Friday, 10 April 2015

ഡയറിക്കുറിപ്പുകള്‍ : "ആരോഗ്യ" ജിമ്മും ഉട്ടോപ്പ്യന്‍ ചിന്തകളും

മാര്‍ച്ച്  17/3/2015

ജിമ്മില്‍ ചേര്‍ന്നു വര്‍ക്കൌട്ട് തുടങ്ങി ഒരാഴ്ച കഴിഞ്ഞിട്ടും ഭാരം കുറയുന്നില്ല എന്ന ഞെട്ടിപ്പിക്കുന്ന കണ്ടെത്തലിനെ തുടര്‍ന്നു ഉട്ടോപ്യന്‍ വയര്‍ നിര്‍മാജ്ജനയജ്ഞത്തിന്റെ രണ്ടാം ഘട്ടത്തിലേക്ക് കടക്കുകയാണ് .
മുന്‍പൊരിക്കല്‍ വലിയ കൊട്ടിഗ്ഘോഷങ്ങളോടെ തുടങ്ങുകയും രണ്ടാഴ്ചത്തെ ആരംഭ ശൂരത്വത്തിന്‍റെ ഇന്ധനം കഴിഞ്ഞപ്പോള്‍ "പിന്നേം ചങ്കരന്‍ തെങ്ങുമ്മേ തന്നെ " എന്ന റോളില്‍ നിര്‍ത്തുകയും ചെയ്ത "രാവിലെ നടത്തം " വീണ്ടും തുടങ്ങിയിരിക്കുകയാണ് സുഹൃത്തുക്കളേ.. ( ഈ സ്ട്രീക്ക് എത്ര നാള്‍ പോകുമെന്ന് കണ്ടറിയാം .
ആകെയുള്ള വ്യത്യാസം ഇത്തവണ ഹോം ഗ്രൌണ്ടിലാണ് കളി എന്നതാണ് . അതുകൊണ്ട് ഇത്തവണ സ്ഥിതിഗതികളില്‍ കാര്യമായ മാറ്റമുണ്ടാകുമെന്ന് പ്രത്യാശിക്കുന്നു .

Hope. It is the quintessential human delusion, simultaneously the source of your greatest strength, and your greatest weakness. എന്നാണല്ലോ നമ്മടെ ആര്‍കിടെക്റ്റ് പറഞ്ഞേക്കുന്നത് .

പോരാത്തതിന് ഫുട്ട്ബാള്‍ / വോളിബാള്‍/ബാസ്ക്കറ്റ് ബാള്‍ എന്നിവയൊക്കെ വാങ്ങിവെച്ചിട്ടുണ്ട്(ഇതൊന്നും ഞാന്‍ കളിക്കാറില്ലെങ്കിലും ). ഈ കളി പന്തുകള്‍ വാങ്ങിയതിന്റെ പ്രധാന ഉദ്ദേശം നാട്ടിലെ കുട്ടികളുടെ "കായിക ഉന്നമനത്തിനായി " എന്‍റെ വക സംഭാവന എന്ന നിലയിലാണ്.
പക്ഷേ , അതിലുള്ള ഒരു പ്രധാന പ്രശ്നം എന്താച്ചാല്‍ നീണ്ട പതിനാലു വര്‍ഷത്തെ വനവാസത്തിനുശേഷം (നിങ്ങള്‍ക്കറിയാമോ, ഇന്ത്യയില്‍ ജീവപര്യന്തം തടവ്‌ ശിക്ഷയുടെ കാലാവധിയാണ് 14 വര്‍ഷം  ഒടുവില്‍ നാട്ടില്‍ തിരിച്ചെത്തിയിരിക്കുന്ന എനിക്ക് എന്‍റെ പ്രായത്തിലുള്ളതോ മൂത്തതോ ഇളയതോ ആയ കുട്ടികളെ ആരെയും അറിയില്ല എന്നതാണ് .
1999 ല്‍ നവോദയ വിദ്യാലയത്തില്‍ പഠിക്കാന്‍ ചേര്‍ന്ന ഞാന്‍ ( റസിഡെന്‍ഷ്യല്‍ സ്കൂളാണ് .അവിടെ താമസിച്ചു പഠിക്കണം , ഏഴ് വര്‍ഷം. 6 - 12 സ്റ്റാന്‍ഡേര്‍ഡ് വരെ ) പ്ലസ്ടു കഴിഞ്ഞ് എന്ട്രന്സിന് വേണ്ടി വീട്ടിലിരുന്നു പഠിച്ച "ചത്തതിനൊക്കുമേ ജീവിച്ചിരിക്കിലും " എന്ന രീതിയിലുള്ള ഒരു വര്‍ഷം മാത്രമാണ് ഇതിനിടയില്‍ ഒരപവാദം . പിന്നെ മെഡിക്കല്‍ അലോട്മെന്റ്റ് നടക്കുമ്പോള്‍ എന്‍റെ റാങ്ക് വച്ച് കോഴിക്കോട് ഡെന്റല്‍ കോളേജില്‍ പ്രവേശനം പുല്ലുപോലെ കിട്ടുമെന്നിരിക്കെ , കോളേജ് വീടിനടുത്തായാല്‍ ഇടയിക്കിടയ്ക് വീട്ടില്‍ വരേണ്ടിവരും/വരാന്‍ പറ്റും എന്ന ഒറ്റക്കാരണത്താല്‍ തിരുവനന്തപുരം ഡെന്റല്‍ കോളേജില്‍ ചേരാന്‍ തീരുമാനിച്ച ഞാന്‍  മുന്‍പൊരിക്കല്‍ പറഞ്ഞപോലെ ഏഴ് കൊല്ലം കൊണ്ട് ബിഡിഎസ് കോഴ്സ് തീര്‍ത്തു 2015 februvary 28 ന് വീട്ടിലേക്ക്‌ തിരിച്ചെത്തുമ്പോള്‍ , ഇതല്ല ഇതിനപ്പുറവും സംഭവിക്കും.
മാത്രമല്ല , നാട്ടില്‍ തന്നെ എന്‍റെ സ്വന്തം ക്ലിനിക്‌ തുടങ്ങാന്‍ പദ്ധതിയിട്ടിരിക്കെ പബ്ലിക് റിലേഷന്‍സ് ബില്‍ഡപ്പ് ചെയ്യുക എന്നത് അത്യന്താപേക്ഷിതമാണല്ലോ ..യേത് ?
വീടിന് കിഴക്കുള്ള ടിട്ടി ഫൗണ്ടേഷന്‍ വക വിശാലമായ സ്വിമ്മിംഗ് പൂള്‍ നടുത്ത് ഒരു വോളിബോള്‍ കോര്‍ട്ട് "ഉണ്ടാക്കിയിട്ടുണ്ട് " .
എല്ലാ വൈകുന്നേരവും പിള്ളേര്‍ അവിടെ കളിക്കുന്നത് കാണാം. ഒരു ദിവസം ചുമ്മാ പോയി അവിടെ നില്‍ക്കണം എന്നും എല്ലാവരോടും പരിചയപ്പെടണമെന്നും വിചാരിക്കാന്‍ തുടങ്ങിയിട്ട് കുറേ നാളായി.
ആ ... നാളെയാട്ടെ.
feeling യെന്തരാകുമോ എന്തോ !!

No comments:

Post a Comment