Friday, 10 April 2015

സംവരണവും ഉട്ടോപ്പിയന്‍ ചിന്താസരണികളും

അങ്ങനെ വീണ്ടും ഒരിക്കല്‍ കൂടെ ജാതിയും സംവരണവും ദേശീയ തലത്തില്‍ തന്നെ വിവാദ വിഷയമായിക്കഴിഞ്ഞു .
മധ്യഇന്ത്യന്‍ സംസ്ഥാനങ്ങളില്‍ പ്രബലരായ ജാട്ടുകളെ മറ്റു പിന്നോക്ക വിഭാഗങ്ങള്‍ ഇല്‍ മറ്റോ ഉള്‍പ്പെടുത്തിയത് കോടതി ഇടപെട്ടു മാറ്റിയെന്നോ മറ്റോ ആണ് അതിന്‍റെ കാതല്‍.
ഇനി ഇതിന്‍റെ പേരില്‍ പ്രതിഷേധികാന്‍ ജാട്ടുകള്‍, പണ്ട് രാജസ്ഥാനിലെ ഗുജ്ജറുകളോ മറ്റോ അവരെ പട്ടിക വര്‍ഗ്ഗമാക്കാന്‍ വേണ്ടി റയില്‍വേ ട്രാക്കില്‍ ഉള്ളിയും ചുട്ട ചപ്പാത്തിയും കുന്നുപോലെ കൂട്ടിയിട്ട് ട്രെയിന്‍ തടയല്‍ സമരം ചെയ്തതുപോലെ കോമഡി ഷോ ഒന്നും നടത്താതിരുന്നാല്‍ മതിയായിരുന്നു .
"ദി ഗ്രേറ്റ് ഇന്ത്യന്‍ ജാതി സര്‍ക്കസ് " !!
വെള്ളക്കടുവയില്‍ അരവിന്ദ് അഡിഗ പറഞ്ഞത് പോലെ " വാട്ട് എ ഫക്കിംഗ് ജോക്ക് !!"

ഇന്ത്യ എന്ന രാജ്യത്തെ ഏറ്റവും വലിയ ജാതിവെറിയന്‍ ആരെന്ന് ചോദിച്ചാല്‍ , " സര്‍ക്കാര്‍ " എന്നതാണ് അതിന്‍റെ ഉത്തരം. ജാതിവെറിയുടെ ബൈബിള്‍ ആകട്ടെ ,എല്ലാത്തരത്തിലുമുള്ള സര്‍ക്കാരിന്‍റെ തരംതിരിവ് രേഖകളും (എന്ട്രന്‍സ് പ്രോസ്പെക്ടസ് അടക്കം ). സ്വാഭാവികമെന്നു തോന്നുമെങ്കിലും ഒന്നാലോചിച്ചുനോക്കിയാല്‍ , ഇതിനെക്കാള്‍ വലിയ വിരോധാഭാസം കാണാന്‍ പ്രയാസമാണ്.
ബ്രിട്ടീഷുകാര്‍ ഇത്തിരി കൂടി മാക്രോസ്കോപ്പിക് ആയ മതം എന്ന ലെവലില്‍ നടത്തിയ ഭിന്നിച്ച് ഭരണം തന്നെയല്ലേ ഈ ഇന്ത്യന്‍ സായിപ്പുകളും നടത്തിവരുന്നത് ?
പക്ഷേ ,
" ഈരാജ്യത്തിനിതെന്തു പറ്റി ? എന്താ ആരും ഒന്നും മിണ്ടാത്തത് ? മിണ്ടാതെ സഹിക്കുന്നതെന്തിനാ ഈ ജാതീയത ?
സഹിക്കാവുന്നതിലുമപ്പുറമാണത് ." എന്ന അശരീരി ഇവിടെ മുഴങ്ങുന്നില്ല .
കാരണം , സംവരണം എന്ന അപ്പകഷ്ണം എന്നെങ്കിലും ഈ നാടിനെ ഒരു സമത്വസുന്ദരസ്വര്‍ഗ്ഗപൂങ്കാവനം ആക്കുമായിരിക്കാം എന്ന പ്രത്യാശയാണു .
ഒരു കുഞ്ഞു ജനിച്ചു വീഴുന്നതോടെ അവന്‍റെ തലയില്‍ ചാപ്പ കുത്തപ്പെടുന്നു മുന്നോക്ക /പിന്നോക്ക വിഭാഗം എന്ന്.എന്താണ് ഒരു മനുഷ്യനെ പിന്നോക്കം അല്ലെങ്കില്‍ മുന്നോക്കം ആക്കുന്നത് ?സര്‍ക്കാര്‍ രേഖകളില്‍ അവനു ജന്മം കൊടുത്തവര്‍ ഏതെങ്കിലും ജാതിയുടെ കൂട്ടത്തില്‍ പെട്ടതാണ് എന്നതോ ?
ആ പേരില്‍ ഒരു കുഞ്ഞിനെ നീ താഴ്ന്ന ജാതിയില്‍ പെട്ടവനാണ് എന്ന അപകര്‍ഷതയും മറ്റവന് ഞാന്‍ മുന്തിയവനാണ് എന്ന അഹങ്കാരവും അല്ല നല്‍കുന്നത് എന്ന് എങ്ങനെയാണ് സമര്‍ത്ഥിക്കുക ??
എന്നിട്ടവര്‍ ചെയ്യുന്നതോ ?
താഴ്ന്നവനാണെങ്കില്‍ എന്താ സംവരണം എന്ന ലഡ്ഡു നിനക്ക് കിട്ടില്ലേ ? എന്ന മനം മയക്കുന്ന വാഗ്ദാനവും നല്‍കുന്നു .
കാര്യം തനിക്കെതിരെ ആണെന്ന് അറിയുന്ന സമയം , വെളുത്ത കുഞ്ഞ് കൈകാലിട്ടടിച്ച് നിലവിളിയായി " അനീതി .. അക്രമം ..പക്ഷപാതം "
ഗാന്ധിജി യുടെ ആശയം ആണ് സംവരണം എന്നും അത് കൂടിപ്പോയാല്‍ 50 - 60 വര്ഷം വരെ മാത്രം മതി എന്നായിരുന്നു ആദ്യത്തെ തീരുമാനം എന്നൊക്കെ കേട്ടിട്ടുണ്ട് .
എനിക്ക് വേറെ അഭിപ്രായം ആണുള്ളത് . ഇന്ത്യയിലെ അവസാനചേരിയും ഇല്ലാതാവുന്ന ദിവസം മാത്രമേ സംവരണം എന്ന സാമൂഹ്യ നീതി നിര്‍ത്തലാക്കാവൂ.
എന്നാല്‍ ജാതീയമായ വേര്‍തിരിവ് അടിസ്ഥാനമാക്കി ആവരുത് ഈ നീതിനിര്‍വഹണം . കാരണം അവിടെത്തന്നെ അനീതി - ഇരുപക്ഷത്തോടുമുള്ളത് - ആരംഭിച്ചുകഴിഞ്ഞു .
ഇന്ന് പോലും പത്രത്തില്‍ കണ്ടത് സംവരണത്തിന് ജാതി മാത്രമല്ല "സാമൂഹികമായ" പിന്നോക്കാവസ്ഥകൂടി നോക്കണം എന്നാണ്.
അല്ല, എന്താണീ സാമൂഹികമായ പിന്നോക്കാവസ്ഥ ? ചില ജാതികള്‍ സാമൂഹ്യമായി താഴെ എന്നാണോ ? എന്താണ് അങ്ങനെ കണക്കാക്കുന്നതിനുള്ള മാനദണ്ഡം ? ഇനി അങ്ങനെയൊന്ന് ഉണ്ടെങ്കില്‍ തന്നെ , സര്‍ക്കാര്‍ തന്നെ കാലാകാലങ്ങളില്‍ നിലനിര്‍ത്തി വരുന്നതല്ലേ അത് ?
എന്‍റെ അഭിപ്രായത്തില്‍ , ഈ കാലഘട്ടത്തില്‍ , സാമൂഹികമായ പിന്നോക്കാവസ്ഥ എന്നൊന്നില്ല. ഇനി ഉണ്ടെങ്കില്‍ തന്നെ അത് സര്‍ക്കാര്‍ രേഖകളില്‍ മാത്രമാണ് . അഥവാ , സാമ്പത്തികമായ പിന്നോക്കാവസ്ഥ തന്നെയാണ് സാമൂഹികമായ പിന്നോക്കാവസ്ഥ .
ഏതു ജാതിയിലും മതത്തിലും " ഉള്ളവനും ഇല്ലാത്തവനും " -ഹാവ്സ് ആന്‍ഡ്‌ ഹാവ് -നോട്ട്സ് - മാത്രമാണുള്ളത് എന്നിരിക്കെ , ഈ പൊട്ടിയ കലത്തില്‍ തന്നെ വെള്ളം പിടിക്കുകയുള്ളൂ എന്ന് നിര്‍ബന്ധം എന്തിനാണ് ?
തുച്ഛമായ സര്‍ക്കാര്‍ ആനുകൂല്യങ്ങള്‍ക്ക് വേണ്ടി തങ്ങളെ ദാരിദ്ര്യരേഖയ്ക്ക് താഴെയാക്കാനും , സമുദായത്തില്‍പ്പെട്ട ഒരാള്‍ക്കെങ്കില്‍ ഒരാള്‍ക്ക് സര്‍ക്കാര്‍ വ്യവസ്ഥയില്‍ ഒരു സ്ഥാനം ലഭിക്കാന്‍ തങ്ങളെ താഴ്ന്ന വര്‍ഗ്ഗമായി പ്രഖ്യാപിച്ചു കിട്ടാനും സമരം ചെയ്യേണ്ടിവരുന്ന നിസ്സഹായ ജനതയായ് ഇന്ത്യക്കാരെ കാണുക.
സംവരണവുമായി ബന്ധപെട്ട ഉട്ടോപ്യന്‍ സംശയങ്ങള്‍ ഇതൊക്കെയാണ്
1. വിഭവങ്ങളുടെയും അവസരങ്ങളുടെയും ലഭ്യത തുല്യമാണെങ്കിലും ജാതി താഴ്ന്നതാണെന്നതു കൊണ്ട് മാത്രം ചിലര്‍ക്ക് മുന്തിയ പരിഗണന ലഭിക്കുന്നുണ്ടെങ്കില്‍ , അത് സ്വാഭാവിക നീതിയുടെ നിഷേധമല്ലേ ?
2. സംവരണത്തിന്റെ ആനുകൂല്യത്തില്‍ ഒരു തലമുറ സാമ്പത്തികമായി മെച്ചപെട്ട അവസ്ഥയില്‍ എത്തിയിട്ടും അടുത്ത തലമുറയ്ക്കും അതേ സംവരണാനുകൂല്യം ലഭിക്കണം എന്ന് കരുതുന്നത് , ആ സമുദായത്തില്‍ തന്നെ ഉള്ള സാമ്പത്തികമായി പിന്നോക്കം നില്‍ക്കുന്ന അംഗങ്ങളോടുള്ള അനീതിയും സംവരണം എന്ന ആശയത്തിന്റെ ചൂഷണവും അല്ലേ ?
3. സംവരണാനുകൂല്യം ലഭിക്കുന്നവര്‍ എത്ര പേര് സ്വന്തം സമുദായത്തിന്‍റെ ഉന്നമനത്തിനായി അവരുടെ കഴിവും സമയവും വിനിയോഗിക്കുന്നതായി അറിയാം ? (അങ്ങനെ ചെയ്യണം എന്ന് നിയമമൊന്നും ഇല്ലെങ്കിലും അതാണല്ലോ മനുഷ്യത്വപരമായ ന്യായം . )
4. സാമ്പത്തിക സംവരണം കൊണ്ടുവന്നാല്‍ ഉണ്ടാകാനിടയുള്ള പ്രശ്നങ്ങള്‍ എന്തൊക്കെ ? ഈ ആശയം ന്യൂനപക്ഷ/പിന്നോക്ക വിരുദ്ധവും അനാവശ്യവും ആണെന്ന് നിങ്ങള്‍ കരുതുന്നുണ്ടോ ?
ഉണ്ടെങ്കില്‍ കാരണം പറയാമോ ?

---------------------------------------------------------------------------------------------------------------------
posted on facebook on 18/3/2015

No comments:

Post a Comment