Tuesday 16 December 2014

ഒറ്റയാന്‍

കരുതിവെച്ചിരുന്നൊരുകുടം കടലാണ്
നിന്റെ കാലടിയിലുടഞ്ഞുപോയത്

കൂര്‍ത്ത വാക്കിന്റെ കുന്തമുനയാണ്
കരളിലത്രയും കുത്തി നോവിച്ചത്

അകലെയാണീ ദുരിതപര്‍വ്വത്തില്‍ നി-
ന്നൊരു വിനാഴികയകലെയാണ് ഞാന്‍

വെറുംവയറിന്റെ തന്ത്രികള്‍ മീട്ടി
ഒരു മരത്തിന്റെ തണലിലൊറ്റയ്ക്ക്
പതിതനെപോലിരിക്കയാണ് ഞാന്‍ .

ഇടറും കണ്‍ഠത്തിന്നപശ്രുതി ചേര്‍ത്ത
കദനഗീതം ഞാന്‍തുയിലുണര്‍ത്തുമ്പോള്‍,

അകലെ നീ ജീവിതവിജയശംഖങ്ങള്‍
ദിഗന്തം ഭേദിച്ചുറക്കെ മുഴക്കയാം .

വിരസമായൊരീ മനുഷ്യജന്മത്തിന്റെ
വിഫലനിമിഷങ്ങളയവിറക്കുമ്പോള്‍

ഭൂതകാലത്തിന്‍ വാതില്‍മറവില്‍നി-
ന്നോടിയെത്തുന്നോര്‍മ്മകള്‍ ,കുസൃതികള്‍ .

ദൂരെ മാമരക്കൊമ്പിലൊരുമിച്ച്
കുരുവികള്‍ പോലെ നാം ചിലച്ചതും ,

അരിയ വാനിന്റെയഴകിനെ നോക്കി
ചിറകുകള്‍ ചേര്‍ത്ത് നാം പറന്നതും,

കൊടിയ വറുതിയില്‍, പ്രളയകാലത്തില്‍
ഒരു വാക്കിന്‍ നിറവില്‍ , പശി മറന്നതും,.

ചിറകൊടിഞ്ഞതും , കരളു നൊന്തതും
ചിതലരിച്ചതും, കടലെടുത്തതും ..

ഇരുളിനോടേറ്റു മൃതിയണഞ്ഞിടാന്‍
കരിന്തിരികത്തും കെടാവിളക്കു പോല്‍
മെയ്മറന്നു ഞാന്‍ പൊരുതിയെങ്കിലും ,

മറവി തന്നാഴിയിലാണ്ടുപോകുമോ
സ്മരണയില്‍ത്തന്നെ ദീപ്തമാകുന്ന
ക്ഷണികജീവിതത്തിന്നനര്‍ഘനിമിഷങ്ങള്‍?

9 comments:

  1. കവിത കൊള്ളാം

    ReplyDelete
  2. ഒറ്റയാൻ മനോഹരം

    ReplyDelete
    Replies
    1. താങ്ക്സ് മാനവാ <3

      Delete
  3. പാവം ഒറ്റയാന്‍.

    ReplyDelete
    Replies
    1. സ്വാനുഭവമാണ് സുധീര് ഭായ് :(

      Delete
  4. തികച്ചും നല്ല വരികൾ
    ചിറകൊടിഞ്ഞതും , കരളു നൊന്തതും
    ചിതലരിച്ചതും, കടലെടുത്തതും ..

    ReplyDelete
  5. ജീവിതം തന്നെ അൻവർഇക്കാ :)

    ReplyDelete
  6. നല്ല കവിത - വായിക്കുന്നതിന്റെ വ്യത്യാസം ഒരു എഴുത്ത് കാണുമ്പോഴേ അറിയാം.
    വാക്കുകള്ക്ക് വേണ്ടി പരതെണ്ടി വരില്ല .
    നല്ല കവിത.

    ReplyDelete