Tuesday, 5 January 2016

പാലക്കാടില്‍ നിന്ന് നടന്ന് ശബരിമലയിലേക്ക് : അഞ്ചാം ദിനം


5/1/2014
ഏറെ നേരം വിശ്രമിച്ചത് കൊണ്ടാവാം , ഇന്നെഴുന്നേറ്റു നടക്കാൻ തുടങ്ങിയതും വളരെ നേരത്തെ.
ഇരിഞ്ഞാലക്കുട നിന്നും ചാലക്കുടി , കൊരട്ടി, അങ്കമാലി വഴി വേങൂർ വരെ ഏതാണ്ട് 35 കിലോമീറ്റർ നടക്കണം ഇന്ന് .


പതിവുപോലെ നടത്തം ആരംഭിച്ച് കുറച്ചു ദൂരം പിന്നിട്ടപോഴേ വേഗം സംഘത്തെ പല കൂട്ടങ്ങളായി തിരിച്ചു .

ഏറ്റവും മുന്നിലെ കൂട്ടത്തിൽ മൂന്നാമനായിരുന്നു ഞാൻ . പക്ഷേ , ഒരു മണിക്കൂർ കഴിഞ്ഞ്‌ മുന്നിലുള്ളവർ ഒരു തട്ടുകടയുടെ മുന്നില് ടീ ബ്രേയ്ക്ക് എടുത്ത ഗ്യാപ്പിൽ ഞാൻ നിർത്താതെ കത്തിച്ചു വിട്ടു.

അതിരാവിലെ , ഗതാഗതം കുറഞ്ഞ ഹൈവേയിലൂടെ , ഒറ്റയ്ക്ക് നടന്നുപോകുന്ന എന്നെ ഒരു പക്ഷിക്കണ്കാഴ്ച്ചയിലെന്ന പോലെ ഓർമയിൽ ഇപ്പോഴും കാണാം.

നേരം വെളുത്തുതുടങ്ങിയിട്ടില്ല . ചാലക്കുടി എത്താറായിരുന്നു .മുന്നില് വേറെയും പല പദയാത്രാസംഘങ്ങളിലെ സ്വാമിമാര് നടന്നു പോകുന്നുണ്ടായിരുന്നു . അവരെ ഓവർ ടെയ്ക്ക് ചെയ്ത് ഗൂഡമായ ഒരാനന്ദത്തോടെ ഞാൻ പോകുമ്പോൾ , ചെവിയോടടുപ്പിച്ച് അഡ്ജസ്റ്റ് ചെയ്ത് വെച്ചിരുന്ന മൊബൈല്‍ഫോണ്‍ ൽ നിന്നും ആദിശങ്കരൻ മന്ത്രിക്കുന്നുണ്ടായിരുന്നു.

" അഹം നിർവികല്പോ നിരാകാരരൂപോ
വിഭു ത്വാ ച സർവത്ര സർവേന്ദ്രിയാണ: "
നാഹം ദേഹം എന്നത് മനസ്സിലുറപ്പിച്ചാൽ , ഒരളവു വരെ നമുക്ക് ശരീരത്തിന്റെ പരിമിതികളെ മറികടക്കാം എന്ന് എനിക്ക് തോന്നി .

"മാട്രിക്സ് " സിനിമയിലെ സ്റ്റീൽ സ്പൂണ്‍ ദൃഷ്ടി കൊണ്ട് വളയ്ക്കുന്ന കുട്ടി പറയുന്നത് പോലെ
" You have to know that THERE IS NO SPOON"

