Thursday 7 January 2016

പാലക്കാടില്‍ നിന്ന് നടന്ന് ശബരിമലയിലേക്ക് :ആറാം ദിനം


7/1/2014

രാത്രി 9 മണിയോടെ പാലാ കടപ്പാട്ടൂർ അമ്പലത്തിൽ എത്തി.
ഇന്ന് രാവിലെ വെള്ളൂർക്കുന്നു മഹാദേവക്ഷേത്രം വിട്ടിറങ്ങിയ നടത്തം 26.3 കിലോമീറ്റർ പിന്നിട്ട്‌ രാമപുരം എത്തിയപ്പോഴാണ് നിർത്തിയത്‌ . എത്തിയപ്പോഴേക്കും ഉച്ചയ്ക്ക് 2 മണിയായി.

യാത്ര തുടങ്ങി കുറച് ദൂരം കഴിഞ്ഞപ്പോഴേക്കും ഞങ്ങൾ ഗുരുസ്വാമിക്കും മറ്റു രണ്ടു മുതിർന്ന സ്വാമിമാർക്കും മാത്രമറിയുന്ന ഒരു ഷോർട്ട് കട്ട് റോഡിലേക്ക് കയറിയിരുന്നു . ഇനി ഏറ്റവും മുന്നില് നടക്കുക എന്നത് സാധ്യമല്ല . അതുകൊണ്ട് എല്ലാവരും ഗുരുസ്വാമിയുടെ പിൻഗാമികളായി .

ബസ് ഗതാഗതം ഒന്നുമില്ലാത്ത ഒരു പ്രദേശമായിരുന്നു . വല്ലപ്പോഴും ഒരു ജീപ്പോ കാറോ മോട്ടോർ ബൈക്കോ അങ്ങോട്ടോ ഇങ്ങോട്ടോ പോയാലായി . ജനവാസവും താരതമ്യേന കുറവായിരുന്നു . ഒറ്റപെട്ടു എന്ന് തോന്നുമ്പോഴോ അല്ലെങ്കിൽ നടത്തത്തിന്റെ വേഗം കുറഞ്ഞു എന്ന് തോന്നുമ്പോഴോ സംഘത്തിലെ ആരെങ്കിലും പതുക്കെ ഒരറ്റത്ത് നിന്ന് ശരണം വിളികൾ നമ്മളിൽ പലർക്കും സുപരിചിതമായ ആ പ്രത്യേക ടോണിൽ തുടങ്ങുകയായി

സ്വാമിയേ.. അയ്യപ്പോ
അയ്യപ്പോ.. സ്വാമിയേ

സ്വാമിയപ്പാ.. അയ്യപ്പാ
ശരണമപ്പാ.. അയ്യപ്പാ

പമ്പാവാസാ.. അയ്യപ്പാ
ഹരിഹരസുതനേ അയ്യപ്പാ

എഴാകളാണേ അയ്യപ്പാ
പാപികളാണേ അയ്യപ്പാ

ദർശനം തരണേ അയ്യപ്പാ
പാപം പോക്കണേ അയ്യപ്പാ

സ്വാമിയേ ...യേ യേ യേ ( എക്കോ )
ശരണമയ്യപ്പാ!!

അതിന്റെയിടയിൽ അതുവരെ കേൾക്കാത്ത ഒരെണ്ണം ...
ഭഗവാനേ .. ഭഗവതിയേ ..
ഈശ്വരനേ.. ഈശ്വരിയേ..
ഗണപതിയേ.. സരസ്വതിയേ..
( രൈമിങ്ങ് ആയതു കൊണ്ടാവും ഈ കോമ്പിനേഷൻ wink emoticon )

