Saturday 9 May 2015

സാധാരണ കണ്ടുവരുന്ന ദന്തരോഗങ്ങള്‍ : ദന്തക്ഷയം



പല്ലുകളുടെ രൂപഘടനയെക്കുറിച്ച്  അത്യാവശ്യം അറിഞ്ഞിരിക്കേണ്ട കാര്യങ്ങള്‍ കഴിഞ്ഞ പാഠത്തില്‍ നമ്മള്‍ പഠിച്ചതാണല്ലോ .ഇനി സാധാരണയായി കണ്ടുവരുന്ന ദന്തരോഗങ്ങളെ പരിചയപ്പെടാം.


  1. ദന്തക്ഷയം 
  2. മോണവീക്കവും അനുബന്ധ അസുഖങ്ങളും 
  3. അപകടങ്ങള്‍ കൊണ്ടുണ്ടാവുന്ന പരിക്കുകള്‍ 
  4.  ഓറല്‍ ക്യാന്‍സര്‍  
  5. മറ്റു രോഗങ്ങള്‍ 

1. ദന്തക്ഷയം 

എല്ലാവര്‍ക്കും പരിചയമുള്ള ഒന്നാണ്  പല്ലിലെ പോട്  അഥവാ ഡെന്റല്‍ കേരീസ്  (Dental Caries)
മിക്കവാറും പേര്‍ അതുകൊണ്ട്  ജീവിതത്തിലൊരിക്കലെങ്കിലും ബുദ്ധിമുട്ടിയിട്ടുള്ളവരും ആയിരിക്കും.
എങ്ങനെയാണ് ദന്തക്ഷയം വേദനിപ്പിക്കുന്ന ഒരനുഭവമാകുന്നത് എന്ന്   ഒന്നാം പാഠത്തില്‍  പറഞ്ഞത് ഓര്‍ക്കുന്നുണ്ടാവുമല്ലോ ?

ഇനി  നമ്മള്‍ പലതരം ദന്തക്ഷയങ്ങളെ അറിയാന്‍ ശ്രമിക്കുകയാണ്.
കേട് പല്ലിന്‍റെ ഏതു ഭാഗത്ത് വരെ / എത്ര ആഴത്തില്‍ എത്തി എന്നതിനെ ആസ്പദമാക്കി ദന്തക്ഷയത്തെ മൂന്നായി തരം തിരിക്കാം 

1. ഇനാമല്‍ കേരീസ് 
പല്ലിന്‍റെ ഏറ്റവും പുറമെയുള്ള ഇനാമല്‍ മാത്രം ബാധിച്ചിരിക്കുന്ന തരം.


       A ) ENAMEL CARIES                               B) DENTINAL CARIES                               C) PULP EXPOSURE                              

ഇനാമല്‍ കേരീസ് ദന്തക്ഷയത്തിന്റെ തുടക്കമാണ് .


നമ്മള്‍ കഴിക്കുന്ന ഭക്ഷണം/ അവശിഷ്ടങ്ങള്‍  പല്ലിന്‍റെ ചവച്ചരയ്ക്കുന്ന പ്രതലത്തിലെ  വളരെ ചെറിയ മടക്കുകളില്‍ (grooves ) ഇല്‍ തങ്ങിനിന്നാല്‍ , വായ്ക്കകത്തെ അണുക്കള്‍- പ്രധാനമായും സ്ട്രെപ്റ്റോകോക്കസ് മ്യൂട്ടന്‍സ് ( Streptococcus mutans ) എന്ന വിരുതന്‍ -   അവയെ (ഫെര്‍മന്റേഷന്‍ വഴി ) ഭക്ഷണമാക്കി വംശവര്‍ദ്ധനവ്‌  നടത്തുന്നു . ഈ പ്രക്രിയയില്‍ വളരെയധികം ലാക്റ്റിക് ആസിഡ് ഉത്പാദിപ്പിക്കപ്പെടുന്നു.
സ്ട്രെപ്റ്റോകോക്കസ് മ്യൂട്ടന്‍സ് - മൈക്രോസ്കോപ്പ് ദൃശ്യം 


