Friday, 1 January 2016

പാലക്കാടില്‍ നിന്ന് നടന്ന് ശബരിമലയിലേക്ക്: യാത്ര തുടങ്ങുന്നു6.00 AM
ജനുവരി 1 , 2014


നടക്കുകയാണ് . ഹാപ്പി ന്യൂ ഇയർ ആണല്ലോ എന്ന് വെറുതെയോർത്തു .

രാവിലെ നാലരയ്ക്ക് തന്നെ എഴുന്നേറ്റു എങ്കിലും കൂടെയുള്ള സ്വാമിമാരെല്ലാം അമ്പലക്കുളത്തിൽ കുളിച്ചു റെഡിയായി വന്നപ്പോഴേക്കും അഞ്ചരയായി . ക്ഷേത്രദർശനം കഴിഞ്ഞ് ഗുരുസ്വാമി എല്ലാവരുടെയും ഇരുമുടിക്കെട്ടുകൾ എടുത്ത് ശെരിയായ രീതിയിൽ തലയിൽ വച്ചുതന്നു .
ജനുവരി ഒന്ന്‌ , 2014, രാവിലെ അഞ്ചു മണി
ചെര്‍പ്പുളശ്ശേരി അയ്യപ്പന്കാവിലെ അയ്യപ്പന്‍ വിളക്ക് ഉത്സവത്തിന് വേണ്ടി ഉണ്ടാക്കിയ വാഴപ്പോള + മുള നിര്‍മിതമായ ക്ഷേത്ര മാതൃക .


ചെർപ്പുളശ്ശേരി അയ്യപ്പങ്കാവിലായിരുന്നു ഞങ്ങൾ . നാലും പതിനഞ്ചും പേരുള്ള രണ്ടു സംഘങ്ങൾ ഗുരുവായൂർ വരെ ഒരുമിച്ചാണ് യാത്ര . അവിടെനിന്ന് എന്റെ സംഘം കൊടുങ്ങല്ലൂർ , ചോറ്റാനിക്കര അമ്പലങ്ങൾ കൂടെ കയറാവുന്ന റൂട്ടിലേക്ക് മാറി സഞ്ചരിക്കും .ടാറിട്ട റോഡിലൂടെ , കാലിൽ ചെരിപില്ലാതെ അതിരാവിലെയുള്ള ജനുവരിമാസത്തണ്പ്പത്തു ജീവിതത്തിൽ ആദ്യമായാണ്‌ നടക്കുന്നത് . ഇന്നലത്തെ ഒന്നരമണിക്കൂർ സാമ്പിൾ നടത്തം കഴിഞ്ഞപ്പോഴേ കാലിൽ മസിലുകേറിയ പോലെ അസ്വസ്ഥത തോന്നി .

ദൈവമേ , ഇപ്പോഴേ ഇങ്ങനെയാണെങ്കിൽ ശബരിമല വരെ നടന്നെത്തുമ്പോഴേക്കും എന്തായിരിക്കും അവസ്ഥ എന്ന് അപ്പോൾ ആകുലനായി .

ശബരിമലയിലേക്ക് ജീവിതത്തിൽ ഒരിക്കലേ പോകൂ , പോവുകയാണെങ്കിൽ തന്നെ നടന്നേ പോകൂ എന്നൊക്കെ പണ്ടേ
തീരുമാനിച്ചതാണെങ്കിലും , ആശയങ്ങൾ പ്രാവർത്തികമാക്കുമ്പോൾ നേരിടേണ്ടി വരുന്ന പ്രായോഗിക ബുദ്ധിമുട്ടുകൾ നമ്മളെ സ്വയം സംശയത്തിന്റെ മുനമ്പിൽ കൊണ്ടുചെന്നു നിർത്തും .

2.
മനുഷ്യൻ എല്ലാ കാര്യത്തിലും ബാക്കി എല്ലാവരിൽ നിന്നും വിഭിന്നനാണ് . നടത്തത്തിന്റെ വേഗത്തിലുമതേ .

സ്വാമിസംഘം പല കൂട്ടങ്ങളായി പിരിഞ്ഞിരിക്കുന്നു . ഏറ്റവും വേഗം നടക്കുന്ന ചെറുപ്പക്കാരുടെ ഒരു കൂട്ടം . വേഗത്തിലല്ല കാര്യം എന്ന് അനുഭവം കൊണ്ടറിഞ്ഞ ഗുരുസ്വാമികളുടെ സംഘം .

രണ്ടു പേരുടെയും നടുവിലായിരുന്നു ഞാൻ . എല്ലാ അർത്ഥത്തിലും .

നടന്നു നടന്ന് , നെല്ലായയിൽ എത്തിയപ്പോൾ ആദ്യത്തെ ഹാൾട്ട് . അൽപനേരം വിശ്രമം , ചായകുടി .

