ഇന്നലെ എന്റെ അമ്മമ്മയുടെ 84 ആം പിറന്നാൾ ആയിരുന്നു.
അമ്മമ്മയുടെ രണ്ടാമത്തെ മകൾ (എന്റെ അമ്മയായിരുന്നു മൂത്തത് & ഫേവറിറ്റ് ) ഇന്ദിരമേമയുടെ വീട്ടിൽ വെച്ച് ബന്ധുക്കളും സുഹൃത്തുക്കളും എല്ലാരും ചേർന്ന് ശതാഭിഷേകം അഥവാ 1000 പൂർണ്ണചന്ദ്രന്മാരെ കണ്ട്കഴിഞ്ഞ പ്രായം ( ശതം = 100, സഹസ്രം =1000.. കണക്ക് അങ്ങോട്ട് ശരിയാവുന്നില്ലല്ലോ.. 🤔Anyone knows? Please clarify ) ഗംഭീരമായി ആഘോഷിച്ചു.
ഞങ്ങൾ പേരക്കുട്ടികൾ എല്ലാരും ചേർന്ന് എന്റെ സുഹൃത്ത് Praveesh Chandra വരച്ച ഈ ചിത്രം അമ്മമ്മയ്ക്ക് സമ്മാനം കൊടുത്തു.
പല അർത്ഥത്തിലും സംഭവബഹുലവും സുഖദുഃഖസമ്മിശ്രവുമാണ് അമ്മമ്മയുടെ ജീവിതം..സ്ത്രീയായത് കൊണ്ടു മാത്രം താങ്ങാൻ കഴിയുന്ന ദുരന്തങ്ങൾ ഒരുപാട് ഏറ്റു വാങ്ങിയതിന്റെ ദുഃഖം ചിത്രത്തിലെ പോലെ അമ്മമ്മയുടെ മുഖത്ത് സ്ഥായീഭാവം പോലെ കാണാം ഇപ്പോൾ.
എന്നെ കാണുമ്പോൾ ഒക്കെ അമ്മമ്മ അമ്മയുടെ വിയോഗത്തെ ഓർത്തും എന്റെ അവസ്ഥയിൽ വിഷമിച്ചും സങ്കടപ്പെടും.. അപ്പോഴൊക്കെ ഞാൻ എന്നെകൊണ്ടാവുന്നപോലെ ആശ്വസിപ്പിക്കും..
പ്രസവിച്ചു വളർത്തിയ എട്ടു മക്കളിൽ നാല് പേരെ അകാലത്തിൽ പിരിയേണ്ടിവന്ന ഒരമ്മയുടെ ദുഃഖത്തിന് മുന്നിൽ എന്റെ വാക്കുകൾ വെറും ഭംഗിവാക്ക് പോലെ ഉപയോഗശൂന്യം ആയിരിക്കാം .. സ്റ്റിൽ, i do what i can.. telling I'm OK with what I'm now especially because DKP is with me.
ഹെഡ്മാസ്റ്റർ ആയി പിരിഞ്ഞ കുട്ടൻ മാസ്റ്റർ അഥവാ എന്റെ അമ്മച്ചനെ അമ്മമ്മ കല്യാണം കഴിക്കുന്നത് 19 -20 വയസ്സുള്ളപ്പോഴാണ്. എനിക്ക് ഓർമ്മ വന്ന കാലം മുതൽ അമ്മമ്മയും അമ്മച്ചനും പാലക്കാട് കാരാകുറിശ്ശി എന്ന ഗ്രാമത്തിൽ പൊന്തിയാംപുറം എന്ന സ്ഥലത്താണ് താമസം.ശരിക്കും തറവാട് മണ്ണമ്പറ്റയിൽ ചെറുങ്ങോട് എന്നൊരു ഉൾഗ്രാമ പ്രദേശത്ത് ആയിരുന്നു.
വർഷത്തിൽ സ്കൂൾ അവധിയുള്ള മൂന്ന് തവണ മാത്രം (ഓണം, വിഷു, ക്രിസ്മസ് ) ഞങ്ങൾ കുടുംബത്തോടെ പൊന്തിയാംപുറത്തേക്ക് പോവും. വെറും 12 കിലോമീറ്റർ മാത്രം അകലെയുള്ള സ്വന്തം വീട്ടിലേക്ക് വർഷത്തിൽ 3 തവണ മാത്രം പോവുക എന്ന് ആലോചിക്കുമ്പോൾ ഇപ്പൊ ഞാനും DKP യും മാസത്തിൽ മിനിമം 1 -2 തവണ 43 കിലോമീറ്റർ അകലെയുള്ള DKP യുടെ വീട്ടിലേക്ക് പോവുന്നത് ഒരു ഭാഗ്യം ആയി തോന്നും. അതോ അന്നത്തെ നിർഭാഗ്യമോ?
