Monday 17 November 2014

മൃഗീയം

ജനിക്കുകയാണെങ്കില്‍,
ഒരു മൃഗമായി വേണം ജനിക്കാന്‍.

പെറ്റമ്മയില്‍ നിന്ന് കറപുരളാത്ത വാത്സല്യവും
സഹോദരന്‍റെ സ്നേഹവും പഠിക്കാന്‍

ഒരു നാളമ്മയെയും പിരിഞ്ഞന്തിക്ക്
സ്വന്തമായെന്തെങ്കിലും തിരഞ്ഞ്
ഇരതേടി പലവഴികളിലൂടെയോടിയോടി
തളര്‍ന്നൊടുവിലൊരെല്ലിന്‍കഷ്ണത്തില്‍
പശി മറക്കാന്‍.

ഇടിവെട്ടിപ്പെയ്യുമൊരു പേമാരി-
-ക്കിടയില്‍ നനയാതിരിക്കാനൊരു 
കുടപോലുമില്ലാതെ മണ്ടകത്തിപ്പോയ 
തെങ്ങിന്‍ചുവട്ടില്‍ വിറച്ചുവിറങ്ങലിക്കാന്‍.

ഒരു രാത്രി ചിന്തയും ചിലന്തിയും
മെല്ലെ ചതിവലകള്‍ നെയ്യുമ്പോള്‍,
ഇണയുടെ കണ്ണിലെ പ്രണയം മണക്കാതെ
ഉപജീവനത്തിന്റെ വഴികളോര്‍ക്കാതെ
തന്റെ കുഞ്ഞുങ്ങളെ പെറ്റുവീഴ്ത്താന്‍..


ഒടുവിലുടല്‍ ശോഷിച്ച,തില്‍
പേരിടാരോഗങ്ങള്‍ വിരുന്നുപാര്‍ക്കെ
ഒരു വൈദ്യനു മുന്നിലും കാത്തിരിക്കാതെ
ഒരു ദൈവത്തിനുംനേര്‍ച്ചയിടാതെ 
അന്ത്യവിധിക്ക് കീഴടങ്ങാന്‍.

മരിക്കുകയാണെങ്കില്‍,
ഒരു മൃഗമായി വേണം മരിക്കാന്‍.

ബന്ധങ്ങളുടെ ഏങ്ങിക്കരച്ചിലുകളില്ലാതെ
ബന്ധനങ്ങളുടെ മാറാപ്പ് താങ്ങാതെ
പച്ചമണ്ണിന്‍ചിതയിലഴുകിയൊഴുകി
അമ്മയിലേക്ക്‌ തിരിച്ചു പോകാന്‍.





9 comments:


  1. Waht a thought yaar .. Great .. പ്രകൃത്യാ ജീവിക്കുമ്പോൾ അതിൽ മൃഗീയതക്കോ മാനവികതക്കോ പ്രസക്തി ഇല്ലാതാകുന്നു ..

    ReplyDelete
  2. അവര്‍ക്ക് പറയാനുള്ളതും ഇതൊക്കെത്തന്നെയാവും!!

    ReplyDelete
    Replies
    1. ഹിഹി ..അജിത്തേട്ടാ. ആർക്കറിയാം?

      Delete
  3. ജനിക്കുന്നേല്‍..
    മൃഗമായി ജനിക്കണം
    മനുഷ്യന്‍ മണ മേല്‍ക്കാതെ..
    അവന്‍ കരാള ഹസ്തം പതിയാതെ
    കാവലിന്‍ പിണമാകാതെ
    മാംസത്തിന്‍ രുചി യറിയാതെ
    നിണമൊഴുക്കാതെ
    മരിക്കണം...
    ഒരു മൃഗമായ് അന്തസ്സോടെ!...rr

    ReplyDelete
  4. വളരെ അർത്ഥവത്തായ വരികൾ....
    പ്രവീണിന്റെ വാചകം ഞാൻ കടമെടുക്കുന്നു "പ്രകൃത്യാ ജീവിക്കുമ്പോൾ അതിൽ മൃഗീയതക്കോ മാനവികതക്കോ പ്രസക്തി ഇല്ലാതാകുന്നു..."

    ReplyDelete
  5. മൃഗീയം, മാനുഷികം, ആര്‍ക്കറിയാം ഏതേത് കണ്ണുകളില്‍ ഏതാണ് ശക്തിയും ദൌര്‍ബല്യവും. എങ്കിലും മരണം എല്ലാത്തിനെയും ഒരുമിപ്പിക്കും. പിന്നെ മൃഗവുമില്ല മനുഷ്യനുമില്ല. പ്രകൃതി മാത്രം.

    ReplyDelete