെ  പ്രായോഗികതകള്‍ക്കപ്പുറത്തേക്കുള്ള ഫ്രെഡ്ഡിയുടെ അപഥസഞ്ചാരങ്ങള്‍ ഏറ്റവുമടുത്ത സുഹൃത്തുക്കളായ ഐവര്‍ സംഘം പോലും വൈകിയാണറിഞ്ഞത് .

അതിന്‍റെ കുറ്റബോധവും കൂടി പേറിയാണവര്‍ “അപരികൃഷ്തനായ ഒരു മനുഷ്യരൂപത്തെ” പറ്റിയുള്ള പത്രവാര്‍ത്തയുടെ പിന്നാലെ കാട്ടിനുള്ളില്‍  കാണാതെപോയ തങ്ങളുടെ സുഹൃത്തിനെ തിരഞ്ഞിറങ്ങുന്നത് .

ഏറെ കഷ്ടതകള്‍ അനുഭവിച്ച സംഘം അപ്രതീക്ഷിതവും അപകടകരവും നിരാശാജനകവും പ്രതീക്ഷാനിര്‍ഭരവുമെന്നിങ്ങനെ മനസ്സാകുന്ന കൊടുംകാടിന്റെ പല ദുര്‍ഘടമായ മേഖലകള്‍ താണ്ടുന്നുവെങ്കിലും , ഫ്രെഡിയെ കണ്ടെത്താനാവുന്നില്ല .

കാരണം ഫ്രെഡിയെ കണ്ടെത്തുക എന്നത് അസാധ്യമാണ്. ഫ്രെഡിയാവുക അല്ലെങ്കില്‍ ഫ്രെഡിയെപ്പോലാവുക മാത്രമാണ് കരണീയം .
ഈ അറിവോടെ , എല്ലാ അസ്വാതന്ത്ര്യങ്ങളെയും പിന്നിലുപേക്ഷിച്ച് സൂക്ഷ്മദൃക്കുകള്‍ മാത്രം കാടുപുക്കുന്നു.


പുസ്തകങ്ങളിലെ "റാഷമോണ്‍ എഫക്റ്റ്  " ശരിക്കും വായനയെ മനോഹരമായ ഒന്നാണ് എന്ന് ഈ രീതിയില്‍ എഴുതപ്പെട്ട ചില പുസ്തകങ്ങള്‍ ( പേപ്പര്‍ ലോഡ്ജ്  ) കൂടെ  വായിച്ചതിലൂടെ എനിക്ക് ബോധ്യമായി .എന്തെന്നാല്‍ , പല പല കഥാപാത്രങ്ങളുടെയും  കാഴ്ചപ്പാടിലൂടെ വികസിപ്പിക്കുന്ന കഥയ്ക്ക്  രത്നത്തിന്റെ എല്ലാ മുഖങ്ങളിലൂടെയുമെന്നപോലെ  പ്രകാശം തരുവാനും അതിലൂടെ പൂര്‍ണതയുടെ ഇല്ല്യൂഷന്‍ നമുക്ക് മുന്നില്‍ വിരിയിക്കുവാനും സാധിക്കുന്നു.

അവസാന താളും മറിഞ്ഞപ്പോള്‍ , എന്‍റെ മുന്നില്‍ ആകെ നിഗൂഡതയായി അവശേഷിക്കുന്നത്  സുധാകരന്‍/ഇരുട്ടിന്‍റെ അനുഭവങ്ങളും അവന്‍റെ തിരോധാനം ഒളിപ്പിച്ചുവെച്ചിരിക്കാവുന്ന (അ)സംഖ്യം ആശയങ്ങളുമാണ്‌.

അതൊരിക്കല്‍ കഥാകാരനോട് നേരിട്ട് ചോദിച്ച് സംശയം തീര്‍ക്കാം എന്ന്  ആലോചിക്കുന്നു.

മംഗളം . ശുഭം.ദന്താരോഗ്യം : എല്ലാവരും അറിഞ്ഞിരിക്കേണ്ട ചില കാര്യങ്ങള്‍

മനുഷ്യശരീരത്തിലെ വളരെ പ്രാധാന്യമര്‍ഹിക്കുന്ന ഒരു ഭാഗമാണ്  പല്ലുകളും  നാവും മുഖപേശികളും ഉമിനീര്‍ ഗ്രന്ഥികളും എല്ലാം ഉള്‍പ്പെടുന്ന ഓറല്‍ ആന്‍ഡ്‌ മാക്സില്ലോഫേഷ്യല്‍ റീജിയന്‍ .( താഴത്തെ ചിത്രത്തില്‍ മഞ്ഞ വരയ്ക്കകത്തുള്ളത് )
1.പല്ലുകള്‍
a. അനാട്ടമി 

പൂര്‍ണവളര്‍ച്ചയെത്തിയ,  ആരോഗ്യവാനായ മനുഷ്യന്‍റെ വായ്ക്കകത്ത്  രണ്ട് താടിയെല്ലുകളിലുമായി 16 എണ്ണം വീതം മൊത്തത്തില്‍ 32 പല്ലുകള്‍ ഉണ്ടായിരിക്കും. 

ഈ പല്ലുകളെല്ലാം തന്നെ താടിയെല്ലിലെ അവയുടേതായ  സോക്കറ്റുകളില്‍ സ്ഥിതിചെയ്യുന്നു.സസ്തനികളില്‍ കാണപ്പെടുന്ന ദന്തനിരയുടെ ഈ അവസ്ഥയെ തീക്കോഡോണ്ട്  (Thecodont Dentition) എന്നാണ് പറയുക  .  പരിണാമത്തിന്‍റെ നാള്‍വഴികളില്‍  ഇതൊരു പ്രധാന പുരോഗമനം  ആയിരുന്നു. 


ടൂത്ത്  സോക്കറ്റ് : പല്ലെടുത്തതിനു ശേഷമുള്ള കാഴ്ച്ച അതുപോലെത്തന്നെ , ജീവിതകാലയളവില്‍ രണ്ട് ജോഡി ദന്തങ്ങള്‍ മനുഷ്യന് ഉണ്ടാകുന്നു. അതുകൊണ്ട്  മനുഷ്യന്‍റെ ദന്തങ്ങളെ  ഡിഫിയോഡോണ്ട്  ( Diphyodont) എന്ന് പറയാം.

ഒരു കുഞ്ഞ് ജനിച്ച്  ആറാം മാസം മുതല്‍ മുളച്ചു തുടങ്ങുന്ന ആദ്യത്തെ ജോഡിയെ  Milk Teeth/ Deciduous Dentition അഥവാ കോമളദന്തം എന്നും , ആറു വയസ്സില്‍ മുളച്ചുതുടങ്ങുന്ന ദന്തനിരയെ Permanent Dentition അഥവാ സ്ഥിരദന്തം എന്നും പറയുന്നു. 

(ചില ജീവികളില്‍ ഒരൊറ്റ ജോഡി പല്ലുകള്‍ മാത്രമേ അവയുടെ ജീവിതകാലയളവില്‍ ഉണ്ടാവാറുള്ളൂ (Monophyodont ) .അതേ സമയം ചിലജീവികളില്‍ പലനിര ദന്തങ്ങള്‍ ഉണ്ടാകും  (Polyphyodonts).  ഉദാ: കങ്കാരു , ആന (6 സെറ്റ് പല്ലുകള്‍ ) .
സ്രാവിന്‍റെ  കാര്യത്തിലാണെങ്കില്‍ പല്ലുകള്‍ ഓരോ നിര കൊഴിയുമ്പോഴും പുതിയ നിര    അവരുടെ ജീവിതത്തിലുടനീളം മുളച്ചുകൊണ്ടേയിരിക്കുന്നു


മനുഷ്യരടക്കമുള്ള സസ്തനികളില്‍ ഉള്ള വേറൊരു പ്രത്യേകതയാണ്  പല ഉപയോഗത്തിനായി പല ആകൃതിയില്‍ ഉള്ള പല്ലുകള്‍ അഥവാ ഹെട്ടറോഡോണ്ട് ഡെന്‍ടിഷന്‍ (HETERODONT)  . കടിച്ചു മുറിക്കുന്നതിനായും ചവച്ചരയ്ക്കുന്നതിനായും യോജിച്ച പോലെ അവ രൂപാന്തരപ്പെട്ടിരികുന്നു. 

ബാഹ്യരൂപത്തിന്‍റെ അടിസ്ഥാനത്തില്‍ പല്ലുകള്‍   

1.ഇന്‍സിസേഴ്സ് ,( മുന്‍നിരയിലെ പല്ലുകള്‍ )
2.കനൈന്‍സ് , (കോമ്പല്ല് )
3.പ്രീമോളാര്‍സ് ,(കുഞ്ഞണപ്പല്ലുകള്‍) 
൪.മോളാര്‍സ്  (അണപ്പല്ലുകള്‍ )                            എന്നിങ്ങനെ 4 വിധമുണ്ട്..രൂപ ഘടന മുകളിലെ ചിത്രത്തില്‍ കാണുന്നതുപോലെ പല്ലിനെ  "പ്രധാനമായും" നാല്  ഭാഗങ്ങളായി തിരിക്കാം .

1.ഏറ്റവും പുറത്തുള്ള വെളുത്ത പാളി ആയ ഇനാമല്‍ 
2.രണ്ടാമത്തെ പാളി ആയ ഡെന്‍റ്റീന്‍ 
3.രക്തക്കുഴലുകളും ഞരമ്പുകളും എല്ലാം ഉള്ളതുമായ  ഏറ്റവും ഉള്ളിലെ ഭാഗം- പള്‍പ്പ് 
4.വേരിന്  മുഴുവനായി കവചിതസംരക്ഷണം കൊടുക്കുന്ന - സിമന്‍റം ( വേരില്‍ ഇനാമല്‍ ഇല്ല )

1.ഇനാമല്‍ 
എല്ലാവര്‍ക്കും അറിയാവുന്നത് പോലെ , ഇനാമല്‍ ആണ് മുഴുവന്‍ മനുഷ്യ ശരീരത്തിലെത്തന്നെ  ഏറ്റവും ബലമേറിയ/കാഠിന്യമേറിയ  ഭാഗം . ശരീരത്തിലെ ഏറ്റവും ധാതുസമ്പന്നമായ (96%). ഭാഗവും ഇനാമല്‍ തന്നെയാണ് .

എന്നിരുന്നാലും ഇനാമല്‍ ,  അമ്ലങ്ങളുമായുള്ള (വീര്യം വളരെ കുറവായതെങ്കിലും ) സ്ഥിരസമ്പര്‍ക്കത്തില്‍ എളുപ്പം വിഘടിക്കുന്നു.അങ്ങനെയാണ്  പുഴുപല്ല് /കേട് /പോട് / ഡെന്റല്‍ കേരീസ് (DENTAL CARIES) ഉണ്ടാവുന്നത്. 

2.ഡെന്‍റ്റീന്‍ (DENTIN)

ഇതാണ് ഇനാമലിന്റെ തൊട്ടുതാഴെ കിടക്കുന്ന നേരിയ മഞ്ഞ നിറമുള്ള ഭാഗം. സ്വാഭാവികമായി സുതാര്യമായ ഇനാമലില്‍ കൂടി റിഫ്രാക്റ്റ് ചെയ്ത് വരുന്ന വെളിച്ചം ഈ ഭാഗത്തില്‍ നിന്ന് പ്രതിഫലിക്കുന്നത് കൊണ്ടാണ്  ആരോഗ്യമുള്ള പല്ലുകള്‍ക്ക് നേര്‍ത്ത ഒരു മഞ്ഞനിറം പോലെ തോന്നുന്നത്. 

അതിസൂക്ഷ്മമായ ആയിരക്കണക്കിനു കുഴലുകള്‍ നിറഞ്ഞ പല്ലിന്‍റെ ഈ ഭാഗത്താണ്  വളരെ ചെറിയ നാഡികള്‍ ഉള്ളത്.. ( പല്ലിന് / ഇനാമലിന്  തേയ്മാനം വരുമ്പോള്‍ തണുപ്പ് / ചൂട് / കാറ്റ് എന്നിവയുടെ  സമ്പര്‍ക്കത്തില്‍ ഈ നാഡികള്‍ ഉത്തേജിക്കപെടുകയും അസഹനീയമായ പുളിപ്പ് / വേദന തോന്നുകയും ചെയ്യുന്നു : സെന്‍സോഡെയ്ന്‍ ടൂത്ത്‌പേസ്റ്റ്‌ ന്‍റെ പരസ്യം ഓര്‍മിക്കുക :)  )


പല്ലില്‍ കേടുണ്ടാകുമ്പോള്‍ ഇനാമല്‍ ദ്രവിച്ച് ഈ ഭാഗത്ത് അണുക്കളും അവയുടെ ജീവനപ്രവര്‍ത്തനഫലമായുണ്ടാകുന്ന രാസവസ്തുക്കള്‍ , ടോക്സിക്  പദാര്‍ത്ഥങ്ങള്‍ ഒക്കെ തങ്ങിനില്‍ക്കുപോഴാണ്  നമുക്ക്  നേരിയ വേദന അനുഭവപ്പെട്ടു തുടങ്ങുന്നത്. 

