Friday 24 April 2015

ദത്താപഹാരം –വി ജെ ജയിംസ്

 #spoiler alert ( വായിക്കാത്തവര്‍ക്ക്  മുന്നറിയിപ്പ്  ) 

ജെയിംസേട്ടന്റെ കൃതികളില്‍ ഞാന്‍ വായിക്കുന്ന മൂന്നാമത്തെ പുസ്തകമാണ് “ദത്താപഹാരം” .

ആദ്യം വായിച്ചത് ചോരശാസ്ത്രം . പിന്നെ ലെയ്ക .

ചോരശാസ്ത്രം അതിന്‍റെ മനോഹരമായ ഭാഷയും കള്ളനോടെന്ന വണ്ണം നമ്മളോട്  പ്രോഫസ്സര്‍ പറയുന്ന വേദാന്തസാരവും കൊണ്ട് ഇമ്പ്രസ്സ് ചെയ്യിപ്പിച്ചു .
ലെയ്ക്കയാകട്ടെ , അതുവരെ കണ്ണെത്താത്ത ഒരു സാധ്യതയുടെ തുറന്നുകാട്ടലായിരുന്നു.

അതേ സമയം, 
“ദത്താപഹാരം” ആ പേരില്‍ തന്നെ തുടങ്ങുന്ന നിഗൂഡതകള്‍ കൊണ്ടാണ് എന്നെ ആകര്‍ഷിച്ചത്.

പ്രകടമായ ഒരു തലത്തിനപ്പുറം മറ്റെന്തെങ്കിലും - മിക്കവാറും പ്രത്യക്ഷത്തില്‍ പറയുന്നതിനേക്കാള്‍ വിലയേറിയത് – ഒളിച്ചുവെയ്ക്കുന്ന തരം സാഹിത്യസൃഷ്ടികളുണ്ട്.ധ്രുവസമുദ്രങ്ങളില്‍ ഒഴുകിനടക്കുന്ന ഹിമപര്‍വ്വതങ്ങളെ ഓര്‍മിപ്പിക്കും അവ.

ESOTERIC    എന്ന് പറയാവുന്ന ഇത്തരം രചനകളില്‍  പിടിച്ചതിനേക്കാള്‍ വലുത് മാളത്തിനു ഉള്ളിലിരുപ്പുണ്ടെന്നു വ്യക്തമാക്കുന്ന സൂചനകള്‍ മിക്കവാറും കാണും.
ഇതിഹാസങ്ങളില്‍ ഒരെണ്ണമായ മഹാഭാരതം അത്തരമൊരു പുസ്തകമാണ് എന്നതും ഈ നോവലിലെ ആറംഗ സംഘത്തിനെ “പാണ്ഡവരും ദ്രൌപദിയും” എന്ന് വിളിപ്പേരുള്ളതും തീര്‍ച്ചയായും യാദൃശ്ചികമല്ല എന്നെനിക്ക് തോന്നുന്നു. 


ദത്താപഹാരം എന്ന പേര് തന്നെ എത്ര വിഷയസൂചി ആണെന്ന്‍ നോക്കൂ..

ദത്തം : നല്‍കപ്പെട്ടത്‌ ,  അപഹാരം : കൊള്ളയടിക്കല്‍  എന്ന സാമാന്യാര്‍ത്ഥം തന്നെ പണ്ട് നമ്മുടെ കൈവശം ഉണ്ടായിരുന്നതും എന്നാല്‍ ചരിത്രത്തിന്‍റെ നാള്‍വഴികളിലെവിടെയോ വച്ച് നമ്മില്‍ നിന്നും തട്ടിപ്പറിക്കപ്പെട്ടതും ആയ  “എന്തോ ഒന്ന് ” ആണ് പ്രതിപാദ്യവിഷയം എന്ന് തുടക്കം മുതല്‍ നമ്മളെ ഓര്‍മിപ്പിക്കുന്നു .

അതെന്താണ് എന്നത് “തിരയുന്ന കണ്ണുകള്‍ക്ക്” മുന്നില്‍ എളുപ്പം തെളിഞ്ഞു കിട്ടുന്നു.


  
ഇനി കഥയിലേക്ക് കടക്കാം.

8 മാസം മുന്‍പ് കാട്ടിനുള്ളില്‍ വെച്ച് കാണാതായ ജേഷ്ഠസമനായ കോളേജ് സുഹൃത്തിനെ തിരഞ്ഞു പോകുന്ന ഐവര്‍സംഘം നാലാണും ഒരു പെണ്ണും) യാത്രയ്ക്കിടയില്‍ ഓര്‍ത്തെടുക്കുന്ന ഗതകാലസ്മരണകള്‍ ആയാണ് കഥ മുന്നോട്ട് പോകുന്നത്.

