Showing posts with label ഗ വിത. Show all posts
Showing posts with label ഗ വിത. Show all posts

Wednesday, 25 March 2020

വൈറസ്

പ്രകൃതിയുടെ സാമൂഹ്യക്രമത്തില്‍ ,അധഃകൃതൻ 

പരിണാമത്തിന്റെ കാനേഷുമാരിയില്‍ , ആദിമഗോത്രം 

മാനവ ചരിത്രത്തിന്‍റെ  ഒഡീസിയില്‍, ട്രോജന്‍ കുതിര

പടക്കളത്തില്‍ ഇറങ്ങുന്നതുവരെ ,
ജാംബവവാക്യം കേള്‍ക്കാത്ത ഹനുമാന്‍

മനുഷ്യനെന്ന ഗോലിയാത്തിനെതിരെ
 പ്രകൃതിയുടെ ദാവീദ്

മനുഷ്യനോടുള്ള പ്രകൃതിയുടെ
                 ചീട്ടുകളിയില്‍, തുറുപ്പ് ചീട്ട്
                 വര്‍ഗ്ഗ സമരത്തില്‍ , മാവോയിസ്റ്റ് 
                ലോകമഹായുദ്ധത്തില്‍, അണുബോംബ്‌  

ഒരു പക്ഷേ,  
മനുഷ്യരാശിയുടെ അന്തിക്രിസ്തു 

Monday, 13 January 2020

പന്തം

ചിന്തകള്‍ക്ക് തീ പിടിക്കുമ്പോള്‍
ഞാനൊരു പന്തമാകുന്നു.

കൂടുതല്‍ ചൂടും
കുറച്ചു മാത്രം വെളിച്ചവും
കുറെയേറെ പുകപടലങ്ങളു-
മുരുവാക്കുന്നൊരു കുറ്റിച്ചൂട്ട് .

അവനവന്‍കടമ്പയെ മറികട-
ന്നൊരു കാട്ടുതീയാളിപ്പടരാന്‍
ഒരു നിമിഷത്തിന്‍റെ  അകലം.

ഉടുക്കാന്‍ ജനങ്ങള്‍ക്ക്
വസ്ത്രങ്ങള്‍ ഇല്ലാത്തതുകൊണ്ടുമാത്രം
നഗ്നത നിയമപരമായിരിക്കുന്ന രാജ്യത്ത്
ഒരു പക്ഷേ , ഞാനും നഗ്നനായിരിക്കാം.

എങ്കിലും, ഞാന്‍ വിളിച്ചുപറയും
"രാജാവ് നഗ്നനല്ലേ....  "


Friday, 3 January 2020

തുരുമ്പ്

തുരുമ്പിച്ച് തുടങ്ങിയിരുന്ന
കാരിരുമ്പാണി
ഞാന്‍ .

കവിതയൊരു കാന്തമായെന്നെ
നിന്നിലേക്ക്‌ വലിച്ചടുപ്പിക്കുന്നു.