ഈ അമ്ലങ്ങള്‍ ഇനാമലുമായി സമ്പര്‍ക്കത്തില്‍ വരുമ്പോള്‍ അതില്‍ നിന്ന്  വലിയ തോതില്‍ ധാതുശോഷണം(Demineralization ) സംഭവിക്കുന്നു .ഇത്  റിവേഴ്സ് ബള്‍ ആയ ഒരു പ്രക്രിയ ആണ്.
അവസരം കിട്ടുന്നിടത്തെല്ലാം കോളനിവത്കരണം നടത്തുന്ന ബാക്ടീരിയകള്  കൂട്ടമായി പല്ലിന്‍റെ ചുറ്റിലും മോണയുടെ പരിസരപ്രദേശങ്ങളിലും ഒരു ക്രീമി പേസ്റ്റ് പോലെ ചെറിയ അളവില്‍ കാണപ്പെടുന്നതിനെ ദന്തവൈദ്യന്‍മാര്‍ " പ്ലാക്ക് " (PLAQUE) എന്ന് വിളിക്കുന്നു.
പ്ലാക്ക് / PLAQUE 




കണ്ടാല്‍ തികച്ചും നിരുപദ്രവകരമെന്ന് തോന്നുന്ന പ്ലാക്ക്  യഥാര്‍ത്ഥത്തില്‍ അപകടകാരിയാണ്.
അത്  അണുക്കള്‍ക്ക് വളരാന്‍ പറ്റിയ സാഹചര്യം ഒരുക്കുന്നു. നാക്കിന്‍റെ ശുചീകരണചലനങ്ങളില്‍ നിന്ന്  വലിയ ഒരളവു വരെ അതവയുടെ കോളനികള്‍ക്ക് പല്ലിനോട് ചേര്‍ന്നു തന്നെ പെറ്റുപെരുകാന്‍ അവസരം നല്‍കുന്നു.

ഈ പ്ലാക്ക് ആണ്  ക്രമേണ  ഉമിനീരിലും ഭക്ഷണത്തിലും മറ്റുമുള്ള കാല്‍സിയം ആഗിരണം ചെയ്ത് കട്ടിയായി പല്ലിനോട് ഒട്ടിപ്പിടിച്ചിരിക്കുന്ന "കാല്‍ക്കുലസ്" (CALCULUS) ആയി രൂപാന്തരം പ്രാപിക്കുന്നത്.

കാല്‍ക്കുലസ് 



കാല്‍ക്കുലസ്  ന്‍റെ പ്രതലം റഫ് ആയിരിക്കുന്നതിനാല്‍ അത് വീണ്ടും പ്ലാക്ക്  അടിഞ്ഞുകൂടാന്‍ കാരണമാവുകയും ചെയ്യുന്നു. അങ്ങനെ കാല്‍ക്കുലസ് അട്ടിയട്ടിയായി പല്ല് മോണയോട് ചേരുന്ന ഭാഗത്തും , അണപ്പല്ലുകളുടെ ചവയ്ക്കല്‍ പ്രതലത്തിലും (OCCLUSAL surface/chewing surface ) അസാധാരണമായ അളവില്‍ കൂടുന്നു.

ഇതേ സമയം പ്ലാക്ക് / കാല്‍ക്കുലസ് ഒട്ടിപ്പിടിച്ചിരിക്കുന്നതിന് താഴെ പല്ലിനോട് ചേര്‍ന്നു അണുക്കളുടെ കോളനി താഴേക്ക് വ്യാപിക്കുകയും ദന്തക്ഷയം കൂടുതല്‍ ആഴമുള്ളതാവുകയും ചെയ്യുന്നു.