കേന്ദ്ര കഥാപാത്രമായ ഫ്രെഡി അവര്‍ക്കൊക്കെ ഏതെങ്കിലുമൊരര്‍ത്ഥത്തില്‍ , ഹൃദയത്തോട് ചേര്‍ന്നുനില്‍ക്കുന്ന കഥാപാത്രമാണ്.

ഫ്രെഡി ആണെങ്കില്‍ ഒരു പ്രത്യേക സ്വഭാവക്കാരനും.

“കാടിനെ” ഏറെ സ്നേഹിക്കുന്ന ഫ്രെഡ്ഡി ഇടയ്ക്കിടെ ബാക്കിയുള്ള പാണ്ഡവര്‍ക്കൊപ്പമുള്ള വനത്തിലേക്കുള്ള വിനോദയാത്രകള്‍ക്കിടയില്‍ പതിയെ , അതിന്‍റെ അഗാധതകളിലേക്ക് ആകര്‍ഷിക്കപ്പെടുന്നു.

 സാധാരണമനുഷ്യജീവിതത്തിന്‍റെ  പ്രായോഗികതകള്‍ക്കപ്പുറത്തേക്കുള്ള ഫ്രെഡ്ഡിയുടെ അപഥസഞ്ചാരങ്ങള്‍ ഏറ്റവുമടുത്ത സുഹൃത്തുക്കളായ ഐവര്‍ സംഘം പോലും വൈകിയാണറിഞ്ഞത് .

അതിന്‍റെ കുറ്റബോധവും കൂടി പേറിയാണവര്‍ “അപരികൃഷ്തനായ ഒരു മനുഷ്യരൂപത്തെ” പറ്റിയുള്ള പത്രവാര്‍ത്തയുടെ പിന്നാലെ കാട്ടിനുള്ളില്‍  കാണാതെപോയ തങ്ങളുടെ സുഹൃത്തിനെ തിരഞ്ഞിറങ്ങുന്നത് .

ഏറെ കഷ്ടതകള്‍ അനുഭവിച്ച സംഘം അപ്രതീക്ഷിതവും അപകടകരവും നിരാശാജനകവും പ്രതീക്ഷാനിര്‍ഭരവുമെന്നിങ്ങനെ മനസ്സാകുന്ന കൊടുംകാടിന്റെ പല ദുര്‍ഘടമായ മേഖലകള്‍ താണ്ടുന്നുവെങ്കിലും , ഫ്രെഡിയെ കണ്ടെത്താനാവുന്നില്ല .

കാരണം ഫ്രെഡിയെ കണ്ടെത്തുക എന്നത് അസാധ്യമാണ്. ഫ്രെഡിയാവുക അല്ലെങ്കില്‍ ഫ്രെഡിയെപ്പോലാവുക മാത്രമാണ് കരണീയം .
ഈ അറിവോടെ , എല്ലാ അസ്വാതന്ത്ര്യങ്ങളെയും പിന്നിലുപേക്ഷിച്ച് സൂക്ഷ്മദൃക്കുകള്‍ മാത്രം കാടുപുക്കുന്നു.


പുസ്തകങ്ങളിലെ "റാഷമോണ്‍ എഫക്റ്റ്  " ശരിക്കും വായനയെ മനോഹരമായ ഒന്നാണ് എന്ന് ഈ രീതിയില്‍ എഴുതപ്പെട്ട ചില പുസ്തകങ്ങള്‍ ( പേപ്പര്‍ ലോഡ്ജ്  ) കൂടെ  വായിച്ചതിലൂടെ എനിക്ക് ബോധ്യമായി .എന്തെന്നാല്‍ , പല പല കഥാപാത്രങ്ങളുടെയും  കാഴ്ചപ്പാടിലൂടെ വികസിപ്പിക്കുന്ന കഥയ്ക്ക്  രത്നത്തിന്റെ എല്ലാ മുഖങ്ങളിലൂടെയുമെന്നപോലെ  പ്രകാശം തരുവാനും അതിലൂടെ പൂര്‍ണതയുടെ ഇല്ല്യൂഷന്‍ നമുക്ക് മുന്നില്‍ വിരിയിക്കുവാനും സാധിക്കുന്നു.

