Tuesday, 30 June 2015

സംശയം


ഞാന്‍ എന്നെ
സ്നേഹിക്കുന്നത്  കൊണ്ടല്ലേ
ഞാന്‍ നിന്നെയും
 സ്നേഹിക്കുന്നത് ?

Saturday, 27 June 2015

ദുരവസ്ഥ

ചിന്തകളുടെ ചിതയിലെന്നും
വെന്തെരിയുന്നൂ മനം.

എന്തൊരതിശയം ! വീണ്ടും
ചന്തമോടെ ഉയിരേല്‍ക്കുന്നു.

Friday, 26 June 2015

ബുക്ക് ബക്കറ്റ് ലിസ്റ്റ് - 2015

ഈ വര്‍ഷം  സ്വന്തമാക്കാന്‍  ഉദ്ദേശിക്കുന്ന പുസ്തകങ്ങള്‍ 

  1. ആരോഗ്യനികേതനം - താരാശങ്കര്‍ ബാനര്‍ജി 
  2. ആദിമ ഇന്ത്യാ ചരിത്രം - റോമില ഥാപ്പര്‍ 
  3. സുഗതകുമാരിയുടെ കവിതകള്‍ : സമ്പൂര്‍ണ്ണം 
  4. ഭാഷയും കുഞ്ഞും : പി.രാമന്‍ 
  5. അവസാനത്തെ കൊള്ളിമീന്‍ : ശ്യാം സുധാകരന്‍ 
  6. മുടന്തന്റെ സുവിശേഷം : കല്പറ്റ നാരായണന്‍ 
  7. വൈലോപ്പിള്ളി കവിതകള്‍ : സമ്പൂര്‍ണ്ണം 
  8. ഇന്ത്യയെ കണ്ടെത്തല്‍ : ജവഹര്‍ലാല്‍ നെഹ്‌റു 
  9. പാണ്ഡവപുരം - സേതു 
  10. ജാതി ഉന്മൂലനം - ബി ആര്‍ അംബേദ്‌കര്‍ ( ഡി സി ബുക്സ് , 325)
(വേറെ സജഷന്‍സ് വല്ലോം ഉണ്ടേല്‍ പറയണം ട്ടോ കൂട്ടുകാരേ.. 
എന്‍റെ ലൈബ്രറിയില്‍ ഉള്ള പുസ്തകങ്ങളുടെ ലിസ്റ്റ് ഏകാന്തതയുടെ ഗീതം.

കടല്‍ക്കരയില്‍ തനിച്ചിരുന്നുകൊണ്ടെ-
നിക്കേകാന്തതയുടെ പാട്ടുപാടണം .

പതിയെമായുന്നണിയറക്കുള്ളില്‍
അകലെ , മേഘപടലത്തിനപ്പുറം
കഥകളെല്ലാം കണ്ട കണ്ണുകള്‍.

പിരിഞ്ഞുപോകുവാന്‍വയ്യെന്നപോല്‍വീണ്ടും
കരയെവന്നു പുണര്‍ന്നുപോകുന്നൂ
അതിരെഴാത്തിരതന്‍വിരലുകള്‍
 
തണുത്തിരിക്കുന്നൂ യുഗങ്ങളായവര്‍
നിരന്തരം വന്നു നനച്ച തീരങ്ങള്‍ .

മരിച്ചുപോയ ദിനത്തിന്നോര്‍മ്മകള്‍
കുറിച്ചുകൊണ്ടിരിക്കയാണതിന്നു ചാരെ ഞാന്‍ .

എരിച്ചു കളയണമലസനിമിഷങ്ങള്‍
മനസ്സുതിന്നുന്ന കറുത്ത ചിന്തകള്‍ .

കടല്‍ക്കരയില്‍ തനിച്ചിരുന്നുകൊണ്ടെ-
നിക്കേകാന്തതയുടെ പാട്ടുപാടണം

ഇടറുമെങ്കിലും , വിരസമെങ്കിലും
വൃഥാവിലാവില്ലെന്‍ ഹൃദയഗീതകം.

ഒരു വിദൂരപ്രതീക്ഷതന്‍ താരക
പ്രകാശത്താല്‍ മനം തുടിച്ചുണര്‍ന്നേക്കാം
---------------------------------------------------------

7/2/2014
സായാഹ്നം
ശംഖുമുഖം കടല്‍തീരം


Wednesday, 24 June 2015

#ഉട്ടോപ്പിയന്‍ ഡയറിക്കുറിപ്പുകള്‍

സത്യം 1:പ്രതീക്ഷ എന്നൊന്നില്ലായിരുന്നെങ്കില്‍ മനുഷ്യജീവിതം എത്രമേല്‍ വിഷാദഭരിതവും , നിറമറ്റതുമായേനെ.

സത്യം 2:പ്രതീക്ഷകളാണ് ജീവിതത്തിന്‍റെ മുഴുവന്‍ സൗന്ദര്യവും ചോര്‍ത്തിക്കളയുന്നത്.

