Wednesday 4 June 2014

പ്രളയാനന്തരം

പുതിയൊരു മരത്തിന്റെ ചില്ലകള്‍ തേടി
വെറുതേ പറക്കുന്നു പക്ഷികള്‍, നാം.

Tuesday 3 June 2014

മിസ്സ്ഡ് കോൾ















ഇന്ന് രാത്രി,
മണി പന്ത്രണ്ടു മുഴങ്ങുന്നതിനു മുന്നേ
ഞാനെന്റെ മൊബൈലില്‍
ന്നേ മനപ്പാഠമാക്കി വെച്ച
നിന്റെ അനേകം നമ്പറുകളില്‍
ഏതെങ്കിലുമൊന്നു ഡയല്‍ ചെയ്യും.

ഒരു റിംഗ് പോലും മുഴുവനാകുന്നതിനു മുന്പേ
കട്ട് ചെയ്യാന്‍ വേണ്ടി മാത്രം..

നിനക്കുള്ള 
എന്റെ 
അവസാനത്തെ മിസ്ഡ്‌കാള്‍.

പതിവ് മുറകള്‍ തീര്‍ത്ത് ‌
വര്‍ണച്ചുമരുകളുള്ള കിടപ്പുമുറിയിലേക്ക്
ആലസ്യത്തോടെ നീ വരുമ്പോള്‍
അതവിടെ കിടപ്പുണ്ടാകും.

ക്ഷമയോടെ.

തപാല്‍പ്പെട്ടിയിലെ സൗഹൃദവാക്കുകളെയും
സുഖാന്വേഷണങ്ങളെയും പരിശോധിക്കാന്‍
നീ തയ്യാറെടുക്കുമ്പോള്‍ അത്
നിന്റെ കണ്ണുകളില്‍ ഉടക്കാതിരിക്കില്ല.

നീ മറക്കാന്‍ ശ്രമിക്കുന്ന എന്റെ പേര്‌
വീണ്ടും കണ്മുന്നില്‍ തെളിയുമ്പോള്‍
എന്തായിരിക്കും നിന്റെ
ഹൃദയത്തിന് പറയാനുണ്ടാകുക?

ഒരിക്കല്‍  എന്നെ കൊതിപ്പിച്ച
നിന്റെ വിടര്‍ന്ന കണ്ണുകളിലെ പിടച്ചില്‍
മനസ്സിന്റെ തിരശീലയില്‍ ഞാന്‍ കാണുന്നു.

ഏതെങ്കിലും ഒരു ദുര്‍ബലനിമിഷത്തില്‍
നിന്റെ ഹൃദയത്തിന്റെ 
ആഴങ്ങളില്‍ അടിഞ്ഞുപോയ 
നമ്മുടെ പ്രണയത്തിന്റെ തിരുശേഷിപ്പുകള്‍ 
ചെറുകുമിളകളായി മനസ്സിന്റെ 
ഉപരിതലത്തിലെക്കെത്തുമ്പോള്‍
നീ എന്നെ ഓര്‍ത്ത്‌ ‌ കണ്ണീര്‍ വാര്‍ക്കുമോ?

ഏയ്‌.. ഇല്ല.
കാക്ക മലര്‍ന്നു പറക്കുമായിരിക്കും!
പക്ഷെ നീ..

നിര്‍വികാരനായി എന്റെ സുഹൃത്തിനെ
കോമയിലേക്ക് തള്ളിയിട്ട ശേഷം
ഞാനുമൊന്നുറങ്ങാന്‍ കിടക്കും
ഇന്നല്പം കൂടുതല്‍ ഗുളികകള്‍ വേണ്ടിവരും.

വൈകുമെന്കിലും ,നാളെ
പുതിയോരുന്മേഷത്തോടെ ഉണര്‍ന്നെണീക്കെണ്ടതാണ്

ഒരു പക്ഷെ,
 “കണ്ണിനു കണ്ണെന്നും” 
“ പല്ലിനു പല്ലെന്നും 
തല ഉപദേശിക്കുന്നത് കേട്ട്
നീയറിയാതെ വിരലുകള്‍
കീപാഡിലേക്ക് നീങ്ങുമോ?

അല്ലേലും,
ഒരു മിസ്ഡ്‌ കാള്‍ കൊണ്ട്
ആര്‍ക്കെന്ത് ചേതം?

നീ മൊബൈല്‍ കാതോട് ചേര്‍ക്കുന്ന
നിമിഷത്തിനുവേണ്ടിയാണ് ഞാന്‍ കാത്തിരിക്കുന്നത്.

ആദ്യത്തെ റിംഗ് കേള്‍ക്കുന്നതിനു മുന്പേ
കട്ട് ചെയ്യാന്‍ വെമ്പല്‍ കൊള്ളുന്ന
നിന്റെ വിരലുകളെ തളര്‍ത്തി ക്കൊണ്ട്
അവളുടെ മധുര സ്വരം മുഴങ്ങും...
നിങ്ങള്‍ വിളിക്കുന്നയാള്‍ പരിധിക്ക് പുറത്താണ്

അതെ,
നിന്റെ വിടര്‍ന്ന കണ്ണുകളുടെയും
കൊലുന്നനെയുള്ള വിരലുകളുടെയും
തുടിക്കുന്ന ഹൃദയത്തിന്റെയും
നിന്റെ പ്രപഞ്ചത്തിന്റെതന്നെയും
പരിധിക്ക് പുറത്തായിരിക്കും ഞാനപ്പോള്‍!