Tuesday, 9 January 2018

പാലക്കാടില്‍ നിന്ന് നടന്ന് ശബരിമലയിലേക്ക് : യാത്ര അവസാനിക്കുമ്പോള്‍

"ലക്ഷ്യത്തെക്കാള്‍ പ്രധാനം യാത്ര തന്നെയാവും, ചില യാത്രകളില്‍ "

ചിറക്കടവിൽ നിന്ന് 9 ആം തിയതി തുടങ്ങിയ യാത്ര എരുമേലിയിലെ ആചാരങ്ങൾ കഴിഞ്ഞ് രാത്രി കാട്ടിനുള്ളിൽ ആയിരുന്നു താമസം . കാനനവാസം എന്ന് പറയും .

എരുമേലിയിൽ നിന്ന് കാട്ടുപാതയിലൂടെയും റോഡു മാർഗവും പമ്പയിൽ എത്താം .
ഏകദേശം 65 കിലോമീറ്റർ ആണ് കാട്ടുപാതയിലൂടെ പോകേണ്ടത് . ഇത് വരെയുള്ള യാത്രയിലെ ഏറ്റവും എക്സൈറ്റിങ്ങ് ആയ ഭാഗമായിരുന്നു അത് .
ആദ്യത്തെ പത്ത് കിലോമീറ്റർ കാടെന്ന് പറയാൻ പറ്റാത്ത വിധം മനുഷ്യനിബിഡമായിരുന്നു . അവിടവിടെ ചെറിയ അമ്പലങ്ങൾ , ശരക്കോൽ , തേങ്ങ , വെള്ളം എന്നിവയുടെ ചില്ലറ വില്പന സ്ടാളുകൾ എന്നിവ ഉണ്ടായിരുന്നു . ഈ ഭാഗത്ത് വെച്ചു എന്റെ കാലിനു ചെറിയ ഒരു പണി കിട്ടി . വേഗം നടക്കാൻ പറ്റാത്ത രീതിയിൽ എന്തോ അസ്ക്യത . സംഘത്തിലെ ബാക്കി എല്ലാവരും കത്തിച്ചു വിടുകയായിരുന്നു . കാരണം അധികം ഇരുട്ടുന്നതിനു മുൻപേ രാത്രി താവളത്തിൽ എത്തണമായിരുന്നു . എന്നിട്ടും ഇടയ്ക്കിടയ്ക്ക് ഹാൾട്ട് ചെയ്ത് ഞാൻ കാഴ്ച്ചപാടിനപ്പുറത്തേക്ക് പിന്നിലാകുന്നില്ല എന്നവർ ഉറപ്പു വരുത്തി
.
41 ദിവസത്തെ വ്രതത്തിൽ എന്തെങ്കിലും മുടക്കമുണ്ടായാൽ അത് മലയിലേക്കുള്ള യാത്രയിലോ
ദർശനത്തിലോ എന്തെങ്കിലും കുഴപ്പുണ്ടാകും എന്നൊരു (അന്ധ ) വിശ്വാസം സ്വാമിമാർക്കിടയിലുണ്ട് . അത് ശരിയാണെങ്കിൽ , ആദ്യദിവസം തന്നെ എന്റെ യാത്ര മുടങ്ങണമായിരുന്നു . കാരണം , ഒരർത്ഥവുമില്ലാത്തത് എന്ന് തോന്നിയ എല്ലാ ലിഖിത -അലിഖിത നിയമങ്ങളെയും എന്നാലാവും വിധം കാറ്റിൽ പറത്തിയശേഷമായിരുന്നു എന്റെ യാത്ര തുടങ്ങിയത് തന്നെ .

ശരിക്കും മലകയറാൻ തുടങ്ങിയപ്പോഴേക്കും എന്തോ ഭാഗ്യത്തിന് ( ഡിങ്കൻ തുണൈ ) കാലു ശരിയായി . ട്രെക്കിംഗ് എന്നൊക്കെ പറഞ്ഞാൽ ഇതാണ് മക്കളേ .