ഇനാമല്‍ അജൈവമായത്  കൊണ്ട്  ഇനാമല്‍ കേരീസ് പ്രത്യക്ഷ തലത്തില്‍ രോഗിക്ക്   ( പുളിപ്പ് , വേദന , നീര്‍ക്കെട്ട് ഇത്യാദി )കുഴപ്പമൊന്നും ഉണ്ടാക്കുന്നില്ലെങ്കിലും ഒരു ഇര്‍റിവേഴ്സ്ബള്‍ പ്രക്രിയയുടെ തുടക്കം എന്ന നിലക്ക്  അത്യന്തം പ്രധാനമാണ്.

ഏറ്റവും എളുപ്പത്തില്‍ / ചെലവ് കുറവില്‍   ചികിത്സിച്ച് ഭേദമാക്കാവുന്നവ ഇത്തരം ഏര്‍ളി സ്റ്റേജ്  കേരീസ് ആണ് .

2. ഡെന്‍ടിനല്‍ കേരീസ്

ദന്തക്ഷയം പല്ലിന്‍റെ രണ്ടാം പാളിയായ ഡെന്‍റ്റീനില്‍ എത്തിയെങ്കില്‍ ആ സ്റ്റേജ് നെ ഡെന്‍റ്റിനല്‍ കേരീസ് എന്ന് വിളിക്കുന്നു.ഈ സ്റ്റേജ് എത്തുമ്പോള്‍ മാത്രമാണ്   രോഗിക്ക്  ദന്തക്ഷയം മൂലമുള്ള പ്രശ്നങ്ങള്‍   ( പുളിപ്പ് , വേദന ഇത്യാദി ) അനുഭവപെട്ടു തുടങ്ങുന്നത്.
ചികിത്സ അത്യാവശ്യമായി വരുന്ന ഘട്ടമാണിത്.
ഇവിടെ വേദനയെ അവഗണിക്കുകയോ സ്വയം ചികിത്സ ( അടുത്തുള്ള മെഡിക്കല്‍ ഷോപ്പില്‍ നിന്ന് വേദനയ്ക്കുള്ള മരുന്ന് വാങ്ങി കഴിക്കല്‍ ,  ആള്‍ട്ടര്‍നേറ്റീവ്  മരുന്നുകള്‍ ) ചെയ്ത് താല്‍കാലിക രക്ഷ നേടുകയോ ചെയ്യുന്നത്  അപകടമാണ്.  കാരണം ദന്തക്ഷയം ഈ ലേയറിലൂടെ   താഴെയുള്ള പള്‍പ്പിന്റെ അടുത്തെത്തുന്തോറും  ചികിത്സയുടെ രീതി , ചെലവ് ഒക്കെ മാറും.


പുളിപ്പ് /വേദന എന്നിവ അനുഭവപ്പെട്ടാല്‍ ഉടനെ ഒരു ദന്തവൈദ്യനെ കണ്ടു പരിശോധിക്കുക എന്നതാണ് ഏറ്റവും ഫലവത്തായ / പ്രായോഗികമായ കാര്യം.

3 . പള്‍പ്പ് എക്സ്പോഷര്‍ -

ദന്തക്ഷയം താരതമ്യേന വലി പ്പമുള്ള ഡെന്‍റ്റീന്‍ എന്ന പാളിയും കടന്നു താഴോട്ട് വ്യാപിച്ചു ഒടുവില്‍ പല്ലിന്‍റെ മാംസളഭാഗമായ  പള്‍പ്പില്‍ എത്തുന്നതോടെ പ്രശ്നം ഗുരുതരമാവുന്നു. ഒന്നാം പാഠത്തില്‍ പറഞ്ഞതുപോലെ അണുക്കളുടെ  പ്രത്യുല്പാദനപ്രക്രിയയ്ക്കുതകുന്ന സാഹചര്യങ്ങള്‍ പള്‍പ്പില്‍ ഉള്ളതുകൊണ്ടുള്ള എല്ലാ ബുദ്ധിമുട്ടുകളും രോഗി അനുഭവിക്കേണ്ടി വരുന്നു.
അതികഠിനമായ വേദന ( രാത്രിസമയങ്ങളില്‍ കൂടുതലാവുന്നത് ) കേട്  പള്‍പ്പില്‍ എത്തി എന്നതിന്‍റെ അപായസൈറന്‍ ആയി കണക്കാക്കാം .