വിരോധാഭാസം എന്നത് പരസ്പരവിരുദ്ധമായ രണ്ട് സത്യങ്ങളുടെ സങ്കലനമാണ്.
------------------------------------------------------------------------
THE MATRIX RELOADED എന്ന സിനിമയില്‍ THE ARCHITECT എന്ന കഥാപാത്രത്തിന്റെ മനോഹരഭാഷണത്തിലെ ഒരു വാചകമായിരുന്നു

" Hope. It is the quintessential human delusion, simultaneously the source of your greatest strength, and your greatest weakness. "
എന്നെങ്കിലും ഇത് സ്വന്തം അനുഭവത്തില്‍നിന്ന് വീണ്ടും സ്മരണയിലെത്തുമെന്നു പണ്ടേ എനിക്കറിയാമായിരുന്നു.
കല ജീവിതഗന്ധിയും കാലാതിവര്‍ത്തിയും ആവുന്നത് ഇങ്ങനെയാണ് എന്ന് തോന്നുന്നു.


൨൪/൦൬/൨൦൧൫

Tuesday, 23 June 2015

മാറാല കെട്ടിയ ചിന്തകള്‍ #5

ചില നിമിഷങ്ങല്‍ക്കായുള്ള കാത്തിരിപ്പാണ് ജീവിതത്തെ സാര്‍ത്ഥകമാക്കുന്നത് എന്ന് തോന്നത്തക്ക വിധം മാന്ത്രികമാണ് അത്.
പരീക്ഷയുടെ ഫലം , ജോലി , പ്രണയം , വിവാഹം , കുടുംബം . കുട്ടികള്‍ അങ്ങനെയങ്ങനെ ജീവിതമെന്ന യാത്രയിലെ മൈല്‍ക്കുറ്റികള്‍  എല്ലാം തന്നെ  ഓരോ അടിയും മുന്നിലേക്ക് തന്നെ വെയ്ക്കുവാന്‍ നമ്മെ പ്രേരിപ്പിക്കുന്ന മൃഗതൃഷ്ണകളാണ്.

എന്നാല്‍ .."സങ്കല്‍പ്പമാണ് എല്ലാം " എന്നറിയുന്ന നിമിഷമുണ്ടല്ലോ .. അതിനേക്കാള്‍ സത്യമായി മറ്റൊന്നുമില്ല . 

Monday, 22 June 2015

ജിഗ്സോ

അവള്‍ :
വിണ്ട മണ്ണിന്റെ ദാഹമാവാഹിച്ച
ചുണ്ടായിരുന്നു നിന്‍റെ,
പണ്ടെനിക്ക് കൗതുകം.

അവന്‍ :
വരണ്ടുണങ്ങിയ മണ്ണിലേക്കൊരു
പെരുമഴപോലെ നീ വന്നണയുംവരെ,
ഉണ്ടുറങ്ങിയ നാളുകള്‍ മറന്നൊ-
രിണ്ടലോടെ കാത്തുനിന്നു ഞാന്‍.

Sunday, 14 June 2015

കേള്‍ക്കുന്നുണ്ടോ ?

പൂവുകളെ വേരുകള്‍ക്കുള്ളില്‍ ഒളിപ്പിച്ച്
വൈകിവരുന്ന വസന്തത്തെക്കാത്തിരിക്കാന്‍ ,

ജനിതകത്തിന്റെ ഗുപ്തസന്ദേശങ്ങളായി
വറുതിയിലേക്ക് വിത്തുകള്‍ സൂക്ഷിക്കാന്‍,

വളരാന്‍ ,
മുതിരാന്‍ ,
ഉള്‍ക്കാമ്പുള്ളതാകാന്‍
ഫലങ്ങളെക്കുറിച്ച് നിസ്സംഗരാകാന്‍ .

കാട്ടുതീയിനെ കെട്ടിപ്പുണരാന്‍ ,
കോടാലിത്തലകളില്‍നിന്ന്
ഓടിയൊളിക്കാതിരിക്കാന്‍ ,

മരങ്ങള്‍ നിശബ്ദരായി പറയുന്നത് ,
പറഞ്ഞുകൊണ്ടേയിരിക്കുന്നത് ,
നീ കേള്‍ക്കുന്നുണ്ടോ ?


Sunday, 7 June 2015

പ്രോമിത്യൂസിനോട്


ഒരു തീപ്പൊരി  നീയന്നു തന്നു.
ഇന്നതൊരു കാട്ടുതീ.


Wednesday, 3 June 2015

കണ്ണാടിയില്‍ കാണുന്നത്

അഗാധമൗനത്തിന്‍ കയങ്ങളാല്‍
കൂട്ടങ്ങളില്‍ നിന്ന് ഒഴിവാക്കപ്പെട്ടത് .

അകല്ച്ചകളില്‍ ആത്മനിന്ദയോടെ
സ്വയം വെന്തുനീറുന്നത് .

ആള്‍ക്കൂട്ടത്തിന്‍റെ ആരവങ്ങളില്‍ നിന്ന്
അപകര്‍ഷതയോടെ പിന്‍വലിയുന്നത് .

വെന്തുവെണ്ണീറായ  ചാരത്തില്‍ നിന്ന്
ചിറകുവിരിക്കാന്‍ ശ്രമിക്കുന്നത്.

നേര്‍ത്തുനേര്‍ത്തില്ലാതാവുന്ന
മൗനങ്ങളില്‍ ഒടുവിലത്തേതിനാല്‍
നിറം പിടിപ്പിച്ചത്.

Tuesday, 2 June 2015

അണ്‍സങ്ങ്

ഒരു കണ്ണില്‍പോലും പെടാതെ ,
ഒരുപമയിലുമൊതുങ്ങാതെ ,
വിടര്‍ന്ന,ടര്‍ന്നുപോകുന്ന
എത്ര പൂക്കളുണ്ടാവും!