എന്തായാലും ഇങ്ങനെ മുദ്രാവാക്യം വിളി പോലെ ശരണം വിളിച്ചു നടക്കുമ്പോൾ ക്ഷീണം കുറച്ചൊക്കെ നമ്മൾ മറന്നുപോകും . ചിലപ്പോൾ അതുതന്നെയാകാം ഇതിന്റെ പിന്നിലെ സൈക്കൊലോജിക്കൽ മൂവ് .
പക്ഷേ പഴയ ക്ലീഷേ ശരണം വിളി ഒന്നും കേട്ടില്ല എന്നത് എന്നെ ചെറുതായി ഒന്ന് നിരാശനാക്കി ..
മ്മടെ
" കല്ലും മുള്ളും കാല്ക്ക് മെത്തൈ ..
സ്വാമിയേ അയ്യപ്പോ "
ചെലപ്പോ അത് തമിള്‍നാട്ടു സ്വാമിമാരുടെ സ്വന്തമായിരിക്കാം .
പാട്ടൊക്കെ പാടി നടന്നത് കൊണ്ടാണോ അതോ രാമപുരം ഉദ്ധേശിച്ചതിനേക്കാൾ ദൂരത്തായതുകൊണ്ടോ എന്തോ യാത്രയിൽ ഇതുവരെ  അഭിമുഖീകരിക്കേണ്ടിവന്നിട്ടില്ലാത്ത ടെറർ ഞങ്ങൾക്ക്‌ മുന്നിലെത്തി ..
ദി  കോമ്പിനേഷൻ ഓഫ് സിന്ഗ്ൽ ഒമ്ലെറ്റ് ആൻഡ് ഡബിൾ ബുൾസൈ !!! 
ഐ മീൻ , നട്ടുച്ച വെയിൽ ആൻഡ്‌ ടാറിട്ട റോഡ്‌ .

മുൻപ് പറഞ്ഞതുപോലെ , കനലാട്ടം തന്നെയാണ് ചുട്ടു പൊള്ളിക്കിടക്കുന്ന ടാർ റോഡിലൂടെ ചെരിപ്പിടാതെ നടക്കുക എന്നുവെച്ചാൽ. കുറച്ചു ദൂരമൊന്നുമല്ല , കിലോമീറ്ററുകൾ !!
 നിൽകുക , വെയിലാറിയ ശേഷം നടക്കുക എന്നതൊന്നും ഒരു ഓപ്ഷനെ അല്ല . എത്രയും വേഗം നടന്നു രാമപുരം എത്തുക എന്നത് മാത്രമാണ് വഴി . ഇടിവെട്ടേറ്റവനെ പാമ്പ് കടിച്ചതുപോലെ എന്റെ ആങ്കിൾ ക്യാപ് ഒക്കെ അത്രയും ദൂരത്തെ വികലമായ നടത്തം കൊണ്ട് പിഞ്ഞിക്കീറി ഉപയോഗശൂന്യമായിരുന്നു

ഞാനപ്പോ "ആവശ്യമാണ്‌ സൃഷ്ടിയുടെ മാതാവ് . " എന്നൊക്കെ ധ്യാനിച്ച് എന്റെ കൈവശം ഉണ്ടായിരുന്ന ഒരു പഴയ കറുത്ത മുണ്ട് എടുത്തു ചെറുതായി നീളത്തിൽ കീറി കാൽപാദത്തിൽ കുറെ ചുറ്റു ചുറ്റി ഒരു "നാടൻ " ആങ്കിൾ ക്യാപ് ഒക്കെ ഉണ്ടാക്കി ധരിച്ചു നോക്കി. എന്നാൽ അതിനൊന്നും ദീഘയുസ്സുണ്ടായില്ല .