രോഗിയുടെ പ്രതിരോധശേഷി അനുസരിച്ച് രോഗിയ്ക്ക്  ഉണ്ടാകുന്ന ബുദ്ധിമുട്ടുകള്‍ പലതാകാം.
മികച്ച പ്രതിരോധവ്യവസ്ഥ ഉള്ള ആളുകളില്‍ പള്‍പ്പ് എക്സ്പോഷര്‍ ഉണ്ടായാല്‍ ഉടന്‍ ശരീരത്തിന്‍റെ പ്രതിപ്രവര്‍ത്തനം ഉണ്ടാവുകയും അണുക്കള്‍ ഏകദേശം ഉന്മൂലനം ചെയ്യപെടുകയും ചെയ്യാം.

എന്നാല്‍ തുടര്‍ച്ചയായ അധിനിവേശ കോളനികള്‍ എത്തുന്നതോടെ യുദ്ധം രൂക്ഷമാവുകയും ശരീരത്തിന്‍റെ ഇന്ഫ്ലമേറ്ററി പദാര്‍ഥങ്ങളുടെ സാന്നിദ്ധ്യം വര്‍ദ്ധിക്കുമ്പോള്‍ അത് നീരായി പുറത്ത് ദൃശ്യമാവുകയും ചെയ്യും. അണുക്കളുടെ വര്‍ദ്ധനവ് /മരണം അവയുടെ ടോക്സിനുകള്‍ പുറത്ത് വരാന്‍ കാരണമാവുമ്പോള്‍  , അത് ചലമായി മാറുന്നു. ഇവയെല്ലാം  കൂടെ പല്ലിന്‍റെ വേരിനടിയില്‍ കുമിഞ്ഞുകൂടി അകത്തെ മര്‍ദ്ദം വര്‍ദ്ധിക്കുമ്പോള്‍ വേദന അസഹ്യമാവുന്നു. ചലം ഒരു പരിധിയില്‍ കൂടുമ്പോള്‍ അത് പുറത്തുപോകുവാന്‍ ഏറ്റവും എളുപ്പമായ കോശകലകളെ ഭേദിച്ച് പുറത്തേക്ക് പൊട്ടിയൊഴുകാം .


ഈ യുദ്ധം ഒരു ഇക്വിലിബ്രിയം ആയി മാറിയേക്കാം . അങ്ങനെ സംഭവിച്ചാല്‍ , പല്ലിന്‍റെ വേരിനടിയില്‍ ഒരു പെരി-അപ്പിക്കല്‍   ഗ്രാനുലോമ  ( അണുക്കള്‍ v/s വെളുത്ത രക്താണുക്കള്‍ ടെ യുദ്ധക്കളം ) രൂപപ്പെടുകയും പള്‍പ്പ്  ക്രമേണ ക്രമേണ നിര്‍ജീവമാകുകയും ചെയ്യുന്നു.



പള്‍പ്പ്  എക്സ്പോഷര്‍ വന്ന പല്ലിനെ രക്ഷിചെടുക്കുക ബുദ്ധിമുട്ടാണ്.
പള്‍പ്പ് കാപ്പിംഗ് എന്ന ചികിത്സ നിലവിലുണ്ടെങ്കിലും അതെത്രത്തോളം ഫലപ്രദമാണ് എന്ന കാര്യം തര്‍ക്കവിഷയമാണ്.


