Friday, 29 May 2015

സാധാരണ കണ്ടുവരുന്ന ദന്തരോഗങ്ങള്‍ : മോണവീക്കവും അനുബന്ധ രോഗങ്ങളും

പല്ലിനെ  ഒരു ചെടിയായി കല്പന  ചെയ്യുകയാണെങ്കില്‍ , അതിനെ മണ്ണില്‍ ഉറപ്പിച്ചുനിര്‍ത്തുന്ന വേര് പടലത്തിനോട്  മോണയെ ഉപമിക്കാം.

ദന്തശാസ്ത്രത്തില്‍ പല്ലിനെ ചുറ്റി നില്‍ക്കുന്നതും അതിനെ താങ്ങി നിര്‍ത്തുന്നതുമായ അനുബന്ധഅവയവവ്യവസ്ഥയെ മൊത്തമായി
പെരിയോഡോന്ഷ്യം (periodontium) എന്ന് വിളിക്കുന്നു.

എന്നാല്‍ ഈ മോണ എന്നത് നമ്മള്‍ കാണുന്ന മാംസളമായ ഭാഗം മാത്രമല്ല , വേറെ ഭാഗങ്ങളുമുണ്ട്.
അവ താഴെ പറയുന്നവയാണ്.

1. ജിന്‍ജൈവ(gingiva) - പുറമേ കാണുന്ന മോണ
2.പെരിയോഡോണ്ടല്‍ ലിഗമെന്‍റ് (Periodontal ligament (PDL)
3.സിമന്റം (Cementum )
4.ആല്‍വിയോളാര്‍ ബോണ്‍ .(Alveolar Bone)

താഴെ ക്കാണുന്ന ചിത്രത്തില്‍  രേഖപെടുത്തിയിരിക്കുന്നത്  കാണുക.


A = ഇനാമല്‍
B = ഡെന്‍റ്റീന്‍
C = ആല്‍വിയോളാര്‍ ബോണ്‍
D,E,F = ജിന്‍ജൈവ
H,I,J,K = പെരിയോഡോണ്ടല്‍ ലിഗമെന്‍റ്സ്/ഫൈബേഴ്സ്മോണരോഗങ്ങള്‍
പ്രധാനമായും മൂന്നു വിഭാഗങ്ങള്‍ ആയി മോണയെ ബാധിക്കുന്ന രോഗങ്ങളെ തരംതിരിക്കാവുന്നതാണ് .

1.ജിന്‍ജിവൈറ്റിസ്  (Gingivitis ) - മോണവീക്കം പ്രാരംഭഘട്ടം 

2.പെരിയോഡോണ്ടൈറ്റിസ് ( Periodontitis) - മോണവീക്കം ഗുരുതരഘട്ടം 

3.മറ്റു രോഗങ്ങള്‍ -
 • gingival enlargement
 • carcinoma (squamous cell)
 • miscellaneous


1.ജിന്‍ജിവൈറ്റിസ്  (Gingivitis ) - മോണവീക്കം പ്രാരംഭഘട്ടം 
മുന്‍പുള്ള പാഠങ്ങളില്‍ പറഞ്ഞതുപോലെ , പ്ലാക്ക് ആണ് ഇവിടെയും വില്ലന്‍.
അതുകൊണ്ട് തന്നെ ഈ ജിന്‍ജിവൈറ്റിസ് നെ പ്ലാക്ക് ഇന്ട്യൂസ്ഡ്  ജിന്‍ജിവൈറ്റിസ്  (plaque induced gingivitis ) എന്നും വിളിക്കുന്നു.
രോഗത്തിന്‍റെ തുടക്കം  പ്ലാക്ക്/ബയോഫിലിം ന്‍റെ രൂപീകരണത്തോടെയാണ് . ഇതിന്‍റെ പ്രതിപ്രവര്‍ത്തനം എന്നവണ്ണം ശരീരത്തിന്‍റെ inflammation ആണ്  ജിന്‍ജിവൈറ്റിസ്  ആയി നമുക്ക് കാണുന്നത്.

ലക്ഷണങ്ങള്‍ 
1.മോണ ചുവന്നു തുടുത്തതായി കാണപ്പെടുക

പല്ലിന്‍റെ തൊട്ടുമുകളില്‍ ചുവന്നിരിക്കുന്ന മോണ ശ്രദ്ധിക്കുക 
നല്ല ആരോഗ്യമുള്ള മോണ ഇതുപോലിരിക്കും. (normal ,healthy gingiva )
2. മോണ വീര്‍ത്തിരിക്കുക , അതേസമയം തൊടുമ്പോള്‍ സോഫ്റ്റ്‌ ആയി തോന്നുക , (soft,swollen gums )


2. മോണയില്‍ നിന്ന് രക്തം വരുക 
ഈ ലക്ഷണത്തിനു മൂന്ന്  അവസ്ഥകള്‍ ഉണ്ട്
a.No Bleeding on Probing
b. Bleeding on Probing /brushing
c. Spontaneous Bleeding

a.No Bleeding on Probing
ആരോഗ്യമുള്ള അവസ്ഥ. ബ്രഷ് ചെയ്യുമ്പോഴോ  ദന്തവൈദ്യന്‍ PROBE എന്ന ഉപകരണം ഉപയോഗിച്ച് പരിശോധിക്കുമ്പോഴോ രക്തം വരില്ല.

b. Bleeding on Probing /brushing
രോഗി ബ്രഷ് ചെയ്യുമ്പോഴോ  ദന്തവൈദ്യന്‍ PROBE എന്ന ഉപകരണം ഉപയോഗിച്ച് പരിശോധിക്കുമ്പോഴോ മോണയില്‍ നിന്ന് രക്തം വരുന്ന അവസ്ഥ.c. Spontaneous Bleeding
ചുമ്മായിരിക്കുമ്പോഴും മോണയില്‍ നിന്ന്  ചോര വരുന്ന അവസ്ഥ .

 a < b < c എന്നതാണ് തീവ്രതയുടെ സ്കെയില്‍.പ്രതിരോധം , ചികിത്സ 

പല്ല് എല്ലാ ദിവസവും രാവിലെയും രാത്രിയും വൃത്തിയായി  ബ്രഷ് ചെയ്ത്  സൂക്ഷിച്ചാല്‍ തികച്ചും സാധാരണ അവസ്ഥയിലേക്ക് ഭേദമാക്കാവുന്ന (റിവേഴ്സ്‌ബള്‍ ) അസുഖമാണ് ജിന്‍ജൈവൈറ്റിസ്.

എന്നാല്‍ , ശ്രദ്ധിക്കാതെ വിട്ടാല്‍ ഇത് അടുത്ത സ്റ്റേജിലേക്ക്  മുന്നേറും.

2.പെരിയോഡോണ്ടൈറ്റിസ് ( periodontitis) - മോണവീക്കം ഗുരുതരഘട്ടം 
ശ്രദ്ധിക്കാതെ പോകുന്ന  ജിന്‍ജിവൈറ്റിസ്  പെരിയോഡോണ്ടൈറ്റിസ്  ആവുന്നു.
ഈ ഘട്ടത്തില്‍ പ്ലാക്കിലെ/ കാല്‍ക്കുലസിലെ  അണുക്കള്‍ മോണയുടെ ഉള്ളിലേക്കിറങ്ങി  പല്ലിനെ ബലപ്പെടുത്തിനില്‍ക്കുന്ന ആല്‍വിയോളാര്‍ ബോണ്‍-ന് ശോഷണം സംഭവിക്കുന്നു.
ഇതിനെ ബോണ്‍ ലോസ്സ്  എന്ന് വിളിക്കുന്നു.ഇപ്രകാരം ബോണ്‍ ലോസ്സ് ഉണ്ടാകുമ്പോള്‍ രോഗിക്കുണ്ടാവുന്ന പ്രകടമായ ലക്ഷണം പല്ലിനു ഇളക്കം തട്ടുകയും അണുബാധ കാരണമുള്ള വേദനയും ആണ്.

പെരിയോഡോണ്ടൈറ്റിസ്  തന്നെ തീവ്രത അടിസ്ഥാനമാക്കി  പലതരമാക്കാം.
1, ക്രോണിക്  - ഏറെ നാളായി ഉള്ളത്
2, അഗ്ഗ്രസീവ്  - മുഖ്യമായും യുവാക്കളെ ബാധിക്കുന്നത്.
3,നെക്രോട്ടൈസിംഗ് അള്‍സറെറ്റീവ്  പെരിയോഡോണ്ടൈറ്റിസ്  / ജിന്‍ജിവൈറ്റിസ്
4 , മറ്റു  സിസ്റ്റമിക്  അസുഖങ്ങളുമായി ബന്ധപെട്ടത്  ( ഉദാ : പ്രമേഹം )
5, മോണപഴുപ്പ്  (periodontal abscess)
6,എന്‍ഡോ - പെരിയോ ലീഷന്‍സ്

1,ക്രോണിക് പെരിയോഡോണ്ടൈറ്റിസ്  വളരെ അപകടകരമായ ഒരസുഖമാണ്.
മിക്കവാറും പ്രായമായവര്‍ക്കാണ്   ഇത് കണ്ടുവരുന്നത്.
ലക്ഷണങ്ങള്‍ 
1.ചുവന്നുതുടുത്ത , വീങ്ങിയ മോണ
2. വായ്നാറ്റം
3.മോണയിറക്കം - പല്ലിന്‍റെ വേര്  പുറത്ത് കാണാവുന്ന അത്രയും ആഴത്തില്‍. ചിലപ്പോള്‍ ഇവിടം പ്ലാക്ക് കൊണ്ട് മൂടിയിരിക്കും.
4 .ഇളക്കമുള്ള / ആട്ടമുള്ള പല്ലുകള്‍ - മോണയിറക്കം മൂലം വേരുബലം  പല്ലുകള്‍ ടെ വേരുബലം പോകുന്നത് കൊണ്ട് .
5. പെരിയോഡോണ്ടല്‍ പോക്കറ്റ്സ് - അണുബാധ കാരണം പല്ലിന്‍റെ വേരിനോട് ചേര്‍ന്നു ആഴത്തില്‍ ഉണ്ടാവുന്ന ലീഷന്‍സ് .

ക്രോണിക്  പെരിയോഡോണ്ടൈറ്റിസ്  ബാധിച്ച പല്ലുകള്‍  

2.അഗ്രസീവ് പെരിയോഡോണ്ടൈറ്റിസ്
പേരുപോലെ തന്നെ വളരെ പെട്ടെന്ന്  പല്ലിനെ ചുറ്റി നില്‍ക്കുന്ന എല്ലിനു ശോഷണം വരുത്തി നാശം വിതയ്ക്കുന്ന ഈ ഇനം പ്രധാനമായും യുവാക്കളില്‍ കണ്ടുവരുന്നതാണ് .
ഇതില്‍ തന്നെ ലോക്കലൈസ്ഡ് എന്നും ജനറലൈസ്ഡ് എന്നും വ്യത്യസ്തമായ രണ്ടിനങ്ങളുണ്ട് .

3, നെക്രോട്ടൈസിംഗ് അള്‍സറെറ്റീവ്  ജിന്‍ജിവൈറ്റിസ് / പെരിയോഡോണ്ടൈറ്റിസ്  
വളരെ പെട്ടെന്ന്‍ പിടിപ്പെടുകയും ഗുരുതരമായ രീതിയില്‍ തന്നെ ആരോഗ്യത്തെ ബാധിക്കുന്ന ഇനമാണ് A.N.U.P /A.N.U.G . നല്ല വേദന അനുഭവപെടുന്ന മോണയില്‍ നിന്ന് രക്തവും വരുന്നത് സാധാരണമാണ്. പല്ലിന്‍റെ ഇടയിലുള്ള പാപ്പില എന്ന ഭാഗത്ത്  പഴുപ്പ് പോലെ കാണാറുള്ളതാണ് ക്ലാസിക് അടയാളം.
ഒന്നാം ലോക മഹായുദ്ധകാലത്ത്  , ഏറെ നാള്‍   വൃത്തിഹീനമായ ട്രെഞ്ചുകളില്‍ , കഠിനമായ മാനസികസമ്മര്‍ദ്ദത്തിനടിമപ്പെട്ടു   യുദ്ധം ചെയ്തിരുന്ന പട്ടാളക്കാര്‍ക്കിടയില്‍ സര്‍വ്വസാധാരണമായിരുന്നതിനാല്‍ ഇതിനെ "ട്രെഞ്ച് മൌത്ത് " എന്ന് വിളിക്കാറുണ്ട്.
HIV അണുബാധകൊണ്ടുണ്ടാവുന്ന AIDS ഇല്‍ പ്രധാനമായി കാണപ്പെടുന്ന ഒരു അസുഖമാണ് ANUG/ANUP..

