Friday, 24 April 2015

കെ ആര്‍ മീരയുടെ കഥകള്‍

പൊതുവേ കഥകള്‍ വായിക്കാറില്ലാത്ത ഞാന്‍ കഥയെഴുതുന്നവരോടുള്ള സമ്പര്‍ക്കം കൊണ്ടാണ് പതിയെ ആ ദുശ്ശീലം മാറ്റിയെടുത്തുകൊണ്ടിരിക്കുന്നത് .

ഇതുവരെ വായിച്ച ചുരുക്കം ചില സമകാലിക മലയാളം കഥകളില്‍ മനസ്സില്‍ മുദ്രണം ചെയ്തതുപോലെ നില്ക്കുന്ന രണ്ടേ രണ്ട് കഥകളേ ഉള്ളൂ..

1.തല : ശിഹാബുദ്ധീന്‍ പൊയ്ത്തുംകടവ്
2.ജനാബ് കുഞ്ഞിമൂസ ഹാജി : സേതു എന്നിവയാണത്.


അങ്ങനെയിരിക്കുമ്പോഴാണ്  സുഹൃത്തും നാട്ടുകാരനും ബ്ലോഗറുമായ സംഗീത്  കെ. ആര്‍ മീരയുടെ കഥകള്‍ അതിഗംഭീരമാണെന്നും വായിച്ചിട്ട് അവന്‍ അസ്തപ്രജ്ഞനായി പോയി എന്നൊക്കെ പറയുന്നത്.

ഞാനാണെങ്കി അവരുടെ നോവല്‍ " ആരാച്ചാര്‍ " കോപ്പിയടിച്ചതാണെന്നൊക്കെയുള്ള കിംവദന്തികള്‍ കേട്ട്  സംശയത്തോടെ  ഇരിക്കുന്ന സമയം.

എന്തായാലും സുഹൃത്തിന്‍റെ കയ്യില്‍ നിന്ന് പുസ്തകം കടം വാങ്ങിച്ച്  കഥകള്‍ വായിച്ചുതുടങ്ങിയപ്പോള്‍ തെറ്റിദ്ധാരണകളൊക്കെ കൊടുങ്കാറ്റിലെന്നപോലെ കടപുഴകി.

എത്ര മനോഹരങ്ങളായ കഥകളെന്നോ !!!

കഥയുടെ ക്രാഫ്റ്റ്   അഥവാ സൗന്ദര്യക്ഷേത്രഗണിതനിയമങ്ങളെക്കുറിച്ച്
ആധികാരികമായി പറയാന്‍ മാത്രം  എനിക്ക്  കഴിവോ യോഗ്യതയോ ഇല്ല  എങ്കിലും പരിമിതമായ വായനാനുഭവത്തിന്‍റെ വെളിച്ചത്തില്‍ നടത്തുന്ന ചെറിയ ഒരവലോകനാപരാധം ആണിത്.

കഥയുടെ കാര്യത്തില്‍ ഞാന്‍ ശ്രദ്ധിച്ചിട്ടുള്ള ഒരു കാര്യം  എന്താണെന്ന് വെച്ചാല്‍
കഥാകൃത്ത് ന്‍റെ gender മുഖ്യകഥാപാത്രത്തെ സ്വാധീനിക്കുന്നു എന്നതാണ്,  ചില ആക്ഷേപങ്ങള്‍ അതിലും ഉണ്ടെങ്കിലും.

അതായത്  കഥാകൃത്ത്‌ പുരുഷനാണെങ്കില്‍ മിക്കവാറും കഥകള്‍ പുരുഷന്‍റെ വീക്ഷണകോണില്‍നിന്നും ഉള്ളതായിരിക്കും. തിരിച്ചും അങ്ങനെത്തന്നെ .
അപൂര്‍വ്വം ചില കഥകള്‍ മാത്രമാണ് സഹജമായ ഈ പ്രവണതയുടെ തോട് പൊളിക്കുന്നത് .

