Thursday 9 April 2015

ദൈവം : മനുഷ്യന്‍റെ മാനസപുത്രന്‍



 "And Man created GODKIND in his own image,
    in the image of man he created them; "
                                                      - 1:27 , Nemesis


തിന്നുക ,കുടിക്കുക,വിസ്സര്‍ജ്ജിക്കുക ,ഉറങ്ങുക, എന്നിവയുടെ നിരന്തരമായ ആവര്‍ത്തനങ്ങള്‍ക്കിടയില്‍ അടുത്ത തലമുറയിലൂടെ തന്‍റെ അസ്തിത്വം ഉറപ്പു വരുത്തുക - എന്ന ഭൗതികജീവിതത്തിന്‍റെ ആത്യന്തികമായ ലക്ഷ്യം നിറവേറ്റുമ്പോഴുള്ള ഹ്രസ്വവും ദീര്‍ഘവുമായ ഇടവേളകളില്‍ 

ആരാണ് നീ? (who am I ? ) എന്താണ് എന്‍റെ ജീവിതത്തിന്‍റെ ഉദ്ദേശം ? (what is the PURPOSE of LIFE? ) എന്ന ചോദ്യങ്ങള്‍ക്ക് ഉത്തരം കണ്ടെത്താന്‍, ശ്രമിച്ചു തുടങ്ങുമ്പോള്‍ ,വാനരന്‍ -ന്‍റെ "വാ"(ല്‍ ) മുറിയുന്നു. അവന്‍ നരനിലേക്ക് പരിണമിക്കുന്നു.പ്രകൃതി എന്നത് ഭക്ഷണം കിട്ടുന്ന മേച്ചില്‍പുറങ്ങള്‍ക്കപ്പുറം , സമ്മിശ്രവികാരങ്ങള്‍ മനസ്സിലുണര്‍ത്തുന്ന ഒരു ദൃശ്യമാകുന്നു.മൂര്‍ച്ചയുള്ള കല്ലുകളും മരത്തടികളുമായി വേട്ടയാടുന്നതിനിടയില്‍ ചിലപ്പോഴൊക്കെ അവന്‍ ആ വിശാലമായ കാഴ്ച്ചയുടെ വര്‍ണ്ണപ്രപഞ്ചത്തില്‍ അത്ഭുതപ്പെടുന്നു.

 പുഴയിലും കടലിലും അവന്‍ കണ്ട ജലം അനേകായിരം തുള്ളികളായി പരന്നുകിടക്കുന്ന മണ്ണിന്റെ അനന്ത വിശാലതയിലേക്ക്  ഇരുണ്ട വര്‍ഷകാലങ്ങളില്‍ , ആകാശങ്ങളില്‍ നിന്ന് ആരോ എറിയുന്നത് കണ്ട് അവന്‍ ആശ്ചര്യത്തോടെ ആകാശങ്ങളിലേക്ക് കണ്ണയക്കുന്നു.
പെട്ടെന്ന് കാതടപ്പിക്കുന്ന ഭയങ്കര ശബ്ദത്തിന്‍റെ അകമ്പടിയോടെ , വെട്ടിത്തിളങ്ങുന്ന പ്രകാശത്തിന്‍റെ വെള്ളിനൂല്‍ മണ്ണിലേക്ക് പാഞ്ഞുവരുന്നു.ചിലപ്പോഴൊക്കെ വന്മരങ്ങളെ , നിര്‍ഭാഗ്യവാന്മാരായ മൃഗങ്ങളെ , നിമിഷനേരം  കൊണ്ട് നിശ്ചലരാക്കുന്നു....