അത് വകവയ്ക്കാതെ നമ്മള്‍ മുന്നോട്ട് പോകുമ്പോള്‍ , രോഗാണുക്കളും അവരുടെ പാതയില്‍  ധീരമായി മുന്നേറുന്നു .. അങ്ങനെ ദന്തക്ഷയം പല്ലിന്‍റെ ഏറ്റവും കാതലായ ഭാഗത്ത് - പള്‍പ്പില്‍ - എത്തുന്നു.

3. പള്‍പ്പ് 

ഇവിടെ , കളി അല്പം കാര്യമായി മാറുന്നു.
എന്തെന്നാല്‍ , അണുക്കള്‍ അവരുടെ "സ്വര്‍ഗ്ഗത്തില്‍" എത്തിയിരിക്കുന്നു..
അവരുടെ അതിജീവനത്തിനും , പ്രത്യുല്പാദനത്തിനും ഉതകുന്ന എല്ലാക്കാര്യങ്ങളും ഇവിടെ അവര്‍ക്ക് കിട്ടും .പോഷക വസ്തുക്കള്‍ - ഗ്ലുക്കോസ്‌  തുടങ്ങിയ സിമ്പിള്‍ കാര്‍ബോഹൈഡ്രേറ്റ്സ് , പ്രോട്ടീന്‍സ് , ജലം.. അങ്ങനെ എല്ലാം. 

നമ്മുടെ "രോഗപ്രതിരോധ വകുപ്പ്" ( IMMUNE SYSTEM )  കാര്യക്ഷമമായി പണിയെടുത്താല്‍ തന്നെയും , തകര്‍ന്ന കോട്ടയിലേക്ക്  ശത്രുക്കള്‍ എന്ന പോലെ ദന്തക്ഷയം ഉണ്ടാക്കിയ വഴിയിലൂടെ ദിനേന പുതിയ അണുക്കള്‍ എത്തുകയും കോളനിവത്കരണം നടത്തുകയും ചെയ്യുന്നു.


ഈയവസ്ഥയെ ഞങ്ങള്‍ ദന്തവൈദ്യന്മാര്‍ "പള്‍ൈപ്പറ്റിസ്  " എന്ന് വിളിക്കുന്നു.

തത്ഫലമായി ഉണ്ടാവുന്ന യുദ്ധത്തില്‍ , ക്രമേണ ശരീരം അടിയറ വെയ്ക്കുകയും അണുക്കള്‍ പെറ്റുപെരുകി , തൊട്ടടുത്ത കലകളിലേക്ക് പടരുവാന്‍ നോക്കുകയും ചെയ്യുന്നു.യുദ്ധത്തിന്‍റെ നാശനഷ്ടങ്ങള്‍ പഴുപ്പായി/ചലമായി (ചത്തുപോയ രക്താണുക്കള്‍ + രോഗാണുക്കള്‍ +  ഇന്ഫ്ലമേറ്റരി ഫ്ളൂയിട്സ് ) എല്ലാം കെട്ടിക്കിടന്ന ശേഷം ഒടുവില്‍ , ഏറ്റവും എളുപ്പവഴിയിലൂടെ പുറത്ത് പോകുന്നു.അങ്ങനെ അണുബാധ ഏറ്റ പള്‍പ്പ് ഒടുവില്‍ വീരചരമം വരിക്കുന്നു. 

(അല്ലെങ്കില്‍ ചാവേറിനെ പോലെ ഏറെക്കാലം ധീരമായി ചെറുത്തുനില്‍ക്കുകയും ഉണ്ടാവാം.  അതാണ്‌ BEST CASE SCENARIO ) . (തുടരും )

പാഠം രണ്ട് :
സാധാരണയായി കണ്ടുവരുന്ന ദന്തരോഗങ്ങള്‍ വായിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക--------------------------------------------------------------------------------------------------------------------- 


ചിത്രങ്ങള്‍ക്ക് കടപ്പാട് : ഗൂഗിളമ്മായി 
തയ്യാറാക്കിയത് : ഡോ.അജിത്‌ സുബ്രഹ്മണ്യന്‍ BDS
Govt. Dental College, Thiruvananthapuram