കെ ആര്‍ മീരയുടെ കഥകളില്‍ പൊതുവായിക്കാണാവുന്ന ഒന്നാണ്, ദാമ്പത്യബന്ധവും അതിനുള്ളിലെ അസ്വാതന്ത്ര്യവും , അസ്വാരസ്യങ്ങളും  സ്ത്രീകള്‍ അതുകൊണ്ടനുഭവിക്കുന്ന മാനസികപ്രയാസങ്ങളും .
സര്‍പ്പയജ്ഞം , മച്ചകത്തെ തച്ചന്‍ , ആവേ മരിയ , ആട്ടുകട്ടില്‍ ,വാണിഭം, തുടങ്ങിയ കഥകള്‍ മേല്‍പ്പറഞ്ഞ ഗണത്തിനോട് ഏറ്റവും അടുത്തുനില്‍ക്കുന്നു.

ഓര്‍മയുടെ ഞരമ്പ് , ഒറ്റപ്പാലം കടക്കുവോളം , പായിപ്പാട് മുതല്‍ പെയ്സ്മേക്കര്‍ വരെ , വാര്‍ത്തയുടെ ഗന്ധം , ഹൃദയം നമ്മെ ആക്രമിക്കുന്നു ,പിന്നെ സസ്സന്ദേഹവുമായിടും എന്നീ കഥകള്‍ വാര്‍ദ്ധക്യാവസ്ഥയിലെ കഥാപാത്രങ്ങളുടെ ജീവിതം/നിസ്സഹായാവസ്ഥ/വിഹ്വലതകള് എല്ലാം തന്നെ  ഹൃദയസ്പൃക്കായി ചിത്രീകരിക്കുന്നു.

പായിപ്പാട് മുതല്‍ പേസ്മേക്കര്‍ വരെ എന്ന കഥയാണ്‌ ആഖ്യാനത്തിലെ മനോഹാരിത കൊണ്ട് എനിക്കേറ്റവും ഇഷ്ടമായ കഥ .

കൃഷ്ണഗാഥ - ഹൃദയം തകര്‍ക്കുന്ന ഒരു കഥയാണ്‌.. സമകാലികവാര്‍ത്തകളില്‍ സ്ത്രീത്വത്തിനെതിരെ  അക്രമങ്ങള്‍ നിത്യേന ഒന്ന്  എന്ന വണ്ണം വര്‍ദ്ധിച്ചുവരുന്ന ഇക്കാലത്ത് ഈ വിഷയത്തോട് ഒരു തരം നിസ്സംഗത ഉളവായിത്തുടങ്ങിയിട്ടുണ്ടെങ്കിലും നമ്മള്‍ കരുതുന്നതുപോലെ പ്രതികള്‍ക്ക്  ടി ജി രവിയുടെയും ബാലന്‍ കെ നായരുടെയും പഴയകാലസിനിമാകഥാപാത്രങ്ങളുടെ മുഖഭാവഹാവാദികള്‍ ഉള്ളവര്‍ മാത്രമല്ല ,   ആട്ടിന്‍തോലിട്ട ചെന്നായകളും  ഒരുപാടുണ്ട് സമൂഹത്തില്‍ എന്നും ഈ കഥ  ഓര്‍മിപ്പിക്കുന്നു.

കരിനീല , മാലാഖയുടെ മറുകുകള്‍ എന്നീ കിടിലന്‍ നീണ്ട കഥ / നോവെല്ലകള്‍ കൂടെ കഥാസമാഹാരത്തിന്‍റെ അവസാനം ചേര്‍ത്തിട്ടുണ്ട്  .

കഥകള്‍ ഇഷ്ടപെടുന്നവര്‍ക്ക്  വാ-ങ്ങാ/യിക്കാ- തിരിക്കാന്‍ ആവില്ല ഈ പുസ്തകം.
അത്രയും ഗംഭീരം.

