Monday 22 December 2014

മരം

ഇന്നലെ ,

വഴിവക്കിലെ മരത്തിനോട്
ഞാൻ  പറഞ്ഞു

"
ഇന്ന് നിന്നെ പറ്റി 
രണ്ടു വാക്കെഴുതണം
കഥയോ, കവിതയോ..

നിരാശക്കറുപ്പില്‍  പേ മുക്കി
പ്രത്യാശയുടെ വെണ്മയില്‍
രണ്ടുവാക്ക്.

അതെന്റെയും നിന്റെയും
അവസാനത്തെതാവാതിരിക്കട്ടെ..

----------------------------------------------------

ഇന്ന് ,

അവന്‍റെ വലംകയ്യില്‍ 
എന്‍റെ മുഷിഞ്ഞ കുപ്പായം
കത്തി ചാമ്പലാകുമ്പോള്‍
ഞാന്‍ എന്നത്തെയും പോലെ 
നിസ്സംഗനാണ്.

മുറിഞ്ഞ കയ്യില്‍ നിന്ന് 
ചോരയൊലിക്കുന്നെങ്കിലും
അവന്‍ എന്നത്തെയും പോലെ 
നിശബ്ദനും.




Tuesday 16 December 2014

ഒറ്റയാന്‍

കരുതിവെച്ചിരുന്നൊരുകുടം കടലാണ്
നിന്റെ കാലടിയിലുടഞ്ഞുപോയത്

കൂര്‍ത്ത വാക്കിന്റെ കുന്തമുനയാണ്
കരളിലത്രയും കുത്തി നോവിച്ചത്

അകലെയാണീ ദുരിതപര്‍വ്വത്തില്‍ നി-
ന്നൊരു വിനാഴികയകലെയാണ് ഞാന്‍

വെറുംവയറിന്റെ തന്ത്രികള്‍ മീട്ടി
ഒരു മരത്തിന്റെ തണലിലൊറ്റയ്ക്ക്
പതിതനെപോലിരിക്കയാണ് ഞാന്‍ .

ഇടറും കണ്‍ഠത്തിന്നപശ്രുതി ചേര്‍ത്ത
കദനഗീതം ഞാന്‍തുയിലുണര്‍ത്തുമ്പോള്‍,

അകലെ നീ ജീവിതവിജയശംഖങ്ങള്‍
ദിഗന്തം ഭേദിച്ചുറക്കെ മുഴക്കയാം .

വിരസമായൊരീ മനുഷ്യജന്മത്തിന്റെ
വിഫലനിമിഷങ്ങളയവിറക്കുമ്പോള്‍

ഭൂതകാലത്തിന്‍ വാതില്‍മറവില്‍നി-
ന്നോടിയെത്തുന്നോര്‍മ്മകള്‍ ,കുസൃതികള്‍ .

ദൂരെ മാമരക്കൊമ്പിലൊരുമിച്ച്
കുരുവികള്‍ പോലെ നാം ചിലച്ചതും ,

അരിയ വാനിന്റെയഴകിനെ നോക്കി
ചിറകുകള്‍ ചേര്‍ത്ത് നാം പറന്നതും,

കൊടിയ വറുതിയില്‍, പ്രളയകാലത്തില്‍
ഒരു വാക്കിന്‍ നിറവില്‍ , പശി മറന്നതും,.

ചിറകൊടിഞ്ഞതും , കരളു നൊന്തതും
ചിതലരിച്ചതും, കടലെടുത്തതും ..

ഇരുളിനോടേറ്റു മൃതിയണഞ്ഞിടാന്‍
കരിന്തിരികത്തും കെടാവിളക്കു പോല്‍
മെയ്മറന്നു ഞാന്‍ പൊരുതിയെങ്കിലും ,

മറവി തന്നാഴിയിലാണ്ടുപോകുമോ
സ്മരണയില്‍ത്തന്നെ ദീപ്തമാകുന്ന
ക്ഷണികജീവിതത്തിന്നനര്‍ഘനിമിഷങ്ങള്‍?