കാലൊക്കെ പൊള്ളി, ഓടിയും ചാടിയും ഒരുവിധം രാമപുരം എത്തിയപ്പോഴേക്കും രണ്ടുമണി കഴിഞ്ഞിരുന്നു . വൈകിയതുകൊണ്ട് അമ്പലത്തിലെ അന്നദാനം ഒക്കെ കഴിഞ്ഞിരുന്നു . അതുകൊണ്ട് പുറത്തൊരു ഹോട്ടലിൽ നിന്ന് ഊണ് കഴിക്കേണ്ടി വന്നു . രാമപുരം ക്ഷേത്രത്തിലെ ഇടിഞ്ഞുപൊളിഞ്ഞ കുളത്തിൽ കുളിച്ചു , അൽപനേരം വിശ്രമിച്ചു .നാലര കഴിഞ്ഞാണ് രാമപുരത്ത് നിന്നിറങ്ങിയത് .
ഇനി കടപാട്ടൂർ അമ്പലത്തിലേ ഹാൾട്ട് ഉള്ളൂ ..

ഏതാണ്ട് 12.6 കിലോമീറ്റർ ഉണ്ട് . സാധാരണ ഗതിയിൽ 9 മണി വരെയൊക്കെ നടക്കാറുള്ള സംഘമാണ് .. ഇന്നിപ്പോ പെട്ടെന്നെത്തും എന്നൊക്കെ കരുതിയെങ്കിലും , നടത്തത്തിന്റെ സ്പീഡ് ഗണ്യമായി കുറഞ്ഞത് കാരണം സമയം ഒരുപാട് കഴിഞ്ഞിട്ടും ലക്‌ഷ്യം അകന്നകന്ന് പോകുന്നതുപോലെ .. കാലു കുഴഞ്ഞ് തുടങ്ങിയിരിക്കുന്നു .

 സംഘാംഗങ്ങൾ രണ്ടും മൂന്നും പേരുള്ള ചെറിയ കൂട്ടങ്ങളായി റോടരികിലൂടെ പതുക്കെ നടക്കുകയാണ് . എന്റെ കൂടെ സുരേഷ് എന്ന് പേരുള്ള സ്വാമിയാണ് , നടക്കൽ കമ്പനിക്ക് . ഗുരുസ്വാമിയുടെ ഇളയ സഹോദരൻ കൂടിയാണ് കക്ഷി . പദയാത്രയുടെ ആദ്യ ദിവസങ്ങളിൽ , പുള്ളി ഒരു പരുക്കൻ സ്വഭാവക്കാരനാണെന്നായിരുന്നു അനുഭവം . എന്നാൽ തമ്മിൽ സംസാരിച്ച് കുറേ ദൂരം നടന്നപ്പോൾ , ഒരു പച്ച മനുഷ്യൻ മാത്രമാണെന്ന് മനസ്സിലായി . ഞങ്ങൾ നല്ല കമ്പനിയായി , സ്വന്തം ജീവിതാനുഭവങ്ങൾ ഒക്കെ പങ്കുവെച്ചങ്ങനെ പതുക്കെ നടന്നു . മുൻപിൽ നടന്നുപോയവരെയോ പിറകിൽ വരുന്നവരുടെയോ പൊടിപോലുമില്ല .