ചില സ്വാമിമാർ ഹൈവേ വിട്ട് ഒരു ഊടുവഴിയിലേക്ക് തിരിയുന്നത് അപ്പോഴാണ്‌ കണ്ണിൽപെട്ടത് . ചാലകുടിയിലേക്ക് ഇനിയും എഴെട്ട് കിലോമീറ്റർ ഉണ്ട് . ചിലപ്പോൾ അത് എളുപ്പവഴിയായിരിക്കും. ഭാഗ്യത്തിന് ആ ജങ്ക്ഷനിൽ നില്ക്കുകയായിരുന്ന നാടുകാരനോട് ചോയ്ച്ചപ്പോ സംഭവം ശരിയാണ് . ആ വഴി പോയാൽ നേർവഴിയെക്കാൾ ഒന്നരകിലോമീറ്റർ കുറവാണ് .
So, I took the road less travelled
And that has made all the difference.
സമയം ആറ് മണിയായി. വീടുകൾ ഉണർന്നു തുടങ്ങിയിരുന്നു.
ഊടുവഴി തിരഞ്ഞെടുത്തത് അബദ്ധമായോ എന്ന് തോന്നിക്കും വിധം , ഒരുപാട് ചെറിയ റോഡുകൾ ചേർന്നും വഴിപിരിഞ്ഞും മനുഷ്യനെ കണ്ഫ്യൂഷനാക്കനായിട്ട് , ആ വഴി ഉണ്ടായിരുന്നു . പിന്നെ ഓരോ ചെറു കവലകളിലും എത്തുമ്പോൾ
" ചേട്ടാ / ചേച്ചി / അമ്മച്ചീ / മോനേ , ചാലക്കുടിയിലേക്ക് പോണ വഴിയേത് ?"
എന്ന് ചോയ്ചോച്ച് അങ്ങനെ പോയി .

ആ വഴി അങ്ങനെ പോയിക്കൊണ്ടിരുന്നപ്പോൾ , സൂര്യൻ , ചുവന്ന് തുടുത്ത് ഉദിച്ചുവരുകയും ഞാൻ ഫോട്ടോ എടുക്കുകയും ചെയ്തു  . ;)

ഒടുവിൽ പോട്ട ഭാഗത്ത് , വീണ്ടും ഹൈവേ യിൽ ജോയിൻ ചെയ്തു . ഹൈവേയിലൂടെ ( കാര്യം പാലക്കാട് നിന്ന് തിരുവനന്തപുരം വരെ ഒരുപാടുതവണ യാത്ര ചെയ്തിട്ടുണ്ടെങ്കിലും റോഡ്‌ മാര്‍ഗ്ഗം പകല്‍സമയത്ത് പോയിട്ടേയില്ലായിരുന്നതിനാല്‍ പാലിയേക്കര ടോള്‍ കഴിഞ്ഞുള്ള ഈ റോഡ്‌ ഞാന്‍ ജീവിതത്തിലാദ്യമായി കാണുകയായിരുന്നു )




 നടന്നങ്ങനെ ചാലക്കുടി ടൌണ്‍ എത്തിയപ്പോൾ , ഇനി ബാക്കിയുള്ളവരെ കാത്തു നിന്നേക്കാം എന്നു കരുതി റോഡിൻറെ അരികിലുള്ള ഒരു വെജിറ്റെറിയൻ ഹോട്ടൽ ഇൽ കയറി . ഫുഡ്‌ കഴിച്ച് തീരാറായതും എന്റെ ഫാസ്റ്റ്പാസഞ്ചർ കൂട്ടുകാർ കൃത്യം ആ ഹോട്ടലിന്റെ മുന്നിൽ തന്നെ എത്തിപ്പെട്ടു . . ഭാഗ്യം !! ഏതാണ്ട് അരമണിക്കൂറിനുള്ളിൽ സംഘം മുഴുവനും അവിടെ എത്തിച്ചേർന്നു .

എല്ലാവരും പ്രാതൽ കഴിഞ്ഞപ്പോൾ , ഗുരുസ്വാമിയുടെ നിർദ്ദേശം
" ഇനി എല്ലാവരും ഒരുമിച്ച് പോയാൽ മതി, വഴി തെറ്റിയാൽ പിന്നെ ബുദ്ധിമുട്ടാണ് ".
കൂട്ടത്തിലെ മെല്ലെപ്പോക്കുകാർക്ക് ഞങ്ങളോട് ഉള്ള അമർഷം ഒക്കെ മറ നീക്കി പുറത്ത് വന്നു .
"എന്നാലവിടെക്കിട" എന്ന് കരുതി ഫാസ്റ്റ് പാസഞ്ചർ സംഘം മന:പ്പൂർവം പിന്നീടു വേങ്ങൂർ എത്തുന്നത് വരെ ഏറ്റവും പിറകിൽ , ഇഴഞ്ഞു നടക്കാൻ തുടങ്ങി .

