Friday 29 May 2015

സാധാരണ കണ്ടുവരുന്ന ദന്തരോഗങ്ങള്‍ : മോണവീക്കവും അനുബന്ധ രോഗങ്ങളും

പല്ലിനെ  ഒരു ചെടിയായി കല്പന  ചെയ്യുകയാണെങ്കില്‍ , അതിനെ മണ്ണില്‍ ഉറപ്പിച്ചുനിര്‍ത്തുന്ന വേര് പടലത്തിനോട്  മോണയെ ഉപമിക്കാം.

ദന്തശാസ്ത്രത്തില്‍ പല്ലിനെ ചുറ്റി നില്‍ക്കുന്നതും അതിനെ താങ്ങി നിര്‍ത്തുന്നതുമായ അനുബന്ധഅവയവവ്യവസ്ഥയെ മൊത്തമായി
പെരിയോഡോന്ഷ്യം (periodontium) എന്ന് വിളിക്കുന്നു.

എന്നാല്‍ ഈ മോണ എന്നത് നമ്മള്‍ കാണുന്ന മാംസളമായ ഭാഗം മാത്രമല്ല , വേറെ ഭാഗങ്ങളുമുണ്ട്.
അവ താഴെ പറയുന്നവയാണ്.

1. ജിന്‍ജൈവ(gingiva) - പുറമേ കാണുന്ന മോണ
2.പെരിയോഡോണ്ടല്‍ ലിഗമെന്‍റ് (Periodontal ligament (PDL)
3.സിമന്റം (Cementum )
4.ആല്‍വിയോളാര്‍ ബോണ്‍ .(Alveolar Bone)

താഴെ ക്കാണുന്ന ചിത്രത്തില്‍  രേഖപെടുത്തിയിരിക്കുന്നത്  കാണുക.






A = ഇനാമല്‍
B = ഡെന്‍റ്റീന്‍
C = ആല്‍വിയോളാര്‍ ബോണ്‍
D,E,F = ജിന്‍ജൈവ
H,I,J,K = പെരിയോഡോണ്ടല്‍ ലിഗമെന്‍റ്സ്/ഫൈബേഴ്സ്























മോണരോഗങ്ങള്‍
പ്രധാനമായും മൂന്നു വിഭാഗങ്ങള്‍ ആയി മോണയെ ബാധിക്കുന്ന രോഗങ്ങളെ തരംതിരിക്കാവുന്നതാണ് .

1.ജിന്‍ജിവൈറ്റിസ്  (Gingivitis ) - മോണവീക്കം പ്രാരംഭഘട്ടം 

2.പെരിയോഡോണ്ടൈറ്റിസ് ( Periodontitis) - മോണവീക്കം ഗുരുതരഘട്ടം 

3.മറ്റു രോഗങ്ങള്‍ -
  • gingival enlargement
  • carcinoma (squamous cell)
  • miscellaneous


1.ജിന്‍ജിവൈറ്റിസ്  (Gingivitis ) - മോണവീക്കം പ്രാരംഭഘട്ടം 
മുന്‍പുള്ള പാഠങ്ങളില്‍ പറഞ്ഞതുപോലെ , പ്ലാക്ക് ആണ് ഇവിടെയും വില്ലന്‍.
അതുകൊണ്ട് തന്നെ ഈ ജിന്‍ജിവൈറ്റിസ് നെ പ്ലാക്ക് ഇന്ട്യൂസ്ഡ്  ജിന്‍ജിവൈറ്റിസ്  (plaque induced gingivitis ) എന്നും വിളിക്കുന്നു.
രോഗത്തിന്‍റെ തുടക്കം  പ്ലാക്ക്/ബയോഫിലിം ന്‍റെ രൂപീകരണത്തോടെയാണ് . ഇതിന്‍റെ പ്രതിപ്രവര്‍ത്തനം എന്നവണ്ണം ശരീരത്തിന്‍റെ inflammation ആണ്  ജിന്‍ജിവൈറ്റിസ്  ആയി നമുക്ക് കാണുന്നത്.

ലക്ഷണങ്ങള്‍ 
1.മോണ ചുവന്നു തുടുത്തതായി കാണപ്പെടുക

പല്ലിന്‍റെ തൊട്ടുമുകളില്‍ ചുവന്നിരിക്കുന്ന മോണ ശ്രദ്ധിക്കുക 
നല്ല ആരോഗ്യമുള്ള മോണ ഇതുപോലിരിക്കും. (normal ,healthy gingiva )
2. മോണ വീര്‍ത്തിരിക്കുക , അതേസമയം തൊടുമ്പോള്‍ സോഫ്റ്റ്‌ ആയി തോന്നുക , (soft,swollen gums )


2. മോണയില്‍ നിന്ന് രക്തം വരുക 
ഈ ലക്ഷണത്തിനു മൂന്ന്  അവസ്ഥകള്‍ ഉണ്ട്
a.No Bleeding on Probing
b. Bleeding on Probing /brushing
c. Spontaneous Bleeding

a.No Bleeding on Probing
ആരോഗ്യമുള്ള അവസ്ഥ. ബ്രഷ് ചെയ്യുമ്പോഴോ  ദന്തവൈദ്യന്‍ PROBE എന്ന ഉപകരണം ഉപയോഗിച്ച് പരിശോധിക്കുമ്പോഴോ രക്തം വരില്ല.

b. Bleeding on Probing /brushing
രോഗി ബ്രഷ് ചെയ്യുമ്പോഴോ  ദന്തവൈദ്യന്‍ PROBE എന്ന ഉപകരണം ഉപയോഗിച്ച് പരിശോധിക്കുമ്പോഴോ മോണയില്‍ നിന്ന് രക്തം വരുന്ന അവസ്ഥ.



c. Spontaneous Bleeding
ചുമ്മായിരിക്കുമ്പോഴും മോണയില്‍ നിന്ന്  ചോര വരുന്ന അവസ്ഥ .

 a < b < c എന്നതാണ് തീവ്രതയുടെ സ്കെയില്‍.



പ്രതിരോധം , ചികിത്സ 

പല്ല് എല്ലാ ദിവസവും രാവിലെയും രാത്രിയും വൃത്തിയായി  ബ്രഷ് ചെയ്ത്  സൂക്ഷിച്ചാല്‍ തികച്ചും സാധാരണ അവസ്ഥയിലേക്ക് ഭേദമാക്കാവുന്ന (റിവേഴ്സ്‌ബള്‍ ) അസുഖമാണ് ജിന്‍ജൈവൈറ്റിസ്.

എന്നാല്‍ , ശ്രദ്ധിക്കാതെ വിട്ടാല്‍ ഇത് അടുത്ത സ്റ്റേജിലേക്ക്  മുന്നേറും.

2.പെരിയോഡോണ്ടൈറ്റിസ് ( periodontitis) - മോണവീക്കം ഗുരുതരഘട്ടം 
ശ്രദ്ധിക്കാതെ പോകുന്ന  ജിന്‍ജിവൈറ്റിസ്  പെരിയോഡോണ്ടൈറ്റിസ്  ആവുന്നു.
ഈ ഘട്ടത്തില്‍ പ്ലാക്കിലെ/ കാല്‍ക്കുലസിലെ  അണുക്കള്‍ മോണയുടെ ഉള്ളിലേക്കിറങ്ങി  പല്ലിനെ ബലപ്പെടുത്തിനില്‍ക്കുന്ന ആല്‍വിയോളാര്‍ ബോണ്‍-ന് ശോഷണം സംഭവിക്കുന്നു.
ഇതിനെ ബോണ്‍ ലോസ്സ്  എന്ന് വിളിക്കുന്നു.ഇപ്രകാരം ബോണ്‍ ലോസ്സ് ഉണ്ടാകുമ്പോള്‍ രോഗിക്കുണ്ടാവുന്ന പ്രകടമായ ലക്ഷണം പല്ലിനു ഇളക്കം തട്ടുകയും അണുബാധ കാരണമുള്ള വേദനയും ആണ്.

പെരിയോഡോണ്ടൈറ്റിസ്  തന്നെ തീവ്രത അടിസ്ഥാനമാക്കി  പലതരമാക്കാം.
1, ക്രോണിക്  - ഏറെ നാളായി ഉള്ളത്
2, അഗ്ഗ്രസീവ്  - മുഖ്യമായും യുവാക്കളെ ബാധിക്കുന്നത്.
3,നെക്രോട്ടൈസിംഗ് അള്‍സറെറ്റീവ്  പെരിയോഡോണ്ടൈറ്റിസ്  / ജിന്‍ജിവൈറ്റിസ്
4 , മറ്റു  സിസ്റ്റമിക്  അസുഖങ്ങളുമായി ബന്ധപെട്ടത്  ( ഉദാ : പ്രമേഹം )
5, മോണപഴുപ്പ്  (periodontal abscess)
6,എന്‍ഡോ - പെരിയോ ലീഷന്‍സ്

1,ക്രോണിക് പെരിയോഡോണ്ടൈറ്റിസ്  വളരെ അപകടകരമായ ഒരസുഖമാണ്.
മിക്കവാറും പ്രായമായവര്‍ക്കാണ്   ഇത് കണ്ടുവരുന്നത്.
ലക്ഷണങ്ങള്‍ 
1.ചുവന്നുതുടുത്ത , വീങ്ങിയ മോണ
2. വായ്നാറ്റം
3.മോണയിറക്കം - പല്ലിന്‍റെ വേര്  പുറത്ത് കാണാവുന്ന അത്രയും ആഴത്തില്‍. ചിലപ്പോള്‍ ഇവിടം പ്ലാക്ക് കൊണ്ട് മൂടിയിരിക്കും.
4 .ഇളക്കമുള്ള / ആട്ടമുള്ള പല്ലുകള്‍ - മോണയിറക്കം മൂലം വേരുബലം  പല്ലുകള്‍ ടെ വേരുബലം പോകുന്നത് കൊണ്ട് .
5. പെരിയോഡോണ്ടല്‍ പോക്കറ്റ്സ് - അണുബാധ കാരണം പല്ലിന്‍റെ വേരിനോട് ചേര്‍ന്നു ആഴത്തില്‍ ഉണ്ടാവുന്ന ലീഷന്‍സ് .

ക്രോണിക്  പെരിയോഡോണ്ടൈറ്റിസ്  ബാധിച്ച പല്ലുകള്‍  

2.അഗ്രസീവ് പെരിയോഡോണ്ടൈറ്റിസ്
പേരുപോലെ തന്നെ വളരെ പെട്ടെന്ന്  പല്ലിനെ ചുറ്റി നില്‍ക്കുന്ന എല്ലിനു ശോഷണം വരുത്തി നാശം വിതയ്ക്കുന്ന ഈ ഇനം പ്രധാനമായും യുവാക്കളില്‍ കണ്ടുവരുന്നതാണ് .
ഇതില്‍ തന്നെ ലോക്കലൈസ്ഡ് എന്നും ജനറലൈസ്ഡ് എന്നും വ്യത്യസ്തമായ രണ്ടിനങ്ങളുണ്ട് .

3, നെക്രോട്ടൈസിംഗ് അള്‍സറെറ്റീവ്  ജിന്‍ജിവൈറ്റിസ് / പെരിയോഡോണ്ടൈറ്റിസ്  
വളരെ പെട്ടെന്ന്‍ പിടിപ്പെടുകയും ഗുരുതരമായ രീതിയില്‍ തന്നെ ആരോഗ്യത്തെ ബാധിക്കുന്ന ഇനമാണ് A.N.U.P /A.N.U.G . നല്ല വേദന അനുഭവപെടുന്ന മോണയില്‍ നിന്ന് രക്തവും വരുന്നത് സാധാരണമാണ്. പല്ലിന്‍റെ ഇടയിലുള്ള പാപ്പില എന്ന ഭാഗത്ത്  പഴുപ്പ് പോലെ കാണാറുള്ളതാണ് ക്ലാസിക് അടയാളം.
ഒന്നാം ലോക മഹായുദ്ധകാലത്ത്  , ഏറെ നാള്‍   വൃത്തിഹീനമായ ട്രെഞ്ചുകളില്‍ , കഠിനമായ മാനസികസമ്മര്‍ദ്ദത്തിനടിമപ്പെട്ടു   യുദ്ധം ചെയ്തിരുന്ന പട്ടാളക്കാര്‍ക്കിടയില്‍ സര്‍വ്വസാധാരണമായിരുന്നതിനാല്‍ ഇതിനെ "ട്രെഞ്ച് മൌത്ത് " എന്ന് വിളിക്കാറുണ്ട്.
HIV അണുബാധകൊണ്ടുണ്ടാവുന്ന AIDS ഇല്‍ പ്രധാനമായി കാണപ്പെടുന്ന ഒരു അസുഖമാണ് ANUG/ANUP..

4. മറ്റു  സിസ്റ്റമിക്  അസുഖങ്ങളുമായി ബന്ധപെട്ടത്  
മനുഷ്യശരീരം ഒരു വമ്പന്‍ ഫാക്ടറി പോലെയായിരിക്കുന്നതിനാല്‍ , അതിന്‍റെ ഒരു ഭാഗത്ത് ഉണ്ടാകുന്ന പ്രക്രിയയിലെ തകരാറുകള്‍ മറ്റു ഭാഗങ്ങളെയും ദോഷമായി ബാധിക്കും എന്ന് പറയുന്നതുപോലെ , പ്രമേഹം , രക്തസംബന്ധിയായ അസുഖങ്ങള്‍ , ജനിതകരോഗങ്ങള്‍ എന്നിവ മോണയുടെ ആരോഗ്യത്തെ ബാധിക്കാം/ അസുഖങ്ങള്‍ക്ക്  കാരണമാവാം .

5.മോണപഴുപ്പ്  (periodontal abscess) -  എപ്രകാരമാണോ ദന്തക്ഷയത്തില്‍ പല്ലിന്‍റെ വേരിനടിയില്‍ പഴുപ്പ് വരുന്നത് അതേ പോലെ പല്ലിന്റെയും അതിനെ ചുറ്റിയിരിക്കുന്ന മോണയുടെയും ഇടയില്‍ അണുബാധ ഉണ്ടാകുമ്പോള്‍ periodontal abscess അഥവാ ലാറ്ററല്‍ ആബ്സസ് എന്ന് വിളിക്കുന്നു .

ചികിത്സ
A. സ്കെയിലിംഗ്  - രോഗകാരണത്തെ ഉന്മൂലനം ചെയ്യുക എന്നതാണ്  ഏതു  ചികിത്സയുടെയും ആദ്യ ചുവട് എന്നതിനാല്‍ പ്ലാക്ക്-നെ മാറ്റുക , അത് വഴി ബാക്ടീരിയല്‍ ലോഡ് കുറയ്ക്കുക എന്ന ലക്ഷ്യത്തോടെയാണ് സ്കെയിലിംഗ്  ചെയ്യുന്നത്.

സ്കെയിലിംഗ്  എന്നാല്‍ പല്ല് ക്ലീന്‍ ചെയ്യുക എന്നതിന്‍റെ ശാസ്ത്രീയമായ പ്രയോഗം തന്നെയാണ്.

സ്കെയിലിംഗ്  രണ്ട് - മൂന്ന് രീതിയില്‍ ചെയ്യാം
1. ഹാന്‍ഡ് സ്കെയിലിംഗ് - പല്ലില്‍ പറ്റി പ്പിടിച്ചിരിക്കുന്ന അഴുക്ക്/കറ/പ്ലാക്ക്  അതില്‍ നിന്ന് അടര്‍ത്തിമാറ്റാന്‍ പ്രത്യേകം രൂപപ്പെടുത്തിഎടുത്തിരിക്കുന്ന ഉപകരണങ്ങള്‍ ഉപയോഗിച്ച് .
മോണയുടെ താഴെയുള്ള പ്ലാക്ക് നീക്കം ചെയ്യുന്നു 
പ്ലാക്ക് നീക്കം ചെയ്യുന്നു




<< പല്ലിന്‍റെ പ്രതലത്തില്‍ നിന്ന് കറ നീക്കം ചെയ്യുന്നു.
ഹാന്‍ഡ് സ്കെയിലിംഗ് ന് ഉപയോഗിക്കുന്ന ഉപകരണങ്ങള്‍ 
2. അള്‍ട്രാസോണിക്ക് സ്കേലര്‍ ഉപയോഗിച്ച്
ശബ്ദത്തേക്കാള്‍ ഫ്രീക്വന്‍സിയില്‍ അതിവേഗം കമ്പനം ചെയ്യുന്ന ഒരു മെറ്റല്‍ ടിപ് കൊണ്ട് പ്ലാക്കിലേക്ക് തൊടുമ്പോള്‍ തീവ്രവേഗകമ്പനത്തിന്റെ ഫലമായി പല്ലിന്‍റെ പ്രതലത്തില്‍ നിന്ന് പ്ലാക്ക് ഇളകുന്നു.
അള്‍ട്രാ സോണിക്ക് സ്കേലര്‍ മെഷീന്‍  >>


അള്‍ട്രാസോണിക്ക് സ്കേലര്‍ ഉപയോഗിച്ച് പല്ല് ക്ലീന്‍ ചെയ്യുന്നു.



     


3. ലേസര്‍ ഉപയോഗിച്ച് ഉള്ള സ്കെയിലിംഗ് 
ഇത് മുകളില്‍പ്പറഞ്ഞ രീതികളുടെ ഒപ്പമോ പകരമോ ആയി ഉപയോഗിക്കുന്ന ഒന്നാണ്. ലേസറിന്റെ ഉപയോഗത്താല്‍ രോഗബാധിതമായ മോണ  100 %    അണുവിമുക്തമാക്കപ്പെടും എന്നാണ് പറയപ്പെടുന്നത്. Nd- YAG ലേസര്‍ ആണ് ഉപയോഗിച്ചു വരുന്നത് . *Nd:YAG (neodymium-doped Yttrium Aluminium Garnet; Nd:Y3Al5O12) is a crystal that is used as a lasing medium for solid-state lasers

















സ്കെയിലിംഗ് ന് മുന്‍പും ശേഷവും  ഉള്ള വ്യത്യാസം ശ്രദ്ധിക്കുക , താഴെയുള്ള ചിത്രത്തില്‍


B. റൂട്ട് പ്ലേനിംഗ് 
ഗുരുതരമായ അവസ്ഥയില്‍ മോണയ്ക് താഴെയുള്ള വേരിലും പ്ലാക്ക് പറ്റി പിടിച്ചിരുന്നു കുഴപ്പങ്ങള്‍ ഉണ്ടാക്കുന്നു. ഈ പ്ലാക്ക് നെ സബ് ജിഞ്ചിവല്‍ പ്ലാക്ക് എന്ന് വിളിക്കുന്നു.
ഇവന്‍ ഒരു സൈലന്റ് കില്ലര്‍ ആണ്. ഒറ്റനോട്ടത്തില്‍ കാണാന്‍ പോലുമാകാത്ത സബ് ജിഞ്ചിവല്‍ പ്ലാക്ക്  വേരിന്‍റെ പ്രതലത്തില്‍ നിന്ന് നീക്കം ചെയ്യുന്ന പ്രക്രിയയെ ROOT PLANING എന്ന് വിളിക്കുന്നു. ഇത് പ്രത്യേക തരം ഹാന്‍ഡ്‌ സ്കെയിലിംഗ് ഉപകരണങ്ങള്‍ കൊണ്ടോ അല്ലെങ്കില്‍ അള്‍ട്രാസോണിക്ക് സ്കേലര്‍ ഉപയോഗിച്ചോ ലേസര്‍ കൊണ്ടോ ചെയ്യാം. 

c. പെരിയോഡോണ്ടല്‍ സര്‍ജറി - മോണവീക്കം അതീവ ഗുരുതരമായാല്‍ ചിലപ്പോള്‍  സ്കെയിലിംഗ് / റൂട്ട് പ്ലേനിംഗ് എന്നിവയൊക്കെ ചെയ്താലും മോണയില്‍ നശിച്ചു പോയ ലിഗമെന്‍റ്റുകളോ അസ്ഥിയോ തിരിച്ചുവരുന്നില്ല.  അങ്ങനെ ഉള്ള അവസ്ഥയില്‍ ചില പ്രത്യേക ശസ്ത്രക്രിയകളിലൂടെ മോണയുടെ ആരോഗ്യം വീണ്ടെടുക്കാന്‍ കഴിയും . (വളരെ വിശാലമായ ഒരു വിഷയമായതിനാല്‍ അതിനെക്കുറിച്ച് പിന്നീടു പറയാം ) 



PREVENTION IS BETTER THAN CURE.

എപ്പോഴും പറയാറുള്ളത് പോലെ പ്രതിരോധമാണ് ഏറ്റവും നല്ല ചികിത്സ എന്നതിനാല്‍ ,
പ്ലാക്ക് അപകടകരമായി തീരുന്നതില്‍ നിന്നും പല്ലിനെ രക്ഷിചെടുക്കുക എന്നത് എങ്ങനെ എന്ന് നോക്കാം .

പ്ലാക്ക്   രൂപീകരണം തടയുക എന്നതിന് പ്ലാക്ക് ഉണ്ടോ എന്നറിയണം. എന്നാല്‍ നമ്മുടെ കണ്ണില്‍പെടുമ്പോഴേക്കും പ്ലാക്ക്  ചുറ്റുപാടുള്ള സ്രോതസ്സുകളില്‍ നിന്നെല്ലാം കാല്‍ഷ്യം ആഗിരണം ചെയ്ത്  കാല്‍ക്കുലസ് ആയി മാറിക്കഴിഞ്ഞിരിക്കും. ഈ കാല്‍ക്കുലസ് ആകട്ടെ, പല്ലിനോട് ദൃഢമായി ഒട്ടിപ്പിടിച്ച് നില്‍ക്കുന്ന ഒന്നാണ്. (ന്ന്വെച്ചാല്‍ എത്ര അമര്‍ത്തി ബ്രഷ് ചെയ്താലും പോവില്ല ! )

പ്ലാക്ക് ഉണ്ടായിത്തുടങ്ങുമ്പോള്‍ അണുക്കളുടെയും ഭക്ഷണാവശിഷ്ടങ്ങളുടെയും  വളരെ നേര്‍ത്ത സുതാര്യമായ ഒരു പടലമായിട്ടാണ്  . അതാകട്ടെ , നഗ്നനേത്രങ്ങള്‍ക്ക്  ഗോചരവുമല്ല . അതിനാല്‍ പ്ലാക്കിനെ കാണിച്ചുതരാന്‍ ഉപയോഗിക്കാവുന്ന ചില വര്‍ണ്ണലായനികള്‍ (എറിത്രോസിന്‍ , ഫ്ലൂറസീന്‍ )  ഉപയോഗിക്കാം . ഇവയെ ഡിസ്ക്ലോസിംഗ് സൊല്യൂഷന്‍സ്   എന്ന് വിളിക്കുന്നു .


  ഈ ലായനികള്‍ (ചിലവ ടാബ്ലെറ്റ് ആയും ലഭ്യമാണ് )  കുറച്ച് എടുത്ത്  വാ കഴുകുകയോ ഒരു പഞ്ഞിയില്‍ ലായനി മുക്കി എടുത്ത്  പല്ലുകളുടെ പ്രതലം തുടയ്ക്കുകയോ ചെയ്യാം .

ടാബ്ലെറ്റ് ആണെങ്കില്‍ , അത് ചവച്ചരച്ച ശേഷം വെള്ളം കൊണ്ട് വാ കഴുകിയാല്‍ മതി .
ശേഷം കണ്ണാടിയില്‍ നോക്കിയാല്‍ പ്ലാക്ക് ഉള്ള ഭാഗം ബാക്കിയുള്ള പ്രതലത്തെ അപേക്ഷിച്ച്  കൂടുതല്‍  നിറം പിടിച്ചിരിക്കുന്നതായി കാണാം. 





ഈ ചിത്രങ്ങളില്‍ പിങ്ക് നിറം കൂടുതലായി പിടിച്ചിരിക്കുന്നതൊക്കെ പ്ലാക്ക് ആണ്. 





പ്ലാക്ക് ഉണ്ടെന്നു ബോധ്യപെട്ടാല്‍ പിന്നെ ചെയ്യാവുന്ന കാര്യം ബ്രഷിംഗ് നന്നായി ചെയ്യുക എന്നതാണ് .

രാവിലെയും രാത്രിയും ബ്രഷ് ചെയ്യുന്നതാണ് ഉത്തമം.

ഏറ്റവും പ്രയോജനപ്രദമായ ബ്രഷിംഗ്  ഏതാണെന്ന് ചോദിച്ചാല്‍, ബാസ്, സ്റ്റില്‍മാന്‍ മോഡിഫൈഡ്‌ ബാസ് എന്നിങ്ങനെ ഒരു പാട് ടെക്നിക്കുകള്‍ ഉണ്ട്.
ഒരെണ്ണം താഴെക്കൊടുക്കുന്നു.




എത്ര നേരം ബ്രഷ് ചെയ്യുന്നു എന്നതോ എത്ര ബലത്തില്‍ ചെയ്യുന്നു എന്നതോ ഒന്നും പ്രധാനമല്ല.
ശരിയായ രീതി ആണോ എന്നത് മാത്രം ശ്രദ്ധിക്കുക.

ബ്രഷിംഗ് എല്ലാം കൃത്യമായാലും ചില ആളുകളില്‍ പ്ലാക്ക്  ക്രമാതീതമായി വരുന്നത് കാണാറുണ്ട്.ഇത്  അപൂര്‍വമാണെങ്കിലും , അസാധാരണമല്ല. ഇത്തരം ആളുകളില്‍ , ഒന്നുകില്‍ ഉമിനീരിലെ കാല്‍ഷ്യം അളവ് സാധാരണ കാണുന്നതിനെക്കാള്‍ കൂടുതല്‍ ആവാം . അല്ലെങ്കില്‍ പല്ലുകളുടെ നില്‍പ്പില്‍ അസാധാരണമായ ക്രമരാഹിത്യങ്ങള്‍ ഉണ്ടാവാം.
അങ്ങനെയുള്ളവര്‍ മൂന്നുമാസത്തിലൊരിക്കല്‍ ഒരു ദന്തവൈദ്യന്റെ സഹായം  തേടുന്നതായിരിക്കും കൂടുതല്‍ അഭികാമ്യം.



ഫ്ലോസ്സിംഗ് 
---------------
ഗ്രാമങ്ങളില്‍ ഒന്നും അത്ര പ്രചാരമില്ലാത്ത ദന്തശുചീകരണരീതിയാണിത്. ബ്രഷ് ഉപയോഗിച്ചാലും വൃത്തിയാക്കാന്‍ പറ്റാത്ത ഇടങ്ങള്‍ ഉണ്ട്. ഉദാ : രണ്ട് പല്ലുകളുടെ ഇടയിലെ ഭാഗം.
അങ്ങനെയുള്ള പ്രദേശങ്ങളില്‍ നിന്ന് പ്ലാക്ക് നീക്കം ചെയ്യാനുള്ള ഉപാധിയാണ് ഫ്ലോസ്.

ഇത് തീരെ കനവും വീതിയും കുറഞ്ഞ ഒരു പ്ലാസ്റ്റിക് നാടയാണ് . ഇരുകൈകളാലും രണ്ടറ്റങ്ങള്‍ പിടിച്ച്  പല്ലുകളുടെ ഇടയിലെ പ്രദേശത്തിലേക്ക് ഫ്ലോസ് കടത്തി വേണം പല്ല് വൃത്തിയാക്കാന്‍.





മംഗളം .ശുഭം 

ഇതിനു മുന്‍പുള്ള പാഠങ്ങള്‍ വായിച്ചിരുന്നോ ? ഇല്ലെങ്കില്‍ ദാ , ലിങ്ക് 



അടുത്ത ലക്കം :
ഓര്‍ത്തോഡോന്റിക് സ്  അഥവാ   ദന്തക്രമീകരണം : അറിഞ്ഞിരിക്കേണ്ട കാര്യങ്ങള്‍ 




എന്നെങ്കിലും

പച്ചപ്പുല്‍ച്ചെടികള്‍ക്കിടയില്‍ വിരിഞ്ഞുനില്‍ക്കുന്ന
പേരൊന്നുമറിയാത്ത പൂപോലെയൊരു കവിത-
യെഴുതാന്‍ ശ്രമിച്ച് ശ്രമിച്ച്  ശ്രമിച്ച് 
മരിച്ചുപോയൊരാളായി മാത്രം 
അറിയപ്പെട്ടാല്‍ മതി 
എന്നൊരാശ.

Thursday 28 May 2015

ശബ്ദിക്കാത്ത കലപ്പ

തൊഴിലാളികള്‍ പണിമുടക്കുന്നൂ.
ബാങ്കുദ്യോഗസ്ഥര്‍ പണിമുടക്കുന്നൂ.
സര്‍ക്കാര്‍ ജീവനക്കാര്‍ പണിമുടക്കുന്നൂ.
ഓട്ടോക്കാര്‍ , ടാക്സിക്കാര്‍ ,ലോറിക്കാര്‍
ബസിലെ ക്ലീനര്‍മാര്‍ , ഡ്രൈവര്‍മാര്‍
വ്യാപാരികള്‍ , വ്യവസായികള്‍
പോലീസുകാര്‍, ഡോക്ടര്‍മാര്‍
ടീച്ചര്‍മാര്‍ , മാഷന്മാര്‍ ,
അടുത്തൂണ്‍ പറ്റിയവര്‍.
അടുത്തൊന്നും
ഊണേ കഴിക്കാന്‍ പറ്റാത്തവര്‍.

എല്ലാവരും സമരം ചെയ്യുന്നു.
എല്ലാവരും പണിമുടക്കുന്നു.

ചിലര്‍ ഒരു താങ്ങുമില്ലാതെ നിന്ന്.
ചിലര്‍ വെറും നിലത്തൊരേയിരുപ്പിരുന്ന്.
ചിലര്‍ , ജലപാനമില്ലാതെ നിരാഹാരം കിടന്ന്.

അറിയാമോ ?
തൂങ്ങിനിന്ന്  സമരം ചെയ്യുന്നവരുണ്ട് .
എന്നെന്നേക്കുമായി ഉറങ്ങി പണിമുടക്കുന്നവര്‍.

അധികമാരും കാണാതെ , കേള്‍ക്കാതെ.
അവിടിവിടെ , ഒറ്റയ്ക്കും തെറ്റയ്ക്കും
മാവിലോ , പ്ലാവിലോ , ഫാനിന്‍റെ ഹുക്കിലോ .

മുദ്രാവാക്യങ്ങളൊന്നും മുഴക്കാതെ
സങ്കടത്തിന്റെ നിലയില്ലാക്കയത്തിലേക്ക്
പതുക്കെ ആണ്ടിറങ്ങി,
ആര്‍ക്കൊക്കെയോ വളമാകാന്‍
സ്വയം ചീഞ്ഞുപോകുന്നവര്‍.

ഉഴുതുണ്ട് വാഴുന്നവര്‍.
മാലോകരായ മാലോകരെല്ലാം
തൊഴുതുണ്ട്  നില്‍ക്കേണ്ടവര്‍ .

എന്നിട്ടും ,
വര്‍ഷാന്ത്യത്തിലെ പത്രക്കണക്കുകളില്‍
ആയിരം കടക്കുന്ന വെറും അക്കങ്ങളാകുന്നവര്‍.

തൃപ്തിയുടെ പിരമിഡിന്നടിത്തട്ടില്‍
ഞെരുങ്ങിയമര്‍ന്നുപോയ ഒരാര്‍ത്തനാദം
നിങ്ങള്‍ കേട്ടില്ലെന്നോ ?

തിരക്കായിരുന്നുവെന്നോ ?

പട്ടിണി എന്നാല്‍ എന്താണെന്നോ ?

ക്ഷമിക്കൂ, സുഹൃത്തേ .
ഈ കഥ തികച്ചും സാങ്കല്പികമാണ് .
ജീവിച്ചിരിക്കുന്നവരോ മരിച്ചുപോയവരോ
ആയി യാതൊരു ബന്ധവുമില്ലാത്തത് .







Wednesday 27 May 2015

ഐറണി

അത്യുന്നതങ്ങളില്‍, ദൈവത്തിന്  സുഖം .
ഭൂമിയില്‍ , കൈയ്യില്‍ തോക്കുള്ളവര്‍ക്ക്  സമാധാനം.

പ്രോമിത്യൂസ്

മനസ്സിലേതോ കോണില്‍ ചാരംമൂടിക്കിടന്ന
 ഒരു ചെറുതീപ്പൊരിയെ
ഉലയൂതി പഴുപ്പിച്ചെടുത്തുവെച്ചു.

എപ്പോഴോ മേധയിലുയിര്‍കൊണ്ട വാക്കുകള്‍
തടവറയിലെ നിരപരാധികളെപ്പോലെ
നിലവിളിച്ചുകൊണ്ട് കിടന്നു കടലാസില്‍.

സഹികെട്ടപ്പോള്‍ , ഞാന്‍ പുകഞ്ഞുതീരാറായ
മരണത്തിന്റെ ദീപശിഖയില്‍ നിന്നും
മോചനത്തിന്റെ അഗ്നി പകര്‍ന്നു.

ഊതിവിട്ട പുകച്ചുരുളുകള്‍ പരിക്രമങ്ങളായി
തലയ്ക്കു പിന്നില്‍ അണിനിരന്നതു കണ്ട് ,
ലോകത്തോട് വിളിച്ചു പറഞ്ഞു
“ഞാനാണ് പ്രൊമിത്യൂസ്”

പേ പിടിച്ച പട്ടിയെ പോലെ
തീനാമ്പുകള്‍ കടലാസിന്റെ
മാനം കവര്‍ന്നു  തുടങ്ങിയപ്പോള്‍ ,

പുതുമഴയിലെ ഇയാംപാററകളായി പറന്നു പോയ 
അക്ഷരങ്ങളുടെ ആത്മാക്കള്‍
നന്ദിയോടെ പറഞ്ഞിട്ടുണ്ടാവണം ,
"സയോനോരാ "



പ്രതീക്ഷയെ കാത്തിരിക്കുമ്പോള്‍



ഒരിക്കല്‍  ,
എനിക്കും ചിറകുകള്‍ മുളയ്ക്കും.
ആകാശത്തിന്‍റെ ആഴങ്ങളിലേക്ക്  
നിന്നെപോലെ, 
ഞാനും രക്ഷപ്പെടും


ശ്രദ്ധിക്കപെടാനുള്ള തുച്ഛമായ ശ്രമങ്ങളില്‍ നിന്ന് ,
വെറുക്കാനുള്ള മനസ്സിന്‍റെ തിരക്കൈകളില്‍ നിന്ന് ,
പ്രാപിക്കാനുള്ള അദമ്യമായ ആര്‍ത്തിയില്‍ നിന്ന് .

നിനക്കുള്ള അതേ വിഭ്രാന്തിയുടെ കീടാണുക്കള്‍
എന്റെ മനസ്സിനെയും കോളനിവല്ക്കരിക്കുമ്പോള്‍

ഞാനും നിന്നെപ്പോലെ ചുവരുകളോട് സംവദിക്കും
വാക്കുകളുടെ തീപന്തുകള്‍ കൊണ്ട് അമ്മാനമാടും

മറവിയുടെ വിഷപാത്രം 
ചുണ്ടോടുചേര്‍ക്കും മുന്‍പ്
ഒടുവില്‍ ഞാനും നുണയും ,
അറിവിന്‍റെ അവസാനത്തെ തേന്‍തുള്ളി .


നിങ്ങള്‍ ഒരു യന്ത്രമാണോ ?

ഞാന്‍ ഒരു യന്ത്രമല്ല
ഞാന്‍ ഒരു യന്ത്രമല്ല
എന്ന്
എത്ര തവണ പറഞ്ഞാലും
മനസ്സിലാവാത്ത നീ.

മുന്നില്‍ നിരത്തിയ
ചിത്രകടലാസുകളില്‍ നിന്ന്
പൂക്കളെ തെരഞ്ഞെടുക്കാന്‍ ,
നായ്ക്കളെ തെരഞ്ഞെടുക്കാന്‍ ,
കസേരകള്‍ തെരഞ്ഞെടുക്കാന്‍ ,
പറഞ്ഞുകൊണ്ടേയിരിക്കുന്ന നീ?

നീ ഒരു യന്ത്രമല്ലേ ?






Monday 25 May 2015

മാറാലകെട്ടിയചിന്തകള്‍ #4

ഭരിക്കപ്പെടുന്നവര്‍ എന്ന അര്‍ത്ഥ ത്തില്‍ പൊതുജനം "ഭാര്യ " എന്ന നിസ്സഹായയായ സ്ത്രീപദവിയിലും  , അടിച്ചുപരത്തുന്നത്  എന്ന അര്‍ത്ഥത്തില്‍  ഭരണ"കൂടം" ഒരു മര്‍ദ്ധകനായ പുരുഷന്‍ / ഭര്‍ത്താവ് പദവിയിലുമാണ്  എന്നെനിക്ക് തോന്നുന്നു.

വീട്ടിലേക്ക് അരി, പഞ്ചസാര തുടങ്ങി കറിസാമനങ്ങളോ പലചരക്കുകളോ  (അടിസ്ഥാന സൌകര്യ വികസനം ) ഒന്നും വാങ്ങികൊടുക്കാതെ ,  ഭാര്യ വല്ലവന്റെ വീട്ടില്‍  കൂലിപ്പണി ചെയ്തുണ്ടാക്കിയ കാശും (പ്രവാസി ധനം , GDP )  തട്ടിപ്പറിച്ച്  , കള്ളും കുടിച്ച് കണ്ട ചട്ടമ്പിക്കൂടുകാരോടൊപ്പം നാട്ടിലൊക്കെ കറങ്ങിത്തിരിഞ്ഞ് ( വിദേശ പര്യടനങ്ങള്‍,അയല്‍രാജ്യങ്ങള്‍ക്ക് ധനസഹായം,രാഷ്ട്രത്തലവന്മാര്‍ക്ക് ബഫെ  മന്ത്രി മന്ദിരം മോടിപിടിപ്പിക്കല്‍ ) ,അയല്‍വീട്ടുകാരെയും  നാട്ടുകാരെയും (പാകിസ്ഥാന്‍ , ചൈന, അമേരിക്ക )  ഭള്ളു  പറഞ്ഞു തിരിച്ചൊടുവില്‍ രാവ് വെളുക്കുമ്പോഴേക്കും  വീട്ടില്‍ തന്നെ തിരിച്ചെത്തി

"ചായ ( എല്ലാ ഉടായിപ്പ് നികുതികളും )യെന്ത്യേടി കള്ളക്കഴുവേര്‍ടെ മോളെ "?? എന്നാട്ടി കെട്ടിയവളുടെ കുത്തിന് പിടിക്കുന്ന  വെറും ഇസ്പേഡ്‌  എഴാംകൂലി  .

ഇവനെയൊക്കെ മര്യാദ പഠിപ്പിക്കേണ്ട കാലം അതിക്രമിച്ചിരിക്കുന്നു.
മിനിമം ഒരു കിടപ്പറസമര*മെങ്കിലും.

(സൂചന: പി .വി .ഷാജികുമാറിന്റെ "കിടപ്പറസമരം " എന്ന കഥ വായിക്കുക )

സൂ

                         കൂട്ടിലടച്ചിട്ട മൃഗങ്ങളെ കാണുവാന്‍ ചങ്ങല-                      
പ്പൂട്ടിലിട്ട മൃഗവുമായെത്തും ചിലര്‍

ഇരുമ്പഴിക്കുള്ളിലെയസ്വാതന്ത്ര്യത്തില്‍
വെറിപിടിച്ചുഴലും നാല്‍ക്കാലികള്‍

ഒരു മനോഹരദര്‍പ്പണത്തിലെന്നപോല്‍
മിഴിവുറ്റ പ്രതിച്ഛായ കാണിക്കുന്നുണ്ടാവാം

അവരുടെയുള്ളത്തിന്നിരുട്ടറകളില്‍
പകകൊണ്ടു ,വെറിപൂണ്ടു ചുരമാന്തിയെപ്പോഴും
മദിച്ചുമേവുന്ന മൃഗമൊരെണ്ണത്തിനെ .



Sunday 24 May 2015

ബൂമറാങ്ങ്

ജ്ഞാനപ്പഴമരത്തിന്‍  മറവില്‍നിന്ന് ,
ഞാനെന്ന വില്ലിന്റെ ഞാണുലച്ച് ,
ഞാനെയ്യുന്നെന്‍ കവിത,യൊളിയമ്പുകള്‍.

എവിടെയും കൊള്ളാതെ,യാരെയും നോവിക്കാതെ
തിരികെയെന്നരികിലേക്കൊടുവില്‍ വന്നെത്തി
കരളുപിളര്‍ക്കാറുണ്ടവ ചിലപ്പോള്‍ .

അനുഭവത്തിന്‍റെയുരകല്ല് കളവുപോയ്
പഴയത്‌ പോലെ  മൂര്‍ച്ചയില്ലൊന്നിനും.

മുനയൊടിഞ്ഞ മുള്ളുപോല്‍ ചിലതെല്ലാം
മൂളിപ്പറന്നെത്തി നിന്‍ കാതു തുളച്ചേക്കാം.

മുറിവുകള്‍ മാത്രമാണറിവുകളെന്നു
പറയാതെതന്നെ നിനക്കറിയാമെന്നു
വെറുതെ കൊതിക്കുന്നുണ്ടെന്‍ ഹൃദയം.

Friday 22 May 2015

ഉട്ടോപ്പ്യന്‍'സ് ടീ - ഫാക്ടറി

 എന്‍റെ ടീ - ഷര്‍ട് ഡിസൈന്‍സ്
--------------------------------------------------------------------------
കോളേജില്‍ പഠിക്കുന്ന കാലത്താണ് ആദ്യമായി ടീ -ഷര്‍ട്ട് ഡിസൈന്‍ ചെയ്യുന്നത്.
ഫസ്റ്റ് എയറില്‍ പഠിക്കുമ്പോള്‍ , ഒരു കണ്സപ്റ്റ് മാത്രമാണ്  എന്‍റെ സംഭാവനയായി  ചെയ്തതെങ്കില്‍ പിന്നീടത് ഫുള്‍ സ്കെയില്‍ ആയിത്തന്നെ ചെയ്തു തുടങ്ങി.
ആദ്യത്തെ ഫുള്‍ വര്‍ക്കിന് ബാലാരിഷ്ടതകള്‍ കുറച്ചുണ്ടായിരുന്നു.
1.
ഈ ഫോണ്ട് ആക്സിഡെന്റല്‍ ആയി ഉണ്ടാക്കിയ ഒന്നായിരുന്നു. എനിക്ക് വ്യക്തിപരമായി അത്ര ഇഷ്ടമില്ലാതിരുന്ന ഈ ഡിസൈന്‍ പക്ഷേ കോളേജില്‍ എല്ലാവര്‍ക്കും സ്വീകാര്യമായത്‌ കൊണ്ട് അതുമായി മുന്നോട്ടു പോയി.

ഇതിന്‍റെ ബാക്ക് സൈഡ് ഡിസൈന്‍ ആയിരുന്നു ഹൈലൈറ്റ് .
അഖില കേരള ഇന്‍റര്‍ഡെന്റല്‍ ഫെസ്റിവല്‍ ന്‍റെ സില്‍വര്‍ ജൂബിലി ആഘോഷവര്‍ഷമായിരുന്നു അത്. അതുകൊണ്ട്തന്നെ ഇതുവരെ നടന്ന എല്ലാ ഇന്റര്‍ ഡെന്റല്‍ ഫെസ്ടിവലുകളുടെയും പേരു വച്ച്  ഒരു ഡിസൈന്‍ ചെയ്യാം എന്ന് കരുതി. അതില്‍ തന്നെ ആ കൊല്ലത്തെ ഫെസ്റിവല്‍ ന്‍റെ പേരും ഉള്‍പെടുത്തണം നിലാമഴ എന്നായിരുന്നു ഞാന്‍ നിര്‍ദ്ദേശിച്ച പേര്.അത്  കോളേജ് യൂണിയന്‍ അംഗീകരിച്ചതോടെ  ടീ ഷര്‍ട്ട് ന്‍റെ പണി തുടങ്ങാം എന്നായി .

അപ്പോഴാണ്‌ മാട്രിക്സ് എന്ന ഹോളിവുഡ്  സിനിമയുടെ ടൈറ്റില്‍ വരുന്നത് പോലെ  ഒരു ഡിസൈന്‍ ചെയ്താലോ എന്ന് ആലോചിച്ചത്. ഗൂഗിളില്‍ തപ്പിയപ്പോള്‍ , ഭാഗ്യത്തിന്  ആ ഫോണ്ട് കിട്ടി.പിന്നെ, നിലാമഴ എന്ന പേരിന് വേണ്ട ലെറ്റഴ്സ്  എല്ലാം ഇതുവരെ നടന്ന ഇന്‍റര്‍ഡെന്റല്‍ ഫെസ്ടിവലുകളുടെയും പേരില്‍ നിന്നും എടുത്ത്  കൃത്യമായി  NILAMAZHA എന്ന്  വരുന്ന രീതിയില്‍ അടുക്കി വെച്ചപ്പോള്‍ , പ്രെസ്റ്റോ !!!






പിന്നീട്  ആശയങ്ങള്‍ക്കും TYPOGRAPHY ക്കും പ്രാധാന്യം കൊടുത്തുകൊണ്ട്  27-മത്  അഖില കേരള ഇന്‍റര്‍ഡെന്റല്‍ ഫെസ്റിവല്‍ നടന്നപ്പോള്‍ കോളേജിന് വേണ്ടി ചെയ്ത ടീ ഷര്‍ട്ട് ആണ് താഴെ. കറുപ്പിലും വെളുപ്പിലും ചെയ്തെടുത്ത ഈ ടീ ഷര്‍ട്ട് എനിക്ക് വളരെ ഇഷ്ടം തോന്നിയ ഒന്നാണ്.

ഫ്രണ്ട് ഡിസൈന്‍  TRIVANDRUM DENTAL COLLEGE എന്ന് abrreviation വരുന്നത് പോലെ ഒരു ക്യാപ്ഷന്‍ "THINK DIFFERENT, COMRADE  ഇട്ടു.. അത് ഞങ്ങളുടെ കോളേജിന്റെ മഹത്തായ SFI  പാരമ്പര്യം വിളിച്ചോതുന്നത്‌ കൂടെയായപ്പോള്‍ ഇരട്ടി സന്തോഷം. 

ബാക്ക് ഡിസൈന്‍ പിന്നെ മെഡിക്കല്‍ എംബ്ലം എന്ന് പരക്കെ തെറ്റിദ്ധരിക്കപ്പെട്ടുകഴിഞ്ഞ  കഡൂസിയസ്  (caduseus) തന്നെ ഇത്തിരി ഗ്രാഫിക് ആര്‍ട്ട് ആയി ചെയ്യാമെന്നുറച്ചു .അത് ധരിക്കുന്ന ആളുടെ നട്ടെല്ല് ന്  കൃത്യമായി മുകളില്‍ വരുന്നത് പോലെയും ഒരു ജോഡി ചിറകുകള്‍ തോളില്‍ നിന്ന് വിടര്‍ന്നു നില്‍ക്കുന്നത് പോലെയും ചെയ്തപ്പോള്‍ ഏതാണ്ട് തൃപ്തിയായി.
2.

 





അത് കഴിഞ്ഞപ്പോള്‍ ഉട്ടോപ്പിയ എന്ന ബ്രാന്‍ഡ്‌ ന്‍റെ ടീ -ഷര്‍ട്ട്  ചെയ്യാം എന്നായി.
എനിക്ക് മാത്രം ഉപയോഗിക്കാവുന്ന കസ്റ്റം ഡിസൈന്‍ട് ടി -ഷര്‍ട്ട് ആയിരുന്നു ലക്‌ഷ്യം.
അക്കാലത്താണ് , ഓറിയോണ്‍ ചേട്ടന്‍റെ മഗ്ര ടീം കിടിലന്‍ മലയാളം സിനിമാ ഡയലോഗ്  വെച്ചുള്ള ടീ ഷര്‍ട്ട് ഡി സൈന്‍സ്  ഫെസ്ബുക്കിലൂടെ പ്രചരിപ്പിക്കാന്‍ തുടങ്ങിയത്.
അത് കണ്ടതോടെ , അതില്‍ നിന്ന് എനിക്ക് ചേര്‍ന്ന ഒരെണ്ണം ഞാന്‍ ചൂണ്ടി ;) . 