അറിയാത്തതിനോടുള്ള ഭയം , തനിക്ക് നിര്‍വചിക്കാനാവാത്ത പ്രകൃതിയുടെ പ്രതിഭാസങ്ങള്‍, സ്വന്തം ജീവിതാനുഭവങ്ങള്‍  എന്നിവയോടുള്ള  അവന്‍റെ വിചാരങ്ങള്‍ അസംസ്കൃതമായ പ്രകടനങ്ങളായി രൂപാന്തരപ്പെടുന്നു.ഗുഹാഭിത്തികളില്‍ അവന്‍ തന്‍റെ വേട്ടയുടെ ചിത്രങ്ങള്‍ കോറിയിടുന്നു .ചതച്ച പച്ചിലകളും. പിടിച്ച ഇരയുടെ ഇനിയും ഉണങ്ങാത്ത കൊഴുത്ത ചോരയും അവന്‍റെ കാഴ്ചകള്‍ക്ക്, ഭാവനകള്‍ക്ക് നിറം പകരുന്നു.


അവ്യക്തമായ ശബ്ദങ്ങള്‍ ,ആയിരക്കണക്കിന് വര്‍ഷങ്ങളുടെ  തുടര്‍ച്ചയായ ആവര്‍ത്തനങ്ങളുടെയും അനുകരണങ്ങളുടെയും ഫലമായി പൊതുവായ ഒരു സംവേദനമാര്‍ഗ്ഗമായി മാറുന്നു.ചിന്തിക്കുന്ന മനുഷ്യനില്‍ നിന്ന് സംശയിക്കുന്ന മനുഷ്യനും , സംസാരിക്കുന്ന മനുഷ്യനും ഉണ്ടാവുന്നു .സംശയിക്കുന്ന മനുഷ്യര്‍ പാട്ട് പാടുകയും കഥകള്‍ പറയുകയും ചിത്രം വരയ്ക്കുകയും അറിയാത്ത ഇടങ്ങളിലേക്ക് സഞ്ചരിക്കുകയും  ചെയ്യുന്നു.

പ്രകൃതിയുടെ അതിസുന്ദരമായ യാദൃശ്ചികതകളില്‍ അവന്‍ മന്ത്രജാലം കാണുന്നു..തന്നിലും ശക്തമായതിനെയൊക്കെ  , ഭയം കലര്‍ന്ന ആരാധനയോടെ അവന്‍ നോക്കിത്തുടങ്ങുന്നു.തലമുറകളിലൂടെ അവന്‍റെ മനസില്‍ അടിഞ്ഞുകൂടിയ വിചാരങ്ങളുടെ കരുത്തില്‍ അവന്‍ അപൂര്‍ണ്ണമായവയ്ക്ക് രൂപം നല്‍കുന്നു .

ആകാശം ,സൂര്യന്‍ ,ചന്ദ്രന്‍ , എണ്ണിയാല്‍ തീരാത്തത്ര നക്ഷത്രങ്ങള്‍,കൊള്ളിമീനുകള്‍ , ഗ്രഹണം ,ഋതുക്കള്‍,   മഴ , ഇടിമിന്നല്‍-മുഴക്കം, കൊടുങ്കാറ്റ്  , കാട്ടുതീ , അഗ്നിപര്‍വതം , രോഗങ്ങള്‍ , മരണം -എന്നിങ്ങനെ തന്‍റെ ചിന്തയുടെ പരിധിയിലൊതുങ്ങാത്തവയ്ക്കെല്ലാം ഭാവനയിലൂടെ പൊടിപ്പും തൊങ്ങലും വച്ച രൂപഭാവഹാവാദികള്‍ നല്‍കുന്നു.

അങ്ങനെ  ഒന്നുമിലായ്മയില്‍ നിന്ന് , സംശയാലുവായ മനസ്സിന്‍റെ ശൂന്യതയുടെ വശ്യപ്രപഞ്ചത്തില്‍ നിന്നാണ് 
മനുഷ്യന്‍ ദൈവത്തെ സൃഷ്ടിച്ചത് .

1 comment:

  1. എന്തായാലും സൃഷ്ടി മനോഹരവും അതിവിചിത്രവും ഭയങ്കരവുമാണ്. ആരുടെ കൈപ്പണിയോ എന്തോ! ആലോചിക്കുംതോറും ഗഹനതയേറുന്നൊരു വിഷയം

    ReplyDelete