Thursday, 19 March 2015

എന്‍റെ പ്രിയപ്പെട്ട കവിതകള്‍ - പ്രദീപ്‌ ഭാസ്കര്‍

പുഴയ്ക്കക്കരെയുള്ള ആ വീട്പ്രദീപ്‌ ഭാസ്ക്കര്‍   March 19, 2015


രണ്ടു വീടുകളുണ്ട്

നടുക്കൊരു പുഴയാണ് 
എപ്പോഴും 
കൂക്കിവിളിച്ച് കുത്തിയൊലിയ്ക്കുന്ന 
കറുത്ത പുഴ 
പാതാളത്തോളം ചൂഴ്ന്നിറങ്ങിയ 
ചുഴിച്ചുറ്റുകൾ 
പച്ചയിറച്ചി കാത്ത്
വിശന്നിരിയ്ക്കുന്ന മുതലക്കണ്ണുകൾ 
വഞ്ചിയില്ലാത്ത, കടത്തുകാരനില്ലാത്ത 
കയങ്ങളിൽ മുങ്ങാതെ മുറിച്ചു കടക്കേണ്ട 
പെരുംപുഴ 

പുഴയ്ക്കിക്കരെയാണ് ഒരു വീട് 
കെട്ടിപ്പിടിച്ചുമ്മ തരുന്ന 
കെട്ട്യോളുടെ പ്രണയവും പിണക്കവുമുള്ള 
ഓടിക്കളിച്ച് കൊഞ്ചിച്ചിരിയ്ക്കുന്ന 
കുഞ്ഞുങ്ങളുടെ ഇണങ്ങാത്ത സ്വപ്നങ്ങളുള്ള 
ആവിപാറുന്ന കൊതിമണം കൊഴുക്കുന്ന 
തീൻമേശയുള്ള 
തീറ്റ കൊടുത്ത കൈകളെ നക്കിത്തോർത്തുന്ന 
പേരുവിളിച്ചാൽ ഓടി വരുന്ന വളർത്തുനായയുള്ള 
ഭൂതവും ഭാവിയും പണപ്പെട്ടിയുമൊക്കെയുള്ള 
കനത്ത ചുവരുകൾക്കുള്ളിൽ 
പേടികൾ ഒളിച്ചു പാർക്കുന്ന 
ഗൗതമന്റെ വീട് 

പുഴയ്ക്കക്കരെയാണ് അടുത്ത വീട് 
വാതിലുകളും ജനലുകളുമില്ലാത്ത  
ചുമരുകളില്ലാത്ത 
അകത്തേയ്ക്കും പുറത്തേയ്ക്കും 
ഓടിക്കൊണ്ടിരിയ്ക്കുന്ന 
ധൃതി പിടിച്ച കാലൊച്ചകളില്ലാത്ത 
വിശാലമായ ഒരു വീടാണ് 
മൗനം 
എല്ലാരുടെയും വീട് 

എത്രയോ വട്ടം 
പുഴ വരെ പോയി തിരിച്ചു നടന്നിരിയ്ക്കുന്നു 
ഇന്നിപ്പോൾ വീണ്ടും 
കുളുകുളുവെന്ന് കൊലച്ചിരി മുഴക്കുന്ന 
ആ പുഴക്കരയിൽ നിൽക്കുന്നു 

അക്കരെ നിന്നൊരാൾ 
മൊട്ടത്തലയൻ 
പൂർണ്ണനഗ്നൻ 
പുഞ്ചിരിപ്പൂവിതളിൽ ഇങ്ങനെയെഴുതി 
എറിഞ്ഞു തന്നു 

ആദ്യം 
ആ ചെരുപ്പ് ഊരി മാറ്റണം 
മണ്ണ് മണ്ണിനെയറിയുമ്പോൾ 
ചുറ്റും പൂമ്പാറ്റകൾ പറക്കുന്ന കാണാം 

പിന്നെ അറപ്പില്ലാതെയാ 
കനത്ത ഉടുപ്പെല്ലാം 
കീറിപ്പറിച്ചുരിഞ്ഞെറിയണം 
നനഞ്ഞാൽ കനം കൂടും 
കാണാക്കയങ്ങളിൽ വീണ്ടെടുപ്പില്ലാതെ 
മുങ്ങിത്താഴ്ന്നു പോകും 

കണ്ണടച്ച് വെളിച്ചം കെടുത്തണം 
ആദ്യം ഇരുട്ടാകും 
പിന്നെപ്പിന്നെ കാണാം 
ഉള്ളിലെ പാൽനിലാവ് 
തെളിഞ്ഞുതെളിഞ്ഞ് വരുന്നത് 

സ്പർശത്താലറിയണം 
ഇത് കല്ല്‌, ഇത് മരം, ഇത് പൂച്ച 
ഇത് പട്ടി, ഇത് അണ്ണാനെന്നൊക്കെ 
പാട്ടുകേട്ടാലറിയണം ഇതേത് കിളിയെന്ന് 
മണംകൊണ്ടിതേത് പൂവെന്ന് 
രുചികൊണ്ടിതേത് കായെന്ന് 
ഞാനുമിതുപോലെ കൊഴിയേണ്ട 
പൂവെന്ന് കായെന്ന് ഉള്ളറിഞ്ഞറിയണം 

വിശക്കുന്ന മുതലയ്ക്ക് 
ഇത്തിരിയിറച്ചി അറിഞ്ഞു കൊടുക്കണം 
ഇനിയാരെങ്കിലും വിശന്നിരിയ്ക്കുന്നുണ്ടോയെന്ന് 
ഉറക്കെ ചോദിച്ചേക്കണം
അത്രയും കനം കുറയ്ക്കാമല്ലോ 

പുഴയുടെ ഒഴുക്കിനിളക്കം തട്ടാതെ 
കൈകാലിട്ടടിച്ച് നീന്തിപ്പുളയ്ക്കാതെ 
ഒഴുക്കിലൊഴുകിയൊഴുകിയങ്ങനെ 
അപ്പൂപ്പൻതാടി പോലിക്കരെയെത്തണം 

ഇനി കണ്ണു തുറക്കാം 
ഇക്കരെ നിന്നക്കരെയ്ക്കൊന്ന് നോക്കിയാൽ 
ഉള്ളിലൊരിയ്ക്കലും വറ്റാത്ത 
പുഞ്ചിരിപ്പുഴയൊഴുകുന്നതറിയാം 

No comments:

Post a Comment