Thursday 23 April 2015

പുഴാ(രാ)വൃത്തം

1.

പുഴ,
ഒരു കാട്ടുപെണ്ണായിരുന്നു.
എട്ടും പൊട്ടും തിരിയാത്ത പാവാടക്കാരി.

മാമലകളുടെ മടിത്തട്ടില്‍ 
പിച്ചവെച്ചു  നടന്നവള്‍.

നിശബ്ദതയുടെ താഴ്.വരയില്‍
 സര്‍ഗ്ഗസംഗീതമൊഴുക്കിയവള്‍.

നിത്യഹരിതകന്യാവനങ്ങളില്‍ 
സ്നേഹവസന്തം വിരിയിച്ചവള്‍.

കിലുകിലെച്ചിരിച്ചും, കളകളം മുഴക്കിയും 
തുള്ളിയും തുളുമ്പിയുമവളൊഴുകിയെന്നും 
ചോലകള്‍ , തോഴിമാര്‍ക്കൊപ്പം .

2.

ഒരു നാള്‍ കാടിന്‍റെയതിരുകള്‍ക്കപ്പുറം 
കണ്ടുമുട്ടീയവള്‍ , യുഗത്തിന്‍റെയധിപനെ .

കുറുക്കന്റെ കണ്ണുകള്‍ , കരുത്തുറ്റ പേശികള്‍ 
മനസ്സിനെ മയക്കുന്ന വിയര്‍പ്പിന്‍റെ ചാലുകള്‍.

മനുഷ്യനാ പെണ്ണിനെ വളച്ചെടുക്കുന്നു 
ഇരുട്ടിന്‍റെ മറവിലേക്കാനയിക്കുന്നൂ.
നാലഞ്ചു രാത്രിയില്‍ കൂടെക്കിടക്കുവാന്‍ 
നാഗരികതയുടെ ചക്രം തിരിക്കുവാന്‍ .

പുഴയവള്‍ , മനുഷ്യന്‍റെ മനസ്വിനിയാവുന്നു. 
അണകെട്ടിയവളെയവന്‍ മണവാട്ടിയാക്കുന്നു.

അണകള്‍  കൈത്തളകള്‍,  അണകളരഞ്ഞാണം 
അണകള്‍ , കാല്‍ച്ചങ്ങലകളണിഞ്ഞവള്‍ ചമയുന്നു.

ഉടലൂറ്റി, ഉയിരൂറ്റി, ഉടയാടകളുലഞ്ഞവള്‍ 
ഉലയൂതി സംസ്കാരദ്യുതിയെ ജ്വലിപ്പിക്കുന്നു.

കാലചക്രമേറെ തിരിഞ്ഞുപോയെങ്കിലും 
അവളവന്റെ കുടിലിലിപ്പോഴും 
വിളക്കുകള്‍ തെളിക്കുന്നൂ , വിശറികള്‍ വീശുന്നൂ 
വിളകള്‍ നനയ്ക്കുന്നൂ , പിള്ളേരെ കുളിപ്പിക്കുന്നു. 

മനുഷ്യനോ , മാനത്തു കണ്ണുനട്ടെപ്പോഴും 
മഹാരഹസ്യങ്ങള്‍ തന്‍ ചുരുളുകളഴിക്കുന്നു.


 3. 

ഒഴുകിയൊഴുകിയൊടുവിലഴിമുഖത്തെത്തുമ്പോള്‍ ,
പുഴയൊരു പാവം കിഴവിയാകുന്നു.

അഴലാഴങ്ങളറിഞ്ഞവള്‍ .
മൊഴി ചൊല്ലപ്പെട്ടവള്‍ .

മിഴികളില്‍ നനവിന്റെയണുപോലുമില്ലാതെ 
അഴുകിയ സംസ്കാരഗന്ധങ്ങള്‍  പേറുന്നവള്‍.

ഒരു തുള്ളി,യിരുതുള്ളി പലതുള്ളിയായവള്‍
ആഴിതന്നാഴങ്ങളിലലിഞ്ഞുചേരുന്നു .


4 .

ഗതകാലജീവിതദുരിതസ്മരണകള്‍ 
കടലിന്നഗാധതയിലെവിടെയോ  മറന്നിട്ട്,  

ഹരിതവനഹൃദയഗര്‍ഭത്തിലേക്കവള്‍  
മഴയായി വീണ്ടും തിരിച്ചുപോകുന്നു. 
---------------------------------------------------------------------------------------------------------------------































8 comments:

  1. ((((0))))
    തേങ്ങ ഉടച്ചേക്കാം

    ReplyDelete
    Replies
    1. ഹഹഹ.... ബള്‍ബ് മിന്നാന്‍ ഇത്തിരി സമയമെടുത്തു.. :) നന്ദി ജോസൂട്ടന്‍ . വീണ്ടും തേങ്ങ ഉടയ്ക്കാന്‍ ഓടി വരുക :)

      Delete
  2. ഇടിവെട്ടി മഴ തിമിര്‍ത്ത് പെയ്യട്ടെ!
    പുഴ സ്വച്ഛന്ദം ഒഴുകട്ടെ!!
    പുരാവൃത്തവും,പുരാവൃത്തവും അസ്സലായി.
    ഫോട്ടോകള്‍ മനോഹരം
    ആശംസകള്‍

    ReplyDelete
  3. :( അവന്റെ കുടിലിലിപ്പോഴും വിളക്കു തെളിക്കുന്നു! Almost cried there..
    nalla kavitha uto, touches the heart!

    water cycle..reloaded! Wowww!

    ReplyDelete
  4. ഉടലൂറ്റി, ഉയിരൂറ്റി, ഉടയാടകളുലഞ്ഞവള്‍
    ഉലയൂതി സംസ്കാരദ്യുതിയെ ജ്വലിപ്പിക്കുന്നു..... Wow!!!

    ReplyDelete
  5. ഗതകാലജീവിതദുരിതസ്മരണകള്‍
    കടലിന്നഗാധതയിലെവിടെയോ മറന്നിട്ട്,

    ഹരിതവനഹൃദയഗര്‍ഭത്തിലേക്കവള്‍
    മഴയായി വീണ്ടും തിരിച്ചുപോകുന്നു.
    എത്ര മനോഹരം!! ഇതു തന്നെ അവൾ ! എന്റെ നദിയും!

    ReplyDelete