Sunday 3 January 2016

പാലക്കാടില്‍ നിന്ന് നടന്ന് ശബരിമലയിലേക്ക് : രണ്ടാം ദിനം



പാലക്കാട് മുതല്‍ ശബരിമല വരെ

2/01/2014
8.00 A.M
ഞങ്ങൾ ചാലിശ്ശേരിയിൽ നിന്ന് ഗുരുവായൂര് ലേക്കുള്ള നടത്തത്തിന്റെ പാതിവഴിയിലെത്തിയിരുന്നു .

കുന്നംകുളം .

രാവിലെ അഞ്ചുമണിയോടടുപ്പിച്ച് തുടങ്ങിയ നടത്തമാണ് . ഇതിനിടയ്ക്ക് ചായകുടിക്കാനല്ലാതെ വേറെ എവിടെയും നിർതതിയിട്ടില്ല .

ഉറക്കമുണർന്നപ്പോഴായിരുന്നു രസം . തുടർച്ചയായി ഒരു ദിവസം മുഴുവൻ നടന്ന് നോക്കുമ്പോൾ മാത്രമുണ്ടാകുന്ന ഒരനുഭൂതി ആണത് .

നിങ്ങൾക്കറിയാമോ പാദം നാം കരുതുന്നതിലുമധികം നാഡീവ്യൂഹം ഉൾക്കൊള്ളുന്ന ഒരു ശരീരഭാഗമാണ് . ചില ശാസ്ത്രങ്ങളിൽ, പാദത്തിലെ ഓരോ ചെറിയ ഭാഗങ്ങളിൽ ഉണ്ടാകുന്ന സെൻസറി ഇമ്പള്സ് ഉം തലച്ചോറിന്റെ കറസ്പോണ്ടിംഗ ഏരിയകളെ വലിയ അളവിൽ ഉത്തേജിപ്പിക്കുന്നുണ്ട് എന്ന് വിശ്വസിക്കപ്പെടുന്നു .

അതെന്തായാലും , എല്ലാത്തിനും ഒരു ലിമിറ്റ് ഉണ്ടെന്നാണ് ശരീരം അന്ന് രാവിലെ എന്നെ പഠിപ്പിച്ച പാഠം . അതിപ്പോ എങ്ങോട്ടുള്ള നടത്തമായാലും ശരി .

സംഭവിച്ചതെന്താണെന്നു വെച്ചാൽ അത്രയും ദൂരം തുടർച്ചയായി സ്റ്റിമുലേറ്റ് ചെയ്തതിനാൽ പാദത്തിനടിയിലെ ഞരമ്പുകളെല്ലാം ഹൈപ്പർ സെൻസിറ്റീവ് ആയിരിക്കുന്നു .
ഒന്ന് നിൽക്കുമ്പോൾ പോലും ആയിരം മൊട്ടുസൂചികൾ ഒരുമിച്ച് കുത്തിയിറക്കുന്ന പോലെ . നടക്കുമ്പോഴുള്ള കാര്യം പിന്നെ പറയേണ്ടതില്ലല്ലോ ? പണ്ടാറടങ്ങാനായിട്ട്‌ കൊക്കർണ്ണിയിലേക്കുള്ള 50 മീറ്റർ മുഴുവൻ ചരൽ മണ്ണും .

 ഹെന്റെ ശവരിമല മുരുഹാ , അത്രയും ഞാനെത്തിപെടാൻ പെട്ട പാട് എനിക്കും , ങ്ങള് ശെരിക്കും ഏതെങ്കിലും ബ്രഹ്മാണ്ഡഗോളത്തിൽ വാണരുളുന്നുണ്ടെങ്കിൽ , ങ്ങക്കും മാത്രമറിയാം .
എങ്ങനെയൊക്കെയോ കുളിച്ചു കഴിഞ്ഞപ്പോൾ ചെറിയൊരു ആശ്വാസമായി . വെള്ളം യൂണിവേഴ്സൽ ഹീലന്റ് കൂടെയായിരിക്കാം .

ഈ കാലു വെച്ചു ഇനി എങ്ങനെ നടക്കും എന്ന ആശങ്കയൊക്കെ ആദ്യത്തെ നാല് കിലോമീറ്റർ നടന്നപ്പോൾ പമ്പകടന്നു . ഒന്നും സംഭവിച്ചിട്ടില്ലാത്തപോലെ കാൽ കുട്ടപ്പനായി .. എന്നാലും ആദ്യത്തെ ചായകുടി സ്റ്റോപ്പ്-ൽ ഞാൻ അവസാനമാണ് എത്തിയത് . അതുകൊണ്ട് തന്നെ ഇനി ഇവിടെനിന്ന് ആദ്യം കെട്ടെടുത്ത് എന്നെയാണ് പറഞ്ഞുവിടുക . അതാണ്‌ പദയാത്രയുടെ രീതി .NOBODY is LEFT BEHIND . ചായകുടിക്കുമ്പോൾ കൂടെയുള്ള ചില സ്വാമിമാർ ഞാൻ പിറകിലായി പോയതിനെക്കുറിച്ച് "ആക്കി " ഓരോ കമന്ടടിച്ച്.
അവളോ താൻ!!
എന്റെ ഉള്ളിൽ കുറെക്കാലമായി ഞാൻ തന്നെ ചങ്ങലയ്ക്കിട്ടു വച്ചിരുന്ന "വാശി " സട കുടഞ്ഞെഴുന്നേറ്റു .
പിന്നെ സന്നിധാനം വരേയ്ക്കും ഞാൻ ആരോടോ ഉള്ള കലിപ്പ് തീർക്കാനെന്ന പോലെ ഏറ്റവും മുന്നില് തന്നെ നടന്നുമനുഷ്യന്റെ വിൽ പവറിൽ വീണ്ടും എനിക്ക് അതിയായ വിശ്വാസമായി .
കൂട്ടിന് മ്മടെ കൂട്ടുകാരൻ പയ്യനും അവന്റെ അച്ഛൻ സ്വാമിയും ഉണ്ടായിരുന്നു . ഈ വിത്ത്‌ഗുണം പത്തു ഗുണം എന്നൊക്കെ പറയുന്നത് എത്ര ശരിയായെന്ന് തോന്നി .. അത്രയും പ്രായമായ (>45 years ) പുള്ളിടെ ഒപ്പമെത്താൻ ഞാൻ പാടുപെട്ടു .

കുന്നംകുളത്ത് നിന്ന് ഗുരുവായൂരിലെത്തുമ്പൊഴെക്കും പത്തരയായി .

ഇവിടെ നിന്നും എന്റെ സംഘം വഴിപിരിയുകയാണ് . എന്നാൽ ഞാനാകട്ടെ മറ്റു സ്വാമിസംഘത്തിലെ എല്ലാവരുമായിട്ടു നല്ല കമ്പനിയായിരുന്നു . മാത്രമല്ല ചമ്മനൂർ സംഘം ഇനി പോകുന്നത് കൊടുങ്ങല്ലൂരിലൂടെ വളഞ്ഞ വഴിക്കാണ് . ദൂരവും സമയവും കൂടുതൽ . അപ്പോൾ ഞാൻ വിചാരിച്ചു "എന്നാൽപിന്നെ ഇനി ശ്രീകൃഷ്ണപുരം സംഘത്തിന്റെ കൂടെ പോയാലോ ? "
എല്ലാവരോടും കൂടി ആലോചിച്ചപ്പോൾ ആർക്കും തടസമൊന്നുമില്ല . ഗുരുസ്വാമിയും ഓക്കേ പറഞ്ഞു . അങ്ങനെ അപ്രതീക്ഷിതമായി എന്റെ വിധിയും വഴിയും  മാറുകയാണ് .
ചമ്മനൂർ ഗുരുസ്വാമി തന്നെ എന്റെ വീട്ടിൽ വിളിച്ചു വിവരം പറഞ്ഞു .
ഇനി രാത്രിയോടെ തൃപ്രയാർ ശ്രീരാമസ്വാമി ക്ഷേത്രത്തിലെത്തണം . അവിടെയാണ് രാത്രി താമസം .


ഗുരുവായൂര് നിന്ന് തൃപ്രയാർ വരെ ചേറ്റുവ , ഏങ്ങണ്ടിയൂർ വഴി 25 കിലോമീറ്റർ ദൂരമുണ്ട്. ഞങ്ങളാണെങ്കിൽ കുറച്ചു നേരത്തെ വിശ്രമമല്ലാതെ , ഭക്ഷണമൊന്നും കഴിച്ചില്ല . എങ്ങനെയൊക്കെയോ ചേറ്റുവ എത്തി മീൽസ്‌ കഴിച്ചു. അവിടെയോരിടത്ത്‌ ഉള്ള അമ്പലത്തിന്റെ അടുത്ത്‌ ഉച്ചവിശ്രമത്തിനായി ഇരുന്നു . ഇനിയും ഉണ്ട് 23.5 കിലോമീറ്റർ . വെയിലാറിയശേഷം ഏതാണ്ട് മൂന്നരയോടെ വീണ്ടും നടന്നു തുടങ്ങി . ചമനൂർ സ്വാമിമാർ ഗുരുവായൂര് വിട്ടു അല്പദൂരം കഴിഞ്ഞപ്പോഴേ കൊടുങ്ങല്ലൂർ രൂട്ടിലേക് വഴിപിരിഞ്ഞിരുന്നു .
അങ്ങനെ ഞങ്ങൾ ചേറ്റുവ വിട്ടു നാഷണൽ ഹൈവേ ടെ സൈഡിലൂടെ തൃപ്രയാർ ലക്ഷ്യമാക്കി നടന്നു തുടങ്ങി . പോകുന്ന വഴിക്ക് ആ നാട്ടിലെ ചില അയപ്പഭക്തർ പദയാത്ര നടത്തുന്ന സ്വാമിമാർക്ക് ഇളനീരു കൊടുക്കുന്നത് , നന്ദിയോടെ കിട്ടിബോധിച്ചു . വിശ്വാസം മനുഷ്യസ്നേഹത്തിന് ഉതകുന്നെങ്കിൽ കറ നല്ലതാണ് .

ഇളനീർ കൌണ്ടർ കാരണം അവിടെ ഒരു അൻ -ഒഫീഷ്യൽ സ്റ്റോപ്പ്  ആയി . ഞാൻ പക്ഷേ , നേരത്തേ പറഞ്ഞ വാശിപ്പുറത്ത്‌ അങ്ങ് എണീറ്റ്‌ നടന്നു . നോക്കുമ്പോൾ ഒരു നൂറ്റമ്പതു മീറ്റർ മുന്നിൽ നമ്മുടെ പയ്യന്സ് ആൻഡ്‌ അച്ഛൻ സ്വാമിയും ദേ പോണൂ . എങ്കിൽപിന്നെ അവർടെ ഒപ്പം പിടിച്ചിട്ടു തന്നെ കാര്യം എന്ന് കരുതി ഞാൻ വലിഞ്ഞു നടന്നു .

നിങ്ങൾക്കറിയുമോ?
 ഒരു സാധാരണ മനുഷ്യന്റെ നടക്കൽ വേഗം 4-5km/hr ആണ് .
ഒന്നാഞ്ഞു പിടിച്ചാൽ 6-7 വരെ യൊക്കെ പോവാം .

ഞാനങ്ങനെ നടന്ന് നടന്ന് നടന്ന് , ഒരു 3 കിലോമീറ്റർ പിന്നിട്ടുകാണണം , മുൻപേ നടന്ന സ്വാമിമാരുടെ പൊടി പോലുമില്ല . ഇവർക്ക് ഇത്ര വേഗമോ എന്ന് കരുതി ഞാൻ വേഗം പറ്റാവുന്നത്ര കൂട്ടി . .ഏങ്ങണ്ടിയൂർ എത്തിയിരുന്നു . കുറച്ചു ദൂരം കൂടെ നടന്നപ്പോൾ , മനസ്സിലായി, എന്റെ മുന്നില് ആരുമില്ല . പയ്യൻ & അച്ഛൻ സ്വാമി എന്ന് ഞാൻ നേരത്തെ കരുതിയത് യഥാർത്ഥത്തിൽ വേറാരോ ആയിരുന്നു . അതോടെ എന്റെ ഉത്സാഹം പാതിയായി . വേഗവും .
കാലു വേദനിക്കുന്നുണ്ടായിരുന്നു . എന്നാലും നടക്കുകതന്നെ എന്ന് കരുതി .

