Wednesday 30 November 2016

പ്രതീക്ഷ

ശാന്തമായ സമുദ്രത്തില്‍ ,
ഏകാന്തമായ തുരുത്തില്‍, 
സന്ധ്യയാവുമ്പോള്‍ ,

തിരകളുടെ 
റിലേ മത്സരത്തിലെ ബാറ്റണ്‍ പോലെ 
ഞാനാഞ്ഞെറിഞ്ഞ സന്ദേശക്കുപ്പി 

പ്രഭാതത്തിന്റെ  മറുതീരത്തില്‍ 
 ആദ്യമുണരുന്ന മുക്കുവന്‍റെ 
വലയില്‍ കുടുങ്ങുമോ ?


Tuesday 29 November 2016

നിരാശ

ഒരുറുമ്പിനെപ്പോലും നോവിക്കാനാവുന്നില്ല 
ഒരില പോലുമനക്കാനും 

അത്രമേല്‍ ഹതാശനായി 
വാക്കുകളെക്കൊണ്ടു കല്ലെടുപ്പിക്കുന്ന 
എനിക്ക് 


Sunday 27 November 2016

പ്രകൃതീയം



നിസ്വാര്‍ത്ഥനാവുക;
തറയില്‍ വീണ പഞ്ചസാര
-ത്തരി മണത്താദ്യമെത്തുന്ന

ഉറുമ്പിനെപ്പോലെ.


Thursday 24 November 2016

ഫോട്ടോട്രോഫ്


വാക്കിന്റെ വെളിച്ചമിനിയുമെത്താത്ത
വനാന്തരങ്ങളിൽ മൂപ്പെത്തിനിൽക്കുന്നൂ
പൂക്കാൻ കൊതിച്ച് , കുതിച്ച് , കിതച്ച് 
മനസ്സിൽ കുരുത്ത ചില ചിന്തകൾ , വേദനകൾ






Tuesday 22 November 2016

ജനറേഷന്‍ ഗ്യാപ്പ്

മണ്മറഞ്ഞിരിക്കുന്നൂ 
കുപ്പിവെള്ളം കുടിക്കാത്ത 
കുട്ടികള്‍.

കണ്‍തുറക്കുന്നൂ 
കിണറുകാണാത്ത 
കുഞ്ഞുങ്ങള്‍ 

Sunday 20 November 2016

ഈയാംപാറ്റകള്‍


  കരിന്തിരി കത്തി കെടുവാന്‍ വെമ്പുന്ന 
വിളക്കിനു ചുറ്റും പ്രദക്ഷിണം വെയ്ക്കുന്നു 
വെളിച്ചം  മാത്രമാണന്നമെന്നപോല്‍ 
വികലവൃത്തങ്ങളിലീയാംപാറ്റകള്‍!  

എവിടെയായിരുന്നിരിക്കാമിത്രയും കാല- 
മിവ , കരുണയായ്‌ മഴ കിനിയുന്നതും നോക്കി  
കൂരിരുള് മൂടിയ മണ്ണിന്‍റെ മാറില്‍  , 
പരസ്പരം ചിറകുരുമ്മി കാത്തിരുന്നത് ?

ഒരു വിനാഴിക പോലുമേറാത്തത്രയും 
ചെറിയതാണിവയുടെ  ജീവിതമെങ്കിലും 
നിയതിതന്‍ സത്യപ്രവാചകരാവുന്നുവോ 
ഉയിരറ്റുവീഴുമീപ്പാവ,മീയാംപാറ്റകള്‍ ?