Sunday 17 June 2018

അച്ഛനെയാണെനിക്കിഷ്ടം !

ഇന്ന് ഫാഥേഴ്സ് ഡേ !

മാതൃദിനത്തോളം ഒന്നും ആഘോഷിക്കപ്പെടാത്ത ഒരു ദിനം.
അതില്‍ ഒരച്ഛനും പരിഭവപ്പെടില്ല എന്നതാണ് ദിനത്തിന്‍റെ പകിട്ട് കുറയ്ക്കുന്നതും.

എല്ലാവരും സ്വന്തം അച്ഛനെ നന്ദിയോടെയും സ്നേഹത്തോടെയും ഓര്‍ക്കാന്‍ ഒരു ദിവസം എന്ന നിലയ്ക്ക് പ്രസക്തമാണ് ഈ ദിനവും.. പ്രത്യേകിച്ച് മാറിയ കാലഘട്ടത്തില്‍.

ചരിത്രം രേഖപെടുത്തി തുടങ്ങുന്നതിന് മുന്‍പ് തന്നെ പുരുഷാധിപത്യം മനുഷ്യസമൂഹത്തില്‍ നിലനില്ക്കുന്നത് കൊണ്ട് സ്വാഭാവികമായും ദൈവം "പിതാവാണ്" മിക്ക മതങ്ങളിലും.. അതിപ്പോള്‍ യെഹോവയായാലും അല്ലാഹു ആയാലും ബ്രഹ്മാ-വിഷ്ണു-മഹേശ്വരന്‍മാരായാലും എന്തിനേറെ... നോര്‍സ് മിതോളജിയിലെ ഒഡിന്‍ ഓള്‍ഫാഥര്‍, ഗ്രീക്ക് പുരാണങ്ങളിലെ  സ്യൂസ് എല്ലാവരും പരംപിതാമഹന്‍മാരാണ്.


ആര്‍ഷഭാരതസംസ്കാരത്തില്‍ കുറച്ചുകൂടെ പ്രാധാന്യം ഉണ്ട്..മരണാനന്തരം എത്തിപ്പെടുന്ന പിതൃലോകം എന്നൊരു തലം തന്നെയുണ്ട് . അതുപോലെ ആചാര-അനുഷ്ടാനങ്ങളില്‍ ഒക്കെ പിതൃക്കള്‍ക്ക് പ്രത്യേകസ്ഥാനം കല്പിക്കപ്പെടുന്നു.

90's kids എന്ന ഓമനപ്പേരില്‍ വിളിക്കപ്പെടുന്ന എന്‍റെയൊക്കെ കാലഘട്ടത്തില്‍ ചാക്കോമാഷിനെപ്പോലെ ഭീകരന്മാരായ അച്ഛന്‍മാരെയും പ്രേമം സില്മയിലെ രണ്‍ജി പണിക്കര്‍  മോഡല്‍ ഫ്രണ്ട്ലി അച്ഛന്‍മാരെയും കണ്ടിട്ടുണ്ട്.

പിതൃ ദിനം ആയത് കൊണ്ട് ഓര്‍മ്മയില്‍ തങ്ങി നില്‍ക്കുന്ന 3 അച്ഛന്‍മാരെ പറ്റി പറയട്ടെ

3.നവോദയയിലെ എന്‍റെ ജൂനിയര്‍ ആശംസ് ന്‍റെ അച്ഛന്‍
നന്നായി വരയ്ക്കുമായിരുന്ന ആശംസിനെ അച്ഛന്‍ ഓരോ മത്സരത്തിനും വീട്ടില്‍ നിന്ന് സ്കൂളില്‍ വന്ന്  കൂട്ടിക്കൊണ്ടുപോവുന്നത് ഞാന്‍ നോക്കിനിന്നിട്ടുണ്ട്.

