Saturday 11 April 2015

പ്രിയപ്പെട്ട കവിതകള്‍ : ജി . ശങ്കരക്കുറുപ്പ്

എന്‍റെ വേളി (1932 )


- ജി . ശങ്കരക്കുറുപ്പ്

വന്നടുത്തെന്നോ വേളീമുഹൂര്‍ത്തം പിടക്കായ്ക
സന്നമാം ഹൃദന്തമേ , ശാന്തമായിരുന്നാലും !
കാലമെന്‍ ശിരസ്സിങ്കലണിയിക്കയായ് മുല്ല
-മാല ഫാലത്തില്‍ ചേര്‍ത്തുകഴിഞ്ഞൂ വരക്കുറി .
വരണം വരന്‍ മാത്രമാസന്നമായിപ്പോയീ
വരണം ; സനാതനനിയമം ലംഘിക്കാമോ ?
ഹാ , വിറച്ചുപോം ലോകം നാമമാത്രത്താല്‍ ഞാനാ -
ജ്ജീവിതേശനെപറ്റി കേട്ടിരിക്കുന്നു പണ്ടേ !
ഭൂവിലദ്ധേഹം നീട്ടും കൈ തട്ടി നീക്കാനില്ല
ജീവിതം ; തദിച്ഛയ്ക്ക് തലചായ്ക്കാനേ പറ്റൂ .
കാമത്തിന്നലംഭാവമില്ലെന്നോ ! തത്സന്ദേശ
സ്തോമത്തെയെത്തിക്കുന്ന രാപ്പകല്‍പിറാവുകള്‍
വാനിലെപ്പൊഴും കാണാം സഞ്ചരിപ്പതായിട്ടു ;
ഞാനിവറ്റയെ ബന്ധിച്ചീടുവാനാശിക്കുന്നു .
പലരെപാണീഗ്രഹം ചെയ്തിരിക്കുന്നു പണ്ടേ
പല മന്ദിരത്തിലുമിപ്പോഴും നടക്കുന്നു.
പതിഗേഹത്തെപ്പൂകാന്‍ യാത്രയാകലും ബന്ധു-
തതിതന്‍ നിരര്‍ത്ഥാശ്രുവര്‍ഷവുമിടയ്ക്കിടെ
കുടിവെച്ചതിന്‍ശേഷം ജന്മഗേഹത്തെക്കാണാ-
നിടയാര്‍ക്കുമേകുന്നീലുഗ്രശാസനനെന്നോ ?
ഹാ! തിരിച്ചവിടെനിന്നാഗമിക്കുന്നില്ലാരു
മോതിടാന്‍; അന്തഃപുരം നാകമോ നരകമോ!
മാമകഹൃദന്തത്തില്‍ മാറ്റൊലിക്കൊണ്ടീടുന്നു-
ണ്ടാമന്ദം സമീപിക്കും പതിതന്‍ പദന്യാസം
കാല്‍വിനാഴികകൂടി ഞാന്‍ പിറന്നൊരീ വീട്ടില്‍
മേവിടാന്‍ കഴിഞ്ഞെങ്കില്‍ ! - ഇത്ര വേഗമോ യാത്ര ?
മേനി മേ വിറയ്ക്കില്ല , ചുണ്ടിണ ചലിക്കില്ല
ഗ്ലാനി വന്നുദിക്കില്ല , വിളറിപ്പോകില്ലാസ്യം
സമയം വരുന്നേരം സര്‍വ്വശക്തമാക്കൈയ്യില്‍
മമജീവിതം ക്ഷുദ്രം സസ്മിതം സമര്‍പ്പിക്കും
സ്നേഹപൂര്‍ണ്ണമായെന്നെ നോക്കി വീര്‍പ്പിടും ജന്മ-
ഗേഹമേ പൊങ്ങുന്നില്ല യാത്രചോദിപ്പാന്‍ ശബ്ദം .
ഇന്ന് നിന്‍ സൗന്ദര്യത്തെപ്പൂര്‍ണ്ണമായ് ഞാന്‍ കാണുന്നി-
തിന്നു നിന്‍ പ്രേമം മൂലമെന്‍ മനം തകരുന്നു.
വിരഹത്തിലല്ലാതെ ലാവണ്യം സമഗ്രമായ്
നിരവദ്യമായിട്ടു കാണുവാന്‍ കഴിവീല
പ്രേമത്തിന്‍ തിളക്കം കണ്ടതുചെന്നെടുക്കായ്.വിന്‍
ഭീമമാം ഖഡ്ഗത്തെക്കാള്‍ മൂര്‍ച്ചയേറിയതത്രേ.
ഉദ്രസം* നിഴലുകളന്യോന്യം പുല്‍കിപ്പുല്‍കി
നിദ്ര കൊള്ളും പച്ചപട്ടാര്‍ന്ന നിന്‍ തോട്ടത്തില്‍
താവുമൌത്സുക്യത്തോടെ നാളെയും പുലരിയില്‍
പൂവുകള്‍ ജലാര്‍ദ്രമാം കണ്തുറന്നയ്യോ ! നോക്കും
അത്ര വന്നിരിക്കാറുണ്ടവയായ് സംസാരിപ്പാ-
നെത്രയും മെലിഞ്ഞു നീണ്ടുള്ളോരു രൂപം സൗമ്യം .
അഴലാലവ പറഞ്ഞീടുമനോന്യം നോക്കി:
"നിഴലായിരുന്നെന്നോ സ്നേഹാധാരമാ രൂപം! "

1 comment: