Sunday 31 December 2017

ഡയറിക്കുറിപ്പുകള്‍

ജീവിതത്തിലെ ഏറ്റവും സംഭവബഹുലമായ വര്‍ഷം ഇതാ ഇന്നത്തോടെ അവസാനിക്കുന്നു.

സുഹൃത്തുക്കളോടൊപ്പം മലമ്പുഴയുടെ വനാന്തരങ്ങളില്‍
 ജീവിതത്തിലെ ഏറ്റവും നല്ല  പുതുവത്സരാഘോഷം ..
പുതുവത്സരപ്രതിജ്ഞകള്‍ക്കായുള്ള പ്ലാനിംഗ്..
സുഗമമായ ക്ലിനിക്കല്‍ ജീവിതം
കല്ല്യാണത്തിനു മുന്നോടിയായുള്ള ഒരുക്കങ്ങള്‍
കാര്‍ വാങ്ങുന്നതിന്‍റെ നടപടിക്രമങ്ങള്‍ ..
 സന്തോഷദിനങ്ങളിലൊന്നില്‍ പങ്കെടുക്കാനായുള്ള യാത്ര...

അവിചാരിതമായ ,എല്ലാ അര്‍ത്ഥത്തിലും  ജീവിതത്തിന്‍റെ നട്ടെല്ലൊടിച്ച
(അതോ  എന്‍റെ ചെറിയ ലോകത്തിന്‍റെ അച്ചുതണ്ടോ ? )
റോഡ്‌  അപകടം

എപ്പോള്‍ ഓര്‍ക്കുമ്പോഴും (ഓര്‍ക്കാതിരിക്കാന്‍ ശ്രമിച്ചിട്ടും) കരിങ്കല്‍ ചീള് പോലെ ഹൃദയത്തെ കീറി മുറിവേല്‍പ്പിക്കുന്ന  - എന്‍റെ പ്രിയപ്പെട്ട  അമ്മയുടെ വേര്‍പാട് !!!!!

അരയ്ക്ക് താഴേയ്ക്ക് തളര്‍ന്ന ദേഹം ..

നിസ്സംഗതയുടെ നാളുകള്‍ ...
എല്ലാത്തിലും കൂട്ടായി കുടുംബം ..ബന്ധുക്കള്‍ ..സുഹൃത്തുക്കള്‍

ശസ്ത്രക്രിയ ...ആശുപത്രി .... വീല്‍ചെയര്‍

ദിവസങ്ങള്‍ മാസങ്ങളായി കൊഴിഞ്ഞുവീണപ്പോള്‍   ....

അതിജീവനത്തിന്റെ  പുല്‍നാമ്പുകള്‍ ..

വിവാഹം !!!

നഷ്ടപ്രതാപം തിരിച്ചുപിടിക്കാനാവില്ലെങ്കിലും ക്ലിനിക്കല്‍ പ്രാക്ടീസ് പുനരാരംഭം ..


ജീവിതം വീണ്ടും തളിര്‍ക്കുകയാണ്‌ .
എല്ലാത്തിനും കൂട്ടായി , ജീവനായി  പ്രണയവും.


ഉള്ളിലൊളിപ്പിച്ച നിഗൂഡതകളെയും  ഞെട്ടിപ്പിക്കുന്ന അനുഭവങ്ങളെയും വേദനകളെയും നിസ്സഹായതകളെയും  കുറിച്ച് ഒരു നേര്‍ത്ത അപായസൂചന പോലും തരാതെ അത്രമേല്‍ സന്തോഷകരമായും സാധാരണത്വത്തോടെയുമാണ് 2017 പിറന്നതെന്നോര്‍ക്കുമ്പോള്‍  ..

പറഞ്ഞറിയിക്കാനാവാത്ത എന്തോ മനസ്സില്‍ കിടന്നു വീര്‍പ്പുമുട്ടുന്നു.

ജീവിതം സുന്ദരമാകുന്നത് അതിന്‍റെ അപ്രവചനാത്മകത കൊണ്ടാവാം.


ഒന്നുറപ്പാണ്.

എന്‍റെ വിധി , എന്‍റെ തീരുമാനങ്ങളാണ്.


മഹാപ്രസ്ഥാനം

മകരമാവുമ്പോള്‍ കടലില്‍ നിന്ന് 
സമതലങ്ങളിലൂടെ വളഞ്ഞുപുളഞ്ഞ്
മലമുകളിലേക്കൊഴുകുന്ന ഒരു പുഴയുണ്ട് .

പണ്ടുപണ്ടൊരിക്കല്‍, 
ഞാനുമൊരു തുള്ളിയായ്
ആപ്പുഴയിലൊഴുകിപ്പോയ്  
കാട്ടിലെ തേവരെക്കാണാന്‍.

ശരണമന്ത്രങ്ങള്‍ തുടിച്ചുനില്‍ക്കുന്ന
സുവര്‍ണ്ണഗോപുരങ്ങള്‍
അതിവിശ്വാസത്തിലമൃത് തേടുന്ന
പതിതജന്മങ്ങള്‍ .
ഇതൊക്കെയാണെവിടെയുംപോലെ
യവിടെയും കാഴ്ചകള്‍.