2.നവോദയയില്‍ എന്‍റെ ബാച്ച്മേറ്റ് എല്‍ദോസ് ന്‍റെ ഫാദര്‍ -
നവോദയയില്‍ താമസിച്ചു പഠിക്കുമ്പോള്‍ വീട്ടുകാരെമാസത്തില്‍ ഒരിക്കല്‍ മാത്രം കാണുന്ന "പാരെന്റ്സ് ഡേ" ഒഴിച്ചാല്‍  വീട്ടുകാരുമായുള്ള ആകെയുള്ള കണക്ഷന്‍ അങ്ങോട്ടും ഇങ്ങോട്ടും ഉള്ള കത്തെഴുത്ത് ആയിരുന്നു.
സ്വാഭാവികമായും കുട്ടികളുടെ കത്തുകള്‍ അടുത്ത മാസം പേരന്റ്സ്‌ ഡേയ്ക്ക് വരുമ്പോള്‍ കൊണ്ട് വരേണ്ട (തീറ്റ)സാധനങ്ങളുടെ നീണ്ട ലിസ്റ്റും മറ്റുമായിരിക്കും. അച്ഛനമ്മമാര്‍ടെ കത്ത് ടിപ്പിക്കല്‍ "നന്നായി പഠിക്കണം.നല്ല മാര്‍ക്ക്‌ വാങ്ങണം " ലെവല്‍ ആയിരിക്കും.

എന്നാല്‍ എല്‍ദോസ് ന് വരുന്ന കത്തുകള്‍ അസാധാരണമായിരുന്നു.
ഓരോ പോസ്റ്റ്‌ കാര്‍ഡിലും ഗണിതശാസ്ത്രത്തിലെ ഓരോ സൂത്രവാക്യങ്ങള്‍ , തിയറങ്ങള്‍ , കൗതുകകരമായ വസ്തുതകള്‍ അങ്ങനെ അങ്ങനെ പോവും.
ഇപ്രകാരം പഠിച്ച എല്‍ദോസ് പത്താംക്ലാസ് CBSE MATHS എക്സാമില്‍ നൂറില്‍ നൂറ് വാങ്ങിയത് ഒട്ടും അതിശയോക്തി അല്ലല്ലോ..
 

1. കെ.സുബ്രഹ്മണ്യന്‍

എന്‍റെ അച്ഛന്‍ തന്നെ (സ്വാഭാവികമായും)

ഏതൊരു കുട്ടിയുടെയും ആദ്യത്തെ സൂപ്പര്‍ ഹീറോ അവരുടെ അച്ഛന്‍ ആയിരിക്കും എന്ന ക്വോട്ട് സത്യം തന്നെയാണ്.

 അച്ചമ്മയുടെയും അച്ചച്ചന്റെയും ഏഴു മക്കളില്‍ മൂത്ത ആള്‍ ആണ് എന്‍റെ അച്ഛന്‍. 1948 ഇടവമാസത്തിലെ  ആയില്യം നാളില്‍ ഭൂജാതനായി.കലണ്ടര്‍ ഡേറ്റ് ഒന്നും അച്ഛന് പോലും കൃത്യമായി അറിയില്ല.

ഒരു സാധാരണ കര്‍ഷക കുടുംബത്തിലെ മൂത്ത ആണ്‍തരിയുടെ  തലയില്‍ വന്നു വീഴുന്ന കുടുംബഭാരത്തെക്കുറിച്ച് ഊഹിക്കാമല്ലോ..
താഴെയുള്ള 6  സഹോദരങ്ങളില്‍ ഏകദേശം 20 വയസ്സ് താഴെയുള്ള/പ്രായത്താല്‍ പുത്രതുല്യനായ  ഒരു അനിയന്‍ ഒഴിച്ച് ബാക്കിയുള്ള 5  അനുജത്തിമാര്‍ അടങ്ങുന്ന കുടുംബം കൌമാരപ്രായത്തില്‍ തന്നെ ചുമലിലേറ്റേണ്ടി വന്നു അച്ഛന് .

പഠിക്കാന്‍ മിടുക്കനായിരുന്നിട്ടും പത്താംക്ലാസ് ഇല്‍ ഇംഗ്ലീഷ് ഇല്‍ മാര്‍ക്ക് കുറഞ്ഞു പോയതിനാല്‍ തുടര്‍പഠനം വഴിമുട്ടി. (എന്റെയൊക്കെ കാലത്തിലെ സൗകര്യങ്ങള്‍ ഉണ്ടായിരുന്നെങ്കില്‍ നല്ല ഉദ്യോഗത്തിലൊക്കെ എത്തണ്ട ആളാണ്‌.. ആ പ്രായത്തിലേ  "PRACTICAL KNOWLDEGE" കാരണം ചിലരൊക്കെ അച്ഛനെ സൂത്രമണിയന്‍ എന്ന് വിളിക്കുമായിരുന്നത്രേ. )


