8/1/2014
പാലാ കടപ്പാട്ടൂർ നിന്ന് പൈക , പൊൻകുന്നം വഴി ~27 കിലോമീറ്റർ അപ്പുറത്ത് ചിറക്കടവ് ഭഗവതി ക്ഷേത്രത്തിൽ എത്തണമായിരുന്നു.
രാവിലെ നടക്കാൻ തുടങ്ങിയപ്പോഴാണ് ശ്രദ്ധിച്ചത് ഗുരുസ്വാമിയും വേറെ രണ്ടു സ്വാമിമാരും ചെരുപ്പിട്ട് നടക്കുന്നു .
ഞാൻ പതുക്കെ മൂപ്പർടെ അടുത്ത് ചെന്നിട്ട് "ഇങ്ങനെയൊക്കെ ചെയ്യാമോ ? " എന്ന് ചോദിച്ചു.
"എങ്ങനെ വേണമെങ്കിലും പോകാം .. ആരോഗ്യത്തോടെ അവിടെ വരെ എത്തിപ്പെടുക എന്നതാണ് പ്രധാനം " .
ആഹാ.. അപ്പടിയാ ? ഇതൊക്കെ നേരത്തേ പറയണ്ടേ ? എന്ന റോളിൽ പൈക എത്തിയതും ഞാൻ ഒരു സ്ലിപ്പർ വാങ്ങിയിട്ടു കാലിൽ .
ആലോചിച്ച് നോക്കിയാൽ ആങ്കിൽ ക്യാപ് ഇടുന്ന പോലെ തന്നെയല്ലേ ഇത് ?
പൊൻകുന്നം എത്തിയതും ഉച്ചയോടടുപ്പിച്ച് . ഭാഗ്യത്തിന് വെയിലിനു ചൂട് കുറവായിരുന്നു.
പൊൻകുന്നം അമ്പലത്തിൽ അന്നദാനമുണ്ടായിരുന്നു . അതൊക്കെ കഴിച്ച് റസ്റ്റ് എടുത്ത് അങ്ങനെ ഇരിക്കുമ്പോഴാണ് അവിടെ ഉള്ള വേറെ രണ്ടു മൂന്നു സ്വാമി ഗ്രൂപ്പുകളെ കണ്ടത് .
ചുമ്മാ ഒന്ന് പരിചയപ്പെട്ടെക്കാം എന്ന് കരുതി പേരും ഊരും ഒക്കെ ചോദിച്ചപ്പോഴല്ലെ രസം .. അതിൽ ഒരു മൂവർ സംഘം വരുന്നത് 750 കിലോമീറ്റർ അപ്പുറം കർണ്ണാടകയിലെ കൊല്ലൂർ നിന്നാണ് .
ഇനിയുള്ള വേറൊരു നാൽവർസംഘം വരുന്നത് 1660 കിലോമീറ്ററുകൾ അപ്പുറം ബോംബേ ( ഇപ്പോൾ മുംബായ് എന്ന് പറയും ) നിന്നും .
സത്യം പറയാമല്ലോ , ആ നിമിഷം വരെ ഞാൻ 350kms പദയാത്ര ചെയ്യുന്നു എന്നത് എന്റെയൊരു സ്വകാര്യ അഹങ്കാരമായിരുന്നു - കാരണം ഞാനറിയുന്ന ആരും , കുടുംബത്തിലോ സുഹൃത്തുക്കളിലോ ആവട്ടെ , അത് ചെയ്തിട്ടില്ല എന്നത് തന്നെ -അതെന്തായാലും തകർന്ന് തവിടുപൊടിയായി.
അതും പോരാഞ്ഞിട്ട് വേറൊരു പ്രായമായ സ്വാമിയുടെ കഥ കേട്ടപ്പോൾ അഹങ്കാരത്തിന്റെ നാഗസാക്കിയിലും വീണു , രണ്ടാമത്തെ ആണവപ്രഹരം.
കെ എസ് നായർ എന്ന (താഴെയുള്ള ഫോട്ടോയിലെ മെലിഞ്ഞ കക്ഷി ) ആ വന്ദ്യവയോധികന് ഇപ്പോൾ 80 വയസ്സായി . എന്റെ നാടായ പാലക്കാട് ലെ കൊഴിഞ്ഞാമ്പാറ ആണ് സ്വദേശം . എല്ലാവർഷവും അദ്ദേഹം അവിടെനിന്ന് നടന്നു സന്നിധാനം വരെ എത്തും . ഇത് തുടങ്ങിയിട്ട് ഒന്നും രണ്ടുമല്ല , 26 വർഷമായി !!
ഞാൻ പുള്ളിയെ കാൽ തൊട്ടു വന്ദിച്ചു . കൂടെ നിന്ന് ഫോട്ടോ എടുത്തു.
പുലി പോലെ വന്നവൻ എലി പോലെ പോയി എന്ന് കേട്ടിട്ടില്ലേ ? അതായിരുന്നു എന്റെ അവസ്ഥ .
ഗുരുസ്വാമി &കമ്പനി പൊൻകുന്നം നിർത്താതെ നേരെ ചിറക്കടവിലേക്ക് കത്തിച്ചു വിട്ടിരുന്നു . ഞങ്ങൾ ചിലർ മാത്രം വെയിലൊക്കെ മാറി പതുക്കെ നടന്നു .
ചിറക്കടവ് ഒരു ചെറിയ അമ്പലമാണെങ്കിലും , അവിടെ കൂടിയ ശീഘ്രം ധ്വജപ്രതിഷ്ഠ നടക്കാൻ പോവുകയാണ് . എന്നുവെച്ചാൽ കൊടിമരം സ്ഥാപിക്കൽ . തടി കൊണ്ടുള്ള കൊടിമരമാണ് . അത് കൊണ്ടുതന്നെ വളരെ വിശിഷ്ടവും . എന്തുകൊണ്ടെന്നാൽ കൊടിമരത്തിനുള്ള തടി അങ്ങനെ ആപ്പ ഊപ്പ മരത്തിന്റെ ഒന്നും പറ്റൂല . തേക്ക് , ഈട്ടി , വീട്ടി , ആഞ്ഞിലി അങ്ങനെ "സവർണ്ണ " ജാതി വൃക്ഷങ്ങൾ തന്നെ വേണം . അതും പോരാഞ്ഞ് , ചില ലക്ഷണങ്ങളും തികഞ്ഞിരിക്കണമത്രേ. അതായത് , കൊടിമരത്തിന്റെ ഉയരത്തോളം (40-50 അടി ) ഒറ്റ ശാഖ / ശിഖരം ഉണ്ടാകാൻ പാടില്ല . വളവോ തിരിവോ ഒന്നുമില്ലാത്ത ഒറ്റത്തടിയായിരിക്കണം. കേട് , പാട് , കൂട് അങ്ങനെയൊന്നും ഉണ്ടാകരുത് അങ്ങനെയങ്ങനെ .
ഇനി അങ്ങനെ ഒരു മരം കണ്ടുകിട്ടിയെന്നു തന്നെയിരിക്കട്ടെ , അത് വെട്ടിയി റക്കുമ്പോൾ കൊടിമരമായി മണ്ണിലുറപ്പിക്കുന്നത് നിമിഷം വരെ ധ്വജം നിലം തൊടരുത് .
മരമെങ്ങാനും സ്വകാര്യ വ്യക്തിയുടെ പറമ്പിലാണെങ്കിൽ പോരേ പൂരം !! ലക്ഷങ്ങളാണ് വിലയിടുക, in the റേഞ്ച് of 15- 20 lakhs .
എന്തായാലും ഞങ്ങൾ പോകുമ്പോൾ ആ (നിർ) ഭാഗ്യവാനായ വൃക്ഷശ്രേഷ്ഠന്റെ ലക്ഷണമൊത്ത മൃതദേഹം അമ്പലത്തിന് മുന്നിൽ എത്രയോ നാളത്തെ എണ്ണത്തോണി വാസം ഒക്കെ കഴിഞ്ഞങ്ങനെ കിടക്കുകയാണ് . ഈ നൂറ്റാണ്ടിൽ ഇനിയൊരു വൃക്ഷധ്വജപ്രതിഷ്ഠ കാണാൻ ചാൻസ് കുറവാണെന്ന് ഗുരുസ്വാമി പറഞ്ഞപ്പോൾ ഞാൻ അതിന്റെ കുറച്ചു ഫോട്ടോ എടുത്തു വച്ചു .
ചിറക്കടവ് എന്ന പേരുപോലെ തന്നെ ചെറിയൊരു കാട്ടരുവിയും ചിറയും കടവുമൊക്കെ ഉണ്ടായിരുന്നു സമീപത്ത് തന്നെ . നാളെ രാവിലെ എരുമേലി എത്തും . യാത്ര അതിന്റെ പര്യവസാനത്തിലേക്കടുക്കുകയാണ് .
തുടര്‍ന്ന് വായിക്കുവാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക >>
പാലക്കാടില്‍ നിന്ന് നടന്ന് ശബരിമലയിലേക്ക് : യാത്ര അവസാനിക്കുമ്പോള്‍
പഴയ നടത്തം തുടരുന്നതിൽ സന്തോഷം
ReplyDeletefoto evide?
ReplyDelete