അങ്ങനെ കടപ്പാട്ടൂർ എത്തിയ ശേഷം , കുളിച് ഉറങ്ങാൻ നോക്കുമ്പോഴാണ് കാരാട് സ്വാമി എന്ന് വിളിക്കുന്ന സ്വാമി ഒരു കൈനോട്ടക്കാരി അമ്മയുടെ കാര്യം പറയുന്നത് കേട്ടത് . ഗുരുസ്വാമി , യാത്രയ്ക്കിടയിൽ ഇമ്മാതിരി പരിപാടികൾ ഒക്കെ വിലക്കിയിട്ടുണ്ടെങ്കിലും , ഞാൻ ഒരു ജിജ്ഞാസയുടെ പുറത്ത് പുള്ളിടെ ഒപ്പം പോയി . എനിക്കീ ഭാവി പറയൽ ടീംസ് നോടൊക്കെ യുക്തി അധിഷ്ഠിതമായ ഒരു പുശ്ചം ഉണ്ടായിരുന്നു . അതുവരെയുള്ള ജീവിതത്തിൽ ഒരുപാട് "റോങ്ങ് നമ്പറുകളെ " കണ്ടിട്ടുമുണ്ടായിരുന്നു . മാത്രമല്ല അവരെ കാണുമ്പോൾ തന്നെ ചുള്ളിക്കാട് മാഷിന്റെ " ശനി " എന്ന കവിത ഓർമ വരും
"വാതില്‍ തുറന്നപ്പോള്‍ കാക്കാലത്തി .
കയ്യിലെ കൂട്ടിൽ കണ്ണില്ലാ തത്ത.
കഴിഞ്ഞ കാലം പറയാമെന്നു കാക്കലത്തി "
"കഴിഞ്ഞതൊന്നും ഓര്മിപ്പിക്കരുതെന്നു ഞാൻ .
"കഷ്ടകാലമാണെന്ന് കാക്കലത്തി "
"സഹിച്ചോളാമെന്ന് ഞാൻ " 

 സാധാരണ കൈനോട്ടക്കാരൊക്കെ ആദ്യമേ ഫീസ് വാങ്ങിയിട്ടേ ഫലം പറയൂ .. ഞാനാദ്യം കാരാട് സ്വാമിയുടെ ഫലം പറയുന്നത് ശരിയാണോ എന്ന് ടെസ്റ്റ്‌ ചെയ്ത ശേഷം , എന്റെ കൈ നോക്കാമോ എന്ന് ചോദിച്ചു , ഒപ്പം ഫീ എത്രയാണെന്നും . അപ്പൊ മൂപ്പത്ത്യാർ പറയുവാ ആദ്യം പറയുന്നത് ശരിയാണോ എന്ന് നോക്കൂ എന്നിട്ട് വിശ്വാസമായാൽ മാത്രം ഇഷ്ടമുള്ളത് തന്നാൽ മതി എന്ന് . തന്നില്ലേലും കുഴപ്പമില്ല എന്നും.
തന്റെ കഴിവിലുള്ള അപാരമായ കൊണ്ഫിടൻസ്‌ ആണോ അതോ ബിസിനസ് ട്രിക്ക് ആണോ എന്തോ ഞാൻ കൈകൊടുത്തു .

അടുത്ത അഞ്ചു മിനിട്ടിനുള്ളിൽ അവർ എന്റെ ജീവചരിത്രം മുഴുവൻ ഇങ്ങോട്ട് പറഞ്ഞു കേൾപിച്ചു . എന്റെ ഉള്ളിന്റെ ഉള്ളിലെ രഹസ്യങ്ങളടക്കം. ഭൂതകാലം ആയതുകൊണ്ട് നമുക്ക് ക്രോസ് റെഫറന്സ് ചെയ്ത് വിശ്വാസ്യത ചെക്ക് ചെയ്യാം എന്നതായിരുന്നു ഹൈലൈറ്റ് . ഭാവി പറയുമ്പോഴുള്ള "അനിശിതത്വത്തിന്റെ ആനുകൂല്യം" അവർക്ക്‌ ലഭിക്കുന്നില്ലല്ലോ .
പുശ്ചത്തോടെ അവരുടെ കള്ളി പൊളിക്കാമെന്നു പറഞ്ഞുപോയ ഞാൻ മനസ്സ് നിറഞ്ഞു കയ്യിലുള്ള നൂറു രൂപയും ദക്ഷിണ കൊടുത്താണ് തിരിച്ചുപോയി , കിടന്നുറങ്ങിയത് .

അനന്തമജ്ഞാതമവർണ്ണനീയം.


തുടര്‍ന്ന്‍ വായിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക >> പാലക്കാടില്‍ നിന്ന് നടന്ന് ശബരിമലയിലേക്ക് : ഏഴാം ദിനം

1 comment: