Tuesday 20 October 2015

കാലങ്ങൾ

ഭൂതം : ഇപ്പോഴും പേടിപ്പെടുത്തുന്നത്.
വർത്തമാനം : പറഞ്ഞു കൊണ്ടിരിക്കുന്നത്
ഭാവി : ആവിപോലസ്ഥിരം.

Sunday 18 October 2015

മാറാല കെട്ടിയ ചിന്തകള്‍ #7

അസമത്വം പ്രകൃതീയമാണ്.
സമത്വമാണ് ഉത്കൃഷ്ടം. 

Thursday 8 October 2015

കലയും കാലവും

ART FOR ART'S SAKE

കല എന്ന വാക്ക് മനുഷ്യന്റെ സര്‍ഗ്ഗാത്മകതയുടെ ബഹിര്‍സ്ഫുരണങ്ങളെ അടയാളപ്പെടുത്താന്‍ ഉപയോഗിക്കാം എന്ന് തോന്നുന്നു. പ്രാഥമികമായി കല ചെയ്യുന്നത് ഒരുവ്യക്തിയുടെ  വിചാരങ്ങളില്‍ നിന്നും  വികാരങ്ങളില്‍ നിന്നും ഉളവാകുന്ന ആശയങ്ങളെ ലോകത്തിനു മുന്നില്‍ മനോഹരമായി പ്രകടമാക്കുന്നു എന്നതാണ്.


പ്രാകൃതമനുഷ്യന്‍ ഗുഹാഭിത്തികളില്‍ കോറിയിട്ട അവ്യക്തമായ രേഖാചിത്രങ്ങളില്‍ നിന്നും, തീയിനുചുറ്റും സംഘമായി വെച്ച ചുവടുകളില്‍ നിന്നും, ഭാഷയുണ്ടാകുന്നതിനും എത്രയോ മുന്പുള്ള ഏതോ ഉന്മാദനിമിഷങ്ങളില്‍ അവനറിയാതെ പുറത്ത്‌ വന്ന താളാത്മകമായ സ്വരങ്ങളില്‍ നിന്നും കല ഇന്നൊരുപാട്‌ പുരോഗമിച്ചിരിക്കുന്നു.


ഒരു വിത്തില്‍ നിന്ന് സഹസ്രശാഖിയായ ഒരു വടവൃക്ഷം സംഭവിക്കുന്നത് പോലെ പ്രാകൃതമായ രൂപത്തില്‍ നിന്ന് കല വര്ഗ്ഗീകരിക്കപെടുകയും ഓരോ വര്ഗ്ഗത്തിലും കാലഗതിയില്‍ പുതിയ രൂപങ്ങള്‍ ഒരുപാടുണ്ടാവുകയും ചെയ്തു.ലിപിയിലൂടെ ആശയസംവേദനം നടത്തുന്ന സാഹിത്യം എന്ന മനുഷ്യന്റെ സര്ഗ്ഗാത്മകപ്രവര്ത്ത്നത്തില്‍ നിന്ന് കല വേറിട്ട്‌ നില്ക്കുന്നത്‌ അത് ലിപിയില്‍ ഒതുങ്ങാത്ത ദൃശ്യ,ശ്രവ്യ സങ്കേതങ്ങള്‍ ഉപയോഗിക്കുന്നു എന്നതിലാണ്.  എന്നിരുന്നാല്‍ തന്നെയും കലയും സാഹിത്യവും ഒരു നാണയത്തിന്റെ ഇരുവശങ്ങളെ പോലെ വേര്പിരിക്കാനാവാത്ത വിധത്തില്‍  ബന്ധപെട്ടിരിക്കുന്നു.



ലോകോത്തര കലാസൃഷ്ടികളില്‍ പലതും സാഹിത്യസൃഷ്ടികളില്‍ നിന്ന് പ്രചോദനം ഉള്‍ക്കൊണ്ടുകൊണ്ട് സൃഷ്ടിക്കപെട്ടവയാണ്. പരമ്പരാഗത നൃത്തം,നാട്യം തുടങ്ങിയ കലാരൂപങ്ങള്‍ക്ക് സാഹിത്യത്തിന്റെ അടിത്തറയില്ലാതെ മിക്കപ്പോഴും ഒരു സ്വതന്ത്രനിലനില്പ്പ് ‌ ഇല്ല തന്നെ.എന്നാല്‍ സംഗീതം,ചിത്രകല എന്നിവ സാഹിത്യത്തിന്റെ് സഹായമില്ലെന്കിലും സ്വതന്ത്രമായി നിലനില്ക്കു്ന്നവയാണ്‌.ഇതിനു കാരണം അവ ഒരു പരിധിവരെ ലിപികള്ക്കും ഭാഷക്കുമതീതമാണ് എന്നതാണ്.

 മനുഷ്യനോടൊപ്പം കലയും ഒരുപാട് പരിണമിച്ചിരിക്കുന്നു. പുതിയ പുതിയ കണ്ടെത്തലുകള്‍ കലയുടെ വികാസത്തിനെയും പ്രത്യക്ഷമായും പരോക്ഷമായും സ്വാധീനിച്ചു.
ഒരിക്കല്‍ സൃഷ്ടിക്കപെട്ടാല്‍ ആസ്വാദനത്തിന് വേണ്ടി വീണ്ടും പുന:സൃഷ്ടി  ആവശ്യമില്ല എന്ന ഒരു മേന്മ ചിത്രകല കുറേക്കാലം അനുഭവിച്ചിരുന്നു എങ്കിലും , എഡിസണ്‍ന്റെ ഫോണോഗ്രാഫ് കണ്ടുപിടിത്തത്തോടുകൂടി ആ മേന്മ സംഗീതവും, John Logie Baird വീഡിയോക്യാമറ കണ്ടുപിടിച്ചതോടെ നൃത്ത,നാട്യങ്ങള്‍ അടങ്ങുന്ന രംഗ കലകളും ആസ്വദിച്ചുതുടങ്ങി.

പിന്നീടങ്ങോട്ട് സിനിമ എന്ന കലയുടെ സമയമായിരുന്നു.. മഴവില്ലിലെ എല്ലാ നിറങ്ങളും ചേര്ന്നതു പോലെയായിരുന്നു സിനിമ. കാരണം സാഹിത്യം,ചിത്രങ്ങള്‍ ,സംഗീതം ,നൃത്തം, നാട്യം, ഫോട്ടോഗ്രാഫി തുടങ്ങി ഭാവനയുടെ എല്ലാ മേഖലകളുടെയും അന്ത:സത്ത ഉള്ക്കൊണ്ട്, ഏതാണ്ട് എല്ലാ കലകളും ലയിച്ചുചേര്ന്ന് ഒരു അവിയല്‍ പരുവമാകുമ്പോള്‍ അത് തികച്ചും നവീനമായ ഒരു അനുഭവമായി മാറുന്നു.

അതുകൊണ്ടുതന്നെയാവാം സിനിമ എന്ന കല ഇത്രത്തോളം ജനകീയമായതും.
ജനലക്ഷങ്ങളെ സ്വാധീനിക്കാനുള്ള കഴിവ്‌ ഉള്ളത്‌കൊണ്ടുതന്നെ ഇപ്പോഴത്തെ സാഹചര്യത്തില്‍ സിനിമ എന്ന കലയ്ക്ക് വിനോദം എന്നതിലുപരി കലയുടെ ആത്യന്തിക ലക്ഷ്യമായ സമൂഹത്തിന്റെ നവോത്ഥാനത്തിനുതകുന്ന ഒരു സന്ദേശം അഥവാ പുതിയ ആശയം ജനങ്ങളിലേക്ക്‌ എത്തിക്കാനും ബാധ്യതയുണ്ട്.

അതേസമയം ഓരോരോ ദേശത്തിലെയും തനത് കലകള്‍ മൂല്യച്യുതിയും സ്മൃതിയില്‍ നിന്ന് നാശവും നേരിടുന്നു എന്ന സത്യം വേദനിപ്പിക്കുന്നതാണ്.സ്കൂള്‍ കലോത്സവങ്ങളിലും യുവജനോത്സവങ്ങളിലും മാത്രം ഒതുങ്ങി പോകുകയാണ് ഒരു ജനതയുടെ സംസ്കാരത്തിന്റെ തന്നെ ഭാഗമായ ഈ കലകള്‍.


ചിത്രകലയുടെ രംഗത്താണെങ്കില്‍ , 2012 ല്‍ തുടങ്ങിയ കൊച്ചി ബിനാലെ കലയോടുള്ള നമ്മുടെ സമൂഹത്തിന്‍റെ കാഴ്ചപാടില്‍ വലിയ മാറ്റങ്ങള്‍ ഉണ്ടാക്കുവാന്‍ സഹായിച്ചു.

2015 മാര്‍ച്ച് ഒന്നിന് ലേഖകന്‍ സന്ദര്‍ശിച്ച് പകര്‍ത്തിയ ചില ബിനാലെക്കാഴ്ചകള്‍ താഴക്കൊടുക്കുന്നു.


കൊളോണിയല്‍ അധിനിവേശത്തിന്റെ പല കോണുകളില്‍ നിന്നുള്ള വീക്ഷണങ്ങള്‍ /ആശയങ്ങള്‍ ആയിരുന്നു ഈ ബിനാലെയുടെ തീം. ഈ ചിത്രത്തില്‍  ഗാന്ധിയുടെയും ഗാമയുടെയും ഇടയിലെ വൃത്തത്തില്‍ മനുഷ്യരൂപമുള്ള ഇന്ത്യയെ അതിന്‍റെ എല്ലാ വൈവിധ്യങ്ങളോടും കൂടെ ചിത്രീകരിച്ചിരിക്കുന്നു.

കണ്ണുകള്‍ പാതി ചിമ്മി ഈ ചിത്രത്തിലേക്ക് സൂക്ഷിച്ചുനോക്കൂ  
സാമൂതിരിയെ കണ്ട് സംസാരിക്കുന്ന വാസ്കോ ഡ ഗാമ.മുകളിലത്തെ ചിത്രത്തിന് ആധാരമായ  എണ്ണച്ചായത്തിലുള്ള ഒറിജിനല്‍ ചിത്രം.


ഇതിനൊക്കെ ഭയങ്കര അര്‍ത്ഥാ....




ഭൂമിശാസ്ത്രപരമായ 2 വിപരീതസ്ഥലങ്ങളില്‍ നിന്നും  ഒരേ സമയം സൂര്യോദയവും സൂര്യാസ്തമനവും  മൊബൈല്‍ഫോണ്‍ ക്യാമറയില്‍ ഫോട്ടോയെടുത്ത് ഒരുമിച്ച് പ്രദര്‍ശിപ്പിച്ചിരിക്കുന്ന installation. ഏതാണ് ഉദയമെന്നും അസ്തമയമെന്നും മനസ്സിലാകാത്ത അത്രയും സാമ്യമാണ് രണ്ടും തമ്മില്‍ എന്ന സത്യം വീക്ഷണകോണുകള്‍ക്ക് അനുസരിച്ച് വസ്തുതകളുടെ നിജസ്ഥിതിയിലും മാറ്റം വരുമെന്ന് ഓര്‍മിപ്പിക്കുന്നു.  

ലോകത്തിലെ ഏറ്റവും ചെറിയ കവിത എന്ന ഗിന്നസ് ലോക റെക്കോര്‍ഡ് ഉള്ള പോയട്രി ഇന്‍സ്റ്റലേഷന്‍ . ഒറ്റ നോട്ടത്തില്‍ ഇംഗ്ലീഷ് ഭാഷയിലെ im എന്നാണ് വായിച്ചെടുക്കാന്‍ പറ്റുക. എന്നാല്‍ ലിപികള്‍ക്കുമപ്പുറത്ത് ഒരു നാല്‍ക്കാലി മൃഗത്തെയും കാണാം.



ഒറ്റ നോട്ടത്തില്‍ വലിയ ഒരു വിമാനവാഹിനിക്കപ്പല്‍ ആണെങ്കിലും അതിന്‍റെ രൂപം യഥാര്‍ത്ഥത്തില്‍ പലസ്തീനിലെ ഗാസാ മുനമ്പാണെന്നും തട്ടില്‍ കൃഷി ചെയ്തിരിക്കുന്നതായി കാണിച്ചിരിക്കുന്ന കാരറ്റ് , മുള്ളങ്കി എന്നിവ എന്തിനോടുള്ള പ്രതിഷേധസൂചകമാണെന്നും അറിയുമ്പോള്‍ , നാം കലയുടെ മഹത്വം മനസ്സിലാക്കുന്നു.


കാലക്രമേണ കലയില്‍ കടന്നു വരുന്ന മാറ്റങ്ങളെയും നാം സസൂക്ഷ്മം നിരീക്ഷിക്കേണ്ടതുണ്ട്..ഏതു മേഖലയിലുമെന്ന പോലെ കലയിലും സാമ്രാജ്യത്വത്തിന്റെ കറുത്ത കൈകള്‍ പിടിമുറുക്കിയിരിക്കുന്നത് കാണാം.സത്യത്തിന്റെ ഒരു വശം മാത്രം പൊലിപ്പിച്ച് കാട്ടി അതിനെ വികൃതമാക്കുന്നതിനും, നിര്‍ഭാഗ്യവശാല്‍ കല ഉപയോഗിക്കപെടുന്നു.


ആശയപ്രധാനമായ  ഒരു ചിത്രം /പെയിന്റിംഗ് (ഉദാ:പിക്കാസോയുടെ ഗ്വൂര്‍ണിക്ക ) കാണുമ്പോള്‍, അല്ലെങ്കില്‍ ഒരു ക്ലാസ്സിക്‌ സിനിമ കാണുമ്പോള്‍ , നയനാനന്ദകരമായ ഒരു കാഴ്ച എന്നതിലപ്പുറം
ചിത്രകാരന്‍റെ/സംവിധായകന്‍റെ കാഴ്ചപാട് നമ്മളറിയാതെ നമ്മുടെ ഉപബോധമനസ്സില്‍ പതിയുന്നു.

ക്രിസ്റ്റഫര്‍ നോളന്‍ എന്ന സംവിധായകന്‍റെ “ഇന്‍സെപ്ഷന്‍ ” എന്ന സിനിമയിലെ പോലെ ഒരു വിപ്ലവകരമായ / വ്യത്യസ്തമായ ഒരു ആശയം നമ്മുടെ മനസ്സില്‍ വേരുറപ്പിക്കുകയും നമ്മുടെ ചിന്തകളില്‍ സ്വാധീനം ചെലുത്തിത്തുടങ്ങുകയും ചെയ്യുന്നു.ഇത് ഭാവിയില്‍ നമ്മളെടുക്കുന്ന തീരുമാനങ്ങളെപ്പോലും പരോക്ഷമായെങ്കിലും ബാധിക്കാം.അങ്ങനെ നമ്മള്‍ അറിഞ്ഞോ അറിയാതെയോ കല ആശയസംവേദനം എന്ന അതിന്റെ ധര്‍മ്മം ഭംഗിയായി നിര്‍വഹിക്കുന്നു.ഇവിടെയാണ്‌ യഥാര്‍ത്ഥത്തില്‍ കല വിജയിക്കുന്നത് എന്ന് പറയാം.

-------------------------------------------------------------------------------------------------------------------
2013 ല്‍ മാതൃഭൂമി സാഹിത്യക്യാമ്പില്‍ വെച്ച് പരിചയപെട്ട്‌ സുഹൃത്തായ നവനീത് ജേക്കബ് ജോസ് (മാര്‍ ഇവാനിയോസ്‌ കോളേജ്, തിരുവനന്തപുരം ) പ്രസാധനം ചെയ്തിരുന്ന "ഗെസ്റ്റാപ്പോ " മാസികയ്ക്ക് വേണ്ടി തയ്യാറാക്കിയത്.
സാങ്കേതികമായ കാരണങ്ങളാല്‍ പ്രസിദ്ധീകരിക്കപ്പെട്ടില്ല.