4. മറ്റു  സിസ്റ്റമിക്  അസുഖങ്ങളുമായി ബന്ധപെട്ടത്  
മനുഷ്യശരീരം ഒരു വമ്പന്‍ ഫാക്ടറി പോലെയായിരിക്കുന്നതിനാല്‍ , അതിന്‍റെ ഒരു ഭാഗത്ത് ഉണ്ടാകുന്ന പ്രക്രിയയിലെ തകരാറുകള്‍ മറ്റു ഭാഗങ്ങളെയും ദോഷമായി ബാധിക്കും എന്ന് പറയുന്നതുപോലെ , പ്രമേഹം , രക്തസംബന്ധിയായ അസുഖങ്ങള്‍ , ജനിതകരോഗങ്ങള്‍ എന്നിവ മോണയുടെ ആരോഗ്യത്തെ ബാധിക്കാം/ അസുഖങ്ങള്‍ക്ക്  കാരണമാവാം .

5.മോണപഴുപ്പ്  (periodontal abscess) -  എപ്രകാരമാണോ ദന്തക്ഷയത്തില്‍ പല്ലിന്‍റെ വേരിനടിയില്‍ പഴുപ്പ് വരുന്നത് അതേ പോലെ പല്ലിന്റെയും അതിനെ ചുറ്റിയിരിക്കുന്ന മോണയുടെയും ഇടയില്‍ അണുബാധ ഉണ്ടാകുമ്പോള്‍ periodontal abscess അഥവാ ലാറ്ററല്‍ ആബ്സസ് എന്ന് വിളിക്കുന്നു .

ചികിത്സ
A. സ്കെയിലിംഗ്  - രോഗകാരണത്തെ ഉന്മൂലനം ചെയ്യുക എന്നതാണ്  ഏതു  ചികിത്സയുടെയും ആദ്യ ചുവട് എന്നതിനാല്‍ പ്ലാക്ക്-നെ മാറ്റുക , അത് വഴി ബാക്ടീരിയല്‍ ലോഡ് കുറയ്ക്കുക എന്ന ലക്ഷ്യത്തോടെയാണ് സ്കെയിലിംഗ്  ചെയ്യുന്നത്.

സ്കെയിലിംഗ്  എന്നാല്‍ പല്ല് ക്ലീന്‍ ചെയ്യുക എന്നതിന്‍റെ ശാസ്ത്രീയമായ പ്രയോഗം തന്നെയാണ്.

സ്കെയിലിംഗ്  രണ്ട് - മൂന്ന് രീതിയില്‍ ചെയ്യാം
1. ഹാന്‍ഡ് സ്കെയിലിംഗ് - പല്ലില്‍ പറ്റി പ്പിടിച്ചിരിക്കുന്ന അഴുക്ക്/കറ/പ്ലാക്ക്  അതില്‍ നിന്ന് അടര്‍ത്തിമാറ്റാന്‍ പ്രത്യേകം രൂപപ്പെടുത്തിഎടുത്തിരിക്കുന്ന ഉപകരണങ്ങള്‍ ഉപയോഗിച്ച് .
മോണയുടെ താഴെയുള്ള പ്ലാക്ക് നീക്കം ചെയ്യുന്നു 
പ്ലാക്ക് നീക്കം ചെയ്യുന്നു
<< പല്ലിന്‍റെ പ്രതലത്തില്‍ നിന്ന് കറ നീക്കം ചെയ്യുന്നു.
ഹാന്‍ഡ് സ്കെയിലിംഗ് ന് ഉപയോഗിക്കുന്ന ഉപകരണങ്ങള്‍ 
2. അള്‍ട്രാസോണിക്ക് സ്കേലര്‍ ഉപയോഗിച്ച്
ശബ്ദത്തേക്കാള്‍ ഫ്രീക്വന്‍സിയില്‍ അതിവേഗം കമ്പനം ചെയ്യുന്ന ഒരു മെറ്റല്‍ ടിപ് കൊണ്ട് പ്ലാക്കിലേക്ക് തൊടുമ്പോള്‍ തീവ്രവേഗകമ്പനത്തിന്റെ ഫലമായി പല്ലിന്‍റെ പ്രതലത്തില്‍ നിന്ന് പ്ലാക്ക് ഇളകുന്നു.
അള്‍ട്രാ സോണിക്ക് സ്കേലര്‍ മെഷീന്‍  >>