അങ്ങനെ പതിനഞ്ചാം വയസ്സില്‍ അച്ഛന്‍ വീടുവിട്ടു. തമിഴ്.നാട്ടില്‍ ഒരുപാടു സ്ഥലങ്ങളില്‍ ഹോട്ടല്‍ജോലിക്കാരനായി..വെയിറ്റര്‍/സപ്ലയര്‍ , കുക്ക് എന്നീ വേഷങ്ങളില്‍ .. പാചകം പഠിച്ചത് അങ്ങനെയാണ്.
ഒരുപാട് കഷ്ടപെട്ടിട്ടുണ്ട് അക്കാലത്തൊക്കെ എന്ന് പറയാറുണ്ട്..വല്ലപ്പോഴും  ഭൂതകാലം അയവിറക്കുമ്പോള്‍.

കുടുംബത്തിലെ പറ്റാവുന്ന ചുമതലകള്‍ ഒക്കെ തന്നാലാവും വിധം ഭംഗിയായി കഴിച്ച് അച്ഛന്‍ അമ്മയെ വിവാഹം കഴിച്ച് കുടുംബജീവിതം ആരംഭിക്കുന്നത് തന്‍റെ മുപ്പത്തിയാറാം  വയസ്സില്‍ !!!

കുറച്ചുകാലം വീടിനടുത്ത് ഒരു ചെറിയ  റെസ്റ്ററോണ്ട് നടത്തി. പേരിട്ടത് സ്വന്തം അനുജന്‍റെ. (ഹോട്ടല്‍ മണികണ്ഠവിലാസ് ,പതിനാറാം മൈല്‍ ,കുണ്ടുവംപാടം.)

പിന്നെ മുഴുവന്‍സമയ കൃഷിയിലേക്ക് തിരിഞ്ഞു.
നെല്ല് ,വാഴ, പച്ചക്കറികള്‍ -പയര്‍ , കയ്പ,വെണ്ട,വഴുതിനങ്ങ,പടവലങ്ങ-മത്തങ്ങ,കുമ്പളങ്ങ,വെള്ളരിക്ക - ഹോ... എന്തൊരു നല്ല  കാലമായിരുന്നു അത്.. എനിക്കന്ന് 8-10 വയസ്സ് കാണും .

അച്ഛന്‍ ഒരു കഠിനാദ്ധ്വാനി ആയിരുന്നു.
 എല്ല് മുറിയെ പണിയെടുക്കുക എന്നതായിരുന്നു പോളിസി.

അതേസമയം മക്കള്‍ക്ക് തന്‍റെ ഗതി വരരുത് എന്നച്ഛന് നിര്‍ബന്ധമുണ്ടായിരുന്നത്കൊണ്ട്  മക്കള്‍ക്കൊക്കെ അച്ഛന്റെ വക  ട്യൂഷന്‍ വെച്ചിരുന്നു.അതുകൂടാതെ സന്ധ്യാനാമം ചൊല്ലുന്നതിനോടൊപ്പം ഒന്ന് മുതല്‍ 20 വരെയുള്ള ഗുണനപ്പട്ടിക /എഞ്ചുവടി കാണാതെ ചൊല്ലിപഠിക്കണം എന്നായിരുന്നു അച്ഛന്‍റെ കല്പന.

അഞ്ചാം ക്ലാസ്സില്‍ നവോദയ പ്രവേശനപരീക്ഷയ്ക്ക് കണക്കില്‍ ആവെറേജ് മാത്രമായിരുന്ന എന്നെ എട്ടാംക്ലാസ് ലെവല്‍ ലസാഗു -ഉസാഘ ,ശതമാനം ഒക്കെ ദിവസവും  രാത്രി പതിനൊന്ന് മണി വരെ ഇരുത്തി പഠിപ്പിച്ചത് അച്ഛനായിരുന്നു.

പ്രവേശനം കിട്ടി ഞങ്ങള്‍  മലമ്പുഴയിലേക്ക് പോകുമ്പോള്‍ നല്ല ഭാരമുള്ള ഇരുമ്പ്  ട്രങ്ക് ബോക്സ് അച്ഛന്‍  തലയില്‍ ചുമന്നാണ് പോയത് !

എന്ട്രന്‍സ് റിസള്‍ട്ട് വന്നപ്പോള്‍ എന്‍റെ റാങ്ക് വെച്ച് ജെനറല്‍ മെറിറ്റില്‍   എംബിബിഎസ് കിട്ടില്ല എന്നറിഞ്ഞ് നിരാശനായി ഇനി എന്ത് ചെയ്യണം ആയുര്‍വേദ പഠിക്കണോ എന്നൊക്കെ ചിന്തിച്ചു തല പുകയ്ക്കുമ്പോള്‍ അച്ഛനാണ് "BDS " കൂടെ ഓപ്ഷന്‍ കൊടുത്ത് നോക്ക്.. എന്ന് പറഞ്ഞു "പല്ലിനെപറ്റി  അഞ്ചരക്കൊല്ലം പഠിക്കാന്‍ എന്തിരിക്കുന്നു എന്ന് ഹെസിറ്റെറ്റ് ചെയ്തിരുന്ന എന്നെ വിധിയുടെ  വഴിതിരിച്ചുവിട്ടത് !

സ്കൂള്‍,കോളേജ് പഠനം  കഴിയുന്നതുവരെ "നന്നായി പഠിക്കണം എന്ന് മാത്രമേ അച്ഛന്‍ എന്നോട് ആവശ്യപെട്ടിട്ടുള്ളൂ...
ജോലി ചെയ്ത് തുടങ്ങിയപ്പോള്‍ "അനാവശ്യമായി " പണം ചെലവാക്കരുത് എന്ന് മാത്രമേ ആവശ്യപെട്ടിട്ടുള്ളൂ .

എന്നിട്ടും ചെറുപ്പത്തിന്റെ ചോരത്തിളപ്പില്‍ ഞാന്‍ ഒരുപാട് തവണ തര്‍ക്കിച്ചിട്ടുണ്ട്. ധിക്കരിച്ചിട്ടുണ്ട്, അനാവശ്യമായി ദേഷ്യപെട്ടിട്ടുണ്ട്.
ഹൃദയം കൊണ്ട് മാപ്പ് ചോദിക്കുന്നു.

എന്നെ (എല്ലാ അര്‍ത്ഥത്തിലും )
ഇന്ന് കാണുന്ന ഞാന്‍ ആക്കിയ അച്ഛാ ,പ്രണാമം..


എല്ലാ നല്ല അച്ഛന്മാര്‍ക്കും , ലാല്‍ സലാം


എന്‍റെ അച്ഛന്‍ - കിഴക്കെപാട്ട് സുബ്രഹ്മണ്യന്‍ 






5 comments:

  1. Story of many fathers... Untold and unknown. You are blessed to be his son. I am sure he is proud of you.

    ReplyDelete
  2. നല്ല ഓര്‍മ്മകള്‍..............

    ReplyDelete
  3. എന്തൊക്കെയോ പറയാന്‍ വന്നു.പക്ഷെ .........................................

    ReplyDelete
  4. മാതൃദിനത്തോളം ഒന്നും ആഘോഷിക്കപ്പെടാത്ത ഒരു ദിനം.
    അതില്‍ ഒരച്ഛനും പരിഭവപ്പെടില്ല എന്നതാണ് ദിനത്തിന്‍റെ പകിട്ട് കുറയ്ക്കുന്നതും.

    എല്ലാവരും സ്വന്തം അച്ഛനെ നന്ദിയോടെയും സ്നേഹത്തോടെയും ഓര്‍ക്കാന്‍ ഒരു ദിവസം
    എന്ന നിലയ്ക്ക് പ്രസക്തമാണ് ഈ ദിനവും.. പ്രത്യേകിച്ച് മാറിയ കാലഘട്ടത്തില്‍...

    ReplyDelete
  5. നല്ല ഓർമ്മകൾ ...
    എന്റെ നക്ഷത്രവും ആയില്ല്യമാണ്. (1947 ആഗസ്റ്റ്) ചിങ്ങമാസത്തിലെ ആയില്യം.
    ആശംസകൾ

    ReplyDelete