Monday, 4 January 2016

പാലക്കാടില്‍ നിന്ന് നടന്ന് ശബരിമലയിലേക്ക് : മൂന്നാം ദിനം

കഴിഞ്ഞ വര്‍ഷം ഇതേ ദിവസം , ഇതേ സമയം നാം ആരായിരുന്നു ?
എവിടെയായിരുന്നു ?
അതിനും മുന്‍പത്തെ വര്‍ഷം ?
അതിനും മുന്‍പത്തെ ?
#ഓര്‍മ്മയുടെ ആഴങ്ങളിലേക്ക് തുഴഞ്ഞെത്തുമ്പോള്‍

3/1/2014

5 മണി .
തൃപ്രയാർ ക്ഷേത്രത്തിന് അമ്പലക്കുളമില്ല . പകരം വശത്തിലൂടെ ഒഴുകുന്ന പുഴ ആണ് . അതിലുള്ളത് നേരിയ ഉപ്പുരസമുള്ള വെള്ളവും .
തൊട്ടടുത്ത് തന്നെ കടൽ ആയതുകൊണ്ടാവാം .
രാവിലെത്തന്നെ എഴുന്നേറ്റ് നടക്കാൻ വല്ലാത്ത ക്ഷീണം ആയിരുന്നു. ചാലിശ്ശേരി മുതൽ തൃപ്രയാർ വരെ ഏതാണ്ട് 43.5കിലോമീറ്റർ ആണ് നടന്നത്.ഞാൻ കരുതിയത് യാത്രയിലെ ഏക ഫുൾ ഡേ റെസ്റ്റ് തൃപ്രയാർ ആണ് എന്നായിരുന്നു .. എന്നാൽ അതിനിനിയും ഇരിഞ്ഞാലക്കുട വരെ പോണം എന്നോർത്തപ്പോൾ ....



ഈ ദിവസത്തെ യാത്ര മുഴുവൻ ഒരു ബ്ലർ ആണ് . ക്ഷീണം കൊണ്ടോ എന്തോ ഒന്നിലും ശ്രദ്ധിക്കാൻ തോന്നിയില്ല . ഏതൊക്കെയോ ഇടവഴികളിലൂടെയും ഷോർട്ട് കട്ട് റോഡുകളിലൂടെയും അങ്ങനെയങ്ങ് നടന്നു .
ഈ വഴിയിലാണ് ഗുരുസ്വാമി ഒരു കാര്യം വെളിപ്പെടുത്തിയത് . ഒരു സംഘം അയപ്പന്മാർ പദയാത്ര ചെയ്തകൊണ്ടിരിക്കെ യാതൊരു പരിചയവുമില്ലാത്ത വേറൊരു സ്വാമി വന്ന്‌ "ഞാനും നിങ്ങളുടെ കൂടെ വരട്ടെ ?" എന്ന് ചോദിച്ചാൽ, പറ്റില്ല എന്ന് പറയില്ല ഒരു ഗുരുസ്വാമിയും . പറയാനും പാടില്ല എന്നാണ് അതിന്റെയൊരിത് .



അതുപോലെ തന്നെ പദയാത്ര എന്നത് പുണ്യമാണെന്നും , കന്നിയാത്ര തന്നെ പദയാത്ര ചെയ്യുന്നത് സുകൃതമാണെന്നും ഒക്കെ . ഒരുപാടുപേര്‍ ഇതുപോലെ യാതചെയ്യാറുണ്ടെങ്കിലും, ഇടയ്ക്ക് വച്ച് ശരീരത്തിന്‍റെ പരിധികള്‍ വിലക്കുമ്പോള്‍ പാതിയില്‍ വെച്ച് പദയാത്ര നിര്‍ത്തി വണ്ടികയറി പ്പോവുന്നവരും ഏറെയാണ്‌.  ഞാനടക്കം രണ്ട്‌ കന്നി അയ്യപ്പന്മാരെ ഞങ്ങളുടെ സംഘത്തിലുള്ളൂ .
ബാക്കി എല്ലാവരും ഏഴോ അതിലധികമോ വട്ടം മലചവിട്ടിയവരാണ് . കുറേ പേരുടെ ആദ്യപദയാത്രയാണിത് .
പദയാത്രയിൽ കന്നിസ്വാമികളെ കൊണ്ടുപോകാൻ കഴിയുക എന്നത് ഒരു ഗുരുസ്വാമിയെ സംബന്ധിച്ചിടത്തോളം വലിയൊരു കാര്യമാണത്രേ .


എന്തായാലും ഒടുവിൽ ഞങ്ങൾ ഇരിഞ്ഞാലക്കുട എത്തുന്നു . കൂടൽമാണിക്യം മുൻപ്‌ പറഞ്ഞ പോലെ നാലമ്പലങ്ങളിൽ മൂന്നാമത്തേത് ആണ് . ഭരതൻ ആണ് പ്രതിഷ്ഠ . വേറൊരു പേര് സംഗമേശ്വരൻ എന്നാണ്‌ . ആ പേര് എങ്ങനെ വന്നു ആവോ ? എന്ന് ഞാൻ ചിന്തിക്കാതിരുന്നില്ല.
അറിയാത്തവർക്കായി പറയട്ടെ , കൂടൽമാണിക്യം ക്ഷേത്രം ഞാൻ നിരീക്ഷിച്ചിടത്തോളം കുറേ പ്രത്യേകതകൾ ഉള്ള ഒരമ്പലമാണ് . ഒന്ന് , വലിപ്പം . മതിൽക്കെട്ടിനകത്ത് തന്നെ ശ്രീകോവിലിന്റെ ചുറ്റുമായി അമ്പലമുറ്റം . അതുതന്നെ മിനിമം നാല് ഫുട്ബാൾ മൈതാനങ്ങളുടെ വലുപ്പമുണ്ട് .
  കൂടല്‍മാണിക്യം സംഗമേശ്വരക്ഷേത്രം , ഇരിങ്ങാലക്കുട,തൃശ്ശൂര്‍

രണ്ട് , പ്രതിഷ്ഠ : ഇന്ത്യയിൽ വേറെവിടെയൊക്കെ ഉണ്ടാവും ഭരത പ്രതിഷ്ഠ ?
3, അമ്പലക്കുളങ്ങൾ : ഒന്നും രണ്ടുമല്ല .. നാലെണ്ണം !! മൂന്നു വലിയതും ക്ഷേത്രത്തിന്റെ മുന്നില് ഒരു ചെറുതും . (എന്റെ ഓര്മ ശരിയാണെങ്കിൽ )
ഇത് അമ്പലത്തിനു വേണ്ടി കുളം കെട്ടിയതാണോ അതോ തിരിച്ചാണോ എന്ന് സംശയിച്ചുപോകും .
അല്ല , ചിലപ്പോ പണ്ടത്തെ രാജാവിന്റെ ബജറ്റിലെ "പ്രത്യേക നീർത്തട വികസനപദ്ധതി" ആവാനും മതി .
4, പുഷ്പാഞ്ജലിക്ക് താമരയാണ് വിശിഷ്ടം ഇവിടെ .
എന്തായാലും ഈ ദിവസം മുഴുവൻ ഇവിടെ വിശ്രമമാണ് . അമ്പലത്തിന്റെ മുൻവശത്ത്‌ പദയാത്ര ചെയുന്ന അയ്യപ്പന്മാർക്ക് കിടക്കാൻ ഒരു ടെന്റ് സെറ്റപ്പ് ഒക്കെ ഉണ്ടായിരുന്നെങ്കിലും ഞങ്ങൾ നേരെ അകത്ത് ചെന്ന് വിശാലമായ ഊട്ടുപുരയുടെ ഒരു മൂലയ്ക്ക് "വിരിവച്ചു " (യാത്രയ്ക്കിടയിൽ വിശ്രമിക്കുമ്പോൾ ഒരിക്കലും ഇരുമുടികെട്ടു സ്വാമി സ്വയം ഇറക്കി വയ്കരുത് എന്നാണു ആചാരം .കഴിവതും ഗുരുസ്വാമി വേണം കെട്ടിറക്കി വിരിയിൽ വെക്കാനും യാത്ര തുടരുമ്പോൾ തിരിച്ച് തലയിൽ വെച്ചു കൊടുക്കാനും
നമ്മുടെയൊരു വയറുഭാഗ്യത്തിന് , കേറിചെന്ന അന്നുച്ചയ്ക്ക് തന്നെ അമ്പലത്തിൽ അന്നദാനം ഉണ്ടായിരുന്നു !! അന്നദാനപ്രഭുവേ , സ്വാമി ശരണം !! (ഇനിയങ്ങോട്ടുള്ള യാത്ര മുഴുവൻ അന്നദാനത്തിന്റെ അഞ്ചുകളിയായിരിക്കും എന്ന് ഊഹിക്കാൻ പോലും പറ്റിയില്ല )
ഊണ് ഒക്കെ കഴിഞ്ഞ് എല്ലാരും കിടന്നുറങ്ങി .. ലാപ്സായ ഉറക്കം മുഴുവൻ അങ്ങ് തീർത്ത്‌ . കുറേ പേര് എണീറ്റ്‌ അലക്കാൻ പോയി .
രാത്രി.
നാളെയ്ക്കുള്ള നിർദ്ദേശങ്ങളും പ്രാർത്ഥനയും കഴിഞ്ഞ് ,
വീണ്ടും ഉറക്കം .
ആകെയുള്ള വിശ്രമത്തിന്റെ ദിനം അങ്ങനെതീർന്നു .
നാളെ വേങ്ങര എത്തണം , അങ്കമാലി പക്കം .

ബുദ്ധം ശരണം ഗച്ഛാമി
ധർമ്മം ശരണം ഗച്ഛാമി
   സംഘം ശരണം ഗച്ഛാമി.

തുടര്‍ന്ന്‍ വായിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക >> പാലക്കാടില്‍ നിന്ന് നടന്ന് ശബരിമലയിലേക്ക് : അഞ്ചാം ദിനം

---------------------------------------------------------------------------------------------------------------------
രണ്ടുവര്‍ഷത്തിനു ശേഷം ബ്ലോഗില്‍ യാത്രയുടെ ഓര്‍മ്മകള്‍  പോസ്റ്റ്‌ ചെയ്യുമ്പോള്‍ യാത്ര നടന്ന അതേ ദിവസങ്ങളില്‍ തന്നെ ആവണം എന്ന ആഗ്രഹമുണ്ടായിരുന്നു. രണ്ടു ദിവസം കഴിഞ്ഞപ്പോള്‍ ആ ഫ്ലോ അങ്ങട് പോയി. എന്നാലും ബ്ലോഗ്ഗര്‍ ഇലെ ഷെഡ്യൂള്‍ ഓപ്ഷന്‍ ഉപയോഗിച്ച് ഒരു ചെറിയ ട്രിക്ക് ഇറക്കിയിട്ടുണ്ട്.

3 comments:

  1. രസിച്ച്‌ വായിച്ചു.

    പുറകോട്ട്‌ പോയി നോക്കട്ടെ.

    ReplyDelete
  2. കഴിഞ്ഞ വര്‍ഷം ഇതേ ദിവസം , ഇതേ സമയം നാം ആരായിരുന്നു ?
    എവിടെയായിരുന്നു ?
    അതിനും മുന്‍പത്തെ വര്‍ഷം ?
    അതിനും മുന്‍പത്തെ ?>>>>>>>>>

    കഴിഞ്ഞ വർഷം നാം ഇതേ സമയത്ത് എവിടെ ആയിരുന്നുവെന്നാലും നമുക്ക് ഇനി അതിൽ ഒരു മാറ്റവും വരുത്താൻ സാദ്ധ്യമല്ല. അത് എല്ലാവരും സമ്മതിക്കുന്നതാണല്ലോ

    എന്നാൽ ഞാൻ വേറൊരു കാര്യം പറയട്ടേ? അടുത്ത വർഷം ഇതേ സമയത്ത് നാം എവിടെ ആയിരിക്കും എന്നതും ഒരു ചരിത്രമാണു. ആർക്കും മാറ്റിയെഴുതാനാകാത്ത ചരിത്രം. നാം അവിടെ എത്തും, വൈകുകയുമില്ല, നേരത്തെയുമല്ല.

    ReplyDelete