Thursday 21 March 2024

പല്ലിന് പുല്ല് വിലയല്ല!!

മാർച്ച്‌ 20 വേൾഡ് ഓറൽ ഹെൽത്ത്‌ ഡേ ചിന്തകൾ.


മനുഷ്യശരീരത്തിൽ വളരെയേറെ പ്രാധാന്യമർഹിക്കുന്ന ഒരു അവയവവ്യവസ്ഥ ആയിട്ടും, പല്ലുകളും മോണയും നാവും അതിനുചുറ്റുമുള്ള കവിളിലെ പേശികളും രണ്ട് താടിയെല്ലുകളുമെല്ലാം ഉൾപെടുന്ന StomatoGnathic system എന്ന ഓമനപ്പേരിൽ വിളിക്കുന്ന ഈ ശരീരഭാഗത്തിന്റെ ആരോഗ്യകാര്യത്തിൽ ഭൂരിപക്ഷം ജനങ്ങളും ഒരു തരം "ചിറ്റമ്മ നയം " കാണിക്കുന്നുണ്ടോ എന്ന് ദിനേന പലതരം വേദനകളുമായി ക്ലിനിക്കിൽ വരുന്ന പല വിധത്തിലുള്ള രോഗികളെ കാണുമ്പോൾ എനിക്ക് തോന്നാറുണ്ട്.

ഇതിനുള്ള ഏറ്റവും പ്രധാനമായ ഒരു കാരണം ദന്ത,മോണ, വദന രോഗങ്ങളെപറ്റിയുള്ള കൃത്യമായ അറിവില്ലായ്മ അഥവാ lack of awareness ആണ്.

വദനരോഗങ്ങളിൽ ഭൂരിപക്ഷവും (അതു ദന്തക്ഷയം,മോണരോഗം,ഓറൽ ക്യാൻസർ അങ്ങനെ ഏതുമായിക്കൊള്ളട്ടെ) രോഗികൾക്ക് തുടക്കത്തിൽ പ്രത്യേകിച്ച് യാതൊരു ലക്ഷണങ്ങളും കാണിക്കാത്തവ ആണെന്നത് കാര്യങ്ങൾ കൂടുതൽ വഷളാക്കുന്നു.

മാത്രമല്ല പല്ലുകൾക്ക് മാത്രമായ ചില സവിശേഷതകൾ ആളുകളുടെ മനോഭാവത്തെ പരോക്ഷമായെങ്കിലും സ്വാധീനിക്കുന്നുണ്ട് എന്നാണ് എന്റെ വിലയിരുത്തൽ.

(1) ഡിഫിയോഡോണ്ട് പല്ലുകൾ : ഒരു ജീവിക്ക് ഒരായുഷ്ക്കാലത്ത് തന്നെ 2 സെറ്റ് പല്ലുകൾ മുളച്ച് വരുന്നതിനെയാണ് ഇങ്ങനെ വിശേഷിപ്പിക്കുന്നത്. മനുഷ്യൻ അടക്കം ഒരുവിധം എല്ലാ സസ്തനികൾക്കും പാൽപ്പല്ലുകളും സ്ഥിരദന്തങ്ങളും ഉണ്ടാവും.

മനുഷ്യരുടെ കാര്യത്തിൽ, ജനിച്ച് ആറാം മാസം മുതൽ മുളയ്ക്കുന്ന പാൽപ്പല്ലുകൾ 6-7 മുതൽ 12 - 13 വയസ്സ് വരെയുള്ള പ്രായത്തിനിടയ്ക്ക് മുളയ്ക്കുന്ന പെർമനൻറ് പല്ലുകളാൽ replace ചെയ്യപ്പെടുന്നു.

സ്വാഭാവികമായും പാൽപ്പല്ലുകൾ പറിഞ്ഞു പോകുന്നത്, permanent പല്ലുകൾ പോയാലും വലിയ കുഴപ്പമില്ല എന്ന subconscious ചിന്തയിലേക്ക് വ്യക്തികളെ എത്തിക്കുന്നുണ്ടാവാം.

(2)
കൃഷി, സംസ്കാരം, വ്യവസായിക വിപ്ലവം എന്നിവയെല്ലാം കാലാന്തരത്തിൽ oral health നെ മോശമായി ബാധിക്കാനാണ് ഇടയാക്കിയത് എന്ന് തോന്നും. ഒപ്പം ആ രോഗങ്ങളെ ചികിത്സിക്കാൻ 
ഉള്ള കഴിവ് മനുഷ്യൻ ആർജ്ജിച്ചു എങ്കിൽ പോലും.

