Friday, 17 October 2014

പ്രൊഫൈല്‍ പിക്ചര്‍


ഒരേ ചുമരില്‍ വീണ്ടും
ചായങ്ങള്‍ പലതൊഴി-
ച്ചൊരേ ചിത്രം തന്നെ
പലവുരു വരയ്ക്കുന്നു നാം .

നിറം തീരെ കുറഞ്ഞിട്ടോ ,
മണമത്ര പോരാഞ്ഞിട്ടോ
ഒരിക്കലും നിറയുന്നില്ല
തൃപ്തിതന്നോട്ടപാത്രം.

 ജീവിതത്തിന്‍  വിരസദിനസരി
-ത്താളുകള്‍ മറിക്കുമ്പോഴും
കൊതിക്കുന്നുണ്ട് നാം
ഒരു മിഴിക്കോണ്‍മുനയമ്പ് .

ഒരു പുതിയ പുഞ്ചിരി.
ഒരു വാക്കിലെ കടലിരമ്പം.
അതുവരെ കേള്‍ക്കാത്തൊരീണം.
നിറം മങ്ങിയ ഒരോര്‍മ്മച്ചിത്രം.


അതുമതി ,ചിലപ്പോഴെങ്കിലും
വിഷാദമൂകമിരുട്ടില്‍ മുങ്ങിയ
വാഴ്.വിനുള്ളില്‍ പ്രതീക്ഷ തന്‍
ചെറുനാളം തെളിക്കുവാന്‍..

ഒരു ശലഭത്തി ചെറുചിറകടി
-യിലൊളിഞ്ഞിരിക്കുന്നുണ്ട്
മാറ്റത്തിന്റെ കൊടുങ്കാറ്റ് .

Sunday, 5 October 2014

ബി .പി .എല്‍


നിങ്ങള്‍ ദാരിദ്ര്യ രേഖ കണ്ടിട്ടില്ല എന്നോ?

ഈ തീവണ്ടിയിലെ ജനറല്‍ കമ്പാര്‍ട്ട്‌മേന്റിലെക്ക് വരൂ..

നാട്ടില്‍നിന്നും നഗരത്തിലേക്കും,  തിരിച്ചും പോയ്‌വരാന്‍  ,
തിക്കിത്തിരക്കി നില്‍ക്കുന്ന ശ്വാസങ്ങള്‍ക്കിടയിലൂടെയാണത്
വളഞ്ഞുപുളഞ്ഞ്  കടന്നു പോകുന്നത്.


ദ് ഡിവൈൻ കോമഡി

യുദ്ധങ്ങളിൽ മരിച്ച കുഞ്ഞുങ്ങളുടെ സ്വർഗ്ഗത്തിൽ,
ഗാസയിൽ നിന്ന് വന്നവരെ
 ബാക്കിയുള്ളവരെല്ലാം അസൂയയോടെ നോക്കുന്നു .

ഓഷ്വിറ്റ്സിലെ "കുളിമുറികളിൽ "
ശ്വാസംമുട്ടി മരിച്ചെത്തിയവർ
ലജ്ജിച്ചു തലതാഴ്ത്തുന്നു .

ഹിരൊഷിമയിൽനിന്നു 
ഉടലോടെ സ്വർഗം പൂകിയവർ,
തപാലിലെത്തിയ കടലാസു കൊറ്റികളെണ്നുന്നു

 പട്ടിണിയോട് പടവെട്ടിതോറ്റ
 ഇരുണ്ട നാട്ടിലെ കറുത്ത കുട്ടികൾ ,
തെക്കേമൂലയിലെ ചായ്പ്പിലുറങ്ങുന്നു .

ഗർഭത്തിൽവച്ചേ കത്രികത്തലപ്പിലും
ശൂലമുനയിലുമൊടുങ്ങിയ അരൂപികൾ
ദൈവത്തിന്റെ ശവകുടീരത്തിൽ
നിവേദനം സമർപ്പിക്കുന്നു .

ഭുമിയിൽനിന്ന്‌ പെയ്യുന്ന ,
നിറമുള്ള പ്രാർത്ഥനകളുടെ പേമാരിയിൽ
സ്വർഗത്തിൻറെ നിലം ചോർന്നൊലിക്കുന്നു.

പരിശുദ്ധാത്മാവ് കൂർക്കം വലിച്ചുറങ്ങുന്നു.

Saturday, 4 October 2014

(താരതമ്യേന) പരാജിതനായവന്‍റെ പരിഭവങ്ങള്‍

എഴുതുന്നതിനെ കവിതയാക്കുവാന്‍
കവിതതുളുമ്പുന്ന വാക്കുകള്‍
വാഴനാരില്‍ കോര്‍ത്തെടുക്കുമ്പോള്‍

അടുക്കളയില്‍,
അമ്മ പരത്തുന്ന ദോശയുടെ മുന്നില്‍
എന്‍റെ കവിതയുടെ വികലവൃത്തം
നാണിച്ചു നില്‍ക്കുന്നു.

എന്‍റെ കവിത നിന്‍റെ മനസ്സിനെ
തൊടാനാവാതെ നിരാശയാവുമ്പോള്‍
 പാടവരമ്പില്‍ അച്ഛന്റെ തൂമ്പ
മണ്ണിനെ ഉഴുതുമറിക്കുന്നു .

ജീവിതത്തോളം മധുരമായൊരു
കവിതയില്ലെന്ന്
എന്നാണ് എനിക്ക് മനസ്സിലാവുക ?