26 കഥകള്‍ ഉള്‍പ്പെടുന്ന "കെ ആര്‍ മീരയുടെ കഥകള്‍ " എന്ന ഈ പുസ്തകം പ്രസിദ്ധീകരിച്ചിരിക്കുന്നത്  കറന്റ് ബുക്ക്സ് ആണ്. വിതരണം കോസ്മോസ് ബുക്ക്സ് . ഓണ്‍ലൈനില്‍ www.indulekha.com ലും ലഭ്യമാണ്.
------------------------------------------------------------------------------------------------------------------------
കഥാകൃത്ത്‌ : കെ.ആര്‍ മീര 22 comments:

 1. വിലയിരുത്തൽ നിനക്കും നന്നായി വഴങ്ങും പ്രിയ ഉട്ടോ ..
  ഈ വരികൾ വായിക്കാൻ പ്രേരണ നല്കുന്നു..
  അദ്ദാണ് !!!

  ReplyDelete
  Replies
  1. നന്ദി , അന്‍വര്‍ ഇക്കാ :)

   Delete
 2. വിലയിരുത്തല്‍ നന്നായിട്ടുണ്ട്. അതുമാത്രംപോര മറ്റു എഴുത്തുകാരുടെ പുസ്തകങ്ങള്‍ കൂടി വായിക്കണം...
  ആശംസകള്‍

  ReplyDelete
  Replies
  1. ഒരറ്റത്തുനിന്ന് വായിച്ചു തുടങ്ങിയിട്ടേ ഉള്ളൂ തങ്കപ്പന്‍ മാഷേ :) ഉറപ്പായും, വായനഗൗരവമായിത്തന്നെ മുന്നോട്ടുകൊണ്ടുപോകാന്‍ പ്ലാനിടുന്നു. നന്ദി , വീണ്ടും വരുമല്ലോ ?

   Delete
 3. ആരാച്ചാറും കഥകളും കയ്യിലുണ്ട്‌.
  വായിക്കണം.
  നന്ദി ഉട്ടോ..

  ReplyDelete
  Replies
  1. മെല്‍ക്കൌ, ജോസൂട്ടന്‍ :)
   ആദ്യം കഥകള്‍ വായിക്കുന്നതായിരിക്കും നല്ലത് എന്നെനിക്ക് തോന്നുന്നു.

   Delete
 4. കെ ആര മീരയെ അറിയാൻ ആദ്യമായി ഒരു പുസ്തകവായനയ്ക്ക് ഇറങ്ങുകയാണ്. ആരാച്ചാർ. എന്നട്ട് വരാം കഥകളിലെയ്ക്ക്.
  വായനാനുഭാവത്തിൽ മീരയെ വേറിട്ട്‌ കാണുന്നതെന്തിൽ എന്ന് കൂടി പറയാമായിരുന്നു.

  ReplyDelete
  Replies
  1. ഓ... അങ്ങനെ. ഞാന്‍ ആമുഖത്തില്‍ പറഞ്ഞതുപോലെ തലനാരിഴകീറി അഭിപ്രായംപറയാനൊന്നും എന്നെക്കൊണ്ടാവതില്ല ഈഘട്ടത്തില്‍. എന്നാലും എനിക്ക്തോന്നുന്നു എല്ലാവര്ക്കും പരിചിതമായതും ഉപയോഗിച്ച് ക്ലീഷേ ആയതുമായ അന്തരീക്ഷത്തില്‍ ( ഉദാ: ദാമ്പത്യജീവിതത്തിലെ സ്വരച്ചേര്‍ച്ചയില്ലായ്മ, ജാരബന്ധം, വാര്‍ദ്ധക്യം) നിന്ന്തന്നെ ഒരുപാട് വ്യത്യസ്തമായ കഥാതന്തുക്കള്‍ സൃഷ്ടിചെടുക്കാന്‍ അനായേസേന അവര്‍ക്ക്കഴിയുന്നു. ഇതാവണം എന്നെആകര്‍ഷിച്ചത്.

