Friday 31 July 2015

ചതുരംഗം


രണഭേരി മുഴങ്ങും; അല്പസമയത്തിനുള്ളില്‍.

എനിക്കിപ്പോഴേ കേള്‍ക്കാം നാലുകളങ്ങള്‍ക്കപ്പുറം 
രണ്ട് കൊലയാനകളുടെ ചിന്നംവിളി
ചുരമാന്തുന്ന കുതിരകളുടെ കുളമ്പടിശബ്ദം.

എനിക്കിപ്പോഴേ കാണാമകക്കണ്ണില്‍ ,
വെട്ടേറ്റുവീഴുന്ന എന്‍റെ കറുത്ത പക്ഷം
മുറിവുകള്‍ക്ക് മീതെ പായുന്ന തേര്‍ചക്രം
ശവങ്ങളുടെ നെഞ്ചില്‍ചവിട്ടിക്കടന്നുപോകുന്ന
ഒരു ബറ്റാലിയന്‍ കാലാള്‍പ്പടയുടെ പുച്ഛം.

മുട്ടുവിറയ്ക്കുന്ന രാജാവിന്‍റെയും,
തന്ത്രങ്ങള്‍ മറന്ന മന്ത്രിയുടെയും ,
ആടയാഭരണങ്ങള്‍ അണിഞ്ഞ കബന്ധങ്ങള്‍ .

എന്നിട്ടും ,
ശാന്തിയുടെ പുലരിയിലേക്കായി
ഞങ്ങള്‍ തീയമ്പുകള്‍ തൊടുക്കുന്നു.

പകയുടെ  ബ്രഹ്മാസ്ത്രങ്ങള്‍
തലമുറകളെ  ലക്‌ഷ്യം വെയ്ക്കുന്നു.

ഒരുപക്ഷേ ,
ഈ യുദ്ധം കഴിയുമ്പോഴെങ്കിലും
സമാധാനം പുലരുമായിരിക്കും.

നീതിയുടെ തുലാസുകള്‍ ഇനിയെങ്കിലും
പുതുക്കിപണിയുമായിരിക്കും.

തോല്‍ക്കുന്നവന്റെ പക്ഷത്തിന്
കാവല്‍നിന്നവന്റെ കഥ
ജയിച്ചവന്റെ ചരിത്രപുസ്തകങ്ങള്‍
ചവറ്റുകൊട്ടയിലെറിയുമായിരിക്കും.


എങ്കിലും നില്‍ക്കട്ടെ ഞാന്‍
എനിക്കുള്ള കൂരമ്പിനെക്കാത്ത്,
നിരര്‍ത്ഥകതയുടെ ഈ കളത്തില്‍,
ആള്‍ക്കൂട്ടത്തിന് നടുവില്‍,

ഒറ്റയ്ക്ക്.






4 comments:

  1. ഉന്തുന്തുന്തുന്തുന്താളെയുന്ത്
    ആശംസകള്‍

    ReplyDelete
  2. ജയിക്കുന്നവനും തോല്‍ക്കുന്നവനും തോറ്റുപോകുന്ന യുദ്ധങ്ങള്‍

    ReplyDelete
  3. പ്രാസഭംഗിയും കാമ്പുമുള്ള കവിത.

    ReplyDelete
  4. യുദ്ധവും സമാധാനവും!

    ReplyDelete