കാല് ഓക്കെയായ ബലത്തിൽ ഞാൻ വീണ്ടും വാശിക്ക് ഓടി മുന്നിലെത്തി .. അങ്ങനെ കുറേ മലകൾ കഴിഞ്ഞപ്പോൾ അഴുതാ നദിക്കരയിലെത്തി . അവിടെ നിന്ന് ഊണ് കഴിച്ചു നദിയിലിറങ്ങി മുങ്ങി (മുങ്ങാൻ മാത്രം ആഴമൊന്നുമില്ലെങ്കിലും ) ആദ്യം കയ്യിൽ തടയുന്ന
ഒരു ഉരുളൻ കല്ല്‌ എടുത്തു വേണം അഴുതാമല കയറി കല്ലിടാംകുന്നിൽ ഇടുന്ന ചടങ്ങ് .
കല്ല്‌ എത്ര വലുതായാലും ചുമക്കണം എന്നാണ് വെപ്പ് . ചെയ്ത പാപത്തിന്റെ അളവ് അനുസരിച്ചാണ് കയ്യില കിട്ടുന്ന കല്ലിന്റെ വലിപ്പം എന്നും ചിലര് വിശ്വസിക്കുന്നു .
ഞാൻ ഒരു മീഡിയം സൈസ് പാപി ആയതോണ്ടാണോ ആവോ .. ചെറിയ കല്ലാണ് കിട്ടിയത് . സ്വയംവിമർശനപരമായിട്ട് പറയുകയാണെങ്കിൽ ഞാനൊരു പാറക്കല്ല് ഉരുട്ടികയറണ്ടവനാണ് .
കൊറേ പേര് "കരിമലകയറ്റം കഠിനമെന്റയപ്പ" എന്നൊക്കെ പാടുമെങ്കിലും ആ വഴി നടന്നു പോയവർക്കറിയാം , അതൊരു സൈക്കൊലോജിക്കൽ മൂവ് ആണെന്ന് .
കരിമലയെക്കാൾ കഠിനമാണ് അഴുത കയറുക എന്നത് . കാരണം അഴുത കുത്തനെ ഒരു കയറ്റമാണ് . മാത്രമല്ല നിറച്ചു പാറക്കല്ലുകളും , മരത്തിന്റെ വേരുകളും എല്ലാംകൂടെ വഴിയിൽ ഗ്രിപ്പ് കം തടസമായി അങ്ങനെ കിടക്കുവാ .. സൂക്ഷിച്ചു നോക്കി ക്ഷമയോടെ നടന്നില്ലെങ്കിൽ പണി കിട്ടുന്ന വഴിയറിയൂല . ഇതിനെക്കാൾ വലിയ മലയാണല്ലോ ഇനി വരാൻ പോകുന്നത്‌ എന്ന് കരുതി നമ്മൾ സിമ്പിളായി ഏതാണ്ട് 500 മീറ്റരിൽ കൂടുതൽ കുത്തനെയുള്ള ഒരു യമണ്ടൻ മല കയറിപ്പോരും .

കാട്ടു പാതയിൽ നിശ്ചിതഅകലങ്ങളിൽ അയ്യപ്പന്മാർക്ക് ഇരുന്നു വിശ്രമിക്കാനുള്ള ടാർ പോളിൻ ഷെഡുകൾ / പന്തലുകൾ ഉണ്ട്
അതിനോടരികിലൊക്കെയായി , വെള്ളം , മോര് , തണ്ണിമത്തൻ ജ്യൂസ് എന്നിവയൊക്കെ വില്കുന്ന ചെറിയ കടകൾ .. വെള്ളം ആണ് മലകയറ്റത്തിലെ ഏറ്റവും വിലപിടിച്ച കമ്മോഡിറ്റി . അതിനാകട്ടെ ഓരോ കിലോമീറ്റർ മുകളിലേക്ക് കയറുമ്പോഴും അഞ്ചുരൂപ വച്ച് കൂടുകയും ചെയ്യും .

കല്ലിടാംകുന്ന്‌ കഴിഞ്ഞാൽ കരിമല കയറ്റം തുടങ്ങ്കയായി .
 "ഈ ഫോറസ്റ്റ് മുഴുവൻ കാടാണല്ലോ " എന്നോർമിപ്പിക്കുന്ന മനോഹരമായ ഒരു മലയാണിത് . പലപ്രായത്തിലുള്ള ഭീമാകാരൻമാരായ വൃക്ഷശ്രേഷ്ഠന്മാർ , നിബിഡമായ വല്ലിപ്പടർപ്പുകൾക്കിടയിൽ നിലകൊണ്ട്‌ വഴികൾക്കടയാളമിടുന്നു . അഴുതപോലെ കല്ലും വേരുകളും ഒന്നും നടത്തത്തിന് വിഘാതമുണ്ടാക്കാത്തതിനാൽ നല്ല സ്റ്റാമിന ഉണ്ടെങ്കിൽ നിർത്താതെ കയറിമുകളിലെത്താം .