   Delete
 5. വിലയിരുത്തൽ നിനക്കും നന്നായി വഴങ്ങും പ്രിയ ഉട്ടോ ആശംസകള്‍

  ReplyDelete
  Replies
  1. നന്ദി ഷംസുദ്ദീന്‍ :) വീണ്ടും വരിക

   Delete
 6. കഥകള്‍ ഒരുപാട് വായിച്ചിട്ടുണ്ട് .പുസ്തകങ്ങള്‍ എന്നും എന്‍റെ കൂട്ടുകാരാണ് .എം .ടി ,.ഒവി.വിജയന്‍ ,തകഴി ,ബഷീര്‍ ......എന്നാല്‍ മീരയുടേത് ആരാച്ചാര്‍ മാധ്യമം ആഴ്ചപ്പതിപ്പില്‍ ഖണ്ഡശഃ പ്രസിധീകരിച്ചിരുന്നതില്‍ കുറച്ചൊക്കെ വായിച്ചു .ഇവിടെ മീരയുടെ കഥകള്‍ വായിക്കാന്‍ എനിക്കു പ്രചോദനം നല്‍‌കുന്നതില്‍ സന്തോഷമുണ്ട് .

  ReplyDelete
  Replies
  1. നന്ദി , മമ്മൂക്കാ... പുളകം കൊള്ളിക്കുന്ന കഥകളാണ്. ഒരിക്കലും മറക്കാനാവാത്ത ഒരെണ്ണമെങ്കിലും മനസ്സില്‍ തങ്ങും. ഉറപ്പ് .

   Delete
 7. ആരാച്ചാർ ഒരു മികച്ച ഗ്രന്ഥമാണ്.....
  താങ്കളുടെത് ഒരു നല്ല നിരീക്ഷണവും...

  ReplyDelete
  Replies
  1. നന്ദി അഷ്ക്കര്‍, വീണ്ടും വരുമല്ലോ ?
   :) ആരാച്ചാര്‍ ഞാന്‍ വായിക്കാന്‍ പോകുന്നതേ ഉള്ളൂ :)

   Delete
  2. വൈകാതെ വായിച്ച് ഒരു പോസ്റ്റ് ഇടണം....

   Delete
 8. ആരാച്ചാറിന് ശേഷം അടുത്തിടെ വായിച്ചതാണ് മീരയുടെ പെണ്‍ പഞ്ചതന്ത്ര കഥകൾ. നല്ലത്. കഥകൾ വായിച്ചിട്ടില്ല.... ഇനിയിപ്പോ വായിക്കാതെ പറ്റില്ലല്ലോ :)

  ReplyDelete
  Replies
  1. കഥകള്‍ എന്ന് വെച്ചാല്‍ ഇങ്ങനെ വേണം എന്ന് തോന്നും വിധം മനോഹരമാണ് മുബിയിത്താ കഥകള്‍... പ്രത്യേകിച്ചും സ്ത്രീകഥാപാത്രങ്ങളുടെ വിചാരവികാരവിഹ്വലതകള്‍ നേരെ ഹൃദയത്തിലേക്ക് ആഴ്ന്നിറങ്ങുന്ന വണ്ണം സുന്ദരമായ ഭാഷയും , പ്രമേയങ്ങളും ..എല്ലാം.

   Delete
 9. ശരിയാ. ഇനിയെങ്കിലും വല്ലതുമൊക്കെ വായിക്കണം. ഞാനിപ്പം ഷെര്‍ലക് ഹോംസ് കഥകള്‍ വായിച്ചോണ്ടിരിക്കുകയാണ്. Five orange pips ആണിപ്പോള്‍ വായിക്കുന്നത്

  ReplyDelete
 10. വായനകൾ തുടരുക ... ആശംസകൾ ഭായ് .

  ReplyDelete
 11. നാലാള്‍ അറിയാത്ത, ഞങ്ങളുടെ പോലുള്ളവരുടെ, പുസ്തകത്തിലേക്കും സാദ്ധിക്കുബോള്‍ കണ്ണോടിച്ച്, അഭിപ്രായം രേഖപ്പെടുത്തുക.

  ReplyDelete
 12. ഞാനും കുടുങ്ങി ഇനിയിപ്പോ ഇതൊക്കെ വായിക്കാൻ ശ്രമിക്കുകയെങ്കിലും വേണമല്ലോ ?

  ReplyDelete
 13. നന്നായി വിലയിരുത്തിയിരിക്കുന്നു...

  ReplyDelete