പല്ലിന്റെ ഇനാമൽ മനുഷ്യശരീരത്തിലെ ഏറ്റവും കട്ടിയുള്ള/ബലവത്തായ ഭാഗം ആണെങ്കിൽ കൂടിയും, പല്ലുകൾ മാത്രമാണ് ഒരു പരിക്ക് വന്നാൽ സ്വയം repair ചെയ്യാൻ കഴിയാത്ത ഏക ശരീരഭാഗവും എന്നത് ഒരു വിരോധാഭാസം തന്നെയാണ്.

എന്ന് വെച്ചാൽ, ശരീരത്തിൽ എവിടെ മുറിവുണ്ടായാലും അതു കാലക്രമേണ ഉണങ്ങി, മുറിവുണ്ടായതിന്റെ ഒരു പാട് മാത്രം അവശേഷിപ്പിച്ച് പൂർണ്ണമായും പഴയ സ്ഥിതിയിലേക്ക് മാറും.

പല്ലിലെ പോട് എന്നാൽ വായ്ക്കകത്ത് ഉണ്ടാവുന്ന, ഒരിക്കലും സ്വയം ഉണങ്ങാൻ അഥവാ ശരീരത്തിന്റെ രോഗപ്രതിരോധവ്യവസ്ഥയ്ക്ക് ഉണക്കാൻ കഴിയാത്ത ഒരു മുറിവാണ്.

അതുകൊണ്ട് തന്നെ പോട് അടയ്ക്കുക എന്നതല്ലാതെ ദന്തക്ഷയത്തിനെ ചികിത്സിക്കാൻ മറ്റൊരു വഴിയുമില്ല.

ഇത്തരുണത്തിൽ ഡെന്റൽ സർജറി പൂർണ്ണമായും ഒരു modern medicine branch of treatment of diseases affecting humans ആണെന്ന് കാണാം.

ബാക്കി എന്ത് അസുഖത്തിനും i.e, പനി മുതൽ ക്യാൻസർ വരെ - ആയുർവേദ, ഹോമിയോ, സിദ്ധ,യുനാനി,അക്യുപങ്ചർ, പ്രകൃതിചികിത്സ തുടങ്ങിയ alternative medicine systems ഉണ്ടാവാം.

എന്നാൽ പല്ല് വേദന എങ്ങാനും വന്നാൽ ഹെന്റെ സാറെ..
ആദ്യം ഉപ്പുവെള്ളം കൊണ്ട് വാ കഴുകൽ, മാവിന്റെ ഇല കടിക്കൽ ഒക്കെ കഴിഞ്ഞ് ഒന്ന് രണ്ട് ഏലക്കയോ ഗ്രാമ്പൂവോ വെച്ച് അഡ്ജസ്റ്റ് ചെയ്താലും നോ രക്ഷ! അവസാനം പല്ലെടുക്കൽ അല്ലെങ്കിൽ modern medicine അനുശാസിക്കുന്ന പ്രോപ്പർ ഡെന്റൽ ട്രീറ്റ്‌മെന്റ്. Nothing else works..

(3)പാവം മസിൽമാൻ ഇനാമൽ.

പോട് ഉണ്ടാവുന്നത് എങ്ങനെ എന്നറിഞ്ഞാൽ, പോട് വരാതെ തന്നെ നോക്കാനും വന്നാൽ തന്നെ ഉടനടി അടയ്ക്കാനും ഉള്ള ബോധം എല്ലാവർക്കും ഉണ്ടാവും എന്നാണ് എനിക്ക് തോന്നുന്നത്.

പല്ലിന്റെ വെളുവെളുത്ത ഇനാമൽ പൂർണ്ണമായും ഒരു അജൈവ (inorganic = only minerals and metal elements ) വസ്തുവാണ്. നമ്മുടെ ഗ്ലാസ്‌ /ചില്ലിനോടൊക്കെ ഉപമിക്കാവുന്ന അതേ structure.

Glass ൽ art work കണ്ടിട്ടുള്ള /ചെയ്തിട്ടുള്ളവർക്ക് അറിയാം ഗ്ലാസിൽ ആസിഡ് പതിപ്പിക്കുന്ന ഇടത്ത് എല്ലാം അതു മിനുസം എല്ലാം പോയി ഒരു മങ്ങിയ ലുക്ക് ആവും. ഇതിനെ Etching = എച്ചിങ് എന്ന് പറയുന്നു.യഥാർത്ഥത്തിൽ എച്ച് ചെയ്യുമ്പോൾ ഗ്ലാസ് ന്റെ ഏറ്റവും മുകളിലത്തെ നേർത്ത ഒരു കനം ഭാഗം ആസിഡിൽ ലയിച്ച് ഇല്ലാതാവുകയാണ് സംഭവിച്ചത്.