അള്‍ട്രാസോണിക്ക് സ്കേലര്‍ ഉപയോഗിച്ച് പല്ല് ക്ലീന്‍ ചെയ്യുന്നു.     


3. ലേസര്‍ ഉപയോഗിച്ച് ഉള്ള സ്കെയിലിംഗ് 
ഇത് മുകളില്‍പ്പറഞ്ഞ രീതികളുടെ ഒപ്പമോ പകരമോ ആയി ഉപയോഗിക്കുന്ന ഒന്നാണ്. ലേസറിന്റെ ഉപയോഗത്താല്‍ രോഗബാധിതമായ മോണ  100 %    അണുവിമുക്തമാക്കപ്പെടും എന്നാണ് പറയപ്പെടുന്നത്. Nd- YAG ലേസര്‍ ആണ് ഉപയോഗിച്ചു വരുന്നത് . *Nd:YAG (neodymium-doped Yttrium Aluminium Garnet; Nd:Y3Al5O12) is a crystal that is used as a lasing medium for solid-state lasers

സ്കെയിലിംഗ് ന് മുന്‍പും ശേഷവും  ഉള്ള വ്യത്യാസം ശ്രദ്ധിക്കുക , താഴെയുള്ള ചിത്രത്തില്‍


B. റൂട്ട് പ്ലേനിംഗ് 
ഗുരുതരമായ അവസ്ഥയില്‍ മോണയ്ക് താഴെയുള്ള വേരിലും പ്ലാക്ക് പറ്റി പിടിച്ചിരുന്നു കുഴപ്പങ്ങള്‍ ഉണ്ടാക്കുന്നു. ഈ പ്ലാക്ക് നെ സബ് ജിഞ്ചിവല്‍ പ്ലാക്ക് എന്ന് വിളിക്കുന്നു.
ഇവന്‍ ഒരു സൈലന്റ് കില്ലര്‍ ആണ്. ഒറ്റനോട്ടത്തില്‍ കാണാന്‍ പോലുമാകാത്ത സബ് ജിഞ്ചിവല്‍ പ്ലാക്ക്  വേരിന്‍റെ പ്രതലത്തില്‍ നിന്ന് നീക്കം ചെയ്യുന്ന പ്രക്രിയയെ ROOT PLANING എന്ന് വിളിക്കുന്നു. ഇത് പ്രത്യേക തരം ഹാന്‍ഡ്‌ സ്കെയിലിംഗ് ഉപകരണങ്ങള്‍ കൊണ്ടോ അല്ലെങ്കില്‍ അള്‍ട്രാസോണിക്ക് സ്കേലര്‍ ഉപയോഗിച്ചോ ലേസര്‍ കൊണ്ടോ ചെയ്യാം. 

c. പെരിയോഡോണ്ടല്‍ സര്‍ജറി - മോണവീക്കം അതീവ ഗുരുതരമായാല്‍ ചിലപ്പോള്‍  സ്കെയിലിംഗ് / റൂട്ട് പ്ലേനിംഗ് എന്നിവയൊക്കെ ചെയ്താലും മോണയില്‍ നശിച്ചു പോയ ലിഗമെന്‍റ്റുകളോ അസ്ഥിയോ തിരിച്ചുവരുന്നില്ല.  അങ്ങനെ ഉള്ള അവസ്ഥയില്‍ ചില പ്രത്യേക ശസ്ത്രക്രിയകളിലൂടെ മോണയുടെ ആരോഗ്യം വീണ്ടെടുക്കാന്‍ കഴിയും . (വളരെ വിശാലമായ ഒരു വിഷയമായതിനാല്‍ അതിനെക്കുറിച്ച് പിന്നീടു പറയാം ) PREVENTION IS BETTER THAN CURE.