അവസാന താളും മറിഞ്ഞപ്പോള്‍ , എന്‍റെ മുന്നില്‍ ആകെ നിഗൂഡതയായി അവശേഷിക്കുന്നത്  സുധാകരന്‍/ഇരുട്ടിന്‍റെ അനുഭവങ്ങളും അവന്‍റെ തിരോധാനം ഒളിപ്പിച്ചുവെച്ചിരിക്കാവുന്ന (അ)സംഖ്യം ആശയങ്ങളുമാണ്‌.

അതൊരിക്കല്‍ കഥാകാരനോട് നേരിട്ട് ചോദിച്ച് സംശയം തീര്‍ക്കാം എന്ന്  ആലോചിക്കുന്നു.

മംഗളം . ശുഭം.







7 comments:

  1. 'കുട്ടീ' ഭിക്ഷാംദേഹി പറഞ്ഞു 'മരണവും ജീവിതവും രണ്ടല്ല. ഒന്ന് തന്നെ. മരണത്തോടുള്ള മൽ പിടിത്തം അതിനാല്‍ ജീവിതത്തോടുള്ളത് തന്നെയായ് വരും"

    വെറുതെയല്ല ഞാന്‍ ഭാഷയില്‍ ഖസാക്കിനോളം എന്ന് പറഞ്ഞത്..അത്യുക്തിയും അല്ല.... ഇത് നോക്കൂ..

    "കാട് അവളുടെ വാക്കുകള്‍ ഏറ്റെടുത്തു. സഹസ്ര ഹസ്തങ്ങള്‍ ഉയര്‍ത്തി മാനത്തേക്ക് വെമ്പി നിന്ന ദീര്‍ഘശാഖികള്‍ അവ കേട്ടു. വെളിച്ചം നിലം തൊടാത്ത ഇടങ്ങളിലെ വനച്ചൂരിലാകെ അത് പടര്‍ന്നു. വനത്തിലാണ് ഞങ്ങള്‍ ഇപ്പോള്‍. ഘോര വനത്തിലാണ്. ഓരോ മിടിപ്പും ഞങ്ങളെ ഒരവധാനതയെകുറിച്ചു ഓര്‍മിപ്പിച്ചു കൊണ്ടിരുന്നു" http://anwarikal.blogspot.in/2014/03/blog-post_4.html

    ReplyDelete
  2. ഈ കഴിഞ്ഞ ഒന്നര ദശകത്തിൽ മലയാളം കണ്ട എറ്റം മികച്ച നോവലിസ്റ്റ്‌ ആണു വി.ജെ.ജെ
    നമ്മുടെ സ്ഥിരം ചുറ്റുപാടുകളിൽ നിന്നും വേറിട്ട്‌ പുതുമയുള്ള വിഷയങ്ങൾ മനോഹരമായി അവതരിപ്പിക്കാൻ അദ്ധേഹം ബധശ്രദ്ധനാണു.
    എന്തോ നമ്മുടെ നിരൂപക ശ്രേഷ്ടർക്ക്‌ ഇതുവരെ പിടികിട്ടാത്ത എന്തെങ്കിലുമുണ്ടോ എന്ന സംശയം ബാക്കി. അല്ലെങ്കിൽ എത്രയോ തവണ അവാർഡുകൾ കിട്ടാനുള്ള കോപ്പൊക്കെ അദ്ധേഹം എപ്പൊഴേ എഴുതി വെച്ചുകഴിഞ്ഞിരിക്കുന്നു.

    ReplyDelete
  3. പുസ്തകം വായിക്കാന്‍ വച്ചേക്കുന്നതിനാല്‍ ഞാന്‍ ഈ പോസ്റ്റ് വായിച്ചില്ല കേട്ടോ. ജെയിംസിന്റെ “നിരീശ്വരന്‍“ മാത്രേ വായിച്ചിട്ടുള്ളു.

    ReplyDelete
  4. ഞാന്‍ അഭിപ്രായം എഴുതിയതായിരുന്നുവല്ലോ!കാണുന്നില്ല.
    വായനയില്‍ സന്തോഷം.ഇനി 'നിരീശ്വരനി'ലേക്ക് എത്തുക.
    ആശംസകള്‍

    ReplyDelete
  5. വി.ജെ.ജെയിംസിന്‍റെ "ദത്താപഹാരം" മാത്രേ വായിച്ചിട്ടുള്ളൂ. വളരെയേറെ ഇഷ്ടപ്പെട്ടു. വിഷയവും അതുപോലെ തന്നെ അവതരണ രീതിയും... മറ്റു പുസ്തകങ്ങളും വായിക്കണം..:)

    ReplyDelete
  6. ഇനി വായിക്കണം ... ആശംസകൾ സുഹൃത്തേ .

    ReplyDelete