Wednesday, 16 December 2015

ആയിരത്തൊന്നു രാവുകള്‍

പാതിരാവായി, നിലാവ് മാഞ്ഞുപോയി
മിഴികളിലുറക്കത്തിന്‍ തിരശ്ശീല വീഴാറായി

പറഞ്ഞു പറഞ്ഞു തീര്‍ന്നിരിക്കുന്നുവോ
പ്രണയം നനവാര്‍ന്ന നമ്മുടെ വിശേഷങ്ങള്‍ ?

അങ്ങനെയങ്ങനെയൊരിക്കല്‍ പരസ്പരം
ചൊല്ലുവാനൊന്നുമില്ലാതെ നിശബ്ദരായ്

കണ്ണിണകൊണ്ടുകഥപറയാവുന്നത്രയും ശാന്തരായ്
ഉറഞ്ഞുപോയേക്കാം സ്നേഹശിലാബിംബങ്ങളായി നാം

ഇനിയുമെന്തുണ്ട് ഞാനറിയാത്തതായ് നിന്നുള്ളി-
ലെന്നു കൌതുകത്തോടെ തിരഞ്ഞുനോക്കട്ടെ ഞാന്‍ ?

ആദ്യമായ് വട്ടപ്പേരിന്‍ പരിഹാസ
മൂര്‍ച്ചയില്‍ തേങ്ങിപ്പോയ പൂവിതള്‍ മനം?

തെറ്റിയ കണക്കിന് ശിക്ഷയായ് പുളിവാറ-
ലുമ്മവെച്ചപ്പോള്‍ തിണിര്‍ത്ത കൈപ്പത്തി ?

ചാണകചെപ്പില്‍പൊതിഞ്ഞോട്ടിന്‍പുറത്തേ
ക്കാഞ്ഞെറിഞ്ഞുകളഞ്ഞൊരു കീരിപ്പല്ല് ?

പൊട്ടിയ മരക്കൊമ്പു വളയം തിരിച്ചുകൊ -
ണ്ടോട്ടിയ റബ്ബര്‍ ചക്രം , കുട്ടിയും കോലും കളി ?

ആദ്യത്തെ സൈക്കിളോട്ടം , വീഴ്ച , വിശേഷങ്ങള്‍
മുറിവില്‍ ബീറ്റാഡിന്‍ നീറ്റല്‍ ,തുള്ളിയായുതിര്‍ന്ന വേദന

തോട്ടിലെ വെള്ളം  തേവിതെറിപ്പിച്ചു , ചില്ലു
കുപ്പിയില്‍  പിടിച്ചിട്ട പരല്‍മീന്‍ നിശ്വാസങ്ങള്‍ ?


#അപൂര്‍ണ്ണം


4 comments:

  1. ഒന്ന് തിരിച്ച് പോവാൻ കൊതി തോന്നുന്നുണ്ടാവും

    ReplyDelete
  2. പറഞ്ഞാലും പറഞ്ഞാലും തീരാത്ത ആ കാലം...

    ReplyDelete
  3. പറഞ്ഞാല്‍ തീരില്ലല്ലോ ബാല്യകാല കുസൃതികളും വികൃതികളും............
    ആശംസകള്‍

    ReplyDelete