ഒരു പക്ഷേ അന്നത്തെ പരിമിതമായ യാത്ര, ജീവിത, സാമ്പത്തിക സൗകര്യങ്ങൾ കാരണമാവും.
അന്ന് പൊന്തിയാംപുറത്ത് പോകണമെങ്കിൽ ഒന്നുകിൽ ഞങ്ങളുടെ ബസ് സ്റ്റോപ്പ് ആയ 16 ആം മൈൽ (പാലക്കാട് നിന്ന് 16 മൈൽ ദൂരെ എന്നായിരിക്കണം. വഴിയിൽ ഇതിന് മുൻപ് 9 ആം മൈലും ശേഷം 18, 19 മൈൽ പേരിലും ബസ് സ്റ്റോപ്പ് ഉണ്ട് പാലക്കാട് - ചെർപ്പുളശ്ശേരി റൂട്ടിൽ ) നിന്ന് ബസ് കേറി ആദ്യം മുണ്ടൂർ പോകണം. അവിടെ നിന്ന് ഇടയ്ക്കിടെ പാലക്കാട് നിന്നും മണ്ണാർക്കാട് പോകുന്ന ബസിൽ കേറി പൊന്നംകോട് ഇറങ്ങണം. പൊന്നംകോട് നിന്നും കാരാകുറിശ്ശി വഴി ബസുകൾ കുറവാണ്. ചിലപ്പോൾ 45 മിനിറ്റ് ഒക്കെ കാത്തു നിൽക്കേണ്ടി വരും. അപ്പോഴത്തെ എന്റെ മെയിൻ നേരംപോക്ക് തൊട്ടടുത്ത ബേക്കറി /stationary കടയിൽ നൂലിൽ തൂക്കിയിട്ട ബാലഭൂമി, ബാലരമ, ബാലമംഗളം വാരികകൾ "നൈസ് ആയി" വായിക്കുക എന്നതാണ്. അന്ന് അഞ്ചു രൂപയോ മറ്റോ ആണ് വില എങ്കിലും അമ്മയോട് പറഞ്ഞാൽ അമ്മ വാങ്ങിത്തരില്ല എന്ന് 100% ഉറപ്പാണ് എന്ന് മുൻ അനുഭവങ്ങൾ ഉള്ളത് കൊണ്ട് പ്രത്യേകിച്ചും.(അതുകൊണ്ടാവാം കണക്ക് തീർക്കാൻ എന്ന മട്ടിൽ ഞാനിപ്പോൾ ആയിരക്കണക്കിന് രൂപയുടെ പുസ്തകങ്ങൾ വില നോക്കാതെ വാങ്ങിക്കൂട്ടുന്നത്. My style of മധുരപ്രതികാരം 🤭🤪).
കാരാകുരിശ്ശിയിൽ അയ്യപ്പൻകാവ് ബസ് സ്റ്റോപ്പിൽ ഇറങ്ങിയാലും അവിടുന്ന് മഠം, പൊന്തിയാംപുറം ബസ് സ്റ്റോപ്പ് ഉം കഴിഞ്ഞ് പിന്നേം ഒരു കിലോമീറ്റർ നടന്നു വേണം അമ്മമ്മയുടെ വീട്ടിലെത്താൻ.
രണ്ടാമത്തെ റൂട്ട് പെരിങ്ങോട് വഴി പുലാപറ്റ വരെ പോയി അവിടെ നിന്നും ബസ് റൂട്ട് ഇല്ലാത്ത നാടൻ മൺവഴിയിലൂടെ പോയി ചീനിക്കടവ് ൽ മുളകൾ ചേർത്തുണ്ടാക്കിയ പാണ്ടിയിൽ കയറി പുഴകടന്ന് വീണ്ടും അത്രയും ദൂരം നടന്നാൽ പൊന്തിയാംപുറം എത്താം.
എന്തായാലും പൊന്തിയാംപുറത്തെ വീട്ടിൽ വിഷുവിനു പ്രത്യേക സന്തോഷമാണ്. അവിടെ കൊമ്പുകൾ നിറച്ചും നല്ല രുചിയുള്ള മാങ്ങയുണ്ടാവുന്ന ഒരു വലിയ ഗോമാവും അതിലും രുചിയുള്ള, പഴുക്കുമ്പോൾ മൂക്കുകൾ ചുവന്നു തുടുക്കുന്ന മൂവാണ്ടൻമാങ്ങകൾ ഉണ്ടാവുന്ന ഒരു ചെറിയ മാവും വീടിന്റെ ഇരുവശത്തും കായ്ച്ച് നിൽപുണ്ടാവും.
ചാമ്പയ്ക്കയുടെ സീസൺ ആകുമ്പോൾ ചാമ്പയ്ക്കയും ചക്കയുടെ സീസണിൽ സാധാരണയിൽ കവിഞ്ഞ വലിപ്പമുള്ള ചക്കയും ധാരാളം.
