Monday, 19 February 2018

അനുഭവങ്ങളുടെ ലെഡ്ജര്‍ - അദ്ധ്യായം ഒന്ന്കഴിഞ്ഞ വര്ഷം ഇതേ ദിവസമാണ് ജീവിതത്തെ എന്നന്നേയ്ക്കുമായി മാറ്റി മറിച്ച സംഭവം നടന്നത്.

എപ്പോഴെങ്കിലും  സംഭവിക്കും എന്ന് വിദൂര സ്വപ്നങ്ങളില്‍ പോലും ഇല്ലാതിരുന്ന ദുരന്തം വിധി ഒരുക്കി വെച്ചിരിക്കുകയായിരുന്നു എന്ന് മാത്രം കരുതണം.

ഞായറാഴ്ച ആയിരുന്നിട്ടും പതിവില്ലാതെ അന്ന് അതിരാവിലെ  എഴുന്നേറ്റത് എന്‍റെ  would-be യുടെ ഏട്ടന്‍റെ കല്യാണ നിശ്ചയത്തില്‍ പങ്കെടുക്കാന്‍ കുടുംബസമേതം കോഴിക്കോട് നടുവണ്ണൂര്‍  പോവാനായിരുന്നു.

ഞങ്ങളുടെ വീട്ടിനടുത്തെ ബസ് സ്റ്റോപ്പില്‍ നിന്നും രാവിലെ അഞ്ചേമുക്കാല്‍ ന് പെരിന്തല്‍മണ്ണ വഴി കോഴിക്കോട് വരെ പോകുന്ന ദീര്‍ഘദൂര ബസ് ല്‍ കയറി തൃശൂര്‍ എളനാട് നിന്നും അവരുടെ വണ്ടികള്‍ വരുന്ന റൂട്ടിലെ എതെങ്കിലും കോമണ്‍ സ്റ്റോപ്പില്‍ ഇറങ്ങി അവരോടൊപ്പം തുടര്‍ന്ന് യാത്ര ചെയ്യാനായിരുന്നു പ്ലാന്‍.

രാവിലെ എല്ലാവരും - ഞാനും അച്ഛനും അമ്മയും - പുറപെട്ടപ്പോള്‍ വെറും ഒരു കിലോമീറ്റര്‍ മാത്രം അകലെയുള്ള ബസ് സ്റ്റോപ്പിലേക്ക് മൂന്നുപേരും കൂടെ നടന്ന് പോകാം എന്ന് അച്ഛന്‍ പറഞ്ഞപ്പോള്‍ ,

ഏതാണ്ട് പതിനഞ്ച് മിനിറ്റ് എടുത്ത് അങ്ങനെ നടന്നെത്തുമ്പോഴേക്കും എങ്ങാനും  ബസ് പോയാല്‍ പിന്നെ അടുത്ത ബസ് ഏതാണ്ട് മുക്കാല്‍ മണിക്കൂര്‍ കഴിഞ്ഞിട്ടല്ലേ ഉള്ളൂ .. അതുകൊണ്ട് ഞാന്‍ രണ്ടുപേരും ഞങ്ങളുടെ TVS ജൂപിറ്റര്‍ ല്‍ രണ്ട് ട്രിപ്പായി കൊണ്ടുപോയി സ്കൂട്ടര്‍ സ്റ്റോപ്പില്‍ തന്നെ പാര്‍ക്ക് ചെയ്ത് വെച്ച് തിരിച്ചു വരുമ്പോള്‍ എടുത്താല്‍ പോരെ എന്ന്  ഞാന്‍ ചോദിച്ചു.ഒടുവില്‍ അങ്ങനെ ചെയ്യാം എന്ന് തീരുമാനിച്ച് ആദ്യം ഞാന്‍ അച്ഛനെ കൊണ്ടുപോയി ബസ് സ്റ്റോപ്പില്‍ എത്തിയതും എന്‍റെ അനുമാനം ശരി വെക്കുന്ന തരത്തില്‍  ഞങ്ങള്‍ ബസ് സ്റ്റോപ്പില്‍ എത്തുന്നതിന്റെ  ഏതാനും സെക്കന്‍റുകള്‍ മുന്നേ ബസ് ഞങ്ങളുടെ സ്റ്റോപ്പ്‌ വിട്ടു പോയി എന്നറിഞ്ഞു.

അച്ഛന്‍ അപ്പോഴേ പറഞ്ഞതായിരുന്നത്രേ* " സാരമില്ല .. ഇനി അടുത്ത ബസിന് പോവാം " എന്ന് . ( *അപകടത്തിന് ശേഷം തലേന്ന് രാത്രി ഏതാണ്ട് എട്ടു മണി ക്ക് ശേഷമുള്ള കാര്യങ്ങള്‍ ഒക്കെ എന്റെ കൃത്യമായ ഓര്‍മ്മയില്‍ നിന്ന് മാഞ്ഞുപോയിരുന്നു . തലയ്ക് ക്ഷതം തട്ടുമ്പോള്‍ അങ്ങനെ സംഭവിക്കുന്നത് സ്വാഭാവികമാണ് താനും )


എന്നാല്‍ ഞാന്‍ വിടുമോ ?
ഓരോ സ്റ്റോപ്പിലും നിറുത്തി പോകുന്ന ബസിനെ പിന്തുടര്‍ന്നു പിടികൂടാന്‍ സ്കൂട്ടറില്‍ എളുപ്പം സാധിക്കും എന്നതുകൊണ്ട് ഞാന്‍ നേരെ കത്തിച്ചു വിട്ടു.

പ്രതീക്ഷിച്ചത് പോലെ വെറും  രണ്ട് കിലോമീറ്റര്‍ കഴിഞ്ഞപ്പോള്‍ വായില്ല്യാം കുന്ന് അമ്പലം ബസ് സ്റ്റോപ്പില്‍  ദേ നിക്കണ് നമ്മുടെ ബസ്!!ഞാന്‍ അപ്പൊ തന്നെ അച്ഛനെ അതില്‍ കയറ്റി വിട്ട്  , ഞാനും അമ്മയും  പിന്നാലെ വന്നോളാം എന്ന് പറഞ്ഞു.  ഇതേപോലെ ഞാനും അമ്മയും ബസിനെ ഫോളോ ചെയ്ത് വന്നു കേറാം എന്ന് സ്വതേ വെപ്രാളക്കാരനായ ഞാന്‍ കരുതിക്കാണണം .


അവിടെയാണ് ആദ്യത്തെ പിഴവ് പറ്റിയത് എന്ന് എനിക്കിപ്പോള്‍ ആലോചിക്കുമ്പോള്‍ തോന്നുന്നു.

എന്തായാലും ഞാന്‍ ഈ തീരുമാനം മനസ്സില്‍ വെച്ചുകൊണ്ട് തന്നെ തിരിച്ച് വീട്ടിലെത്തി അമ്മയെ പിക്ക് ചെയ്ത് വായില്യാംകുന്നെത്തിയപ്പോഴേക്കും
സ്വാഭാവികമായും ബസ് കൂടുതല്‍ ദൂരം കവര്‍ ചെയ്തിരുന്നു (> 6 കിലോമീറ്റര്‍ ).
എന്ന് വെച്ചാല്‍ അപകടം നടന്ന സ്ഥലത്തിന് അടുത്ത്    അപ്പോള്‍ത്തന്നെ ബസ് എത്തിക്കഴിഞ്ഞിരുന്നു!!! )ആദ്യമേ തോറ്റ ഒട്ടപന്തയത്തിലാണ് ജീവിതം പണയം വെച്ചത് :( :(


എന്തായാലും അച്ഛന്‍ കയറിയ അതേ  ബസിനെ പിന്തുടര്‍ന്ന് അതില്‍  തന്നെ കയറാനുള്ള അമിതാവേശത്തില്‍ ഞാന്‍ തന്നെ വരുത്തി വെച്ചതാണീ ദുരന്തം എന്ന് സ്വയം പഴിച്ച് ഒരുപാടു നാള്‍ കഴിഞ്ഞാണ് യഥാര്‍ത്ഥത്തില്‍ സംഭവിച്ചത് എന്താണെന്ന് അറിയുകയും മനസ്സിനെ കുറ്റബോധത്തിന്റെ ഉമിത്തീയില്‍ നിന്ന് വലിച്ചു പുറത്തിട്ടകയും ചെയ്തത്.

അപകടം നടന്നത് മംഗലാംകുന്ന് ജങ്ക്ഷന്‍ ബസ് സ്റ്റോപ് ന് ഏതാണ്ട് 100 - 200 മീറ്റര്‍ മുന്‍പായിരുന്നു.

ഒരേ ദിശയില്‍ വന്നിരുന്ന ഒരു ബൈക്കുമായാണ് ഞാനും അമ്മയും സഞ്ചരിച്ചിരുന്ന TVS ജൂപിറ്റര്‍ ഇടിച്ചത് എന്നും ബൈക്ക് ഓടിച്ചിരുന്നത് അതിരാവിലെ വീട്ടില്‍ നിന്നും ചിക്കന്‍ വാങ്ങാന്‍ വേണ്ടി വന്ന ഒരു പയ്യന് ആയിരുന്നു എന്നും ആദ്യമേ കേട്ടിരുന്നു 

എന്നാല്‍ ഞങ്ങള്‍ക്ക് സംഭവിച്ച പരിക്കുകളുടെ പ്രകൃതം വെച്ചാല്‍ അങ്ങനെ സംഭിച്ചത് എങ്ങനെ എന്ന് തോന്നിപോകുന്ന അത്ര കഠിനവും. നേരെ എതിര്‍വശത്ത് നിന്നായിരുന്നു എങ്കില്‍ , it made more sense.