സംയമനത്തിന്റെ ഏതു ബന്ധനങ്ങളുണ്ടായാലും ആത്യന്തികമായി മനുഷ്യർക്ക് ഒരു മാറ്റവും സംഭവിക്കുന്നില്ല എന്ന് തെളിഞ്ഞു . ഉപരിപ്ലവമായ ഏച്ചുകെട്ടലുകൾ , സമൂഹത്തിന്റെ കണ്ണിൽ പൊടിയിടാൻ മാത്രമേ സഹായകമാവുന്നുള്ളൂ .

ഉച്ചയ്ക്ക് ചെറങ്ങര ദേവീക്ഷേത്രത്തിലായിരുന്നു, ഇടത്താവളം .
ചെറങ്ങര ദേവീക്ഷേത്രക്കുളം
 അന്നദാനം കഴിഞ്ഞ്,വിശാലമായ ക്ഷേത്രക്കുളത്തിൽ നീന്തിക്കുളിയും വെയിലാറുന്നത് വരെ ആൽമരത്തണലിൽ വിശ്രമവും . പിന്നെ നടന്ന് വേങ്ങൂർ അമ്പലത്തിൽ ആറുമണിയോടെ എത്തി . അവിടെ അയ്യപ്പഭക്തനായ രാജപ്പൻ സ്വാമി വക എല്ലാ പദയാത്രികർക്കും അന്നദാനവും താമസസൌകര്യവും ഒരുക്കിയിരുന്നു. പിന്നെയാണ് അറിഞ്ഞത് രാജപ്പൻ സ്വാമി Retd. DYSP പങ്കജാക്ഷൻ SIR ആണെന്ന് .
നടുവില്‍ നില്‍ക്കുന്നതാണ് രാജപ്പന്‍ സ്വാമി / Retd. DYSP പങ്കജാക്ഷൻ SIR



അന്നത്തെ രാത്രി അമ്പലത്തിലെ അനുഷ്ഠാനകലയായ " ചിന്തു പാട്ട് " കാണാനുമായി .
ചിന്തുപാട്ട്  അവതരിപ്പിക്കുന്നത് ആണുങ്ങളാണ് എന്നതാണ് പ്രത്യേകത. ഒരു സംഘമാളുകള്‍ പാട്ടുപാടുകയും മറ്റൊരു കൂട്ടം കൊളുത്തി വെച്ച ഒരു നിലവിളക്കിന് ചുറ്റും താളാത്മകമായി നൃത്തം വയ്ക്കുകയും ചെയ്യുന്നു.

ചിന്തുപാട്ടിനുള്ള വിളക്കും വാദ്യോപകരണങ്ങളും 

ചിന്തുപാട്ട് ഗായകര്‍ 

ചിന്തുപാട്ട് ഇന്‍ പ്രോഗ്രസ്സ്
തുടര്‍ന്ന്‍ വായിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക >>

പാലക്കാടില്‍ നിന്ന് നടന്ന് ശബരിമലയിലേക്ക് :ആറാം ദിനം

4 comments:

  1. ഗുരുസ്വാമിയുടെ നിര്‍ദ്ദേശം നന്നായി.
    ആശംസകള്‍

    ReplyDelete
  2. തുടരൂ.. നല്ല ഓര്‍മ്മകളാണ്...

    ReplyDelete
  3. തുടർക്കുറിപ്പുകൾക്കായി കാത്തിരിക്കുന്നു.


    (അതിരാവിലെ , ഗതാഗതം കുറഞ്ഞ ഹൈവേയിലൂടെ , ഒറ്റയ്ക്ക് നടന്നുപോകുന്ന എന്നെ ഒരു പക്ഷിക്കണ്കാഴ്ച്ചയിലെന്ന പോലെ ഓർമയിൽ ഇപ്പോഴും കാണാം.....)
    ശരിയ്ക്കും ആ നടത്തം മനസ്സിൽ കാണാൻ കഴിഞ്ഞു .

    ReplyDelete