Monday, 11 April 2016

ഉട്ടോപ്പിയന്‍ : ഉല്പത്തി



എന്താണ്  ഈ ഉട്ടോപ്പിയന്‍  എന്ന പേരിന്‍റെ അര്‍ത്ഥം ?
എന്തുകൊണ്ട് ഇങ്ങനെ ഒരു പേരിടുന്നു ?

ഫേസ്ബുക്കില്‍ കൂട്ടുകാരാവുന്ന പലരും എന്നോട് ചോദിച്ചിട്ടുള്ള കാര്യമാണ് ഇത്.
മിക്കവര്‍ക്കും "ഫൂള്‍'സ് പാരഡൈസ് " അഥവാ "വിഡ്ഢിയുടെ സ്വര്‍ഗ്ഗം" എന്ന ലളിതമായ വിശേഷണം കൊണ്ട് തൃപ്തിയാവാത്തത് കൊണ്ട് , വിശദീകരിക്കേണ്ടി വരും.. അപ്പോള്‍ ഞാന്‍ വിക്കിപീഡിയയിലെ പേജിന്‍റെ ലിങ്ക് കൊടുത്ത് കൈകഴുകുകയാണ്  പതിവ്.

ചില ആശയങ്ങള്‍/ആളുകള്‍ /സംഭവങ്ങള്‍ എല്ലാം നമ്മളെ സ്വാധീനിക്കുന്നതിന്റെ കാരണമെന്താകാം ? വൈയക്തികമായ വാസനകള്‍ ജന്മനാല്‍ ഉള്ളതുതന്നെയാണെന്ന് എങ്ങനെയാണ് നാമുറപ്പിക്കുക ?

എന്നെ സംബന്ധിച്ചിടത്തോളം ഡയറി എന്ന പേരില്‍ എല്ലാക്കൊല്ലവും വാങ്ങുന്ന പുസ്തകത്തില്‍ കുത്തിക്കുറിക്കപെട്ട ഒരു ചിന്തയില്‍ നിന്നാണ് ഈ പേരിന്‍റെ ആരംഭം .

അവനവന്‍റെ ഇടങ്ങളെക്കുറിച്ച്
----------------------------------------
ഏകാന്തതയുടെ ഒരു തുരുത്ത്
എനിക്ക് സ്വന്തമായുണ്ട്.

നാലതിരിലും
അനന്തമായ ചക്രവാളം
ഞാന്‍ വരച്ചുവെച്ച ഒന്ന്.

ഇതാണെന്റെ ഉട്ടോപിയ. "


വേറിട്ട്‌ നില്‍ക്കാനുള്ള അശ്രാന്തപരിശ്രമങ്ങളുടെ ഭാഗമായി, പല ഭ്രാന്തന്‍ ആശയങ്ങളും കൊണ്ട് ആളുകള്‍ക്കിടയിലൂടെ “ഇതാ എന്നെ ശ്രദ്ധിക്കൂ ... ഞാന്‍ നിങ്ങളില്‍ നിന്നും എത്ര വ്യത്യസ്തനാണെന്ന് നോക്കൂ ” എന്ന് പറയാതെ പറഞ്ഞ് , കൂവി വിളിച്ച് നടക്കുകയായിരുന്നു ഞാനന്ന് . 

അമര്‍ത്തിപ്പിടിച്ച പരിഹാസച്ചിരികള്‍ ഏറ്റുവാങ്ങിയ ദിനരാത്രങ്ങള്‍ .
സ്വന്തം ആശയങ്ങള്‍ മറ്റുള്ളവരില്‍ അടിച്ചേല്‍പ്പിക്കാന്‍ ശ്രമിച്ച് വലഞ്ഞ നിമിഷങ്ങള്‍ സ്വയംവിമര്‍ശനപരമായി തിരിച്ചറിഞ്ഞിടത്താണ് ഞാന്‍ എന്ന വ്യക്തി അല്പമെങ്കിലും വളര്‍ന്നത് എന്നെനിക്കിപ്പോള്‍  തോന്നുന്നു.

2010 - 2011 വര്‍ഷത്തിലെ യൂണിയന്‍റെ " മാഗസിന്‍ എഡിറ്റര്‍" എന്ന പദവി അലങ്കരിക്കേണ്ടതായി വന്നു.2011 ൽ കോളേജ് മാഗസിൻ എഡിറ്റർ എന്ന നിലയിൽ ആ വർഷം ID ക്ക് സുവനീർ ഇറക്കുന്നതിന്റെ ചുമതല എനിക്കായിരുന്നു.സന്ദര്‍ഭവശാല്‍ , ആ വര്‍ഷം  ALL KERALA INTERDENTAL FESTIVAL  അഥവാ "അഖിലകേരളഅന്തര്‍ദന്തോത്സവ"ത്തിന്‍റെ രജതജൂബിലികൂടിയായിരുന്നു. 


 അങ്ങനെ  സുവനീറിലെ എഡിറ്ററുടെ പേജിലെ വാചകങ്ങള്‍ക്ക് താഴെ പേരും ഒപ്പും ഇടുന്നതിന് പകരം വ്യത്യസ്തതയ്ക്ക് വേണ്ടി വേറെ എന്തെങ്കിലും ഇട്ടാലോ എന്ന ആലോചന "തൂലികാനാമവും വിരലടയാളവും" എന്ന ആശയത്തിയെത്തിയപ്പോള്‍ , ഇതിനായി എന്നപോലെ  മേല്‍പ്പറഞ്ഞ ചിന്തയില്‍ മഷി പുരണ്ടു.

എല്ലാം കഴിഞ്ഞ് EDITOR PAGE ൽ എന്തെങ്കിലും എഴുതി ഇടണമല്ലോ.. 

എന്തിലും different ആയ, നമ്മുടെ കയ്യൊപ്പ് ഉള്ള വെറൈറ്റി ഐറ്റം ഇടുക  എന്നത്  എന്റെ ഒരു obsession ആണ്.

അതുകൊണ്ട് തന്നെ എഡിറ്റോറിയലിൽ ഏതാണ്ടൊക്കെ സാഹിത്യം എഴുതി എഡിറ്ററുടെ പേര് വെക്കുന്ന സ്ഥലത്ത് ഞാൻ ഒരു വിരലടയാളം ആണ് വെച്ചത്. 

കയ്യൊപ്പ് എന്ന അർത്ഥത്തിൽ. 

ഒപ്പിട്ടാൽ പേരും കൂടെ എഴുതുന്നതാണല്ലോ അതിന്റെയൊരിത്. 


അതിൽ എങ്ങനെ variety കൊണ്ട് വരും  എന്ന ചിന്തിച്ചപ്പോൾ പണ്ട് ഞാൻ ഡയറിയിൽ എഴുതിയ ആ  random scribbling  ഓർമ്മ വന്നു. അതെടുത്ത് ചാമ്പി .

സ്വാഭാവികമായും മാഗസിന്‍ കയ്യില്‍കിട്ടിയവരൊക്കെ 

" ങേ? ഇതാരാ ഈ ഉട്ടോപ്പിയന്‍ ?? " എന്ന അത്ഭുതത്തില്‍ നിന്നും

 " ഓ... ഇവനാണോ ? " എന്ന സാധാരണത്ത്വത്തിലേക്ക്  മാറി.

ചില പേരുകള്‍ നാം പോലും പ്രതീക്ഷിക്കാത്ത വിധത്തില്‍ നമ്മെ DEFINE ചെയ്യുന്നതിലേക്ക് വളരുന്നു. 2011 ന് ശേഷം എന്നെ അജിത്ത് എന്ന സ്വന്തം പേരിനേക്കാള്‍ ഉട്ടോപ്പിയന്‍ ഈ പേരോ ഇതിന്‍റെ വകഭേദങ്ങളോ (ഉട്ടോ / ഉട്ടു/ ഉട്ടോപ്പി/ഉട്ടന്‍ )  അപൂര്‍വ്വം ചിലപ്പോള്‍ മുന്‍കാലപ്രാബല്യമുള്ള മറ്റു ചില വട്ടപ്പേരുകളോ ;)  മാത്രമേ വിളിക്കപെട്ടിട്ടുള്ളൂ എന്നത് ആലോചിക്കുമ്പോള്‍ രസകരമാണ്.

ഫേസ്ബുക്കിലും ബ്ലോഗിലുമായിരുന്നു പേരിന്‍റെ യഥാതഥമായ വളര്‍ച്ച. വ്യത്യസ്തത ആഘോഷിക്കപ്പെടുന്ന , പ്രകടനപരതയെ ഉത്സവമാക്കുന്ന ഇ-ടത്തില്‍ എന്‍റെ ഐഡന്റിറ്റിയായി ഈ പേര് സ്വീകരിക്കപെടുന്നത്  സഹര്‍ഷം നോക്കിനിന്നിട്ടുണ്ട് ഞാന്‍.

നാമരൂപങ്ങള്‍ക്കപ്പുറത്തേയ്ക്ക് ഉള്ള എന്‍റെ യാത്രയുടെ തുടക്കം എന്നൊക്കെ വല്ലപ്പോഴുമുള്ള ആത്മഭാഷണങ്ങളില്‍ ഡംഭു പറയാറുണ്ടെങ്കിലും ,അതല്ല സത്യം എന്ന് ചിലപ്പോള്‍ വെളിപാട് കിട്ടാറുണ്ട്. മന്ത് മറുകാലിലേക്ക് മാറ്റി എന്ന് മാത്രം.

എന്നാല്‍ വേണമെങ്കില്‍ ഇത് ഒരു പരസ്യചുമരായി ഉപയോഗിക്കാം എന്ന കണ്ടെത്തലാണ് പേരിന്‍റെ (അനൌദ്യോഗിക)ബ്രാന്‍ഡ്‌ വല്കരണത്തിലേക്ക് എത്തിച്ചത്.
ഞാന്‍ തുടങ്ങുന്ന എന്തും ഈ ലേബലില്‍ ആയിരിക്കണം എന്ന് കരുതി.

അത് ഒറ്റയാള്‍ പട്ടാളമായി കോളേജില്‍ നടത്തിവന്ന ചുവര്‍മാഗസിനാകട്ടെ , സാങ്കല്പിക ടീ -ഷര്‍ട്ട് കമ്പനി ആകട്ടെ , നവീകരിച്ച ബ്ലോഗ്‌  ... എല്ലാം ,   UTTOPIA INC. എന്ന ചാപ്പ കുത്തി യപ്പോള്‍ സമാധാനമായി.

ഒടുവില്‍ അവനവന്‍റെ ഇ-ടം എന്ന സ്വപ്നം സാര്‍ത്ഥകമായിരിക്കുന്നു.

താഴെ ചുവര്‍ മാഗസിന്‍ ന്‍റെ ഫയല്‍ ചിത്രങ്ങള്‍ ..




5 comments:

  1. ഉട്ടോപ്യനു നമസ്കാരം.

    പേരിന്റെ ഉൽപ്പത്തി പുസ്തകം‌ ഹൃദ്യമായി. ഈ പേരു ഉട്ടോപ്യക്കും അപ്പുറം ചെല്ലട്ടെ എന്ന് ആശംസിക്കുന്നു.

    ReplyDelete
  2. പേരിടൽ നന്നായി.
    അവനവന് സ്വസ്ഥമായിരുന്ന്, കൈക്കാര്യം ചെയ്യാനൊരിടം.
    ആശംസകൾ

    ReplyDelete
  3. ആഹാ..പേരിന്റെ പിന്നിലെ യഥാർത്ഥ ചരിത്രം വെളിപ്പെടുത്തിയത് രസകരമായി..ഈ പേര് കാണുമ്പോഴൊക്കെ ഒരു ആകാംക്ഷ തോന്നിയിരുന്നു.. അത് മാറി..

    ReplyDelete
  4. ബെസ്റ്റ് കണ്ണാ ബെസ്റ്റ് ..
    പേരും  പെരുമയും  പെരുത്ത് 
    നൽകിയ  ഒരു ഉട്ട്യോപ്പ്യൻ ചരിതം .... 

    ReplyDelete
  5. ഹമ്പമ്പട മിടുക്കാ. അപ്പൊ അങ്ങനെയായിരുന്നു അല്ലേ സ്വയം ഉട്ടൂസ് ആയത്? !? !? !?

    ReplyDelete