ചികിത്സ 

ഇനാമല്‍ , ഡെന്‍റ്റിനല്‍ കേരീസ് ആദ്യം പറഞ്ഞത് പോലെ തന്നെ ചികിത്സിക്കാന്‍ താരതമ്യേന എളുപ്പവും ചെലവ്  കുറവുമാണ്.
പോടടയ്ക്കുവാന്‍ ഉപയോഗിക്കുന്ന വിവിധ തരം ഡെന്റല്‍ മെറ്റീരിയല്സ്  ഏതൊക്കെയാണ് എന്ന് താഴെകൊടുക്കുന്നു.

1. അമാല്‍ഗം ഫില്ലിംഗ് / A .F  




അമാല്‍ഗം ഫില്ലിംഗ്. - 1 
അമാല്‍ഗം ഫില്ലിംഗ്  - 2 

സാധാരണയായി മെര്‍ക്കുറിയും സില്‍വര്‍ അല്ലോയ് പൌഡറും മിക്സ് ചെയ്തുണ്ടാക്കുന്ന അമാല്‍ഗമാണ്  പല്ലിലെ പോടടയ്ക്കാനായി ഉപയോഗിക്കുന്നത്.
ഇതിനു ഒരുപാട് ഗുണങ്ങളും കുറച്ച് ചെറിയ ദോഷങ്ങളുമുണ്ട്.

 ഗുണങ്ങള്‍ 
a . ഈട് - നല്ല രീതിയില്‍ ചെയ്യുന്ന അമാല്‍ഗം ഫില്ലിംഗ്   15 - 20 വര്‍ഷത്തോളം ഒരു കുഴപ്പവുമില്ലാതെ ഇരിക്കാറുണ്ട്. ചിലത്  ജീവിതാന്ത്യം വരെപോലും.
b . ചെയ്യുവാന്‍ താരതമ്യേന എളുപ്പം.
c. ചെലവ് കുറവ്
d.നല്ല ഫിനിഷിംഗ്


ദോഷങ്ങള്‍
a . പല്ലിന്‍റെ നിറമല്ല
b.പല്ലിനോട് ഒട്ടിച്ചേര്‍ന്നു നില്‍ക്കുന്നതല്ല.
c. മെര്‍ക്കുറിയുടെ ഡിസ്പോസല്‍ രീതി പരിസ്ഥിതിക്ക്  ദോഷം വരാതെ ശ്രദ്ധിക്കണം.


2. ഗ്ലാസ് അയണോമര്‍ സിമന്‍റ് / G.I.C 

പല്ലിന്‍റെ നിറമുള്ള ഒരു സിമന്‍റ് ആണിത്. വെവ്വേറെ ബോട്ടിലുകളില്‍ പൊടിയും ലിക്വിഡ് ഉം ആയി ലഭിക്കുന്ന  ഈ  സിമന്‍റ്  രണ്ട് കംപോണന്റ്റും  കൃത്യമായ അനുപാതത്തില്‍ മിക്സ് ചെയ്താണ്  ആവശ്യാനുസരണം ഉപയോഗിക്കുന്നത്.

പല പല ബലത്തില്‍ ലഭിക്കുന്ന ഇവ വിവിധ ആവശ്യങ്ങള്‍ക്കായി ഉപയോഗിക്കാം.
 പല്ലിനോട് ഒരു രാസപ്രവര്‍ത്തനം വഴി ഒട്ടിപ്പിടിച്ചിരിക്കുന്ന ഈ സിമന്‍റ് ആണ്  പല്ലിന്‍റെ തേയ്മാനങ്ങള്‍ നികത്താനായി ഉപയോഗിക്കാറ്.

1.ജി ഐ സി ഫില്ലിംഗ് - തേയ്മാനം ചികിത്സിക്കാന്‍ ഉപയോഗിച്ചിരിക്കുന്നു 

2. ജി ഐ സി ഫില്ലിംഗ് - പോടടയ്ക്കാനായി ഉപയോഗിച്ചിരിക്കുന്നു.


3. കോംപോസിറ്റ്  ഫില്ലിംഗ് 
ഇപ്പോള്‍ വളരെ പ്രചാരത്തിലുള്ള മറ്റീരിയല്‍ ആണ് ഡെന്റല്‍ കോംപോസിറ്റ് .
ഏറ്റവും മികച്ച രീതിയില്‍ പല്ലിനോട് ഒട്ടിപ്പിടിച്ചു നില്‍ക്കുന്നതായതിനാല്‍ ബലം കൂടുതായിരിക്കും.
പല പല ഷേഡുകളില്‍ ലഭിക്കുന്ന ഇത്തരം ഫില്ലിങ്ങുകള്‍ യാതൊരുവിധ കൃത്രിമത്വവും തോന്നാത്തവിധം പല്ലിന്‍റെ കേടുകളും കുറവുകളും മാറ്റാന്‍ ഉപയോഗിക്കാം.
അപകടങ്ങളില്‍ ഭാഗികമായി പൊട്ടിപോകുന്ന പല്ലുകളുടെ  ചില തരം  പൊട്ടലുകള്‍   ഈ മറ്റീരിയല്‍ ഉപയോഗിച്ചാണ് പഴയ രൂപത്തിലാക്കാറുള്ളത് .

മുകളില്‍ എ എഫ് ചെയ്ത പല്ലുകള്‍ കോംപോസിറ്റ് ആക്കിയപ്പോള്‍ ഉള്ള വ്യത്യാസം ശ്രദ്ധിക്കുക .


പൊട്ടിയ മുന്‍നിര പല്ലിനെ കോംപോസിറ്റ് കൊണ്ട്  പുനസൃഷ്ടിചിരിക്കുന്നു . 

4 . കാസ്റ്റ് മെറ്റല്‍ ഫില്ലിംഗ്സ്  ( ഇന്‍ലേ / ഓണ്‍ ലേ / ഓവര്‍ ലേ )

ചില അവസരങ്ങളില്‍ അമാല്‍ഗം / ജി ഐ സി / കോംപോസിറ്റ് എന്നീ ഫില്ലിങ്ങുകളെ ക്കാള്‍ ബലം ആവശ്യമാകുന്ന വിധത്തില്‍ ദന്തക്ഷയം പരക്കെ വ്യാപിച്ചിരിക്കാം . അങ്ങനെ വന്നാല്‍ ലോഹങ്ങളില്‍ കാസ്റ്റ് ചെയ്തെടുക്കുന്ന പ്രത്യേക തരം ഫില്ലിങ്ങുകള്‍ ആവശ്യമാണ്‌. ഇവ പ്രധാനമായും ഇന്‍ ലേ അല്ലെങ്കില്‍ ഓണ്‍ ലേ എന്ന്‍ വിളിക്കപെടുന്ന ഫില്ലിംഗ്സ് ആണ്.

 
ക്രമത്തില്‍ ഇന്‍ ലേ , ഓണ്‍ ലേ , ഓവര്‍ ലേ
 


ഫുള്‍ മെറ്റല്‍ ഓണ്‍ ലേ യുടെ രണ്ട് സാമ്പിളുകള്‍ മുകളില്‍ ^^.

4. ഗോള്‍ഡ്‌ ഫില്ലിംഗ്സ് 

നമ്മുടെ പണ്ടത്തെ "സ്വര്‍ണ്ണം കെട്ടിയ" പല്ലുകള്‍ തന്നെ.

ഇപ്പോഴും ഏറ്റവും ഐഡിയല്‍ ആയ ഫില്ലിംഗ്  ആയാണ് ഗോള്‍ഡ്‌ ഫില്ലിംഗ്സ് അറിയപ്പെടുന്നത്. കാരണം മറ്റു എല്ലാ ഫില്ലിംഗ് സിനും എന്തെങ്കിലും ഒരു കുറവ് ഉള്ളത് ഒന്നും പ്രതിപ്രവര്‍ത്തനം ചെയ്യാത്ത ലോഹം ആയത് കൊണ്ട് ഗോള്‍ഡ്‌ ന് ഇല്ല.