എപ്പോഴും പറയാറുള്ളത് പോലെ പ്രതിരോധമാണ് ഏറ്റവും നല്ല ചികിത്സ എന്നതിനാല്‍ ,
പ്ലാക്ക് അപകടകരമായി തീരുന്നതില്‍ നിന്നും പല്ലിനെ രക്ഷിചെടുക്കുക എന്നത് എങ്ങനെ എന്ന് നോക്കാം .

പ്ലാക്ക്   രൂപീകരണം തടയുക എന്നതിന് പ്ലാക്ക് ഉണ്ടോ എന്നറിയണം. എന്നാല്‍ നമ്മുടെ കണ്ണില്‍പെടുമ്പോഴേക്കും പ്ലാക്ക്  ചുറ്റുപാടുള്ള സ്രോതസ്സുകളില്‍ നിന്നെല്ലാം കാല്‍ഷ്യം ആഗിരണം ചെയ്ത്  കാല്‍ക്കുലസ് ആയി മാറിക്കഴിഞ്ഞിരിക്കും. ഈ കാല്‍ക്കുലസ് ആകട്ടെ, പല്ലിനോട് ദൃഢമായി ഒട്ടിപ്പിടിച്ച് നില്‍ക്കുന്ന ഒന്നാണ്. (ന്ന്വെച്ചാല്‍ എത്ര അമര്‍ത്തി ബ്രഷ് ചെയ്താലും പോവില്ല ! )

പ്ലാക്ക് ഉണ്ടായിത്തുടങ്ങുമ്പോള്‍ അണുക്കളുടെയും ഭക്ഷണാവശിഷ്ടങ്ങളുടെയും  വളരെ നേര്‍ത്ത സുതാര്യമായ ഒരു പടലമായിട്ടാണ്  . അതാകട്ടെ , നഗ്നനേത്രങ്ങള്‍ക്ക്  ഗോചരവുമല്ല . അതിനാല്‍ പ്ലാക്കിനെ കാണിച്ചുതരാന്‍ ഉപയോഗിക്കാവുന്ന ചില വര്‍ണ്ണലായനികള്‍ (എറിത്രോസിന്‍ , ഫ്ലൂറസീന്‍ )  ഉപയോഗിക്കാം . ഇവയെ ഡിസ്ക്ലോസിംഗ് സൊല്യൂഷന്‍സ്   എന്ന് വിളിക്കുന്നു .


  ഈ ലായനികള്‍ (ചിലവ ടാബ്ലെറ്റ് ആയും ലഭ്യമാണ് )  കുറച്ച് എടുത്ത്  വാ കഴുകുകയോ ഒരു പഞ്ഞിയില്‍ ലായനി മുക്കി എടുത്ത്  പല്ലുകളുടെ പ്രതലം തുടയ്ക്കുകയോ ചെയ്യാം .

ടാബ്ലെറ്റ് ആണെങ്കില്‍ , അത് ചവച്ചരച്ച ശേഷം വെള്ളം കൊണ്ട് വാ കഴുകിയാല്‍ മതി .
ശേഷം കണ്ണാടിയില്‍ നോക്കിയാല്‍ പ്ലാക്ക് ഉള്ള ഭാഗം ബാക്കിയുള്ള പ്രതലത്തെ അപേക്ഷിച്ച്  കൂടുതല്‍  നിറം പിടിച്ചിരിക്കുന്നതായി കാണാം. 

ഈ ചിത്രങ്ങളില്‍ പിങ്ക് നിറം കൂടുതലായി പിടിച്ചിരിക്കുന്നതൊക്കെ പ്ലാക്ക് ആണ്. 

പ്ലാക്ക് ഉണ്ടെന്നു ബോധ്യപെട്ടാല്‍ പിന്നെ ചെയ്യാവുന്ന കാര്യം ബ്രഷിംഗ് നന്നായി ചെയ്യുക എന്നതാണ് .

രാവിലെയും രാത്രിയും ബ്രഷ് ചെയ്യുന്നതാണ് ഉത്തമം.

