Saturday 16 May 2015

സ്വപ്നങ്ങള്‍ക്ക് ചിറക് മുളയ്ക്കുമ്പോള്‍

ഉട്ടോപ്പ്യന്‍ ഡയറിക്കുറിപ്പുകള്‍
16- മേയ് - 2015

അങ്ങനെ ഇന്ന് വൈകുന്നേരം ജീവിതത്തിന്‍റെ ഭാഗധേയം നിര്‍ണ്ണയിക്കുന്ന വലിയൊരു പടി കൂടി കയറിയിരിക്കുന്നു.

കേരള ഫിനാന്‍ഷ്യല്‍ കോര്‍പറേഷന്‍ ,കുളക്കാട്  സ്ഥിതി ചെയ്യുന്ന  ഗ്രാമീണസ്വയംതൊഴില്‍പരിശീലനകേന്ദ്ര (വെള്ളിനേഴി പഞ്ചായത്ത് , പാലക്കാട് )ത്തില്‍ നടത്തുന്ന പതിമൂന്ന് ദിവസം നീണ്ടുനിന്ന അടയിരുപ്പ് /സംരഭകത്വവികസനപരിപാടി മേയ് - നാലിന് തുടങ്ങിയതായിരുന്നു.

പാലക്കാടിന്‍റെ പല പല ഭാഗങ്ങളില്‍ നിന്ന്   നവീനമായ ആശയങ്ങളുമായി , ആത്മവിശ്വാസത്തോടെ വന്നു ചേര്‍ന്ന നാല്പതോളം യുവസംരംഭകര്‍ ഇനി പറക്കാന്‍ ശ്രമിച്ചുതുടങ്ങും..ചുറ്റുപാടുകളെക്കുറിച്ചും പ്രകൃതിയുടെ നിയമങ്ങളെയും ചന്തയുടെ വിലനിലവാരങ്ങളെയും തന്ത്ര-കുതന്ത്രങ്ങളെയും പറ്റി  നന്നായറിഞ്ഞുകൊണ്ട് തന്നെ .

ആയുര്‍വേദ / ഹോമിയോപ്പതി / ദന്ത  വൈദ്യന്മാര്‍ , സോഫ്റ്റ്‌വെയര്‍ /ഓട്ടോമൊബൈല്‍ /മെക്കാനിക്കല്‍ എന്‍ജിനീയര്‍മാര്‍ , ബിരുദ,ബിരുദാനന്തരബിരുദധാരികള്‍ സംരഭത്തിനായി ജോലി തന്നെ ഉപേക്ഷിച്ചവര്‍ - ഇങ്ങനെ തൊഴിലിടങ്ങളുടെ സമസ്തമേഖലയില്‍നിന്നും വന്നുചേര്‍ന്ന ഒരുപാട് പേര്‍ ചുരുങ്ങിയ സമയം കൊണ്ട് അടുത്ത സുഹൃത്തുക്കളായത് ജീവിതത്തിലെ തന്നെ മനോഹരമായ സൗഹൃദക്കാഴ്ചയായി നിലനില്‍ക്കും .

അറിയാന്‍ പറ്റിയില്ലായിരുന്നെങ്കില്‍ വലിയൊരു നഷ്ടമായേക്കുമായിരുന്ന അമൂല്യ അവസരത്തിനെപറ്റി വിവരം തന്ന Dr. Shibu Sreedhar​ സര്‍ മുതല്‍ കെ എഫ് സി എന്ന മാതൃകാസര്‍ക്കാര്‍സ്ഥാപനത്തിലെ ആത്മാര്‍ത്ഥതയും കര്‍ത്തവ്യബോധവുമുള്ള ഉദ്യോഗസ്ഥര്‍ , ഗ്രാമീണസ്വയം തൊഴില്‍പരിശീലനകേന്ദ്രത്തിലെ ഉദ്യോഗസ്ഥര്‍ എന്നിവരെയൊക്കെ ഈ നിമിഷത്തില്‍ കൃതജ്ഞതയോടെയല്ലാതെ ഓര്‍ക്കുക വയ്യ.

ആകസ്മികതകളുടെ ഘോഷയാത്രയായി ഈ ജീവിതാനുഭവങ്ങള്‍ എന്നെയും ത്രസിപ്പിക്കുന്നു.
ഫേസ്ബുക്കില്‍ മാത്രം കണ്ടു പരിചയമുള്ള എന്നാല്‍  ഏറെ ഇഷ്ടമുള്ള  ഒരാളെയും  - ഉണ്ണ്യേട്ടനെയും  ( Unni Anagamin​ )  എന്‍റെ കോളേജില്‍  തന്നെ 7 കൊല്ലം സീനിയറായി പഠിച്ച ജൂബിചേച്ചിയെയും   അപ്രതീക്ഷിതമായി  പരിശീലനക്ലാസില്‍ കണ്ടുമുട്ടി.

ഇനി കടലാസുപണികളുടെ ദിനം ...
അതു കഴിഞ്ഞാല്‍ പറത്തം* തുടങ്ങുകയായി.


*ആകാശത്തിലൂടെയുള്ള നടത്തമാണ് പറത്തം




3 comments:

  1. പറന്നുയരാന്‍ കഴിയുമാറാകട്ടെ!
    ആശംസകള്‍

    ReplyDelete
  2. ആശംസകള്‍. ആള്‍ ദ ബെസ്റ്റ്

    ReplyDelete
  3. എന്ത് ചെയ്യാന്‍ പോകുന്നു ? എന്താണ് താങ്കളുടെ പ്രോജക്റ്റ്‌ ?

    ReplyDelete