കരിമലയുടെ മുകളിൽ , നമ്മളെ അത്ഭുതപെടുത്തുന്ന അത്ര ഗംഭീരസെറ്റപ്പ് ആണ് . അത്രയും ഉയരത്തിൽ നാട്ടിൻപുറത്തെ ഹോട്ടലുകളെ വെല്ലുന്ന കടകൾ . കുറെ പേർക്കിരിക്കാവുന്ന ബെഞ്ച്‌ - കസേര - മേശ കൾ, വലിയ ഗ്യാസടുപ്പുകൾ അങ്ങനെയങ്ങനെ . അഴുതയുടെ തീരത്തു പത്തു രൂപയ്ക്ക് കിട്ടുന്ന തണ്ണിമത്തൻ ജ്യൂസിനു കരിമലയുടെ മുകളിലെ കടയിൽ മുപ്പത് രൂപയാണ് . വെറുതെയൊന്നുമല്ലല്ലൊ ? കച്ചവടത്തിനാവശ്യമായ ഏതാണ്ടെല്ലാ സ്ഥാവര ജംഗമ വസ്തുക്കളും ഇവർ ചുമന്നാണ് മുകളിലെത്തിക്കുന്നത് !!! പക്ഷേ , വെള്ളത്തിന്റെ കാര്യത്തിൽ അത് പ്രായോഗികമല്ലത്തതിനാൽ എങ്ങനെയാണ് ഇവർ ആ കടമ്പ കടക്കുന്നത് ?? എന്നറിയാൻ തിടുക്കമായി .

കരിമലയിലെ കടയിലൊന്നിൽ നിന്ന് പൊറോട്ടയും കടലക്കറിയും കഴിച്ചശേഷം അതിന്റെ മുതലാളിയോട് വെള്ളം എങ്ങനെ ഒപ്പിക്കും എന്ന് ചോദിച്ചപ്പോൾ പുള്ളി പറഞ്ഞു , മലയുടെ സൈഡ് ലായി ചെറിയ മഴക്കുഴികൾ കുഴിച്ചു അടിയിൽ ടാർപ്പായ വിരിച്ചാണ് ഓരോ കൊല്ലവും സീസണ്‍ കഴിഞ്ഞു അവർ മടങ്ങുക . അടുത്ത കൊല്ലം ആവുമ്പോഴേക്കും മഴവെള്ളം നിറഞ്ഞു നില്പുണ്ടാവും എന്ന് ! മാത്രമല്ല , അവർ കച്ചവടത്തിനായി എടുത്ത സ്ഥലത്തിനൊക്കെ സർക്കാർ / കരാർകാർക് വാടക കൊടുക്കണമത്രേ ..

കരിമലയിറങ്ങി പിന്നെയും നടന്ന്‌ കുറേ ദൂരം കഴിഞ്ഞപ്പോൾ , ഇടത്താവളം എത്തി . (ആ സ്ഥലത്തിന്റെ പേര് ഞാൻ മറന്നു ) . അവിടെയും ആ സ്ഥലം മുഴുവനായും കരാറുകാരുടെ വിളയാട്ടമാണ് . സർക്കാർ മേൽനോട്ടത്തിൽ താല്ക്കാലിക സെറ്റപ്പ് ഉണ്ടാക്കാൻ കഴിയാഞ്ഞിട്ടൊന്നുമല്ല , പരമാവധി പിഴിയുക എന്നതാണ്‌ പോളിസി എന്ന് തോന്നുന്ന വിധത്തിലാണ് ഇവിടുത്തെ നടത്തിപ്പ് മുഴുവൻ . ടാർപായ കൊണ്ടുകെട്ടിയുണ്ടാക്കിയ കൂടാരങ്ങളിൽ പത്തു സ്ക്വയർ ഫീറ്റ്‌ സ്ഥലത്തിനു ഒരു രാത്രിയുടെ വാടക 1500 രൂപ !! കരാറുകാരെ കുറ്റം പറയുന്നതെങ്ങനെ ? അത്ര കൂടിയ റേറ്റിനാണ് സർക്കാർ അവർക്ക് നടത്തിപ്പവകാശം വിൽക്കുന്നത്‌ . ഒരുബക്കറ്റു വെള്ളം കൊണ്ട് കുളിക്കാൻ 30 രൂപ . നമ്പർ 2 ആണെങ്കിൽ 25/- അങ്ങനെ പോകും നിരക്കുകൾ .
നടന്നു
ക്ഷീണിച്ചതുകൊണ്ടാകാം വിശപ്പൊക്കെ മറന്നുപോയപോലെ ഉറങ്ങിപ്പോയി .
പിറ്റേന്ന് രാവിലെ എഴുന്നേറ്റു ചെറിയാനവട്ടവും വലിയാനവട്ടവും ഒക്കെ ചാടിയിറങ്ങി ഒടുവിൽ എത്തിപ്പോയി , പമ്പാ !!
സമയം ഉച്ചയാകുന്നതെയുള്ളൂ . പമ്പയിലും ഒരുപാട് നടപടികൾ ഉണ്ടായിരുന്നു . കന്നി സ്വാമിയായത് കൊണ്ടുള്ള ചടങ്ങുകൾ വേറെയും . മനസ്സില്ലാമനസ്സോടെ നിരർത്ഥകമായ ആചാരാനുഷ്ഠാനങ്ങൾ ചെയ്തുതീർത്ത്‌ , തമിഴ്നാട്ടിലെ അയ്യപസേവാസംഘത്തിന്റെ അന്നദാനം ശാപ്പിട്ട് അവസാനത്തെ ഗിരിശൃംഗവും കീഴടക്കാൻ പടവുകൾ കയറുമ്പോൾ
ശ്രീമാൻ അയ്യപ്പനെ ഓർത്തു .
അന്തക്കാലത്ത് കാടും മലയും താണ്ടി ഇത്രയും ദൂരം കയറിയിറങ്ങിവന്ന
മൂപ്പരെ നമിക്കാതെ വയ്യ .
ഇന്നത്തെപോലെ ഒരു സൗകര്യവുമില്ലാതിരുന്ന കാലത്ത് പദയാത്ര ചെയ്തിരുന്ന ആദ്യകാല അയ്യപ്പന്മാരെയും .