ഏറ്റവും പ്രയോജനപ്രദമായ ബ്രഷിംഗ്  ഏതാണെന്ന് ചോദിച്ചാല്‍, ബാസ്, സ്റ്റില്‍മാന്‍ മോഡിഫൈഡ്‌ ബാസ് എന്നിങ്ങനെ ഒരു പാട് ടെക്നിക്കുകള്‍ ഉണ്ട്.
ഒരെണ്ണം താഴെക്കൊടുക്കുന്നു.
എത്ര നേരം ബ്രഷ് ചെയ്യുന്നു എന്നതോ എത്ര ബലത്തില്‍ ചെയ്യുന്നു എന്നതോ ഒന്നും പ്രധാനമല്ല.
ശരിയായ രീതി ആണോ എന്നത് മാത്രം ശ്രദ്ധിക്കുക.

ബ്രഷിംഗ് എല്ലാം കൃത്യമായാലും ചില ആളുകളില്‍ പ്ലാക്ക്  ക്രമാതീതമായി വരുന്നത് കാണാറുണ്ട്.ഇത്  അപൂര്‍വമാണെങ്കിലും , അസാധാരണമല്ല. ഇത്തരം ആളുകളില്‍ , ഒന്നുകില്‍ ഉമിനീരിലെ കാല്‍ഷ്യം അളവ് സാധാരണ കാണുന്നതിനെക്കാള്‍ കൂടുതല്‍ ആവാം . അല്ലെങ്കില്‍ പല്ലുകളുടെ നില്‍പ്പില്‍ അസാധാരണമായ ക്രമരാഹിത്യങ്ങള്‍ ഉണ്ടാവാം.
അങ്ങനെയുള്ളവര്‍ മൂന്നുമാസത്തിലൊരിക്കല്‍ ഒരു ദന്തവൈദ്യന്റെ സഹായം  തേടുന്നതായിരിക്കും കൂടുതല്‍ അഭികാമ്യം.ഫ്ലോസ്സിംഗ് 
---------------
ഗ്രാമങ്ങളില്‍ ഒന്നും അത്ര പ്രചാരമില്ലാത്ത ദന്തശുചീകരണരീതിയാണിത്. ബ്രഷ് ഉപയോഗിച്ചാലും വൃത്തിയാക്കാന്‍ പറ്റാത്ത ഇടങ്ങള്‍ ഉണ്ട്. ഉദാ : രണ്ട് പല്ലുകളുടെ ഇടയിലെ ഭാഗം.
അങ്ങനെയുള്ള പ്രദേശങ്ങളില്‍ നിന്ന് പ്ലാക്ക് നീക്കം ചെയ്യാനുള്ള ഉപാധിയാണ് ഫ്ലോസ്.

ഇത് തീരെ കനവും വീതിയും കുറഞ്ഞ ഒരു പ്ലാസ്റ്റിക് നാടയാണ് . ഇരുകൈകളാലും രണ്ടറ്റങ്ങള്‍ പിടിച്ച്  പല്ലുകളുടെ ഇടയിലെ പ്രദേശത്തിലേക്ക് ഫ്ലോസ് കടത്തി വേണം പല്ല് വൃത്തിയാക്കാന്‍.

മംഗളം .ശുഭം 

ഇതിനു മുന്‍പുള്ള പാഠങ്ങള്‍ വായിച്ചിരുന്നോ ? ഇല്ലെങ്കില്‍ ദാ , ലിങ്ക് അടുത്ത ലക്കം :
ഓര്‍ത്തോഡോന്റിക് സ്  അഥവാ   ദന്തക്രമീകരണം : അറിഞ്ഞിരിക്കേണ്ട കാര്യങ്ങള്‍ 
9 comments:

 1. വിജ്ഞാന്പ്രദം

  ReplyDelete
 2. വിഞ്ജാനപ്രദമായ ലേഖനം
  ആശംസകള്‍

  ReplyDelete
 3. ഞാനിപ്പോ വരാം ഡോക്ടറെ......

  ReplyDelete
 4. താങ്ക്സ്

  ReplyDelete
 5. അറിവ് പകരുന്ന
  ഏവർക്കും ഉപകാരപ്രദമായ അസ്സല്ലോരു ലേഖനം... !

  ReplyDelete
 6. നന്ദി, ഉപകാരപ്രദം...

  ReplyDelete