Friday 10 April 2015

ഡയറിക്കുറിപ്പുകള്‍: മെമ്മറീസ് ഇന്‍ മാര്‍ച്ച്


 21/03/2015


സ്വധര്‍മ്മം (ദന്ത വൈദ്യം ) അനുഷ്ഠിക്കുന്നത് നിര്‍ത്തി വച്ച് ഇന്നേക്ക് 21 ദിനങ്ങള്‍ കഴിഞ്ഞിരിക്കുന്നു .
എന്നെങ്കിലും വീട്ടില്‍ സ്ഥിര താമസമാക്കിയാല്‍ ചെയ്തു തുടങ്ങേണ്ട കാര്യങ്ങളുടെ ഒരു നീണ്ട നിര തന്നെ തയ്യാറാക്കി വെച്ചിട്ടുണ്ടായിരുന്നു  ഞാന്‍ .

ഉന്മാദത്തിന്റെ ദിവസങ്ങളില്‍ , ഒറ്റയ്ക്ക് ലോകം നന്നാക്കാം എന്ന് തോന്നിയിരുന്നു .കയങ്ങളില്‍ മുങ്ങിത്താഴുമ്പോള്‍ "നാക്കോയി പഠ്നേവാലാ " എന്ന് ആര്‍ത്തു കരഞ്ഞിരുന്നു .

യാഥാര്‍ത് ഥ്യബോധം ജീവിതത്തെ ചിലപ്പോഴൊക്കെ വിരസമാക്കും. എന്നാല്‍ ഒരിക്കലും അതില്‍നിന്ന് നാം പൂര്‍ണ്ണമായി മോചിക്കപ്പെടുന്നില്ല.

എത്ര ശ്രമിച്ചാലും പൂര്‍ണമാക്കാന്‍ പറ്റാത്ത ഒരു റൂബിക്സ്‌ ക്യൂബ് പോലെയുള്ള വീട്ടില്‍ , ഓരോ ദിവസവും രാത്രി പലസമയങ്ങളില്‍ അവസാനിക്കും.താക്കോല്‍ കൊടുത്ത ഒരു യന്ത്രം ,കഴിഞ്ഞ മുപ്പതു കൊല്ലമായി ആവര്‍ത്തിച്ചു വരുന്ന പ്രോഗ്രാംസ് കൃത്യമായി ചെയ്തു തീര്‍ക്കുമ്പോള്‍ പതുക്കെ സൂര്യനുദിക്കും .

എത്ര നിസ്സംഗരായാണ് നാം ചിലരുടെ കഠിനാദ്ധ്വാനത്തെ "കടമകള്‍ " എന്ന് നിസ്സാരവല്‍ക്കരിക്കുന്നത് എന്നോര്‍ത്തു നോക്കിയിട്ടുണ്ടോ ?

വീട്ടിലെ ക്ലോക്കുകള്‍ക്ക് വേഗം കൂടുതലാണ്. എത്ര പെട്ടെന്നാണ് മൂന്നാഴ്ച തീര്‍ന്നുപോയത് !!

സമയം എത്രയാണെന്ന് പറയാന്‍ പഠിക്കുന്നതിനു മുന്‍പുള്ള കുട്ടിക്കാലത്ത് , അടുപ്പത്തിരിക്കുന്ന ഉപ്പേരി ഇളക്കുന്നതിനിടയില്‍ അടുക്കളയില്‍ നിന്ന് അമ്മ വിളിച്ചുപറയും
" അജീ , സമയെത്രയായീന്നു നോക്കിയ്ക്കാ .... "
കോലായില്‍ തൂക്കിയിട്ടിരിക്കുന്ന വീട്ടിലെ ഒരേയൊരു ക്ലോക്കിലേക്ക് സൂക്ഷിച്ചുനോക്കി , ഉണ്ടക്കണ്ണുകളുടെ ഉടമ അടുക്കളയിലേക്ക് ഉറക്കെ വിളിച്ചു പറയും
" ചെറിയ സൂചി എട്ടിലും വലിയ സൂചി നാലിലും ."
വീട്ടിലെ പണികള്‍ ഒരുവിധം തീര്‍ത്ത് ഒരു കിലോമീറ്റര്‍ അപ്പുറത്തുള്ള ബസ് സ്റ്റോപ്പിലേക്ക് വലിഞ്ഞു നടക്കുന്നതിനിടയില്‍ അമ്മ ആശങ്കപ്പെടും..
"ശ്രീദുര്‍ഗ്ഗ ( കൃത്യസമയത്ത് സ്കൂളില്‍ എത്തുന്ന അവസാന ബസ്) പോവാതിരുന്നാല്‍ മത്യാര്‍ന്നു"
നീണ്ട പതിനാലു കൊല്ലം കഴിഞ്ഞിട്ടും , കുണ്ടുവംപാടം ഗ്രാമവും അമ്മയുടെ ദിനചര്യകളും ഇന്നും
കാര്യമായ ഒരു മാറ്റവുമില്ലാതെ തുടരുന്നു.

No comments:

Post a Comment