അഴുത പോലെത്തന്നെ കുത്തനെ കയറ്റമാണ് ശബരിമലയും .
പിന്നെ കൊണ്ക്രീറ്റ് പടവുകൾ ഉള്ളതുകൊണ്ട് സുഖമായി പോകാം എന്ന് മാത്രം .
കുറച് കയറിയപ്പോഴുണ്ട് ദേ , ഒരു സെപറെറ്റ് വഴിയിലൂടെ കുറച്ചുപേർ പോകുന്നു . ഗുരുസ്വാമിയാണ് പറഞ്ഞത് " അതാണ്‌ വി .ഐ . പി ക്യൂ . കുറച്ചു പണം കൊടുത്താൽ അധികം ക്യൂ നില്കാതെ പെട്ടെന്ന് ദർശനം നേടാം"
(എന്നിട്ടോ ?  )

അങ്ങനെ ഒടുവിൽ സന്നിധാനം എത്തി . അപ്പോഴേക്കും അവിടെ
1 കിലോമീറ്റർ നീളത്തിൽ ക്യൂ ആയിരുന്നു . ഭാഗ്യമുണ്ടെങ്കിൽ അധികം കാത്തുനില്ക്കാതെ ദർശനം കിട്ടും എന്ന് ഗുരുസ്വാമി . മൂപ്പർടെ ഒരു യാത്രയിൽ ഏതാണ്ട് 16 മണിക്കൂർ ക്യൂ നിൽക്കേണ്ടി വന്നിട്ടുണ്ടത്രേ !!
എന്തായാലും എനിക്ക് നല്ല കാലമായിരുന്നു . ഒന്നര മണിക്കൂറെ കാത്തുനില്കേണ്ടി വന്നുള്ളൂ .

പതിനെട്ടു പൊന്നിൻപടികളും ചവിട്ടി ഒടുവിൽ ശ്രീകോവിലിന്റെ മുന്നിലെത്തി ..  തിക്കിത്തിരക്കി നില്കുന്നതിനിടയിൽ ശരിക്ക് കണ്ടു . ഞാൻ മനസ്സില് കരുതിയിരുന്നതിലും ചെറുതായിരുന്നു , അക്ഷരങ്ങൾ . ഇത്തിരികൂടെ വലുതാക്കി എഴുതണമായിരുന്നു . എന്നാലേ എന്തൊക്കെയോ സങ്കൽപിച്ചു കയറിവരുന്ന സ്വർണ്ണം തിരയുന്ന കണ്ണുകളിൽ പിടിക്കുകയുള്ളൂ എന്ന് തോന്നി .
വിശ്വാസികളുടെ നിശ്വാസങ്ങൾക്കിടയിലൂടെ ഒരു വിധം നൂണ്ടു രക്ഷപെട്ടു പുറത്തു കിടന്നു .

പോലീസുകാരാകട്ടെ , സ്വർണം പൂശിയ ചുവരിലും മേല്ക്കൂരയിലും ഒക്കെ തൊട്ട് "പുണ്യം " പരമാവധി കൈക്കലാക്കി വീട്ടിൽ കൊണ്ടുപോകാൻ നോക്കുന്ന പാവങ്ങളെ  ഉന്തിത്തള്ളി വരിനീക്കിക്കൊണ്ടിരുന്നു.
ഞങ്ങൾ ഇന്നിവിടെ താമസിച്ചു നാളെ രാവിലെയെ പോവുകയുള്ളൂ .