Chief Dental Surgeon
PEOPLE'S DENTAL CARE
Multispeciality Dental Clinic &Centre for Community Dentistry
PALAKKAD - 678633


 

കെ ആര്‍ മീരയുടെ കഥകള്‍

പൊതുവേ കഥകള്‍ വായിക്കാറില്ലാത്ത ഞാന്‍ കഥയെഴുതുന്നവരോടുള്ള സമ്പര്‍ക്കം കൊണ്ടാണ് പതിയെ ആ ദുശ്ശീലം മാറ്റിയെടുത്തുകൊണ്ടിരിക്കുന്നത് .

ഇതുവരെ വായിച്ച ചുരുക്കം ചില സമകാലിക മലയാളം കഥകളില്‍ മനസ്സില്‍ മുദ്രണം ചെയ്തതുപോലെ നില്ക്കുന്ന രണ്ടേ രണ്ട് കഥകളേ ഉള്ളൂ..

1.തല : ശിഹാബുദ്ധീന്‍ പൊയ്ത്തുംകടവ്
2.ജനാബ് കുഞ്ഞിമൂസ ഹാജി : സേതു എന്നിവയാണത്.


അങ്ങനെയിരിക്കുമ്പോഴാണ്  സുഹൃത്തും നാട്ടുകാരനും ബ്ലോഗറുമായ സംഗീത്  കെ. ആര്‍ മീരയുടെ കഥകള്‍ അതിഗംഭീരമാണെന്നും വായിച്ചിട്ട് അവന്‍ അസ്തപ്രജ്ഞനായി പോയി എന്നൊക്കെ പറയുന്നത്.

ഞാനാണെങ്കി അവരുടെ നോവല്‍ " ആരാച്ചാര്‍ " കോപ്പിയടിച്ചതാണെന്നൊക്കെയുള്ള കിംവദന്തികള്‍ കേട്ട്  സംശയത്തോടെ  ഇരിക്കുന്ന സമയം.

എന്തായാലും സുഹൃത്തിന്‍റെ കയ്യില്‍ നിന്ന് പുസ്തകം കടം വാങ്ങിച്ച്  കഥകള്‍ വായിച്ചുതുടങ്ങിയപ്പോള്‍ തെറ്റിദ്ധാരണകളൊക്കെ കൊടുങ്കാറ്റിലെന്നപോലെ കടപുഴകി.

എത്ര മനോഹരങ്ങളായ കഥകളെന്നോ !!!

കഥയുടെ ക്രാഫ്റ്റ്   അഥവാ സൗന്ദര്യക്ഷേത്രഗണിതനിയമങ്ങളെക്കുറിച്ച്
ആധികാരികമായി പറയാന്‍ മാത്രം  എനിക്ക്  കഴിവോ യോഗ്യതയോ ഇല്ല  എങ്കിലും പരിമിതമായ വായനാനുഭവത്തിന്‍റെ വെളിച്ചത്തില്‍ നടത്തുന്ന ചെറിയ ഒരവലോകനാപരാധം ആണിത്.

കഥയുടെ കാര്യത്തില്‍ ഞാന്‍ ശ്രദ്ധിച്ചിട്ടുള്ള ഒരു കാര്യം  എന്താണെന്ന് വെച്ചാല്‍
കഥാകൃത്ത് ന്‍റെ gender മുഖ്യകഥാപാത്രത്തെ സ്വാധീനിക്കുന്നു എന്നതാണ്,  ചില ആക്ഷേപങ്ങള്‍ അതിലും ഉണ്ടെങ്കിലും.

അതായത്  കഥാകൃത്ത്‌ പുരുഷനാണെങ്കില്‍ മിക്കവാറും കഥകള്‍ പുരുഷന്‍റെ വീക്ഷണകോണില്‍നിന്നും ഉള്ളതായിരിക്കും. തിരിച്ചും അങ്ങനെത്തന്നെ .
അപൂര്‍വ്വം ചില കഥകള്‍ മാത്രമാണ് സഹജമായ ഈ പ്രവണതയുടെ തോട് പൊളിക്കുന്നത് .