ഇതേ പരിപാടി ആണ് വായ്ക്കകത്ത് നടക്കുന്നത്.ഗ്ലാസ്സിന് പകരം ഇനാമൽ.ആസിഡ് ഉണ്ടാക്കുന്നത് നമ്മുടെ വായ്ക്കകത്ത് ഒരു സാമ്രാജ്യം തന്നെ തീർത്തിരിക്കുന്ന, ~700 species കളിൽ പെട്ട ഏതാണ്ട് 20 billion (= 2000 കോടി ) ബാക്റ്റീരിയക്കുഞ്ഞുങ്ങൾ!!!

To be frank, bacteria നമ്മുടെ പല്ലിൽ ദന്തക്ഷയം /മോണരോഗം ഉണ്ടാക്കിയേക്കാം എന്ന് വിചാരിച്ച് ചെയ്യുന്ന പണിയൊന്നുമല്ല.
ബാക്റ്റീരിയ ആകെ ചെയ്യുന്നത് തിന്നുക, മൂത്രമൊഴിക്കുക ,കൂടുതൽ കുഞ്ഞുങ്ങളെ/സ്വന്തം പതിപ്പുകളെ ഉണ്ടാക്കുക എന്ന നമ്മൾ ചെയ്യുന്ന അതേ ജൈവപ്രവർത്തിയുടെ minimal version മാത്രം.

ഇക്കണ്ട ബാക്റ്റീരിയകൾക്കൊക്കെ ഭക്ഷണം കൊണ്ടുപോയികൊടുക്കുന്നത് മനുഷ്യർ തന്നെയാണ്.കല്ല്യാണരാമനിൽ പോഞ്ഞിക്കര വെള്ളമടി ടീമിന്റെ മേശയ്ക്കടുത്ത് വേസ്റ്റ് ഗ്ലാസ്‌ വെക്കണ പോലെ അവരവിടെ കാത്തുനിൽക്കും..നിങ്ങളാണ് പല്ലിൽ ഒട്ടിപ്പിടിക്കുന്ന ഭക്ഷണം കഴിച്ചും പെപ്സിയും കോളയും കുടിച്ചും വേണ്ട പോലെ ബ്രഷ് ചെയ്യാതെയും ആ ഗ്ലാസിൽ അവക്ക് വേണ്ട buffet lunch ഉം dinner ഉം ഒക്കെ കൊടുക്കുന്നത്.

സ്‌ട്രെപ്റ്റോകോക്കസ് മ്യൂട്ടൻസ് എന്ന ഘടാഘടിയൻ പേരുള്ള ഒരു species ആണ് പല്ലിൽ പോടുണ്ടാക്കുന്ന ബാക്റ്റീരിയകളിൽ മുൻപന്തിയിൽ. തല്ക്കാലം എളുപ്പത്തിന് നമുക്ക് ഇവയെ "കോക്കാച്ചി" എന്ന് വിളിക്കാം. (പല്ല് തേക്കാൻ മടിക്കുന്ന പിള്ളേരെ പേടിപ്പിക്കാനും ഈ പേര് നല്ലതാണല്ലോ...)ആവോളം ഫുഡ് തട്ടിയ കോക്കാച്ചികൾ മൂത്രമൊഴിക്കുന്നു എന്ന് സങ്കൽപ്പിക്കുക.
except ഇവർ പുറത്ത് കളയുന്നത് വെള്ളം അല്ല. ലാക്റ്റിക് ആസിഡ് ആണ്.ഒന്നും രണ്ടുമല്ല..ലക്ഷകണക്കിന്, കോടിക്കണക്കിനു കോക്കാച്ചികൾ പല്ലിന്റെ മുകളിൽ നിരന്നു നിന്ന് ലാക്‌റ്റിക് ആസിഡ് മൂത്രം ഒഴിക്കുന്ന കാഴ്ച്ച സങ്കൽപ്പിച്ചു നോക്കിയാൽ തന്നെ ഇനാമലിനോട് പാവം തോന്നി ബ്രഷ് ചെയ്യാൻ ഓടിയില്ലെങ്കിൽ, നിങ്ങൾ എന്ത് ക്രൂരനായ മനുഷ്യൻ ആണെന്ന് ഒന്നോർത്ത് നോക്കുക.