സന്നിധാനപരിസരം അസ്സൽ കച്ചവടകേന്ദ്രമാണ് . ഹോട്ടലുകൾ , എല്ലാത്തരക്കാർക്കും പറ്റിയ വാസസ്ഥലങ്ങൾ , പാത്രക്കട , പലവ്യഞ്ജനക്കട അങ്ങനെ എല്ലാം ഉണ്ട് . ഇതിന്റെയൊക്കെ ഇടയിലൂടെ സ്വച്ഛന്ദം വിഹരിക്കുന്ന പന്നിക്കൂട്ടങ്ങളും . ഇവിടെയും കരാറുകാരുടെ കേളിയാണ് . വിരിവെക്കാനുള്ള കുടുസ്സുമുറികളൊക്കെ തട്ടുകളായിത്തിരിച്ച് ഗ്യാസ് ചേമ്പറുകൾ പോലെ ആക്കിത്തീർത്തിരിക്കുന്നു . സൂര്യൻ അസ്തമിക്കാറായിരുന്നു. നല്ല ഭംഗിയുള്ള ദൃശ്യമായതിനാൽ പകർത്താൻ നോക്കിയപ്പോഴുണ്ട് , മൂന്നാം കണ്ണിന്റെ ഊര്ജ്ജമറ്റിരുന്നു .
ഭംഗിയുള്ള എന്തിനെയും പല ലേബൽ വച്ചു നശിപ്പിക്കാൻ മനുഷ്യനെക്കഴിഞ്ഞിട്ടെ വേറെ ആരുമുള്ളൂ എന്നതിന്റെ ഉത്തമ ഉദാഹരണമാണ് ശബരിമല .

രാത്രി സന്നിധാനത്ത് ചെയ്തുതീർക്കാനുള്ള "കന്നി അയ്യപ്പൻ " സ്പെഷൽ കർമങ്ങൾ ഒക്കെക്കഴിഞ്ഞ് അരവണ വാങ്ങൽ , വീതം വെക്കൽ , കണക്കുകൾ തീർക്കൽ എന്നീ കലാപരിപാടികളിൽ പങ്കെടുത്ത ശേഷം കിടന്നുറങ്ങി .

രാവിലെ എഴുന്നേറ്റു ഭസ്മക്കുളത്തിൽ കുളിച്ചു ഏതൊക്കെയോ സങ്കല്പങ്ങളുടെ മുന്നിൽ കൈകൂപ്പി വണങ്ങി ഒടുവിൽ മലയിറങ്ങി . ഇനിയൊരിക്കലും തിരിച്ചുവരാനിടയില്ലാത്ത ഇടങ്ങളിലേക്കൊക്കെ അവസാനമായി നോക്കുമ്പോൾ മനസ്സ് ശാന്തമായിരുന്നു . നിസ്വാർത്ഥമായ സ്നേഹമനുഭവിച്ചിരുന്നു . അഹങ്കാരം കുറച്ചൊക്കെ അടങ്ങിയിരുന്നു. ശരീരത്തിന്റെ പരിമിതികളൊക്കെ അറിഞ്ഞിരുന്നു .

അപ്പോൾ ഗുരുസ്വാമി പറയുന്നത് കേട്ടു " എല്ലാവർഷവും മണ്ഡലകാലം ഒക്കെ കഴിഞ്ഞ്‌ അവസാന അയ്യപ്പനും മലയിറങ്ങിയശേഷം , ദേവസ്വം വക ദേവപ്രശ്നം വെച്ചു നോക്കുമത്രേ.
ഇത്രയും ഭക്തലക്ഷങ്ങൾ വന്നുപോയതിൽ എത്ര പേർ തത്ത്വമസി ഉൾക്കൊണ്ടവുരുണ്ട് ? എന്ന് .

മിക്കപ്പോഴും ഒന്ന് അല്ലെങ്കിൽ രണ്ട്‌ എന്നൊക്കെയായിരിക്കും ഫലത്തിൽ തെളിയുന്ന ഉത്തരം . ഏതോ ഒരു വർഷം "അര " 1/2 കിട്ടിയിട്ടുണ്ടത്രേ ...
എന്താ  ലേ ?

ഇത് തന്നെയാണ് സഹസ്രാബ്ദങ്ങൾക്ക് മുൻപേ ഗീതയിൽ വ്യാസമഹർഷി എഴുതിവെച്ചതും .