കെ ആര്‍ മീരയുടെ കഥകളില്‍ പൊതുവായിക്കാണാവുന്ന ഒന്നാണ്, ദാമ്പത്യബന്ധവും അതിനുള്ളിലെ അസ്വാതന്ത്ര്യവും , അസ്വാരസ്യങ്ങളും  സ്ത്രീകള്‍ അതുകൊണ്ടനുഭവിക്കുന്ന മാനസികപ്രയാസങ്ങളും .
സര്‍പ്പയജ്ഞം , മച്ചകത്തെ തച്ചന്‍ , ആവേ മരിയ , ആട്ടുകട്ടില്‍ ,വാണിഭം, തുടങ്ങിയ കഥകള്‍ മേല്‍പ്പറഞ്ഞ ഗണത്തിനോട് ഏറ്റവും അടുത്തുനില്‍ക്കുന്നു.

ഓര്‍മയുടെ ഞരമ്പ് , ഒറ്റപ്പാലം കടക്കുവോളം , പായിപ്പാട് മുതല്‍ പെയ്സ്മേക്കര്‍ വരെ , വാര്‍ത്തയുടെ ഗന്ധം , ഹൃദയം നമ്മെ ആക്രമിക്കുന്നു ,പിന്നെ സസ്സന്ദേഹവുമായിടും എന്നീ കഥകള്‍ വാര്‍ദ്ധക്യാവസ്ഥയിലെ കഥാപാത്രങ്ങളുടെ ജീവിതം/നിസ്സഹായാവസ്ഥ/വിഹ്വലതകള് എല്ലാം തന്നെ  ഹൃദയസ്പൃക്കായി ചിത്രീകരിക്കുന്നു.

പായിപ്പാട് മുതല്‍ പേസ്മേക്കര്‍ വരെ എന്ന കഥയാണ്‌ ആഖ്യാനത്തിലെ മനോഹാരിത കൊണ്ട് എനിക്കേറ്റവും ഇഷ്ടമായ കഥ .

കൃഷ്ണഗാഥ - ഹൃദയം തകര്‍ക്കുന്ന ഒരു കഥയാണ്‌.. സമകാലികവാര്‍ത്തകളില്‍ സ്ത്രീത്വത്തിനെതിരെ  അക്രമങ്ങള്‍ നിത്യേന ഒന്ന്  എന്ന വണ്ണം വര്‍ദ്ധിച്ചുവരുന്ന ഇക്കാലത്ത് ഈ വിഷയത്തോട് ഒരു തരം നിസ്സംഗത ഉളവായിത്തുടങ്ങിയിട്ടുണ്ടെങ്കിലും നമ്മള്‍ കരുതുന്നതുപോലെ പ്രതികള്‍ക്ക്  ടി ജി രവിയുടെയും ബാലന്‍ കെ നായരുടെയും പഴയകാലസിനിമാകഥാപാത്രങ്ങളുടെ മുഖഭാവഹാവാദികള്‍ ഉള്ളവര്‍ മാത്രമല്ല ,   ആട്ടിന്‍തോലിട്ട ചെന്നായകളും  ഒരുപാടുണ്ട് സമൂഹത്തില്‍ എന്നും ഈ കഥ  ഓര്‍മിപ്പിക്കുന്നു.

കരിനീല , മാലാഖയുടെ മറുകുകള്‍ എന്നീ കിടിലന്‍ നീണ്ട കഥ / നോവെല്ലകള്‍ കൂടെ കഥാസമാഹാരത്തിന്‍റെ അവസാനം ചേര്‍ത്തിട്ടുണ്ട്  .

കഥകള്‍ ഇഷ്ടപെടുന്നവര്‍ക്ക്  വാ-ങ്ങാ/യിക്കാ- തിരിക്കാന്‍ ആവില്ല ഈ പുസ്തകം.
അത്രയും ഗംഭീരം.

26 കഥകള്‍ ഉള്‍പ്പെടുന്ന "കെ ആര്‍ മീരയുടെ കഥകള്‍ " എന്ന ഈ പുസ്തകം പ്രസിദ്ധീകരിച്ചിരിക്കുന്നത്  കറന്റ് ബുക്ക്സ് ആണ്. വിതരണം കോസ്മോസ് ബുക്ക്സ് . ഓണ്‍ലൈനില്‍ www.indulekha.com ലും ലഭ്യമാണ്.
------------------------------------------------------------------------------------------------------------------------
കഥാകൃത്ത്‌ : കെ.ആര്‍ മീര Thursday, 23 April 2015

പുഴാ(രാ)വൃത്തം

1.