(4) പല്ലിന് പുല്ല് വിലയല്ല.

ഇനാമലിനു ശരീരത്തിലെ നാഡീവ്യവസ്ഥയുമായോ രക്തചംക്രമണവ്യവസ്ഥയുമായോ നേരിട്ട് യാതൊരു ബന്ധവും ഇല്ല (hence the lack of self repair)

അതുകൊണ്ട് തന്നെ പല്ലിലെ പോട് enamel എന്ന കോട്ട കടന്നു, തൊട്ടു താഴെയുള്ള Dentin എന്ന 2ആം പാളിയിൽ, അല്ലെങ്കിൽ ഏറ്റവും ഉള്ളിലെ പൾപ്പ് എന്ന മജ്ജയിൽ ആഴത്തിൽ എത്തുന്നത് വരെ 50% കേസിലും ഒരു രോഗിക്ക് യാതൊരു ബുദ്ധിമുട്ടും ഉണ്ടാവില്ല. 

പോട് പല്ലിന്റെ ഉള്ളിൽ എത്തിയാൽ പഴയ ആ മുദ്രാവാക്യത്തിൽ പറയുന്നത് പോലെ രോഗത്തിന്റെ (ചികിത്സയുടെയും) രൂപം മാറും, ഭാവം മാറും, ഗതി മാറും. അതു വരെ പല്ലിലെ പോട് മാത്രം ആയിരുന്നത് ഇനി അണുബാധ ആണ്. അതേത്തുടർന്ന് ഉണ്ടാകാൻ സാധ്യത ഉള്ള complications ഞാൻ പറഞ്ഞാൽ ബേബിമോൾക്ക് ചിന്തിക്കാൻ പോലുമാവില്ല.
കേരളത്തിൽ പണ്ടൊരു മഹാരാജാവിന് പറ്റിയ പോലെ, പല്ലിലെ അണുബാധയിൽ നിന്ന് മരണം വരെ സംഭവിക്കാം. (Google Ludwig's Angina)

അതുകൊണ്ട് തന്നെ പോട് "എപ്പോൾ" അടയ്ക്കുന്നു എന്നത് പ്രധാനമാണ്.
എത്ര നേരത്തെ അടയ്ക്കുന്നുവോ,(നിങ്ങളുടെ പോക്കറ്റിന്) അത്രയും നല്ലത്. ദന്തചികിത്സകൾ ചുമ്മാ വെച്ച് താമസിപ്പിക്കുന്നത് കൊണ്ട് ഒരു ഗുണവും ഇല്ല, ദോഷങ്ങൾ മാത്രമേ ഉള്ളൂ.

Really good dental treatment is damn expensive.And believe me, its not an easy job.

So, please take care of your teeth.

1.Brush twice a day

2.Floss daily.

3. Visit your dentist at least once in a year.

Ideally ആറു മാസത്തിൽ ഒരിക്കൽന്നണ്. അതു പറഞ്ഞാൽ നമ്മുടെ നാട്ടിൽ ആരും കേൾക്കാൻ പോണില്ല. അതോണ്ട് വർഷത്തിൽ ഒരിക്കൽ എങ്കിലും ഡെന്റൽ സർജനെ കാണുക

വാഹനങ്ങളുടെ AMC പോലെ കണ്ടാൽ മതി. ആയിരക്കണക്കിന് യന്ത്രഭാഗങ്ങൾ ഉള്ള car/bike.. അതിനി ബെൻസ് ന്റെ ആയാലും വർഷത്തിൽ ഒരിക്കൽ സർവീസ്.. അതു നിർബന്ധമല്ലേ? Same thing applies to Oral cavity as well.

ഡെയിലി നിങ്ങൾക്ക് വേണ്ടി ജങ്ക് ആയതും അല്ലാത്തതും ആയ എല്ലാ ഭക്ഷണവും , including പൊറോട്ടയും ബീഫും മറ്റും "മാക്ക് മാക്കെ"ന്ന് ചവച്ചരച്ച് തട്ടിവിഴുങ്ങാൻ സഹായിക്കുന്ന പാവം പല്ലുകൾക്ക് വേണ്ടി 365 ൽ ഒരു ദിവസം എങ്കിലും മാറ്റിവെച്ചില്ലെങ്കിൽ,

Well, its like they say in that no smoking ad, ദന്തക്ഷയത്തിന് നിങ്ങൾ വലിയ വില കൊടുക്കേണ്ടി വരും.

issued in public interest.
©Dr. Ajith KS

No comments:

Post a Comment