" മനുഷ്യാണാം സഹസ്രേഷു
കശ്ചിദ്യത്തി സിദ്ധയേ 
യദദാമപി സിദ്ധാനാം 
കശ്ചിൻ മാം വേത്തി തത്ത്വത: "

" മനുഷ്യന്മാരിൽ ആയിരത്തിലൊരുവനേ ഈ അറിവിനായി പ്രയത്നിക്കുന്നുള്ളൂ . പ്രയത്നം ചെയ്യുന്നവരിൽ തന്നെ ആയിരത്തിലൊരുവനേ എന്നെ താത്വികമായി അറിയുന്നുള്ളൂ " 

എന്ന് .

കയറ്റങ്ങളെക്കാൾ വിഷമമാണ് ഇറക്കം .മലയിറങ്ങി പമ്പയിലെത്തിയപ്പോൾ ഉച്ചയായി . അങ്ങനെ ജീവിതത്തിന്റെ ബക്കറ്റ് ലിസ്റ്റിലെ ഒരു കാര്യം കൂടെ ടിക്ക് ചെയ്തശേഷം റാന്നി , ളാഹ വഴി തിരുവല്ല വരെ പോകുന്ന കെസാർട്ടീസി ടെ ബസിൽ കയറിയിരുന്നതോടെ എന്റെ പദയാത്ര സമാപിച്ചിരിക്കുന്നു .

ശബരിഗിരിയുടെ സഖികളേ.. ജ്വാലാമുഖികളേ.. വിട .

ബസ്സോടിതുടങ്ങിയപ്പോൾ ഞാൻ മനസ്സിൽ പാടി .

"കൈലാസാചലം
എന്നു ഞാൻ കാണും ? 
എന്ന് ഞാൻ കാണും ശിവഗംഗ ?" 


മംഗളം . ശുഭം .

ആദ്യം മുതല്‍ വായിക്കാന്‍  താഴെ ക്ലിക്ക് ചെയ്യുക >>

പാലക്കാടില്‍ നിന്ന് നടന്ന് ശബരിമലയിലേക്ക്: യാത്ര തുടങ്ങുന്നു

20 comments:

  1. എരുമേലി വഴി പമ്പ വരെ വണ്ടിയിൽ പോയി അവിടന്ന് മല കയറുന്നത് തന്നെ വല്ലാത്ത ഒരനുഭവമാണ്. അപ്പൊ പാലക്കാട് നിന്ന് പദയാത്രയായി ശബരിമലക്ക് പോയ യാത്രയോ! അതൊരു ജീവിതാനുഭവം തന്നെയായിരിക്കും. അതുകൊണ്ട് തന്നെ, എഴുത്ത് ജീവസ്സുറ്റതായിരുന്നു എന്ന് പറയേണ്ടതില്ലല്ലോ. ഈ ഭാഗം മാത്രം വായിച്ച സ്ഥിതിക്ക്, ഒരു വരവ് കൂടെ വരേണ്ടി വരും.

    ReplyDelete
  2. നാൽപ്പത് വർഷം മുമ്പ് പമ്പയിൽ നിന്ന് സാധാരണ വഴി (അന്ന് കാട് തന്നെ) സന്നിധാനം വരെ പോയിട്ടുണ്ട്.. പൂങ്കാവനം ഒക്കെ വണ്ടിയിലിരുന്നാണ് കണ്ടത്. ഇപ്പോൾ അതൊക്കെ ഓർമ്മയിലെത്തി. നിങ്ങളുടെ യാത്രയുടെ ത്രിൽ ഊഹിക്കാൻ കഴിയുന്നുണ്ട്..

    ReplyDelete
  3. പോകാത്ത വഴികൾ ആയതുകൊണ്ട് ആസ്വദിച്ച് വായിച്ചു. ആമുഖ പോസ്റ്റിൽ പറഞ്ഞത് പോലെ, ഇതല്ലേ ഇനിയും നടക്കാത്തതുള്ളു, നടക്കാവുന്നതെന്തെല്ലാം കിടക്കുന്നു, നമുക്ക് ആ വഴിയേ പോകാം

    ReplyDelete
  4. ഈ ശബരിമല കൽയാത്രയുടെ
    ആദ്യ ഭാഗങ്ങൾ വായിച്ചിട്ടുണ്ട് ,എന്തായാലും
    ബ്ലോഗ്‌സാപ്പ് കൂട്ടായ്‌മ കാരണം ഇപ്പോഴെങ്കിലും
    ബാക്കി പ്രസിദ്ധീകരിച്ചുവല്ലൊ 

    ReplyDelete
  5. ചെയ്യണം എന്ന് തീരുമാനിച്ചുറച്ചാൽ എല്ലാം സാധ്യമാകും എന്നതിന് ഒരു ദൃഷ്ടാന്തം കൂടി. വിവരണം നന്നായി.