അതെന്തായാലും , നെല്ലായ കഴിഞ്ഞ് പട്ടാമ്പിയിലേക്കുള്ള യാത്ര തുടങ്ങിയപ്പോൾ , ഞാൻ ഒരാവേശത്തിൽ ഏറ്റവും മുന്നിൽകയറി അങ്ങ് നടന്നു . കൂട്ടിനു വീടിനടുത്തുള്ള ഒരു ഹൈസ്ക്കൂൾ പയ്യനുമുണ്ടായിരുന്ന്. അളിയനാണെങ്കിൽ , ഒടുക്കത്തെ സ്റ്റാമിന . ഖോ ഖോ നാഷണൽ ചാമ്പ്യൻ ഒക്കെ ആണെന്നു പിന്നീടറിഞ്ഞു . ഞാം പിന്നെ പണ്ട് നവോദയയിൽ പഠിക്കുമ്പോൾ മോർണിംഗ് പിടി - യിൽ ഓടിത്തീർത്ത ദൂരങ്ങളോർത്തങ്ങ് വെച്ചുപിടിച്ചു . പക്ഷേങ്കിൽ , ടാറിട്ട റോഡായത് കൊണ്ടോ അതോ എന്റെ നടത്തം സ്റ്റൈൽ ശരിയല്ലാത്തത് കൊണ്ടോ എന്തോ കാലിന്റെ അടിയിലെ തൊലി ഉരഞ്ഞ് തീരാറായതിന്റെ നീറ്റൽ തുടങ്ങി . അതോടെ മുന്നിലെത്താനുള്ള വാശിയൊക്കെ ഉപേക്ഷിച് ഞാൻ നല്ല കുട്ടിയായി . ഉച്ചയോടെ ഞങ്ങൾ പട്ടാമ്പിയിലെത്തി .

അവിടെ ശ്രീഗുരുവായൂരപ്പൻക്ഷേത്രത്തിൽ ഹാൾട്ട് . ഇനി വെയിലാറിയിട്ടേ പദയാത്ര തുടരൂ . അല്ലെങ്കിൽ യാത്ര മണിക്കൂറുകൾ നീണ്ട ഒരു കനലാട്ടമായിരിക്കും .

അമ്പലത്തിന് തൊട്ടുപിന്നിലൂടെ നിള ശാന്തയായി ഒഴുകുന്നു . കൽപടവുകൾ ചാടിയിറങ്ങി.. ഞങ്ങൾ കുട്ടികൾ. ( ;) ) ചുട്ടുപൊള്ളുന്ന വെയിലേറ്റിട്ടും പുഴയിലെ വെള്ളത്തിന് എന്തൊരു തണുപ്പാണെന്നോ ?
നിളയുടെ കുഞ്ഞോളങ്ങളില്‍ ...ശിരോപത്മം 


ഏറെനേരം കഴിഞ്ഞിട്ടും പുഴയിൽനിന്നു കേറാൻ തോന്നിയില്ലെങ്കിലും
 " മൈല്സ് റ്റു ഗോ ബിഫോർ വി സ്ലീപ്‌ " എന്ന് ഗുരുസ്വാമി പറഞ്ഞതുകേട്ട് മനസ്സില്ലാമനസ്സോടെ നിളയോട് വിടപറഞ്ഞു .

പുറപ്പെടുംമുന്പ് കൂടെയുള്ള ഒരു സ്വാമിയുടെ കയ്യിലുള്ള ആങ്കിൾക്യാപ് വാങ്ങി കാലിലിട്ട് - പാദരക്ഷ ചെയ്തു.ഇന്ന് രാത്രിയോടെ ചാലിശ്ശേരി എത്തണം.

അവിടെ ഒരു ദേവിക്ഷേത്രത്തിലാണ് ഇന്ന് രാത്രിവാസം . പോകുന്ന വഴി ഒരു ഹോട്ടലിൽ നിന്ന് എല്ലാർക്കും ചപ്പാത്തി + കറി പാഴ്സൽ വാങ്ങിച്ചു . നടന്നു നടന്നു നടന്ന് പട്ടിയായി ;)  ഒരുവിധം അമ്പലം എത്തി .

കുളിച്ചു , പ്രാർത്ഥിച്ചശേഷമേ കഴിക്കാൻ പാടുള്ളൂ . എല്ലാരും ക്ഷീണമൊക്കെ മാറ്റി പതിയെ അമ്പലത്തിലെ കൊക്കർണ്ണിയിലേക്ക് ( പാലക്കാടൻ സ്ലാങ്ങ് ഫോർ തറനിരപ്പിൽ നിന്ന് വളരെ ആഴത്തിൽ വെള്ളം ഉള്ള കുളം ) കുളിക്കാനിറങ്ങി .. അപ്പഴാണ് ഗുരുസ്വാമി പറയുന്നത് അതിലെ അന്തേവാസിയായ ഒരു ഭീമൻ മൊയ്യിന്റെ (മത്സ്യം ) കാര്യം . മൂപ്പര് 9 കൊല്ലമായി ഇതിനെ കാണുന്നു . ഏതാണ്ട് ഒരു മീറ്റർ നീളമുള്ള ഈ മീൻ അമ്പലത്തിലെ പ്രധാന പയ്യൻസ് ആണ് .

ഭക്ഷണം കഴിഞ്ഞ് എല്ലാവരും പായ/ ഫ്ലക്സ് / വിരിപ്പ് എന്നിവ വിരിച്ച് ഉറങ്ങാൻ കിടന്നു .

നാളെത്തെ യാത്രയ്ക്കായി കാത്ത് ,  ഞാനും .

(തുടരും .. )

6 comments:

 1. "മൈല്സ് റ്റു ഗോ ബിഫോർ വി സ്ലീപ്‌" എന്ന് പോരെ?

  തുടരൂ.. വരാം..

  ReplyDelete
 2. നട നട നടേയ്.......
  സ്വാമീശരണം

  ReplyDelete
 3. നടന്ന് പോകുന്ന സ്വാമിമാരെക്കണ്ട്‌ അദ്ഭുതപ്പെട്ടിട്ടുണ്ട്‌.

  ബാക്കി വായിക്കട്ടെ.

  ReplyDelete