പുഴ,
ഒരു കാട്ടുപെണ്ണായിരുന്നു.
എട്ടും പൊട്ടും തിരിയാത്ത പാവാടക്കാരി.

മാമലകളുടെ മടിത്തട്ടില്‍ 
പിച്ചവെച്ചു  നടന്നവള്‍.

നിശബ്ദതയുടെ താഴ്.വരയില്‍
 സര്‍ഗ്ഗസംഗീതമൊഴുക്കിയവള്‍.

നിത്യഹരിതകന്യാവനങ്ങളില്‍ 
സ്നേഹവസന്തം വിരിയിച്ചവള്‍.

കിലുകിലെച്ചിരിച്ചും, കളകളം മുഴക്കിയും 
തുള്ളിയും തുളുമ്പിയുമവളൊഴുകിയെന്നും 
ചോലകള്‍ , തോഴിമാര്‍ക്കൊപ്പം .

2.

ഒരു നാള്‍ കാടിന്‍റെയതിരുകള്‍ക്കപ്പുറം 
കണ്ടുമുട്ടീയവള്‍ , യുഗത്തിന്‍റെയധിപനെ .

കുറുക്കന്റെ കണ്ണുകള്‍ , കരുത്തുറ്റ പേശികള്‍ 
മനസ്സിനെ മയക്കുന്ന വിയര്‍പ്പിന്‍റെ ചാലുകള്‍.

മനുഷ്യനാ പെണ്ണിനെ വളച്ചെടുക്കുന്നു 
ഇരുട്ടിന്‍റെ മറവിലേക്കാനയിക്കുന്നൂ.
നാലഞ്ചു രാത്രിയില്‍ കൂടെക്കിടക്കുവാന്‍ 
നാഗരികതയുടെ ചക്രം തിരിക്കുവാന്‍ .

പുഴയവള്‍ , മനുഷ്യന്‍റെ മനസ്വിനിയാവുന്നു. 
അണകെട്ടിയവളെയവന്‍ മണവാട്ടിയാക്കുന്നു.

അണകള്‍  കൈത്തളകള്‍,  അണകളരഞ്ഞാണം 
അണകള്‍ , കാല്‍ച്ചങ്ങലകളണിഞ്ഞവള്‍ ചമയുന്നു.

ഉടലൂറ്റി, ഉയിരൂറ്റി, ഉടയാടകളുലഞ്ഞവള്‍ 
ഉലയൂതി സംസ്കാരദ്യുതിയെ ജ്വലിപ്പിക്കുന്നു.

കാലചക്രമേറെ തിരിഞ്ഞുപോയെങ്കിലും 
അവളവന്റെ കുടിലിലിപ്പോഴും 
വിളക്കുകള്‍ തെളിക്കുന്നൂ , വിശറികള്‍ വീശുന്നൂ 
വിളകള്‍ നനയ്ക്കുന്നൂ , പിള്ളേരെ കുളിപ്പിക്കുന്നു. 

മനുഷ്യനോ , മാനത്തു കണ്ണുനട്ടെപ്പോഴും 
മഹാരഹസ്യങ്ങള്‍ തന്‍ ചുരുളുകളഴിക്കുന്നു.


 3. 

ഒഴുകിയൊഴുകിയൊടുവിലഴിമുഖത്തെത്തുമ്പോള്‍ ,
പുഴയൊരു പാവം കിഴവിയാകുന്നു.

അഴലാഴങ്ങളറിഞ്ഞവള്‍ .
മൊഴി ചൊല്ലപ്പെട്ടവള്‍ .

മിഴികളില്‍ നനവിന്റെയണുപോലുമില്ലാതെ 
അഴുകിയ സംസ്കാരഗന്ധങ്ങള്‍  പേറുന്നവള്‍.

ഒരു തുള്ളി,യിരുതുള്ളി പലതുള്ളിയായവള്‍
ആഴിതന്നാഴങ്ങളിലലിഞ്ഞുചേരുന്നു .


4 .

ഗതകാലജീവിതദുരിതസ്മരണകള്‍ 
കടലിന്നഗാധതയിലെവിടെയോ  മറന്നിട്ട്,  

ഹരിതവനഹൃദയഗര്‍ഭത്തിലേക്കവള്‍  
മഴയായി വീണ്ടും തിരിച്ചുപോകുന്നു. 
---------------------------------------------------------------------------------------------------------------------