    ReplyDelete
  6. ജനനിബിഡമാണെങ്കിലും കാട്ടിലൂടെയുള്ള വൃശ്ചിക മാസത്തിലെ ആ യാത്ര ഒരു പ്രത്യേക അനുഭുതി തന്നെയായിരിക്കും അല്ലെ?

    ReplyDelete
  7. തത്ത്വമസി!
    ആശംസകൾ ഡോക്ടർ

    ReplyDelete
  8. നമ്മുടെ 'ലക്ഷ്യത്തെക്കാള്‍ പ്രധാനം യാത്ര തന്നെയാണ്' എന്ന് തന്നെ ഞാനും വിശ്വസിക്കുന്നു… ആ യാത്രയിൽ ചുറ്റുപാടുകൾ നിരീക്ഷിച്ചു , സ്വന്തം യാത്രാ അനുഭവം മറ്റുള്ളവർക്ക് നല്ലൊരു വായനാ അനുഭവമാക്കിയ , ഉട്ടോപ്പ്യന് എന്റെ ആശംസകൾ … യാത്രകളും എഴുത്തും ഇനിയും തുടരട്ടെ ...

    ReplyDelete
  9. "സ്വാമിയേ ശരണമയ്യപ്പാ "

    ReplyDelete
  10. ഉട്ടോ...ഉടായിപ്പ് നോയമ്പ് എടുത്തു മലകയറിയല്ലേ.അതും നടന്ന്.കാലുളുക്കിയപ്പോ ഒരു ആധ്യാത്മിക ട്വിസ്റ്റ്‌ പ്രതീക്ഷിച്ചു. എവടെ÷)..സമ്മയ്ച്ച് ട്ടാ.ചിന്താ ദഹനേന്ദു ജീവിത ഹ.എന്നായത് കൊണ്ട് ഇമ്മാതിരി സാഹസങ്ങളെ ക്കുറിച്ച് ചിന്തിക്കാറേ ഇല്ല.രസിച്ചു വായിച്ചു.ശബരിമല മാത്രമല്ല ഉട്ടോ..സകല വിഖ്യാത ആരാധനാലയങ്ങളും കച്ചവട കേന്ദ്രങ്ങൾ കൂടി ആണ്.കട്ട സലാം ഠാ എഴുത്ത്ന്

    ReplyDelete
  11. ശബരിമല യാത്രയെ ചെറുപ്പത്തിൽ ഇത്തിരി പേടിയോടെയാണ് കണ്ടിരുന്നത്. പോകും വഴി ഇരുവശങ്ങളിലും അഗാധമായ കൊക്കയാണ് എന്നൊക്കെ പറഞ്ഞു പേടിപ്പിച്ചിരുന്നു ചേട്ടന്മാർ. ഒപ്പം പുലിയിറങ്ങുമോ എന്ന ഭയവും. മുതിർന്നപ്പോഴും ആചാരപരമായ തീർത്ഥ യാത്രകൾ ഒരിക്കലും ഭ്രമിപ്പിച്ചിട്ടില്ല. നിശബ്ദമായി നടത്തുന്ന ചില യാത്രകൾ ആത്മീയമാണെന്നും തോന്നാറുണ്ട്.
    കുറിപ്പ് ഭംഗിയായി. ആശംസകൾ.

    ReplyDelete
  12. വിവരണം മനോഹരമായി ട്ടോ... നാം ചെയ്യുന്ന യാത്രകളെല്ലാം അവനവനിലേക്ക് തന്നെ ആണെന്ന് എനിക്ക് തോന്നാറുണ്ട്...ശബരിമല യാത്ര കുഞ്ഞുനാളിൽ നടത്തിയതുകൊണ്ടാകും എന്നെ ഭ്രമിപ്പിച്ചിട്ടില്ല.. കർണാടകയുടെ ഉൾനാടുകളിലുള്ള ആളും ആരാധനയും ഒഴിഞ്ഞ അമ്പലങ്ങളിലേക്കു ചെയ്ത യാത്രകൾ എന്നെ കീഴ്മേൽ മറിച്ചിട്ടുണ്ട്..ആളുകളില്ലാത്ത ഇടങ്ങളിൽ എന്റെ ദൈവം ഉറങ്ങുന്നു... തികച്ചും അന്തർമുഖനായ ദൈവം!