ക്രിസ്മസ് ന് പോവുമ്പോൾ ആ പ്രായത്തിലുള്ള 90s kids എല്ലാം ചെയ്യാറുള്ളത് പോലെ ബസ് പോവുന്ന വഴിയിലുള്ള വീടുകളിലെ നക്ഷത്രങ്ങൾ എണ്ണൽ ആയിരുന്നു മെയിൻ വിനോദം.
പൊന്തിയാംപുറത്തെ വീട്ടിൽ ചെന്നാൽ കുട്ടികളായ ഞങ്ങൾക്ക് സന്തോഷമാണ്. കസിൻസ് നെ കാണാം.. സിനിമാകഥകൾ പറയാം.. ടിവിയിലെ പരിപാടികൾ കാണാം.
ആദ്യമൊക്കെ അവിടെയുള്ള black and white TV ആയിരുന്നു ഞാൻ കണ്ടിട്ടുള്ള, ഏതെങ്കിലും തരത്തിൽ സ്വന്തം എന്ന് പറയാവുന്ന ഏക ടീവി. എന്റെ വീട്ടിൽ ടീവി എത്തുന്നതിന് മുൻപ് അയൽപ്പക്കങ്ങളിലെ ടീവി ആയിരുന്നു സ്വാഭാവികമായും ജയ് ഹനുമാൻ, രാമായണം, ശ്രീ കൃഷ്ണ, ജയ് മാത ദി, ശക്തിമാൻ ഒക്കെ കാണാൻ ഞങ്ങൾക്ക് ആശ്രയം. (പിന്നീട് പൊന്തിയാംപുറത്ത് കളർ ടീവി /ഡിഷ് ആന്റിന വാങ്ങിയപ്പോൾ ബ്ലാക്ക് ആൻഡ് വൈറ്റ് ടീവി എന്റെ വീട്ടിൽ എത്തി.)
പൊന്തിയാംപുറത്ത് കേബിൾ ടീവി വന്നപ്പോൾ ഭാഷ അറിയില്ലെങ്കിലും AXN ൽ Hollywood സിനിമകൾ കാണാൻ ഞാനും കിരൺ ടിവിയിൽ പാട്ട് പരിപാടികൾ കാണാൻ കസിൻസ് ൽ മൂത്തവളും അന്നത്തെ പെൺശിങ്കവും ആയിരുന്ന ധന്യചേച്ചിയും തമ്മിൽ പൊരിഞ്ഞ അടിയായിരുന്നു.🤣😂🤣😂
പൊന്തിയാംപുറം എനിക്ക് ഫേവറിറ്റ് സ്ഥലം ആവാൻ ഉള്ള മറ്റൊരു കാരണം രാവിലെ അമ്മയടക്കം ആരും ഉറക്കം എണീക്കാൻ നിർബന്ധം പിടിക്കില്ല എന്നതാണ്. കുട്ടികള്‍ ഉറക്കം കഴിയുന്നത് വരെ ഉറങ്ങിക്കോട്ടെ എന്ന അമ്മമ്മയുടെ STANDING INSTRUCTION ആണ് ഇതിനു പിന്നില്‍ . ഞങ്ങള്‍ക്ക് വയറുനിറച്ച് ഉറങ്ങാം.
എപ്പോ എണീറ്റ് വന്നാലും ചായയുടെ (അന്ന് പാലുംവെള്ളം ആയിരുന്നു ) ഒപ്പം അടുക്കളയിലെ കുട്ടികൾക്ക് എത്താത്ത ഉയരത്തിലുള്ള സ്ലാബിൽ വെച്ചിട്ടുള്ള അക്ഷയപാത്രം പോലുള്ള തകരട്ടിന്നിൽ സൂക്ഷിച്ചു വെച്ചിട്ടുള്ള റസ്ക്കും ഉണ്ടാവും.
ഓരോ വെക്കേഷനും അമ്മയും മേമമാരും അവരവരുടെ കുടുംബപ്രശ്നങ്ങൾ ചർച്ച ചെയ്തും പരസ്പരവും അമ്മമ്മയോടും " അയ്യോ.. ശ്ശെ.. എന്തൊരു കഷ്ടം..എന്നാലും അവരിങ്ങനെയൊക്കെ.." എന്നെല്ലാം l പറഞ്ഞു സമാധാനി(പ്പി)ച്ച്, വീട്ടിനകത്തിരുന്ന് വഴിയേ പോകുന്നവരുടെ അറിയാവുന്ന വിവരങ്ങൾ/പരദൂഷണം പറഞ്ഞും 🤭 ചെലവഴിച്ച് ഇനി അടുത്ത വരവിന് /വെക്കേഷന് കാണാം എന്നും പറഞ്ഞു പിരിയും.
ഹാ.. അതൊക്കെയൊരു (കുട്ടി)കാലം!