Saturday, 25 April 2015

ഡിവൈന്‍ നഗറിലേക്ക് ഒരു ഫുള്‍ ടിക്കറ്റ്സ് സ്റ്റാന്റില്‍ കാത്തുനില്‍ക്കാന്‍ തുടങ്ങിയിട്ട് കുറേ നേരമായി.
കാല്‍ കഴച്ചപ്പോള്‍ ചുറ്റും നോക്കി . ഒന്നിരിക്കാമെന്ന് വെച്ചാല്‍ , ആകെയുള്ള കുറച്ചു പ്ലാസ്റ്റിക് കസേരകളുള്ളതില്‍  മുന്‍പേ വന്നവര്‍ ഇരുപ്പുറപ്പിച്ചിരിക്കുന്നു .

ആരെങ്കിലും എഴുന്നേല്‍ക്കുന്നുണ്ടോ എന്ന് ഇടയ്ക്കിടയ്ക്ക് കാക്കക്കണ്ണിട്ട് നോക്കി.

ഇടയ്ക്കൊരാള്‍ എഴുന്നേറ്റുപോകുന്നത് കണ്ട്  ഓടിച്ചെന്നിരിക്കാന്‍ ആഞ്ഞപ്പോഴേക്കും കസേരയുടെ അടുത്തുതന്നെ നില്‍ക്കുന്നുണ്ടായിരുന്ന ഒരാള്‍ ആ സീറ്റ് തട്ടിയെടുക്കുന്നത്  എന്നെ ഇളിഭ്യനാക്കി.
ആകാശം ചെറുതായി ഇരുണ്ടു തുടങ്ങിയിരിക്കുന്നു.

സ്റ്റാന്റിന്റെ ഒരു മൂലയിലായി , ക്ഷീണിച്ച ശബ്ദത്തില്‍ ശരണംവിളികളുമായി കറുത്ത മുണ്ടുടുത്തവര്‍..
സീസണ്‍ തുടങ്ങിയല്ലോ എന്ന് ഞാനോര്‍ത്തു.

"....മലയിലേക്കുള്ള വണ്ടി സ്റാന്റിന്റെ ഇടതുവശത്ത്  പാര്‍ക്ക് ചെയ്തിരിക്കുന്നു. യാത്രക്കാര്‍ ദയവായി ശ്രദ്ധിക്കുക ... മലയിലേക്കുള്ള വണ്ടി... സ്റ്റാന്റിന്റെ ...
ഉച്ചഭാഷിണിയിലൂടെ അശരീരി മുഴങ്ങി.


സമയം ഇഴയുകയായിരുന്നു.
പലജാതിയില്‍ പെട്ട കൊതുകുകള്‍  മൂളക്കത്തോടെ ചുറ്റിലും പറക്കുന്നതിനിടെ , അരോചകമായ ശബ്ദത്തില്‍ വീണ്ടും .."കൊല്ലം , കരുനാഗപ്പള്ളി , ചെങ്ങന്നൂര്‍ , ചേര്‍ത്തല വഴി മലയാറ്റൂര്‍ വരെ പോകുന്ന സൂപ്പര്‍ഫാസ്റ്റ്  അല്പസമയത്തിനുള്ളില്‍ സ്റ്റാന്‍ഡില്‍ നിന്ന്  ഉടന്‍ പുറപ്പെടും ... യാത്രക്കാര്‍ ദയവായി.."

ഞാന്‍ അക്ഷമനായി.
എന്‍റെ നമ്പര്‍ എപ്പോള്‍ വരും ?

തിരക്കൊഴിഞ്ഞപ്പോള്‍ ഇന്‍ഫോര്‍മേഷന്‍ കൌണ്ടറില്‍ പോയി ചോദിച്ചു.

" മാഷേ  , തൃശ്ശൂര് ബസ് എപ്പളാ വര്വാ  ? "

"ങ്ങക്ക് എട്യാ പോണ്ടേ ?"   ചെറുപ്പക്കാരനായിരുന്നു , അഴികള്‍ക്കപ്പുറത്ത് .

"ഡിവൈന്‍ നഗറ്"

"ആങ്ങ്‌ ... എല്ലെസ്*  ഒരെണ്ണം ദിപ്പോ പോയേള്ളൂ ..  ഇനിപ്പോ കൊറച്ച് കഴീം .. ന്നാലും ഡേറക്റ്റ്  വണ്ടി കിട്ടാന്‍ പാടാണ്... ആ റൂട്ടിലിന്ന്  സര്‍വീസ് കൊറവാ "

"ങേ? അതെന്താ ?"  ഞാന്‍ ആശങ്കപ്പെട്ടു .

" സമരാന്ന് .  യൂണിയന്‍റെ ."

"എന്തിന്നുള്ളതാണാവോ  ? " ഞാന്‍ നിരാശനായി.

" ഞങ്ങക്കും ജീവിക്കണ്ടേ ഭായ് ? ങ്ങളെന്തായാലും വെയിറ്റ് യ്യിന്‍ "  അയാള്‍ കണ്ണിറുക്കി ഒന്ന് ചിരിച്ചുകൊണ്ട്  ,വരിയില്‍  എന്‍റെ പിന്നില്‍ നിന്നിരുന്ന മദ്ധ്യവയസ്കന്‍റെ ടിക്കറ്റിനായി കൈനീട്ടി.

ഞാന്‍ മെല്ലെ സ്റ്റാന്റിന്റെ ആളൊഴിഞ്ഞ ഒരു മൂലയിലേക്ക് പോയി കോണ്ക്രീറ്റ് ചെയ്ത തറയിലിരുന്നു . സഞ്ചിയിലെ  പഴയ പുസ്തകമെടുത്ത് വെറുതേ താളുകള്‍ മറിച്ചു നോക്കി.

മൈക്കിലൂടെയുള്ള അറിയിപ്പ് ശബ്ദം നേര്‍ത്തിരിക്കുന്നു.സമാധാനമായി.
"യാത്രക്കാരുടെ ശ്രദ്ധയ്ക്ക് .... എയര്‍ പോര്‍ട്ടിലേക്കുള്ള ബസ്  ഒരു മണിക്കൂര്‍ വൈകുന്നതാണ് "

 സ്വര്‍ഗരാജ്യത്തിലേക്കോ നരകത്തിലേക്കോ എന്ന് തീര്‍ച്ചയാവാതെ ജീവിതം എന്ന ബസ് സ്റ്റാന്‍ഡില്‍ കാത്തുനില്‍ക്കുന്ന നിസ്സഹായരാണ്  ഞാനടക്കം എല്ലാവരും എന്ന ത്രെഡ് ല്‍ ഒരു കഥ എഴുതാമല്ലോ എന്ന ആശ്വാസത്തിന്‍റെയോ സന്തോഷത്തിന്റെയോ ആയ ഒരു ചിരിയോടെ ഞാന്‍ പുസ്തകത്തിലെ വരികളിലേക്ക് കണ്ണു നട്ടു.

"ഡ്രൈവര്‍ വണ്ടിയുടെ ചക്രം മാറ്റുമ്പോള്‍ ,
ഞാന്‍ വഴിവക്കിലിരുന്നു.
എനിക്കിഷ്ടമുള്ളോരിടം വിട്ടുപോരുകയല്ല  ഞാന്‍ 
എനിക്കിഷ്ടമുള്ളോരിടത്തേക്ക് പോകുകയുമല്ല ഞാന്‍ 
പിന്നെന്തിനാണ് ഞാന്‍ ക്ഷമകേട്‌ കാണിക്കുന്നത് ,
ഡ്രൈവര്‍ വണ്ടിയുടെ ചക്രം മാറ്റുമ്പോള്‍ ."
- ബെര്‍റ്റോള്‍ട്   ബ്രെഹ്റ്റ് .

---------------------------------------------------------------------------------------------------------------------17 comments:

 1. ബസ് സ്റ്റാന്‍ഡില്‍ വായനക്കാരനെ നിര്‍ത്തിയിട്ട് എഴുത്തുകാരന്‍ മുങ്ങിയല്ലോ

  ReplyDelete
  Replies
  1. ;) ഇനിയുള്ള വഴി വായനക്കാരന്‍ തന്നെ കണ്ടുപിടിക്കണം , അജിത്തേട്ടാ ;) ഹിഹി

   Delete
  2. അജിത്തേട്ടന്‍ പറഞ്ഞ മാതിരി.. ധിത് ശെര്യായില്ല. നടു റോട്ടില് എഴുത്തുകാരനേം വായനക്കാരനേം ഇട്ടിട്ട് പോയീട്ടാ.

   Delete
 2. "ബ്ലോഗര്‍ കഥ യുടെ പോസ്റ്റ്‌ ഇട്ടപ്പോള്‍ ,
  വായനക്കാരൻ വായിക്കാനിരുന്നു.
  കഥാന്ത്യം തേടി..,കഥാന്ത്യം തേടി..,
  വായനക്കാരൻ അലഞ്ഞു
  ബ്ലോഗര്‍ കഥ ഉപേക്ഷിച്ചു പോയി ."
  ( ഈ കഥ ഭ്രാന്തൻ കാണണ്ട!)
  - ഉട്ടോസ് ബഹുത്ത് .

  ReplyDelete
  Replies
  1. അപൂര്‍ണ്ണത മനപ്പൂര്‍വമാണ്‌. "മുന്നറിയിപ്പ്" ന്‍റെ തിരക്കഥ പോലെ , അന്‍വര്‍ ഇക്കാ :)

   Delete
 3. ചിലത് ഇത്രയൊക്കെയേയുള്ളൂ

  ReplyDelete
 4. അപൂർണത എനിക്കങ്ങ് ഇഷ്ടപ്പെട്ടു.
  എങ്ങാനും കഥാകൃത്ത് ബസ് കേറിപ്പോയിരുന്നേൽ ഒന്നും ചിന്തിക്കാനില്ലാതെ ഞാൻ കിടന്നുറങ്ങിയേനെ.
  ഇപ്പൊ സാധ്യതകൾ അനവധി.

  ReplyDelete
  Replies
  1. ;) കുസുമേ കുസുമോല്പത്തി.

   Delete
 5. അപ്പൊ എന്താ തീരുമാനം തുടരുന്നോ ??

  ReplyDelete
 6. Hmmm.. Interesting . but I think u can do better :D തിടുക്കപ്പെട്ടു നിനിര്‍ത്തിയോന്നൊരു സംശയം ....

  ReplyDelete
 7. Best!appo vaayichavan aaraayi?? :)

  ReplyDelete
 8. വായിക്കാൻ താല്പര്യം തോന്നുകയും അതേ സമയം ആശയം പിടി തരാതെ നിൽക്കുകയും ചെയ്യുമ്പോൾ വീണ്ടും വീണ്ടും വായിക്കുന്ന ശീലം ഉണ്ട്. വായിക്കാനുള്ള താല്പര്യം ഉണ്ടാക്കുന്നതിൽ എഴുത്തുകാരനോടുള്ള താല്പര്യവും സ്വാധീനിക്കുന്നുണ്ടാവണം. ഈ കഥ തന്നെ ഒ വി വിജയനോ മേതിലോ ഒക്കെയെഴുതുമ്പോൾ, കഥയെ ആ രീതിയിൽ പരിഗണിക്കുന്നവരുടെ എണ്ണം കൂടുമായിരുന്നു എന്ന് കരുതുന്നു. ഗുരുവിന്റെ ചലനങ്ങളിൽ നിന്ന് അദ്ദേഹത്തിന്റെ മനോഗതം വായിച്ചെടുക്കുന്ന ശിഷ്യന്റെ ആത്മഹർഷം അത്തരം വായനക്കാർ അനുഭവിക്കുന്നുണ്ടാവണം. ശിഷ്യന്റെ പ്രതികരണത്തിൽ നിന്ന്, താൻ വായിച്ചെടുക്കപ്പെട്ടു എന്ന ആത്മഹർഷം ഗുരുവും അനുഭവിക്കുന്നുണ്ടാവണം. ( കുറച്ചു പേരേയുള്ളെങ്കിലും, തനിക്കു തന്നെ വായിച്ചെടുക്കുന്ന വായനക്കാർ മതി എന്ന് മേതിൽ പറഞ്ഞതോർക്കുന്നു.) പക്ഷേ അതിനു പുറത്തുള്ളവർക്ക് അതൊരു അർത്ഥശൂന്യമായ പരിപാടിയായി തോന്നാം. 'ഇയാൾക്ക് വാ തുറന്ന് പറയാനുള്ളത് പറഞ്ഞാലെന്താ' എന്നാവും അവരുടെ ചിന്ത. എങ്ങനെ സംവദിക്കണം എന്ന് ഗുരു തന്നെ തീരുമാനിക്കട്ടെ.

  എന്റെ വായനയിൽ, ജീവിതത്തിൽ പല വിധ എതിർപ്പുകളും നേരിടുന്നുണ്ടെങ്കിലും എല്ലാവരും അവനവന്റെ ഇഷ്ടം തന്നെ തുടരുന്നു എന്ന് പറയാനാണ് എഴുത്തുകാരൻ ശ്രമിച്ചിട്ടുള്ളതായി തോന്നുന്നത്. ( ബ്രെഹ്ത്തിനെ ഉദ്ധരിച്ചിരിക്കുന്നതും ഇത് സൂചിപ്പിക്കാനാണ് ) അദ്ധ്യാത്മികതയിലേക്കായാലും ( ഡിവൈൻ നഗർ ) ഭൗതികസുഖങ്ങളിലേക്കായാലും ( എയർ പോർട്ട് ) യാത്ര ചെയ്യുന്നവർക്ക് തടസ്സങ്ങളോ ( യൂണിയൻ സമരം ) കാത്തിരിപ്പുകളോ ( എയർ പോർട്ടിലേക്കുള്ള ബസ്സ് ലേറ്റ് ) ഉണ്ടാവുന്നുണ്ട്. അത് തിരിച്ചറിയുമ്പോൾ ജീവിതത്തോടും സഹജീവികളോടും ഒരു പുഞ്ചിരി മാത്രം ബാക്കിയാവും.

  കഥയിങ്ങനെയൊക്കെ വായിച്ചെടുത്തെങ്കിലും, മനസ്സിൽ തങ്ങി നിൽക്കുന്നില്ല എന്നുകൂടി പറയട്ടെ. ജീവിതത്തെ കുറച്ചു കൂടി വൈകാരികമായി കാണുന്നതുകൊണ്ടാവാം അത്.

  ReplyDelete
 9. അങ്ങിനെയാണ്.... ഞാനും വായിച്ചിട്ട് പോണൂ..

  ReplyDelete
 10. നീ കഥയെഴുത്ത് നിർത്തരുത് ഉട്ടോ...

  ReplyDelete
 11. ബെര്‍ടോള്‍ഡ് ബ്രെഹെറ്റ് ആരായിരുന്നെന്ന് ഇതുവരെ അറിയില്ലായിരുന്നു. ഇന്ന് കണ്ടുപിടിച്ചു.
  പുഴയിലെ പൊങ്ങു തടിപോലെ ജീവിതം അങ്ങനെ ഒഴുകട്ടെ അല്ലേ...

  ReplyDelete
 12. ആരൊക്കെ സമരം ചെയ്താലും, എങ്ങും നിര്‍ത്താതെ എന്നാല്‍ എല്ലാരേയും കയറ്റിപ്പായുന്ന ഒരു വണ്ടിയുണ്ട്.. :)

  പുതിയ കഥകള്‍ വരട്ടെ..

  ReplyDelete