    ReplyDelete
  13. ശബരിമല യാത്രയുടെ ത്രിൽ ഒന്ന് വേറെ തന്നെയാണ് . നോമ്പ് നോറ്റു കാത്തിരുന്നു നാടും വിട്ട് വീടും വിട്ട് എന്ന് ചൊല്ലി പോകുന്ന ഒരു പോക്ക് . ഞാൻ അഞ്ചാം ക്ലാസ്സിൽ പഠിക്കുമ്പോൾ ആണ് പോയത്. ഇപ്പോഴും അതോർക്കുമ്പോൾ ത്രിൽ ആണ് . പമ്പ വരെ വണ്ടിക്ക് ആണ് പോയത്. എരുമേലിയിൽ നിന്ന് പേട്ട തുള്ളി ശരം കുത്തിയാലിൽ ശരം കുത്തി അഴുതയിൽ പോയി ചാടിയ ചാട്ടം .... എന്തൊരു കുളിരായിരുന്നു .. അടിയിൽ മുഴുവൻ ഉരുളൻ കല്ലും .. അഴുത ഇന്നും എന്നെ കൊതിപ്പിക്കും .....

    ReplyDelete
  14. മലയിൽ കയറി അയ്യപ്പനെ വിളിക്കാതെ ഡിങ്കനെ സ്മരിച്ചാൽ പിന്നെ കാലുളുക്കാതെ മല കയറാൻ പറ്റുമോ മിച്ചർ
    രസമായിട്ട് എഴുതി കേട്ടോ

    ReplyDelete
  15. ഈ അവസാനഭാഗം മാത്രമാണ് വായിച്ചത്. ഭക്തനായി നിന്ന് ആചാരങ്ങളോട് എതിർപ്പോടെ അല്ലെങ്കിൽ നിസ്സംഗതയോടെ ശബരിമല ദർശനം നടത്തിയ ഒരാളുടെ കുറിപ്പ് ആദ്യമായാണ് വായിക്കുന്നത്. പതിറ്റാണ്ടുകൾക്ക് മുൻപ് അതിനിശിതമായ നൈഷ്ഠികതയോടെ തുടർച്ചയായി മല കയറിയ കഥകൾ പറയാറുണ്ടായിരുന്നു അച്ഛൻ. അന്ന് അവിടെ അനുഭവിച്ചിരുന്ന നിർമ്മലത ഇപ്പോൾ കാണാനില്ല എന്നാണ് അദ്ദേഹത്തിന്റെ പരാതി. അങ്ങേയറ്റം കച്ചവടമായി മാറിയിട്ടുണ്ട് അവിടം. അഴിമതിയും മറ്റ് കൊള്ളരുതായ്മകളും വളരെയേറെ. എന്നാലും ഭക്തി മാത്രം നോക്കി പോകുന്നവർക്ക് ഇന്നും അതൊരു ആശ്രയകേന്ദ്രം തന്നെ.

    വിവരണം നന്നായി.

    ReplyDelete
  16. മുമ്പ് വായിച്ചിട്ടുണ്ട്.

    ReplyDelete
  17. ഒരിക്കൽ പോലും പോകാതെ ഞാൻ നടന്ന വഴികൾ..

    ReplyDelete
  18. ഞാനും അയ്യപ്പനുമായി ഇതുവരെ ഒരു മുഖാമുഖം നടന്നിട്ടില്ല. അതുകൊണ്ട് തന്നെ ഇത്രയും ബദ്ധപ്പെട്ട് അവിടെ എത്തണമോ വേണ്ടയോ എന്നുള്ളത് ഒരു ചിന്താവിഷയം തന്നെയാണ്..... ചിന്തിക്കാം...
    എന്തായാലും വിവരണം കിടുക്കി
    സംഭവം ഇത്തിരി നയിപ്പാണെന്ന് മുമ്പേ അറിയിച്ചതിന് നന്ദി.....

    നന്നായി കീറി പൊളിച്ച് വച്ചതിന് ..... സ്നേഹം....

    ReplyDelete
  19. പൊൻകുന്നം അടുത്ത് ഒരു ചിറക്കടവ് ഉണ്ടട്. അത് തന്നെ ഇത്. നന്നായി ആസ്വദിച്ച് വായിച്ചു

    ReplyDelete
  20. പാലക്കാട് നിന്നുള്ള പദയാത്ര ഒരു സംഭവം തന്നെയാണല്ലോ. എന്തായാലും ഡിങ്കനും അയ്യപ്പനും കൂടിയുള്ള ഒരു കംബൈൻഡ് അനുഗ്രഹം കാരണം ഉട്ടോ രക്ഷപ്പെട്ടു അല്ലെ ;-)

    ശബരിമല പല തവണ പോയിട്ടുണ്ടെങ്കിലും പദയാത്ര ഇതുവരെ ശ്രമിച്ചിട്ടില്ല. ഇക്കൊല്ലം വിഷു കഴിഞ്ഞു ശബരിമല പോകാനിരുന്നത് കൊറോണ കൊത്തിപ്പോയി :-(

    ReplyDelete