അതെന്ത് തന്നെയായാലും , ഇടിയുടെ ആഘാതത്തില്‍ സ്കൂട്ടര്‍ പെട്ടെന്ന്‍ മറിഞ്ഞിട്ടുണ്ടാവാം . ഞങ്ങള്‍ താരതമ്യേന കൂടിയ വേഗത്തില്‍ യാത്ര ചെയ്തതും  പരിക്കുകളുടെ തീവ്രത കൂടാന്‍  കാരണമായിട്ടുണ്ടാവാം.

പയ്യന്‍ തലയ്ക്ക് നേരിയ ക്ഷതം പറ്റിയതിനാല്‍ 4 - 5 ദിവസത്തെ ആശുപത്രിവാസത്തിന് ശേഷം സാധാരണജീവിതത്തിലേക്ക് മടങ്ങി .

ഞാന്‍ (എപ്പോള്‍ യാത്ര ചെയ്യുമ്പോളും ഹെല്‍മെറ്റ്‌  ഇട്ടേ പോകൂ എന്ന നിര്‍ബന്ധബുദ്ധിയുണ്ടായിരുന്നത് കൊണ്ട് ) പതിവുപോലെ ഹെല്‍മെറ്റ്‌ ഇട്ടിരുന്നതിനാല്‍ ഈ കഥ പറയാന്‍ ഇതുപോലെ ബാക്കിയായി.

അമ്മ ............ :'(--------------------------------------------------------------------------------------------------------------

ഏതാണ്ട് ആറുമണിക്ക്  അപകടം നടന്ന്‍ ഒരു മണിക്കൂറോളം  ഞങ്ങള്‍ പാതയോരത്ത്  ആ വഴി പോയ യാത്രക്കാരാലോ പോലീസിനാലോ  അടിയന്തിരമായി ആശുപത്രിയില്‍ എത്തിക്കപ്പെടല്‍ (EMERGENCY HOSPITALIZATION) എന്ന പ്രാഥമിക ചികിത്സാ കടമ്പ പോലും  കടത്തപ്പെടാതെ കിടന്നു.

അപകടസ്ഥലത്ത് ഓടിക്കൂടിയ  എല്ലാവരും പോലീസ് വരട്ടെ എന്ന് കാത്തുനിന്നു. ( അമ്മ സ്വര്‍ണ്ണാഭരണങ്ങള്‍ ഒക്കെ ഇട്ടിരുന്നതിനാല്‍ ആകാം.. അല്ലെങ്കില്‍ വെറുതെ വഴിയെ കൂടെ പോണ പാമ്പിനെ എടുത്ത് തോളില്‍ ഇടുന്നത് എന്തിനാ എന്ന നാട്ടിന്‍പുറത്ത്കാരുടെ  സ്വന്തം കാര്യം നോക്കി അടങ്ങിയിരിക്കല്‍ നയം കൊണ്ടാവാം )

അതുവഴി പോവുമ്പോള്‍ അപകടം കണ്ട്  തങ്ങളുടെ വാഹനം നിര്‍ത്തി ഞങ്ങളെ  ഹോസ്പിറ്റലില്‍ എത്തിക്കാന്‍ തുനിഞ്ഞ   ചില സുമനസ്സുക്കളായ   യാത്രക്കാരെ  നല്ലവരായ നാട്ടുകാര്‍ തന്നെ തടഞ്ഞത്രേ
"ഞങ്ങള്‍ പോലീസ് നെ വിവരമറിയിചിട്ടുണ്ട്. അവര്‍ ഇപ്പൊ വരും. നിങ്ങള്‍ എന്തിനാ വെറുതെ.............. "

പോലീസാകട്ടെ ആ ദിവസം തന്നെയുള്ള പരിയാനമ്പറ്റ പൂരത്തിന്‍റെ അധിക ചുമതലകള്‍ ഉള്ളതിനാലാകാം കൃത്യം ഒരു മണിക്കൂര്‍ കഴിഞ്ഞെത്തി മാതൃകയായി.

അതിനുള്ളില്‍ ഇത് വരെ പേരറിയാത്ത ഒരു ചേട്ടന്‍ നാട്ടുകാരുടെ സ്നേഹമസൃണമായ ഉപദേശങ്ങള്‍ ഒന്നും വക വെയ്ക്കാതെ ഞങ്ങളെ സ്വന്തം വാഹനത്തില്‍ ഏറ്റവും അടുത്തുള്ള ആശുപത്രിയില്‍ എത്തിച്ചു.

പക്ഷേ അതിനകം തന്നെ സംഭവിക്കാവുന്നതില്‍ ഏറ്റവും ക്രൂരമായത് സംഭവിച്ച് കഴിഞ്ഞിരുന്നു.

K. വിജയലക്ഷ്മി ടീച്ചര്‍ 
ജി യു പി സ്കൂള്‍ , കടമ്പഴിപ്പുറം 
പാലക്കാട് 


-----------------------------------------------------------------------------------------------------------------------
അദ്ധ്യായം രണ്ട് : അതിജീവനത്തിന്‍റെ നാളുകള്‍
പരാലിസിസ്

ഉടല്‍ 
തന്നെ 
തടവറ !