Thursday 28 May 2015

ശബ്ദിക്കാത്ത കലപ്പ

തൊഴിലാളികള്‍ പണിമുടക്കുന്നൂ.
ബാങ്കുദ്യോഗസ്ഥര്‍ പണിമുടക്കുന്നൂ.
സര്‍ക്കാര്‍ ജീവനക്കാര്‍ പണിമുടക്കുന്നൂ.
ഓട്ടോക്കാര്‍ , ടാക്സിക്കാര്‍ ,ലോറിക്കാര്‍
ബസിലെ ക്ലീനര്‍മാര്‍ , ഡ്രൈവര്‍മാര്‍
വ്യാപാരികള്‍ , വ്യവസായികള്‍
പോലീസുകാര്‍, ഡോക്ടര്‍മാര്‍
ടീച്ചര്‍മാര്‍ , മാഷന്മാര്‍ ,
അടുത്തൂണ്‍ പറ്റിയവര്‍.
അടുത്തൊന്നും
ഊണേ കഴിക്കാന്‍ പറ്റാത്തവര്‍.

എല്ലാവരും സമരം ചെയ്യുന്നു.
എല്ലാവരും പണിമുടക്കുന്നു.

ചിലര്‍ ഒരു താങ്ങുമില്ലാതെ നിന്ന്.
ചിലര്‍ വെറും നിലത്തൊരേയിരുപ്പിരുന്ന്.
ചിലര്‍ , ജലപാനമില്ലാതെ നിരാഹാരം കിടന്ന്.

അറിയാമോ ?
തൂങ്ങിനിന്ന്  സമരം ചെയ്യുന്നവരുണ്ട് .
എന്നെന്നേക്കുമായി ഉറങ്ങി പണിമുടക്കുന്നവര്‍.

അധികമാരും കാണാതെ , കേള്‍ക്കാതെ.
അവിടിവിടെ , ഒറ്റയ്ക്കും തെറ്റയ്ക്കും
മാവിലോ , പ്ലാവിലോ , ഫാനിന്‍റെ ഹുക്കിലോ .

മുദ്രാവാക്യങ്ങളൊന്നും മുഴക്കാതെ
സങ്കടത്തിന്റെ നിലയില്ലാക്കയത്തിലേക്ക്
പതുക്കെ ആണ്ടിറങ്ങി,
ആര്‍ക്കൊക്കെയോ വളമാകാന്‍
സ്വയം ചീഞ്ഞുപോകുന്നവര്‍.

ഉഴുതുണ്ട് വാഴുന്നവര്‍.
മാലോകരായ മാലോകരെല്ലാം
തൊഴുതുണ്ട്  നില്‍ക്കേണ്ടവര്‍ .

എന്നിട്ടും ,
വര്‍ഷാന്ത്യത്തിലെ പത്രക്കണക്കുകളില്‍
ആയിരം കടക്കുന്ന വെറും അക്കങ്ങളാകുന്നവര്‍.

തൃപ്തിയുടെ പിരമിഡിന്നടിത്തട്ടില്‍
ഞെരുങ്ങിയമര്‍ന്നുപോയ ഒരാര്‍ത്തനാദം
നിങ്ങള്‍ കേട്ടില്ലെന്നോ ?

തിരക്കായിരുന്നുവെന്നോ ?

പട്ടിണി എന്നാല്‍ എന്താണെന്നോ ?

ക്ഷമിക്കൂ, സുഹൃത്തേ .
ഈ കഥ തികച്ചും സാങ്കല്പികമാണ് .
ജീവിച്ചിരിക്കുന്നവരോ മരിച്ചുപോയവരോ
ആയി യാതൊരു ബന്ധവുമില്ലാത്തത് .







8 comments:

  1. ഉല്പാദിപ്പിക്കുന്നവനു ഉല്പന്നത്തിന്റെ വില നിശ്ചയിക്കാൻ സാധിക്കാത്ത ഒരേ ഒരു തൊഴിൽ!
    ഉണ്ണുന്ന ചോറിനു നന്ദിയില്ലാത്ത നമ്മൾ!

    ReplyDelete
  2. തിരക്കുണ്ട്....
    നാളെ ഹര്‍ത്താലല്ലേ!
    സാധനങ്ങള്‍ വാങ്ങിക്കണം.
    നാളെയൊന്നുകൂടണം!!
    ആശംസകള്‍

    ReplyDelete
  3. ഒരു കാലത്ത് കര്‍ഷകര്‍ മുടിഞ്ഞാല്‍ നാട് മുടിഞ്ഞു എന്നായിരുന്നു അര്‍ത്ഥം

    ReplyDelete
  4. This comment has been removed by the author.

    ReplyDelete
  5. ഇവിടെയുള്ള ഏതോ കൃഷിയിടത്തിനരികില്‍ ഇങ്ങിനെയെഴുതി വച്ചിട്ടുണ്ടായിരുന്നു, "If you had your meal today, do not forget to thank a farmer...."

    ReplyDelete
  6. എല്ലാം സഹിക്കുന്ന, ഒരിക്കലും പണിമുടക്കാതെ , നിശബ്ദരായ രണ്ട് സുഹൃത്തുക്കൾ, കർഷകനും കലപ്പയും.

    ഹൃ ദ്യമായ വരികൾ !!!!

    ReplyDelete
  7. കർഷകൻ്റെ കലപ്പയും ശബ്ദിക്കേണ്ടിയിരിക്കുന്നു..
    ഇനിയും മൗനം ഭജിച്ചാൽ അവരുടെ നാവുകൾ എന്നന്നേക്കുമായി അധികാര_ കുത്തക വർഗങ്ങൾ കൊട്ടിയടക്കും..

    ReplyDelete
  8. ഉഴുതുണ്ട് വാഴുന്നവര്‍.
    മാലോകരായ മാലോകരെല്ലാം
    തൊഴുതുണ്ട് നില്‍ക്കേണ്ടവര്‍ .

    ReplyDelete