സ്വാഭാവികമായും ചെലവ് വളരെ കൂടുതലാണ്  എന്നതും വെളുത്ത നിറമല്ല എന്നതും ഇതിന്‍റെ ഉപയോഗത്തിന് വിഘാതം ആണെങ്കിലും ഇപ്പോഴും ചിലര്‍ ഗോള്‍ഡ്‌ ഫില്ലിംഗ്സ് തന്നെ വേണം എന്ന് ആവശ്യപെടാരുണ്ട്.

a. സ്വര്‍ണ്ണം കെട്ടിയ പല്ലുകള്‍. 


b. ഗോള്‍ഡ്‌ ഫില്ലിംഗ്സ് .




ഇതൊക്കെയാണെങ്കിലും പല്ലില്‍ പോട് വരാതെ സൂക്ഷിക്കുക എന്നതാണ് ഏറ്റവും നല്ല ചികിത്സ.


ഓര്‍ക്കുക , PREVENTION IS BETTER THAN CURE. 


തുടരും....

അടുത്ത ലക്കം : 

14 comments:

  1. അറിവുപകരുന്ന നല്ല പാഠങ്ങള്‍.
    തീര്‍ച്ചയായും ഉപകാരം ചെയ്യും.
    ആശംസകള്‍

    ReplyDelete
    Replies
    1. നന്ദി തങ്കപ്പന്‍ ചേട്ടാ.. കഴിയുമെങ്കില്‍ അറിവുകള്‍ ഷെയര്‍ ചെയ്ത് പരമാവധി ആളുകള്‍ക്കിടയില്‍ എത്തിക്കാന്‍ സഹായിക്കുമല്ലോ ?

      വീണ്ടും വരിക .

      Delete
  2. സ്കൂള്‍കാലത്തെ ഒരു അപകടത്തെത്തുടര്‍ന്ന് മുന്‍‌നിരയിലെ നാലുപല്ലുകള്‍ക്ക് ക്ഷതമേറ്റിരുന്നു. വര്‍ഷങ്ങള്‍ കഴിഞ്ഞപ്പോള്‍ നിറവത്യാസം വരികയും പിന്നെ അതെടുത്ത് കളയുകയും ചെയ്തു. രണ്ടുവശത്തെയും പല്ലുകള്‍ രാകിച്ചെറുതാക്കിയിട്ട് ക്യാപ്പുകള്‍ ഇടുകയാണ് ചെയ്തത്. 1994-ല്‍. മെറ്റല്‍ തെളിഞ്ഞുതുടങ്ങിയതിനാല്‍ 2005-ല്‍ അതൊക്കെ തട്ടിക്കളഞ്ഞിട്ട് വേറെ ക്യാപ്പ് ഇട്ടു. അതിന്റെയും മെറ്റല്‍ തെളിഞ്ഞുതുടങ്ങി. അടുത്ത അവധിക്ക് പോകുമ്പോള്‍ പുതിയത് ഇടണം എന്നാണ് പ്ലാന്‍.

    രണ്ട് ചോദ്യങ്ങള്‍ ഉണ്ട്. കഴിഞ്ഞതവണ ക്യാപ്പ് ഊരിയെടുത്തത് വളരെ നേരത്തെ അദ്ധ്വാനത്തിന് ശേഷമാണ്. ഇപ്പോള്‍ അതിന് വല്ല എളുപ്പവഴിയും ഉണ്ടോ? വല്ല സോള്‍വന്റ് ഒഴിച്ച് സിമന്റ് ലയിപ്പിച്ച് കളയുന്ന എന്തെങ്കിലും മാര്‍ഗ്ഗം? അടുത്ത സംശയം, മെറ്റല്‍ ഇല്ലാത്ത ക്യാപ്പ് ഇട്ടാല്‍ തേയ്‌മാനപ്രശ്നം ഒഴിവാക്കാനാകുമോ?