3.
മഗ്ര ടീ 

പിന്നെ , എന്‍റെ ഏറ്റവും പ്രിയ അനിമേഷന്‍ കാരക്ടര്‍ ആയ റാങ്കോ യെ വെച്ച് ഒരെണ്ണം ഉണ്ടാക്കി.
4.
റാങ്കോ ടീ 

അത് കൂടാതെ  v for vendetta എന്ന ഹോളിവുഡ് സിനിമയുടെ v എന്ന അക്ഷരത്തില്‍ തുടങ്ങുന്ന വാക്കുകള്‍ ഒരുപാട് ഉള്‍ക്കൊള്ളിച്ചുള്ള ഒരു   കിടിലന്‍ ഡയലോഗ്   കസ്റ്റമൈസ്  ചെയ്തു.(ഇതാണ്  മഗ്ര ടീ യുടെ ബാക്ക് ഡിസൈന്‍ ആയി ഉപയോഗിച്ചത്.)
5 .
V FOR VENDETTA ടീ 

അതിന്‍റെ ഇടയില്‍ ചവറുപോലെ ചുമ്മാ കാച്ചി ആയ കാപ്ഷന്‍സ് എല്ലാം കൊണ്ട്  ഓരോ ഡിസൈന്‍സ് ഉണ്ടാക്കുമായിരുന്നു. അതിലൊരെണ്ണം താഴെ.
6.
അഹങ്കാരം ടീ 

എന്തായാലും , കോളേജ് വിട്ടതോടെ സൃഷ്ടിയുടെ മാതാവ് ഏറെക്കുറെ മരിച്ചു. അതുകൊണ്ട് ടീ -ഫാക്ടറി താല്‍കാലികമായി അടച്ചുപൂട്ടി . പക്ഷേ വ്യാവസായിക അടിസ്ഥാനത്തില്‍ ഡിസൈനിംഗ് ചെയ്യുന്ന ഒരു ഫേം ആണ് എന്‍റെ സ്വപ്നം.

Wednesday 20 May 2015

പാലക്കാട് : സ്ഥലനാമചരിത്രങ്ങള്‍

ഭാഗം ഒന്ന് : നാമങ്ങള്‍

"History is not a burden on the memory but an illumination of the soul."
-Lord Acton



വിദ്യാര്‍ഥിയായിരിക്കുമ്പോള്‍ ചരിത്രം എനിക്ക് ഇഷ്ടമില്ലാത്ത ഒരു വിഷയമായിരുന്നു. യുദ്ധങ്ങള്‍ നടന്ന വര്‍ഷങ്ങളും  രാജാക്കന്മാരുടെ ഭരണപരിഷ്കാരങ്ങളും എന്നില്‍ താല്പര്യമുണര്‍ത്തിയില്ല.
എന്നാല്‍ ഇന്ന് , ചരിതം എന്നെ ആവേശിപ്പിക്കുന്ന ഒന്നാണ്.ഇതില്‍ അവനവന്‍റെ ഉല്പത്തി തേടലുണ്ട്. അതുകൊണ്ട് തന്നെ ഈ കഥ എന്നെ രസിപ്പിക്കുന്നു.


പാലക്കാട്








എല്ലാവര്‍ക്കും അറിയുന്നത് പോലെ പാലക്കാടാണ്  ഇപ്പോള്‍ കേരളത്തില്‍ വിസ്തീര്‍ണത്തിന്റെ അടിസ്ഥാനത്തില്‍ , ഏറ്റവും വലിയ ജില്ല.കലാകായികമേഖലകളിലെല്ലാം മുന്നിട്ടുനില്‍ക്കുന്ന പാലക്കാട് പക്ഷേ വിദ്യാഭ്യാസത്തിന്‍റെ കാര്യത്തില്‍ മാത്രം അല്പം പിറകിലാണ്.വ്യവസായങ്ങള്‍ കുറവാണ്.

പാലക്കാടിന്‍റെ ചരിത്രം -  പ്രത്യേകിച്ചും  സ്ഥലചരിത്രങ്ങള്‍  , ഇതിനുമുന്‍പും എഴുതപെട്ടിട്ടുണ്ട്. ശ്രീ.വി വി കെ വാലത്തിന്റെ ജില്ല തിരിച്ചുള്ള "കേരളത്തിലെ സ്ഥലനാമചരിത്രങ്ങള്‍" എന്ന പുസ്തകം അവയില്‍ മുന്‍പന്തിയിലാണ് . എന്നാല്‍  ഇതുവരെ എഴുതപ്പെട്ടതൊന്നും സമഗ്രമായിരുന്നില്ല / എല്ലാ സ്ഥലങ്ങളെപറ്റിയൊന്നും വിശദമായി പ്രസ്താവിച്ചിട്ടില്ല എന്ന തോന്നലാണ് / നിരാശയാണ്  എന്നെ  ഇങ്ങനെയൊരു ഉദ്യമത്തിലേക്ക്  എത്തിക്കുന്നത്.



  സ്ഥലങ്ങളുടെ പേരിന്‍റെ ഉല്പത്തി എപ്പോഴും പ്രകൃതി/നിര്‍മ്മിതി/ചരിത്രം എന്നിവയോട് ബന്ധപെട്ടുള്ളതാവും. പ്രകൃതിയെ അടിസ്ഥാനമാക്കുന്ന പേരുകള്‍ സ്ഥലത്തെ കാട് , മല ,പുഴ, കുളം എന്നിവയോട് ചേര്‍ന്നുനില്‍ക്കുന്നതാണ്.  

ഇതുപോലത്തെ നാമവിശേഷണങ്ങള്‍ ആധാരമാക്കിയുള്ള ഒരു വിഭജനം കുറേക്കൂടി ക്രമത്തിലുള്ളതും  അച്ചടക്കമുള്ളതുമായിരിക്കും എന്ന തോന്നലിനാല്‍ അപ്രകാരം ചെയ്തിരിക്കുന്നു.

*മനുഷ്യനിര്‍മ്മിതമായ വസ്തുക്കളുടെ പേരില്‍ ഉള്ള, ഈയടുത്ത് നിലവില്‍ വന്ന  നാമങ്ങള്‍ (കോടതിപ്പടി, ആശുപത്രിപ്പടി , ചന്തപ്പടി ,ഹൈസ്കൂള്‍ ജംക്ഷന്‍ , പതിനാറാം മൈല്‍ ) ഒഴിവാക്കിയിരിക്കുന്നു. 



 പ്രത്യേക നാമങ്ങള്‍

  1.  അഗളി 
  2. അട്ടപാടി 
  3. അനങ്ങനടി 
  4. ആര്യമ്പാവ്  
  5. ആണ്ടിമഠം 
  6.  ഉമ്മനഴി 
  7.  കവ 
  8. കമ്പ 
  9. കരിമ്പ
  10. കരിങ്കല്ലത്താണി 
  11.  കല്‍മണ്ഡപം 
  12. കല്പാത്തി 
  13. കല്ലുവഴി  
  14. കണ്ണാടി 
  15. കുഴല്‍മന്ദം
  16. കൂട്ടാല
  17. കൊപ്പം 
  18. കൊല്ല്യാനി 
  19. കോണിക്കഴി  
  20. കോട്ടായി 
  21. ചന്ദ്രനഗര്‍ 
  22. ചന്തപ്പുര 
  23. ചളവറ 
  24. ചെറായ
  25. തണ്ണീര്‍പ്പന്തല്‍  
  26. തസ്രാക്ക്  
  27. താണാവ്  
  28. തേനാരി
  29. തൃത്താല  
  30. തൃപ്പലമുണ്ട   
  31. തൃക്കടീരി 
  32. ധോണി    
  33. നാട്ടുകല്‍
  34. നെല്ലായ   
  35. നെന്മാറ 
  36. നെല്ലിയാമ്പതി
  37. പറളി 
  38. പത്തിരിപ്പാല
  39. പട്ടാമ്പി  
  40. പള്ളത്തേരി  
  41.  പള്ളിക്കുറുപ്പ്  
  42. പല്ലശ്ശന   
  43. പാലാരി  
  44. പാമ്പാടി 
  45. പിരായിരി
  46. പുലാമന്തോള്‍  
  47.  പൊമ്പ്ര 
  48. പൊരിയാനി 
  49.  പെരുവെമ്പ
  50. മരുതറോഡ്‌ 
  51. മാഞ്ചിറ
  52. മാവടി 
  53. മുക്കണ്ണം 
  54. മുതലമട
  55. മുറിയങ്കണ്ണി
  56. ലക്കിടി  
  57. വലിയട്ട
  58. വല്ലങ്ങി  
  59. വട്ടംതുരുത്തി   
  60. വണ്ടിത്താവളം 
  61. വേലന്താവളം 
  62. വിളയോടി 
  63. വെള്ളിനേഴി 
  1. ഊര്‍ (  ഊര് ) ചേര്‍ത്തുള്ളവ 
  1. അലനല്ലൂര്‍
  2. അഴിയന്നൂര്‍  
  3. ആലത്തൂര്‍   
  4. അടയ്ക്കാപുത്തൂര്‍ 
  5. ആമയൂര്‍  
  6. എരിമയൂര്‍ 
  7. കണ്ണന്നൂര്‍       
  8. കടമ്പൂര്‍ 
  9. കുലുക്കല്ലൂര്‍
  10. കുറുവട്ടൂര്‍
  11. കൊടുവായൂര്‍ 
  12. ചെത്തല്ലൂര്‍    
  13. ചിറ്റൂര്‍
  14. ചിനക്കത്തൂര്‍  
  15. തരൂര്‍
  16. പല്ലാവൂര്‍
  17. പേരൂര്‍ 
  18. പുത്തൂര്‍     
  19. പുടൂര്‍
  20. പൂതനൂര്‍
  21. മണ്ണൂര്‍ 
  22. മേലൂര്‍     
  23. മുടപ്പല്ലൂര്‍ 
  24. മുണ്ടൂര്‍   
  25. വടവന്നൂര്‍
  26. വെങ്ങാനൂര്‍ 
  27. വിളയന്നൂര്‍ 
  28. ഷോര്‍ണൂര്‍ 
2.–ക്കോട്/ങ്ങോട്/യോട്/യാട്  ചേര്‍ത്തുള്ളവ   
  1. ഒലവക്കോട്  
  2. കഞ്ചിക്കോട്  
  3. വള്ളിക്കോട്   
  4. കല്ലടിക്കോട്
  5. മുന്നൂര്‍ക്കോട് 
  6. പൊന്നംകോട്
  7. കൊല്ലങ്ങോട്  
  8. മാങ്ങോട് 
  9. പെരിങ്ങോട് 
  10. ചേറുങ്ങോട്   
  11. തിരുവാഴിയോട് 
  12. കരിയോട് 
  13. വരോട് 
  14. ചുനങ്ങാട് 
  15. ആലങ്കാട് 
  16. കുലുക്കിലിയാട് 
  17. കാരാട്  
 3.–ശ്ശേരി/ചേരി ചേര്‍ത്തുള്ളവ

  1. എളംപുലാശ്ശേരി 
  2. കാവശ്ശേരി  
  3. കിണാശ്ശേരി
  4. കുനിശ്ശേരി    
  5. കേരളശ്ശേരി
  6. കൊട്ടശ്ശേരി  
  7. ചെര്‍പുളശ്ശേരി
  8. പട്ടഞ്ചേരി
  9. പാറശ്ശേരി 
  10. പുതുശ്ശേരി      
  11. മനിശ്ശേരി
  12. രാമശ്ശേരി
  13. വടശ്ശേരി
  14. വടക്കഞ്ചേരി


 




4. -കുന്ന് /പാറ / മല ചേര്‍ത്തുള്ളവ
  1.  വായില്ല്യാം കുന്ന്  
  2. നിലവിളിക്കുന്ന്   
  3. മംഗലാംകുന്ന്  
  4. കുണ്ടൂര്‍ക്കുന്ന് 
  5. താനിക്കുന്ന്  
  6. തിരുവിഴാംകുന്ന്     
  7. ബംഗ്ലാവ്കുന്ന്
  8. അമ്പലപ്പാറ
  9. കൊഴിഞ്ഞാമ്പാറ 
  10. പാറ 
  11. തച്ചമ്പാറ 
  12. കോഴിപ്പാറ 
  13. നൊട്ടമല
  14.  തിരുവില്വാമല 
    
5. -ക്കാട്  ചേര്‍ത്തുള്ളവ

  1. എഴക്കാട് 
  2. കുരുടിക്കാട്    
  3. തലയണക്കാട്   
  4. താരേക്കാട് 
  5. തില്ലങ്കാട് 
  6. നീലിക്കാട്‌   
  7. പാലക്കാട് 
  8. പുളിയക്കാട്ട്
  9. മണ്ണാര്‍ക്കാട് 
  10. മന്തക്കാട്‌ 
  11. മുണ്ടേക്കാട് 



    
6.-ക്കര ചേര്‍ത്തുള്ളവ 

  1. എടത്തനാട്ടുകര 
  2. തച്ചനാട്ടുകര 
  3. തെങ്കര
  4. തോട്ടര
  5. മങ്കര
  6. യാക്കര
  7. വെണ്ണക്കര 
  8. വേട്ടേക്കര




7.പുഴ /ആര്‍ /കുളം ചേര്‍ത്തത് , ബന്ധപ്പെട്ടത് 
  1. കരിമ്പുഴ 
  2. മലമ്പുഴ 
  3. വാളയാര്‍ 
  4. വാണിയംകുളം
  5. നന്തികുളം 
  6. ഇളംകുളം
  7. ആലുകുളം
  8. പാലക്കയം 
  9. കൂട്ടിലക്കടവ് 
  10. ഗൂളിക്കടവ് 



8.പറ്റ /മണ്ണ ചേര്‍ത്തുള്ളവ 

  1. പരിയാനംപറ്റ  
  2. പുലാപ്പറ്റ 
  3. മണ്ണംപറ്റ 
  4. കാറല്‍മണ്ണ
  5. ഒളപ്പമണ്ണ 
  6.  കോടര്‍മണ്ണ
  7.  കരിപ്പമണ്ണ  
  8. പനമണ്ണ

9 .മംഗലം ചേര്‍ത്തുള്ളവ 

  1. ഈശ്വരമംഗലം
  2. കിള്ളിക്കുറിശ്ശിമംഗലം 
  3. തത്തമംഗലം
  4. വീരമംഗലം 
  5. ശങ്കരമംഗലം
  6. മംഗലം
  7. മാരായമംഗലം

 
10. പാടം ചേര്‍ത്തുള്ളവ - 

  1. അവതിപ്പാടം 
  2. കടപ്പാടം
  3. കുണ്ടുവംപാടം
  4. കോട്ടോപാടം
  5. പന്നിയംപാടം
  6. പുഞ്ചപ്പാടം
   

        11 . –പുരം/പുറം ചേര്‍ത്തുള്ളവ

    1. കടമ്പഴിപ്പുറം
    2.  വാക്കടപ്പുറം
    3.  പാലപ്പുറം  
    4. വാഴേമ്പുറം 
    5.  ശ്രീകൃഷ്ണപുരം 



    12.  -കാവ് ചേര്‍ത്തുള്ളവ -

    1. മണപ്പുള്ളിക്കാവ്  
    2. കുന്നപ്പുള്ളിക്കാവ് 
    3. പൂക്കോട്ടുകാവ്  
    4. അയ്യപ്പങ്കാവ്  
    5. കൂടിക്കാവ്  


    13. -കുറിശ്ശി ചേര്‍ത്തുള്ളവ - 
    1. കാരാകുര്‍ശ്ശി ,
    2. കുളക്കാട്ടുക്കുറിശ്ശി ,
    3. മുതുകുര്‍ശ്ശി 
    4. പെരിങ്ങോട്ടുകുറിശ്ശി 
    5. തേങ്കുറിശ്ശി           

    14.  തറ ചേര്‍ത്തുള്ളവ - 
    1.  വടക്കന്തറ 
    2. അകത്തേത്തറ
    3.   കോട്ടത്തറ
    4.  മൂച്ചിത്തറ
    5.  കൂനത്തറ        



    15.  പുള്ളി ചേര്‍ത്തുള്ളവ -
    1. എലപ്പുള്ളി 
    2. നല്ലേപ്പുള്ളി 
    3. കല്ലേപ്പുള്ളി 
    4. കുളപ്പുള്ളി 

    --------------------------------------------------------------------------------------------------------------------------
    വായനക്കാരില്‍ പാലക്കാടുള്ളവര്‍ ഈ പട്ടികയില്‍ ഇല്ലാത്ത പേരുകള്‍ കമന്റ് ബോക്സില്‍ എഴുതാമോ ?