പക്ഷേ എത്ര നടന്നിട്ടും ഏങ്ങണ്ടിയൂർ അവസാനിക്കുന്നില്ല . മിനിമം ഒരു പത്ത്‌ ബസ് സ്റ്റോപ്പ്‌ കഴിഞ്ഞിട്ടും കടകളുടെയെല്ലാം പരസ്യപലകയിൽ ഒരേ സ്ഥലപേര് . !!!
സാധാരണ ഗതിയിൽ ഓരോ മണിക്കൂർ നടന്നു കഴിയുമ്പോഴും സ്വാമിസംഘം 10- 15 മിനുട്ട് വിശ്രമിക്കും . (അതാണ്‌ ആരോഗ്യത്തിന് നല്ലത് ) .
 ഞാനാണെങ്കിൽ ഇളനീർ ഹാൽട്ട് കഴിഞ്ഞ് നിർത്താതെ നടക്കാൻ തുടങ്ങിയിട്ട് മണിക്കൂർ മൂന്നായി .. അപ്പോൾ എന്റെ സംഘത്തിൽ നിന്ന് കിലോമീറ്റേഴ്സ് ആൻഡ്‌ കിലോമീറ്റേഴ്സ് മുന്നിലായിരിക്കണം ഞാനിപ്പോൾ .
" ചേട്ടാ , തൃപ്രയാർ ലേക്ക് ഇനിയെത്ര ദൂരമുണ്ട് ? "
ഏങ്ങണ്ടിയൂർ കഴിഞ്ഞു കുറേ ദൂരം പോയപ്പോൾ , വഴിയിൽ കണ്ട ഒരമ്മാവനോട് ഞാൻ ചോദിച്ചു .
"സുമാർ ഒൻപത്‌ കിലോമീറ്റർ കാണും "

ഹോ.. സധാമാനമായി . ഇനി രണ്ട് മണിക്കൂർ നടന്നാൽ മതിയല്ലോ !!
കാലു വേദനിച് എങ്ങനെയെങ്കിലും അവിടെയൊന്നെത്തിക്കിട്ടി യാൽ മതിയെന്നായി .
ദേശീയ പാതയുടെ വശങ്ങളിൽ കാണാനാവുക മരണമാണ് . സൂക്ഷിച്ചു നോക്കിയാൽ മാത്രം കണ്ണില്പെടുന്ന പാവങ്ങളുടെ .
ഹൈവേയിലെ ട്രാഫിക് റൂൾസ് ഒന്നുമറിയാതെ റോഡ്‌ മുറിച്ചു കടക്കാൻ നോക്കിയ ഒരു കുറിഞ്ഞിപൂച്ച , ആകാശപാതയും ദേശീയപാതയും ചേരുന്ന ജങ്ക്ഷനിൽ റെഡ് സിഗ്നൽ കാണാതെ ഏതോ ചക്രത്തിനടിയിൽ ചമ്മന്തിയായരഞ്ഞ മൈന , കാക്ക , പച്ചപനന്തത്ത .
സമയം സന്ധ്യയായിത്തുടങ്ങിയിരുന്നു .
ഞാൻ ക്ഷീണിച്ചും .
"ഡോക്ടർ സ്വാമി ആള് കൊള്ളാലോ !! എന്തൊരു കത്തിക്കലാ ... " പരിചിതമായ സൌണ്ട് കേട്ട് തിരിഞ്ഞു നോക്കിയപ്പോളുണ്ട് നമ്മുടെ പയ്യൻസ്‌ ആൻഡ്‌ ഡാഡി എന്റെ ഒപ്പമെത്തിയിരിക്കുന്നു ഒടുവിൽ !!
ഹോ .. ആശ്വാസമായി .. ഞാൻ നിങ്ങൾ മുന്നില് ഉണ്ടെന്നു വിചാരിച്ചു . "
"ന്നാ പോവ്വ്വല്ലേ ?" അവർ ഗിയർ മാറ്റി പറക്കാൻ തുടങ്ങി . . ഏന്തിവലിഞ്ഞുനടന്നും , ഇടയ്ക്ക് ഓടിയും ഒപ്പമെത്താൻ ശ്രമിച്ച് ഞാനും .
തൃപ്രയാർക്ക് ഇനി എത്രണ്ട് ? ഞാൻ വീണ്ടും ഒരു വഴിപോക്കനോട് ചോയ്ച്ചു .
"ഇവിടുന്നു പതിനൊന്നു കിലോമീറ്റർ പോണം സ്വാമി "
ങേ ? ഞാൻ പ്ലിംഗ് !!
ഇരുട്ടിയ റോഡിലൂടെ നടന്നങ്ങനെ 8.30 കഴിഞ്ഞപ്പോ ദാ എത്തിപ്പോയി !!
തൃപ്രയാർ ശ്രീരാമസ്വാമി ക്ഷേത്രം - രാമായണത്തിലെ നാല് സഹോദരന്മാരുടെ പേരിലുള്ള നാലമ്പലങ്ങളിൽ ആദ്യത്തേത് .
ദാഹം അതിന്റെ പരകോടിയിലെത്തിയിരുന്നു
വിയർപ്പുവറ്റിയ ഉപ്പുപരലുകൾ തൊട്ടറിയാമായിരുന്നു .
വഴിയരികിലെ തണ്ണിമത്തൻ ജ്യൂസ് വാങ്ങി ഒറ്റവലിയ്ക്ക് കുടിച്ചുതീർത്തു . അമ്പലത്തിലെത്തി അവിടത്തെ കൽമണ്ഡപത്തിലേയ്ക്ക് മെത്തയിലെക്കെന്ന പോലെ വീഴുകയായിരുന്നു .
നാളെ രാവിലെ തന്നെ കൂടൽമാണിക്യം സംഗമേശ്വര ക്ഷേത്രമാണ് ലക്‌ഷ്യം . ഇരിഞ്ഞാലക്കുട .
സ്വാമി ശരണം !!


തുടര്‍ന്ന് വായിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക >> പാലക്കാടില്‍ നിന്ന് നടന്ന് ശബരിമലയിലേക്ക് : മൂന്നാം ദിനം
----------------------------------------------------------------------------------------------------------------------

3/1/2016
ഇന്ന് തിരിഞ്ഞുനോക്കുമ്പോള്‍ , ജീവിതത്തിലെ ആദ്യത്തെയും അവസാനത്തെയും ശബരിമല യാത്ര , വൈയക്തികമായി എന്നില്‍ ഒരു മാറ്റവും ഉണ്ടാക്കിയിട്ടില്ല എന്ന് തോന്നുന്നു. അവനവന്‍റെ നിസാരത്വത്തെക്കുറിച്ചുള്ള അവബോധത്തെ ,അങ്ങനെയൊരു  അനുഭവം കൊണ്ടുണ്ടായ അഹംഭാവം മറച്ചിരിക്കുന്നു .


8 comments:

  1. ദൈവം ഒരു മലമുകളിലും വസിക്കുന്നില്ല എന്നാണെന്റെ വ്യക്തിപരമായ അഭിപ്രായം. എന്നാലും ആ നടപ്പിനെ സമ്മതിക്കാതിരിക്ക വയ്യ

    ReplyDelete
  2. വാശിയും വൈരാഗ്യവും മറന്നുള്ള യാത്രയായിരിക്കണം....
    ആശംസകള്‍

    ReplyDelete
  3. ഇതുപോലൊരുയാത്ര 30 കൊല്ലം
    മുമ്പ് ഞങ്ങളും താണ്ടിയിരുന്നു

    ReplyDelete
  4. വാശിയോടെയുള്ള ആ നടത്തം സമ്മതിക്കണം

    ReplyDelete
  5. കാല്‍നടയാത്ര നല്ലൊരു അനുഭവമല്ലേ....!!
    ഒരു പുരുഷനായിരുന്നെങ്കില്‍ ഞാനും ഇങ്ങനൊക്കെ ഒന്നു പോയി നോക്ക്വാര്‍ന്നു.... :-(

    ReplyDelete
  6. ആശംസകൾ അർപ്പിയ്ക്കുന്നു....

    ReplyDelete
  7. ആശംസകൾ അർപ്പിയ്ക്കുന്നു....

    ReplyDelete
  8. ആകാംക്ഷയോടെ വായിക്കുന്നു.

    ReplyDelete