    അഡ്വാന്‍സ് ആയി ഒരു താങ്ക്സ് പറയട്ടെ.

    ReplyDelete
    Replies
    1. അത് മാറ്റിയിട്ട് metal free cover പിടിപ്പിച്ചാൽ മതി....

      Delete
  3. ന്താന്നറിയില്ല പല്ല് ഡോക്ടര്‍മാരെ നിക്ക് ഇപ്പോഴും പേടിയാ... സത്യം. ഈ പാഠങ്ങള്‍ പഠിച്ചാലെങ്കിലും കുറച്ചു ധൈര്യം കിട്ട്യാ മതിയായിരുന്നു. നന്ദി അജിത്‌...

    ReplyDelete
    Replies
    1. മുബിത്താ... ചെറുപ്പത്തില്‍ ഭയപ്പെടുത്തുന്ന അനുഭവം എന്തെങ്കിലും പല്ല് ഡോക്ടര്‍മാര്‍ ല്‍ നിന്നും കിട്ടിയിടുണ്ടോ ? :) അറിവിന്‍റെ വെളിച്ചം ഉണ്ടാവുകുംപോള്‍ ഭയത്തിന്‍റെ നിഴലുകള്‍ ഇല്ലാതാകുമെന്നാണ് ശാസ്ത്രം.

      കഴിയുമെങ്കില്‍ ഈ അറിവുകള്‍ ഷെയര്‍ ചെയ്ത് പരമാവധി ആളുകള്‍ക്കിടയില്‍ എത്തിക്കാന്‍ സഹായിക്കുമല്ലോ ?

      വീണ്ടും വരിക .

      Delete
  4. കിടു പോസ്റ്റ്‌....

    ReplyDelete
    Replies
    1. നന്ദി വിനോദ്. കഴിയുമെങ്കില്‍ അറിവുകള്‍ ഷെയര്‍ ചെയ്ത് പരമാവധി ആളുകള്‍ക്കിടയില്‍ എത്തിക്കാന്‍ സഹായിക്കുമല്ലോ ?

      വീണ്ടും വരിക .

      Delete
  5. നല്ല പോസ്റ്റ്‌. നന്ദി. . എല്ലാ ആളുകള്ക്കും‍ ഉപകാരപ്രദം ആണ് എന്നതിനാൽ ഷെയര്‍ ചെയ്യുന്നു. ..

    ReplyDelete
    Replies
    1. തൃശ്ശൂര്‍ക്കാരന്‍ . .. ഒരുപാട് സന്തോഷം . :)

      വീണ്ടും വരിക .

      Delete
  6. ഉപകാരമുള്ള പോസ്റ്റ്....

    ReplyDelete
  7. കാല്‍ക്കുലസ് ധാരാളം ഉണ്ടെനിക്കു, ദന്തിസ്റ്റിന്റെ അടുത്തു പോയപ്പോല്‍ പല്ല് ക്ലീന്‍ ചെയ്യിപ്പിച്ചു, അതു പിന്നെം വന്നു, ഇപ്പൊ പുളീപ്പും ഉണ്ട്, ഇനീം പോയാല്‍ വരു ക്ലീന്‍ ചെയ്യും അതിനെന്തു ചെയ്യണം ന്നു കൂടി പറഞ്ഞു തരണേ... അതിനിടയില്‍ പറയട്ടെ പോസ്റ്റ് വളരെ വിജ്ഞാനപ്രദമായിരിക്കുന്നു, വളരെ ലളിതവും മനസ്സിലാവുന്നത്ര നന്നായി എഴുതി, വീണ്ടും വരാം...ചെറുതായി പേടിപ്പിക്കേം ചെയ്തു, അല്ല ഇതത്ര എളുപ്പള്ള വേദനയല്ലാന്ന് പറഞ്ഞ്.. അല്ല ഇത്തിരി പേടിയൊക്കെ നല്ലതാ...

    ReplyDelete